24 ചതയം

സൗമ്യതയും, സ്നേഹവും, ദൈവീക കാര്യങ്ങളിൽ താല്പര്യവും, ത്യാഗശീലവും ചതയം നാളുകാരുടെ പൊതു സ്വഭാവങ്ങളത്രേ. സ്വഭാവശുദ്ധിയും സത്യസന്ധതയും ഇവർക്കുണ്ടാകും. ആരോടും കലഹിക്കാതിരിക്കാനും എപ്പോഴും എല്ലാവരോടും സഹകരിച്ചു പ്രവർത്തിക്കാനും താല്പര്യം കാണിക്കും.

പുഷ്ടിയുള്ള ശരീരവും, വ്യായാമങ്ങളിലും കായിക വിനോദങ്ങളിലും താല്പര്യവും ഉണ്ടാകും. ആരോഗ്യം പൊതുവെ മെച്ചമായിരിക്കും. വാതസംബന്ധവും മൂത്രാശയസംബന്ധവുമായ അസുഖങ്ങൾ ഇടയ്ക്കൊക്കെ ബാധിക്കുമെന്നിരുന്നാലും ഗൗരവമായ രോഗപീഡയ്ക്ക് സാദ്ധ്യത കുറവാണ്. 9 വയസ്സുവരെ രക്തദൂഷ്യ രോഗങ്ങൾ, ത്വക് രോഗങ്ങൾ തുടങ്ങിയവ ചെറിയ തോതിൽ ബാധിക്കാം. ഈ കാലത്ത് ചില അപകടങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. കുടുംബത്തിനും മാതാപിതാക്കൾക്കും ഈ കാലം അത്ര മെച്ചമല്ല. വിദ്യാഭ്യാസ കാര്യത്തിൽ അല്പം ശ്രദ്ധക്കുറവുകാണിക്കാനും സാദ്ധ്യതയുണ്ട്. 9 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള കാലത്ത് വിദ്യാഗുണം, ആരോഗ്യം, കുടുംബാഭിവൃദ്ധി, മാതാപിതാക്കൾക്ക് നേട്ടങ്ങൾ തുടങ്ങിയവ സൂചിപ്പിക്കുന്നു. 25 വയസ്സ് മുതൽ 44 വയസ്സ് വരെയുള്ള കാലത്ത് യാത്രാക്ലേശം, അദ്ധ്വാനക്കൂടുതൽ, തുടങ്ങിയവയും ധനലാഭം, ഭൂമിലാഭം, വീട് വാഹനം തുടങ്ങിയവയുടെ അനുഭവം മുതലായവും സൂചിപ്പിക്കുന്നു. 44 വയസ്സിനും 61 വയസ്സിനും ഇടയ്ക്കുള്ള കാലം ശാന്തവും സന്തോഷപൂർണ്ണവുമാകാൻ ഇടയുണ്ട്. 61 വയസ്സുമുതൽ 68 വയസ്സുവരെയുള്ള കാലത്ത് ധനനഷ്ടം, ആരോഗ്യക്കുറവ്, അടുത്ത ബന്ധത്തിലുള്ളവരുടെ വേർപാട് തുടങ്ങിയവ ഉണ്ടാകാൻ ഇടയുണ്ട്. 68 വയസ്സിനു ശേഷം ജീവിതം പൊതുവെ സമാധാനപരമായിരിക്കും.

സങ്കുചിത ചിന്തകൾ കുറവായിരിക്കും. പൊതുവെ ഉപകാരപ്രദങ്ങളായ പ്രവർത്തനങ്ങളിൽ കൂടുതൽ വിരോധികളെ സുഹൃത്തുക്കളായി മാറ്റാനും അസാധാരണമായ സാമർത്ഥ്യമുണ്ടാകും. തീരുമാനങ്ങൾ എടുക്കാൻ സമഗ്രമായി പഠിച്ചതിന് ശേഷം മാത്രമേ അഭിപ്രായം രൂപീകരിക്കൂ.

ജീവിതം പൊതുവെ വിജയകരമായിരിക്കും. ഉദ്ദേശിക്കുന്ന മിക്ക കാര്യങ്ങളിലും സ്ഥിരപരിശ്രമം കൊണ്ട് നേടിയെടുക്കും. ഭാഗ്യം പൊതുവെ അനുകൂലമായിരിക്കും. ബന്ധുക്കളെ സഹായിക്കുമെങ്കിലും അവരിൽ നിന്ന് അകന്നു പോകും. സ്വജനങ്ങളിൽ നിന്ന് കാര്യമായ പ്രയോജനം കിട്ടിയെന്നു വരികയില്ല. പിതാവിനോട് പല കാര്യങ്ങളിലും വിയോജിക്കും. വിവാഹത്തിന് കാലതാമസം വരാം. കുടുംബജീവിതത്തിന്റെ കാര്യത്തിൽ താല്പര്യക്കുറവുകാണിയ്ക്കും. ജീവിത പങ്കാളിയുമായി ഇടയ്ക്കിടെ അഭിപ്രായ വ്യത്യാസത്തിനിടയാക്കും. അസ്വസ്ഥമായ കുടുംബജീവിതമോ വേർപെട്ടുള്ള ജീവിതമോ ഉണ്ടാകാം. ചതയം നാളിൽ ജനിച്ചവർക്ക് വിവാഹ കാര്യത്തിൽ അത്രയൊന്നും താല്പര്യമുണ്ടായില്ലെന്നും വരാം. ചതയം നാളിൽ ജനിച്ച സ്ത്രീകളുടെ ദാമ്പത്യജീവിതവും അസ്വസ്ഥമാവുന്നതാണ്. ഭർത്താവിന്റെ വേർപാട്, വൈധവ്യം തുടങ്ങിയവ ഉണ്ടാകാവുന്നതാണ്. ഒന്നിച്ചു കഴിഞ്ഞാൽ തന്നെ പല പൊരുത്തക്കുറവുകളും അനുഭവപ്പെടാം. 


24 ചതയം
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
വരുണന്‍
ആസുരം
സ്ത്രീ
കുതിര
ആകാശം
മയില്‍
കടമ്പ്
മാണിക്യം, ഗോമേദകം