12 ഉത്രം

ഉത്രം നക്ഷത്രത്തിൽ ജനിക്കുന്നവർ ഉയർന്ന പദവിയിൽ എത്തുമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. സൗഭാഗ്യവും, ധനവും, ഐശര്യവും ഉത്രം നാളുകാർക്ക് സാധാരണ ഗതിയിൽ അനുഭവത്തിൽ വരും. സൗന്ദര്യവും ആരോഗ്യവും ഉണ്ടാകും. ഭൗതികസുഖങ്ങൾ പൂർണ്ണമായി അനുഭവിക്കണമെന്ന് ആഗ്രഹമുള്ളവരായിരിക്കും ഇവർ. ആഹാര കാര്യത്തിൽ നിഷ്ഠയുണ്ടാകും. സുഖഭക്ഷണത്തിൽ ശ്രദ്ധിക്കും. സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടാകും. അന്യരെ സഹായിക്കാൻ ഇപ്പോഴും സന്നദ്ധത കാണിക്കും. വക്രബുദ്ധി കുറയും. പെട്ടെന്ന് കോപിക്കുകയും അതുപോലെ തന്നെ ശാന്തതപ്പെടുകയും ചെയ്യും.

ഉത്രം നാളുകാർക്ക് ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതരാവും. പ്രായോഗിക ബുദ്ധി കൂടും. ഒന്ന് കൊണ്ടും മനസ്സ്മടുക്കുകയില്ല. സ്വാശ്രയബുദ്ധി കൂടും. ഉന്നത വിദ്യാഭ്യാസം നേടും. വിദ്യാപരമായ തൊഴിലിൽ ഏർപ്പെടും. സാമ്പത്തികമായി നല്ല ഉയർച്ച നേടും. ആർക്കും ഒരു ഉപദ്രവവും ചെയ്യരുതെന്ന് നിർബന്ധമുണ്ടാകും.

സ്ഥാനമാനങ്ങളും പദവിയും ഉണ്ടാകും. തന്ത്രപൂർവ്വം പ്രവർത്തിച്ച് അംഗീകാരം നേടും. പക്ഷെ അതുമൂലം സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുകയില്ല. ആശ്രിതവാത്സല്യം കൂടും. വലിയ ഒരു സുഹൃത്ത് വലയം ഉണ്ടാകും. തീരുമാനങ്ങൾ എടുത്താൽ അതിൽത്തന്നെ ഉറച്ചു നിൽക്കും. സ്വന്തം വിശ്വാസങ്ങൾ ആര് പറഞ്ഞാലും മാറ്റാൻ തയ്യാറാവുകയില്ല. ഉക്തിവാദം കൊണ്ട് ഈ നാളുകാരുടെ മനോഭാവം മാറ്റി തീർക്കാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. സാഹിത്യവാസനയുണ്ടാകും. ലേഖകർ, അഭിഭാഷകർ, അദ്ധ്യാപകർ, ഗവേഷകർ എന്നീ നിലകളിൽ ഉത്രം നാളുകാർ വളരെ ശോഭിക്കും. സംഘടനകളുടെ നേതൃത്വം വഹിക്കാനും, അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും പ്രത്യേകമായ കഴിവും സാമർത്ഥ്യവും ഉണ്ടാകും. ധാരാളം അനുയായികളുണ്ടാവും.

ആരോഗ്യം പൊതുവെ മെച്ചമായിരിക്കും. ഉദരരോഗങ്ങൾ ഇടയ്ക്കിടെ ബാധിച്ചു എന്ന് വരാം. പക്ഷെ ഗൗരവമായ രോഗപീഡകളൊന്നും ഉണ്ടാവുകയില്ല. സുഖജീവിതത്തിലുള്ള താല്പര്യം മൂലം പഥ്യമാചരിക്കാനും, ദിനചര്യ ക്രമീകരിക്കാനും മടി കാണിക്കും. കുടുംബജീവിതം പൊതുവെ സന്തോഷകരമായിരിക്കും. ആകർഷകമായ സംഭാഷണരീതികൊണ്ട് എല്ലാവരുടെയും സ്നേഹബഹുമാനങ്ങൾ നേടിയെടുക്കും. സ്നേഹവും വിധേയത്വവുമുള്ള ജീവിത പങ്കാളിയെ നേടും. സന്താനങ്ങളുടെ സഹകരണം മൂലം വാർദ്ധക്യകാലം സന്തോഷകരമായിരിക്കും.

12 വയസ്സുവരെ ചെറിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരും. 12 വയസ്സുമുതൽ 20 വയസ്സുവരെയുള്ള കാലത്ത് വിദ്യാഗുണം കുടുംബസുഖം തുടങ്ങിയവ ഉണ്ടാകുമെങ്കിലും അപകടങ്ങൾ, മുറിവു ചതവുകൾ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. 20 വയസ്സുമുതൽ 30 വയസ്സു വരെയുള്ള കാലത്ത് കുടുംബത്തിനും മാതാപിതാക്കൾക്കും ഗുണാനുഭവങ്ങളുണ്ടാവും. പക്ഷെ തൊഴിൽ സംബന്ധമായ അസ്ഥിരത മനക്ലേശം, ശത്രുപീഡ തുടങ്ങിയവയും അനുഭവപ്പെട്ടുകൊണ്ടിരിക്കും. 30 വയസ്സുമുതൽ 40 വയസ്സുവരെയുള്ള കാലം താരതമ്യേന മെച്ചപ്പെട്ടതാണ്. ഭാവി തീരുമാനത്തിന് ഒരു ഉറച്ച അടിസ്ഥാനം പണിതുയർത്താൻ ഈ കാലത്ത് കഴിഞ്ഞെന്നു വരും. എന്നിരുന്നാലും അധ്വാനക്കൂടുതലും പലവിധ കഷ്ടപ്പാടുകളും ഈ കാലത്ത് ഉണ്ടാകാൻ ഇടയുണ്ട്. 40 വയസ്സിനു ശേഷം 60 വയസ്സിനകമുള്ള കാലത്താണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉയർച്ചയുണ്ടാകുക. ധനാഭിവൃദ്ധിയും, സ്ഥാനമാനങ്ങളും, പദവിയും നേടുക, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ഗ്രന്ഥനിർമ്മാണം, തുടങ്ങിയവ കൊണ്ട് അംഗീകാരം നേടുക തുടങ്ങിയവയ്ക്കെല്ലാം ഈ കാലത്ത് യോഗമുണ്ട്.


ഉത്രം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
ഭഗന്‍
മാനുഷം
പുരുഷന്‍
ഒട്ടകം
അഗ്നി
കാകന്‍
ഇത്തി
മാണിക്യം, മരതകം