09 ആയില്യം

ആയില്യം നക്ഷത്രത്തിൽ ജനിക്കുന്നവർ കർക്കശമായി പറയുകയും ദയയില്ലാതെ പെരുമാറുകയും ചെയ്യുന്ന സ്വഭാവക്കാരാണ്. വിട്ടുവീഴ്ച്ചാ മനോഭാവം കുറവായിരിക്കും. ഉപകാരസ്മരണയുടെ കാര്യത്തിലും ആയില്യക്കാർ അല്പം പിന്നോക്കമായിട്ടാണ് കാണപ്പെടാറുള്ളത്. ആജ്ഞാശക്തിയും നേതൃത്വം വഹിക്കാനുള്ള കഴിവും ഇവർക്ക് ജന്മസിദ്ധമായുണ്ട്. അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ആഗ്രഹിക്കുകയും അതിനായി അത്യദ്ധ്വാനം ചെയ്യുകയും ചെയ്യും.

ആരോടും അടുക്കാത്ത സ്വഭാവമാണ് ആയില്യക്കാർക്കുള്ളത്.നിർബന്ധബുദ്ധി കൂടും. പിണക്കം തോന്നുന്നവരോട് വളരെ ക്രൂരമായി പെരുമാറും. അവരിൽനിന്ന് അകന്നുകഴിയാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. എപ്പോഴും ഗൗരവഭാവം മുഖത്തുണ്ടാകും. പക്ഷെ വളരെ അടുപ്പമുള്ളവരുടെ മുൻപിൽ എല്ലാം തുറന്നു പറയുന്ന സ്വഭാവമുണ്ടാകും. ആശങ്കയും ഭയവും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വളരെ ചുരുക്കം ആളുകളെ മാത്രമേ ആത്മാർഥമായി സ്നേഹിച്ചെന്നു വരൂ. ആരെയും പൂർണ്ണമായി വിശ്വസിക്കുകയില്ല.

ധനാഭിവൃദ്ധിക്കായി അത്യദ്ധ്വാനം ചെയ്യുന്നതിനോടൊപ്പം ആർഭാടങ്ങൾക്കു വേണ്ടി അമിതമായി ചെലവു ചെയ്യുന്ന സ്വഭാവവും ഉണ്ടാകും. നിയന്ത്രണങ്ങൾ ഇഷ്ട്ടപ്പെടുകയില്ല. സ്വന്തം ഇഷ്ടം അനുസരിച്ച് പ്രവർത്തിക്കാൻ ആരെങ്കിലും തടസ്സം നിന്നാൽ അവരിൽ നിന്ന് ഒഴിഞ്ഞു മാറുകയും അവരെ വെറുക്കുകയും ചെയ്യും. എല്ലാം സമ്മതിച്ചു കൊടുക്കുന്നവരെ മാത്രമേ സുഹൃത്തുക്കളായി അംഗീകരിക്കൂ. അവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധത കാണിക്കും.

ധനവും ഭാഗ്യവും ഉണ്ടാവും. പെട്ടെന്ന് ക്ഷോഭിച്ച് സാഹസപ്രവർത്തികൾ ചെയ്തെന്നു വരും. ഇതുമൂലം പൊതുപ്രവർത്തനങ്ങളിൽ അത്രയൊന്നും വിജയിച്ചെന്നു വരികയില്ല. എല്ലാ പ്രവർത്തനങ്ങളും ചിട്ടയായി ചെയ്യണമെന്ന് നിർബന്ധമുണ്ടാകും. ദാമ്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. പക്ഷെ എന്തെങ്കിലും അസ്വസ്ഥതയോ ക്ലേശമോ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വിവാഹത്തിന് കാലതാമസം വരാം. വിവാഹത്തിനു ശേഷം ഇടയ്ക്ക് ജീവിതപങ്കാളിയുമായി അകന്നു കഴിയാൻ സാഹചര്യമുണ്ടാകും.

8 വയസ്സുവരെ ശാന്തമായ ജീവിതം നയിക്കും. 9 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കാലം ആരോഗ്യക്കുറവ്, മുറിവു ചതവുകൾ, അപകടങ്ങള, തുടങ്ങിയവ മൂലം ബുദ്ധിമുട്ടുള്ളതാവാം. 17 വയസ്സു മുതൽ 36 വയസ്സു വരെയുള്ള കാലം പൊതുവെ ഗുണകരമാണ്. ഈ കാലത്ത് വിദ്യാഗുണം, തൊഴിൽ ലാഭം, വിവാഹം, സന്താനലാഭം തുടങ്ങിയവയെല്ലാം അനുഭവപ്പെടും. 37 വയസ്സുമുതൽ 42 വയസ്സുവരെയുള്ള കാലം അദ്ധ്വാനക്കൂടുതൽ അനുഭവപ്പെടുന്ന കാലമാണ്. അതിനു ശേഷം സ്ഥിതിഗതികൾ കൂടുതൽ അനുകൂലമായിരിക്കും. 52 വയസ്സിനും 59 വയസ്സിനും ഇടയ്ക്കുള്ള കാലം മാത്രം അല്പം ബുദ്ധിമുട്ടുള്ളതായിരിക്കും.


ആയില്യം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
സര്‍പ്പങ്ങള്‍
ആസുരം
പുരുഷന്‍
കരിംപൂച്ച
ജലം
ചകോരം
നാകം
മാണിക്യം, മരതകം