23 അവിട്ടം

അവിട്ടം നക്ഷത്രത്തിൽ ജനിക്കുന്ന മിക്കവരും പ്രശസ്തിയും അംഗീകാരവും നേടുകയും ഉയർന്ന പദവിയിൽ എത്തുകയും ചെയ്യും. കലാവാസന ഇവരുടെ പ്രത്യേകതയാണ്. അവിട്ടം നാളുകാർക്ക് സംഗീത വാസന കൂടുതലായുണ്ടാകും. അവർ സംഗീതം പഠിക്കുകയും അത് പ്രയോഗിച്ച് അംഗീകാരവും ധനവും നേടുകയും ചെയ്യും. പ്രായോഗിക ബുദ്ധിയും കർമ്മ കുശലതയും ഉത്സാഹവും അദ്ധ്വാനസന്നദ്ധതയും അവിട്ടം നാളുകാർ പ്രകടിപ്പിക്കും. എല്ലാ വിഷയത്തെപ്പറ്റിയും ഇവർ അറിവ് നേടും. കാര്യങ്ങൾ അന്യരെ പറഞ്ഞു മനസ്സിലാക്കാൻ അസാധാരണമായ കഴിവ് പ്രകടിപ്പിക്കും. അന്യർക്ക് ഉപദ്രവമുണ്ടാക്കുന്ന ഒരു പ്രവർത്തിയും ഇവർ ചെയ്യുകയില്ല. സ്വജനങ്ങളോടും സ്വന്തം സമുദായത്തിൽപ്പെട്ടവരോടും ഒരു പ്രത്യേക താല്പര്യം ഇവർ പ്രകടിപ്പിക്കാറുണ്ട്. അദ്ധ്വാനശീലവും സ്വാശ്രയ ബുദ്ധിയും കൂടുതലുണ്ടാകും. ശത്രുക്കളോടു ഇവർ ക്ഷമിക്കുകയില്ല. സന്ദർഭം കിട്ടുമ്പോൾ പ്രതികാരം ചെയ്ത് വൈരാഗ്യം തീർക്കും. ഇങ്ങോട്ട് ഉപദ്രവിച്ചവരോട് ഒരിക്കലും ക്ഷമിക്കുകയില്ല. സ്വന്തം ലക്ഷ്യങ്ങൾ നേടാൻ തന്ത്രപൂർവ്വം പ്രവർത്തിച്ചുകൊണ്ടിരിക്കും. ലക്ഷ്യം നേടുന്നത് വരെ അതിൽ നിന്ന് പിന്മാറുകയില്ല. അതിനുവേണ്ടി കഷ്ടപ്പാടുകൾ മടിയില്ലാതെ സഹിക്കും.

ആരോഗ്യകാര്യത്തിൽ ശ്രദ്ധക്കുറവുകാണിക്കും. പക്ഷെ അസുഖങ്ങളുണ്ടാവുമ്പോൾ പരിഭ്രാന്തരാവുകയും ചെയ്യും. 20 വയസ്സിനു മുമ്പായി വിദ്യാഭ്യാസത്തിനു മാന്ദ്യമോ തടസ്സമോ ഉണ്ടാകാം. പക്ഷെ തുടർന്നുള്ള വിദ്യാഭ്യാസം ചെയ്യും. 23 വയസ്സുവരെ വിദ്യാഭ്യാസവും തുടർന്ന് മെച്ചമായ ജോലിയും ഉണ്ടാകും. 30 വയസ്സിനോടടുത്തായിരിക്കും വിവാഹം. സന്താനഗുണം, ബന്ധുഗുണം, തുടങ്ങിയവ അനുഭവത്തിൽവരും. 36 വയസ്സുമുതൽ 55 വയസ്സു വരെയുള്ള കാലത്ത് ഭൂസ്വത്ത് ലഭിക്കുക, പുതിയ വീടുണ്ടാവുക, വാഹനം വാങ്ങുക തുടങ്ങിയവയ്ക്ക് യോഗമുണ്ട്. പക്ഷെ 40 വയസ്സിനും 50 വയസ്സിനും ഇടയ്ക്ക് ഗൗരവമായ രോഗപീഡകൾ ഉണ്ടാകാവുന്നതാണ്. വാതസംബന്ധവും ഹൃദയസംബന്ധവുമായ അസുഖങ്ങൾക്ക് കൂടുതൽ സാദ്ധ്യതയുണ്ട്. 55 വയസ്സിനു ശേഷം സാമ്പത്തിക സ്ഥിതി വലിയ മാറ്റമില്ലാതെ തുടരും. മനസ്വസ്ഥത കുറഞ്ഞിരിക്കും. ആകുല ചിന്തകൾ കൂടും. 72 വയസ്സിനു ശേഷം ആരോഗ്യം കൂടുതൽ മോശമാകും. അപകടങ്ങൾ മുറിവ് ചതവുകൾ തുടങ്ങിയവ സംഭവിക്കാൻ ഈ കാലത്ത് സൂചനയുണ്ട്.

ധനമോഹം കൂടിയിരിക്കും. എപ്പോഴും ധനാഭിവൃദ്ധിക്കായി ശ്രമിച്ചുകൊണ്ടിരിക്കും. മാനുഷിക ബന്ധങ്ങളേക്കാൾ പണത്തിനു മുൻഗണന കൊടുക്കുന്ന സ്വഭാവം അവിട്ടം നാളുകാർക്കുണ്ട്. പൂർവ്വികസ്വത്ത് സ്വന്തമാക്കും. സ്വന്തപരിശ്രമംകൊണ്ട് അത് വർദ്ധിപ്പിക്കും. സുഹൃത്തുക്കളെ അമിതമായി വിശ്വസിക്കുക മൂലം പലപ്പോഴും ധനനഷ്ടത്തിന് ഇടയാകും. വിവാഹത്തിന് കാലതാമസം വരും. അവിവാഹിതരായി ജീവിച്ചെന്നു വരാം. ജീവിത പങ്കാളിയിൽ നിന്ന് ആശ്വാസവും സന്തോഷവും ലഭിക്കും. സ്വന്തം തീരുമാനങ്ങൾ പരിഷ്ക്കരിക്കുന്ന കാര്യത്തിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് ഉപയോഗപ്പെടുത്തും.


അവിട്ടം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
വസുക്കള്‍
ആസുരം
സ്ത്രീ
നല്ലാള്‍
ആകാശം
മയില്‍
വഹ്നി
ഇന്ദ്രനീലം, ചെമ്പവിഴം