13 അത്തം

അത്തം നാളുകാർ ഒന്നുകൊണ്ടും ഇളകാത്ത സ്വഭാവക്കാരാണ്. ബുദ്ധിമുട്ടുകൾ ഉണ്ടായാലും സന്തോഷപൂർവ്വം അത് സഹിക്കാനുള്ള സന്നദ്ധത അവർ പ്രകടിപ്പിക്കാറുണ്ട്. എല്ലാവരോടും സ്നേഹമായി പെരുമാറും. അവരുമായി അടുത്തിട്ടുള്ളവർ അകലാൻ മടിക്കും. ഇടപെടുന്നവരുടെയെല്ലാം സ്നേഹവും വിശ്വാസവും നേടിയെടുക്കും. ശത്രുക്കളെപ്പോലും സഹായിക്കാൻ സന്നദ്ധത കാണിക്കും. ആർക്കെങ്കിലും ഉപദ്രവമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യുകയില്ല. ഇവരുടെ സഹായം ലഭിക്കുന്നവർ സ്നേഹമില്ലാതെ പെരുമാറിയെന്ന് വരാം. ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടും. പക്ഷെ എല്ലായിടത്തും വൃത്തിയും സ്വച്ഛതയും വേണമെന്ന് നിർബന്ധം പിടിക്കും. അതിന് തടസ്സമുണ്ടാക്കുന്നവരെ വെറുക്കും. ഇതുമൂലം അടുപ്പമുള്ള പലരുമായും കലഹിച്ചെന്നു വരാം.

അത്തം നാളുകാരുടെ ജീവിതം ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരിക്കും. ചില കാര്യങ്ങളിൽ വലിയ സാമ്പത്തിക നേട്ടങ്ങളും ഉയർച്ചയും സ്ഥാനമാനങ്ങളും ഉണ്ടാവും. മറ്റൊരു ഘട്ടത്തിൽ ഇവയെല്ലാം കൈവിട്ടു പോയെന്നു വരും. വീണ്ടു ഇതേ അനുഭവങ്ങൾ ആവർത്തിക്കും. യാദൃച്ചികമായി ചില സഹായങ്ങൾ ലഭിക്കുകയും അതുമൂലം ഉയർച്ച നേടുകയും ചെയ്യും.

ആരുടെയെങ്കിലും കീഴിൽ ജോലി ചെയ്യാൻ താല്പര്യക്കുറവു കാണിക്കും. ഭരണശേഷി കൂടുതലായിരിക്കും. ജോലിക്കാരെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള ജോലികളിൽ വളരെ ശോഭിക്കും. ലോക പരിചയവും ചിന്താശീലവും കൂടുതലുണ്ടാവും. മധ്യസ്ഥത വഹിക്കാൻ ഇവർക്ക് അസാധാരണ കഴിവുണ്ടാകും. പക്ഷെ സ്വന്തം കാര്യങ്ങളിൽ ഈ പക്വത വളരെയൊന്നും പ്രകടിപ്പിച്ചെന്നു വരികയില്ല. നിർബന്ധബുദ്ധിയുണ്ടാവുമെങ്കിലും അന്യർക്ക് ഉപദ്രവം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ദാമ്പത്യജീവിതം പൊതുവെ സന്തോഷകരമായിരിക്കും. ഇടയ്ക്കിടെ ജീവിത പങ്കാളിയുമായി ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകാൻ ഇടയുണ്ട്. പക്ഷെ അത് നീണ്ടുനിന്നെന്നു വരില്ല. പരസ്പര സ്നേഹവും പരസ്പര വിശ്വാസവും കൊണ്ട് ഇത്തരം കുഴപ്പങ്ങൾ പരിഹരിക്കാൻ ഈ നാളുകാർക്ക് കഴിയും. സന്താനങ്ങൾ തുടങ്ങിയവരോട് സഹകരണ മനോഭാവത്തിൽ കഴിയും. ആരോഗ്യവും പൊതുവെ മെച്ചമായിരിക്കും. പുഷ്ടിയുള്ള ശരീരവും സൗന്ദര്യവും ഉണ്ടാകും. അത്തം നാളിൽ ജനിച്ച സ്ത്രീകൾ പൊതുവെ സുന്ദരികളും ആകർഷണീയമായ ശരീരവടിവും പെരുമാറ്റ രീതിയും ഉള്ളവരും ആയിരിക്കും.

ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. വിദ്യഭ്യാസ കാലം ഗുണദോഷ മിശ്രമായിരിക്കും. 30 വയസ്സുവരെ കാര്യമായ നേട്ടങ്ങൾ കൈവരിക്കാൻ യെന്നു വരികയില്ല. 30 മുതൽ 46 വയസ്സുവരെയുള്ള കാലം തൊഴിൽ ഗുണം, ധനാഭിവൃദ്ധി, മെച്ചമായ ആരോഗ്യം തുടങ്ങിയവ കൊണ്ട് അനുഗ്രഹീതമായിരിക്കും. 46 വയസ്സിനും 65 വയസ്സിനും ഇടയ്ക്കുള്ള കാലത്ത് ആരോഗ്യസംബന്ധമായ തകരാറുകളുണ്ടാവാം. പക്ഷെ ഈ കാലത്ത് ഭൂസ്വത്ത് സമ്പാദിക്കുക, കെട്ടിടങ്ങൾ പണിയുക, വാഹനം വാങ്ങുക തുടങ്ങിയവയ്ക്ക് യോഗമുണ്ട്. 65 വയസ്സിന് ശേഷമുള്ള കാലത്ത് പൊതുകാര്യങ്ങളിൽ ഏർപ്പെട്ട് അംഗീകാരവും പദവിയും നേടും.


അത്തം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
ആദിത്യന്‍
ദൈവം
സ്ത്രീ
പോത്ത്
അഗ്നി
കാകന്‍
അമ്പഴം
ചന്ദ്രകാന്തം, മുത്ത്