22 തിരുവോണം

ശരീരപുഷ്ടിയും സൗന്ദര്യവും ആരോഗ്യവും തിരുവോണം നാളിൽ ജനിച്ചവരുടെ പ്രത്യേകതകളാണ്. കുലീനമായ പെരുമാറ്റവും അടുക്കും ചിട്ടയുമുള്ള പ്രവർത്തന രീതിയുംകൊണ്ട് എല്ലാവരുടെയും അഭിനന്ദനം നേടിയെടുക്കാൻ ഇവർക്ക് കഴിയും. നേതൃത്വം വഹിക്കാനുള്ള കഴിവും അജ്ഞാശക്തിയും ഉണ്ടാകും. പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഭംഗിയായി വസ്ത്രധാരണം നടത്താനും പ്രത്യേകം ശ്രദ്ധിക്കും. അന്യർക്ക് ശരീരംകൊണ്ടും പണം കൊണ്ടും ഉപകാരം ചെയ്യാൻ മടിക്കുകയില്ല.

കാര്യങ്ങൾ വിശദമായി വിവരിക്കാൻ പ്രത്യേക താല്പര്യം കാണിക്കും. നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവമുണ്ടാകും. സത്യസന്ധത പാലിക്കാനും പറയുന്നതനുസരിച്ചു പ്രവർത്തിക്കാനും പ്രത്യേകം ശ്രദ്ധിക്കും. പണമിടപാടുകളിൽ കുറെയെല്ലാം കൃത്യത പാലിക്കണമെന്ന് നിർബന്ധമുണ്ടാകുമെങ്കിലും അമിതമായ ചിലവുമൂലം പലപ്പോഴും ഇത് സാധിച്ചെന്നു വരികയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ധാരാളമായി അനുഭവിക്കേണ്ടിവരും. പണംകൊണ്ട് സഹായിച്ചവർ ശത്രുക്കളായി മാറുകയും വിഷമിപ്പിക്കുകയും ചെയ്തെന്നു വരും. കൂട്ട് പ്രവർത്തകരുടെ സഹകരണകുറവ് മൂലം ബുദ്ധിമുട്ടുകൾക്കും ഇടയാവും. ജീവിതത്തിൽ ഒന്നിടവിട്ട് ഉയർച്ച താഴ്ച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കും. യാദൃശ്ചിക സംഭവങ്ങളായിരിക്കും മിക്കപ്പോഴും ഈ ഉയർച്ച താഴ്ച്ചയ്ക്ക് കാരണമാവുന്നത്. പൊതുവെ പറഞ്ഞാൽ വലിയ ഉയർച്ചകളും അതുപോലെ തന്നെ കടുത്ത അധ:പതനങ്ങളും നിറഞ്ഞതായിരിക്കും ഈ നാളിൽ ജനിച്ച മിക്കവരുടെയും ജീവിതം.

ഉന്നത വിദ്യാഭ്യാസം നേടാൻ യോഗമുണ്ട്. എല്ലാ കാര്യങ്ങളെപ്പറ്റിയും സാമാന്യമായ അറിവുനേടാൻ പ്രത്യേകം ശ്രദ്ധിയ്ക്കും. പലപ്രവർത്തനങ്ങളിലും മാറി മാറി ഏർപ്പെടും. ഇവയിൽ പലതിലും വിജയം നേടുമെങ്കിലും ചിലതിൽ ഭീമമായ പരാജയം അഭിമുഖീകരിക്കേണ്ടി വരും. ദുർഘടഘട്ടങ്ങൾ വരുമ്പോഴും സമചിത്തത പാലിക്കാനും അവയ്ക്ക് പരിഹാരം നേടാനും കഴിയും. ആജ്ഞാശക്തിയും സംഘടനാപാടവവും കൂടുതലായുണ്ടാകും. ആരെയും ആശ്രയിച്ച് കഴിയാൻ ഇഷ്ടപ്പെടുകയില്ല. കുടുംബത്തിന്റെയും ബന്ധുക്കളുടെയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ഇതുമൂലം സാമ്പത്തിക ക്ലേശങ്ങൾ എപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കും. ആര്ക്കും ഉപദ്രവം ചെയ്യാൻ ആഗ്രഹിക്കുകയില്ല. സ്നേഹവും വിധേയത്വവുമുള്ള ജീവിത പങ്കാളിയെ ലഭിക്കും. സുഖഭോഗങ്ങളിൽ അധികമൊന്നും താല്പര്യം കാണിക്കുകയില്ല.

30 വയസ്സുവരെ ഗുണദോഷസമ്മിശ്രമായ ജീവിതമായിരിക്കും. നയിക്കുക. ഈ കാലത്ത് വിദ്യാഗുണം, തൊഴിൽലാഭം തുടങ്ങിയവയുണ്ടാകുമെങ്കിലും യാത്രാക്ലേശം, മനക്ലേശം, സ്വജനങ്ങളിൽനിന്ന് വേർപെട്ട് കഴിയാനുള്ള സാഹചര്യം തുടങ്ങിയവയും ഉണ്ടാകും. 30 വയസ്സുമുതൽ 46 വയസ്സുവരെയുള്ള കാലം സൗഭാഗ്യ പൂർണ്ണമായിരിക്കും. ധനാഭിവൃദ്ധി, കുടുംബസുഖം, പുതിയ വീടിന്റെ അനുഭവം തുടങ്ങിയവയെല്ലാം ഈ കാലത്ത് അനുഭവപ്പെടും. 46 വയസ്സിനു ശേഷവും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാമെങ്കിലും ആരോഗ്യക്കുറവുമൂലം ക്ലേശിക്കും. ജീവിതത്തിൽ എല്ലാത്തിനും കാലതാമസം അനുഭവപ്പെടുക തിരുവോണനാളിൽ ജനിച്ചവരുടെ പ്രത്യേകതയാണ്. വിവാഹം, സന്താനലാഭം തുടങ്ങിയവ പോലും താമസിച്ച് സംഭവിക്കാനാണ് കൂടുതൽ സാധ്യത.

തിരുവോണം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
നിഷ്ണു
ദൈവം
പുരുഷന്‍
വാനരം
വായു
കോഴി
എരുക്ക്
മാണിക്യം, മുത്ത്