27 രേവതി

സ്വഭാവത്തിൽ പ്രകടമാകുന്ന അസ്ഥിരതയാണ് രേവതി നക്ഷത്രക്കാരുടെ എടുത്തു പറയാവുന്ന പ്രത്യേകത. ഇവർക്ക് ബുദ്ധിസാമർത്ഥ്യവും കഴിവും കർമ്മശേഷിയും ഉണ്ടാകും. ധാരാളം സുഹൃത്തുക്കളുള്ള ഇവർക്ക് ആരാധകരും ഉണ്ടാകും. പക്ഷെ ഇടയ്ക്കിടെ അഭിപ്രായം മാറും. ഒന്നിലും സ്ഥിരമായി നിന്നെന്നു വരികയില്ല. ഒരു പ്രവർത്തനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും.ശരീര പുഷ്ടിയും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകും. ബാല്യകാലത്ത് രക്തദൂഷ്യ രോഗങ്ങൾ, പനി, ത്വക്ക് രോഗങ്ങൾ, തുടങ്ങിയവ ഇടയ്ക്കിടെ അനുഭവപ്പെടും.

8 വയസ്സിനും 15 വയസ്സിനും ഇടയ്ക്ക് അപകടങ്ങൾ മുറിവ് ചതവുകൾ ഉണ്ടാകാൻ ഇടയുണ്ട്. 15 വയസ്സിനു ശേഷം 35 വയസ്സുവരെയുള്ള കാലം പൊതുവെ ഗുണകരമാവും. വിദ്യാഗുണം, കുടുംബസുഖം, ബന്ധുഗുണം, തുടങ്ങിയവയെല്ലാം ഈ കാലത്ത് അനുഭവപ്പെടും. 35 വയസ്സിനും 41 വയസ്സിനും ഇടയ്ക്കുള്ള കാലം അദ്ധ്വാനക്കൂടുതലും അലച്ചിലും സാമ്പത്തിക ക്ലേശങ്ങളും സൂചിപ്പിക്കുന്ന കാലമാണ്. 41 വയസ്സുമുതൽ 51 വയസ്സുവരെയുള്ള കാലത്ത് കുടുംബസുഖം, ബന്ധുഗുണം, ധനാഭിവൃദ്ധി, സ്ഥാനമാന ലാഭം തുടങ്ങിയവ ഉണ്ടാകും. 51 വയസ്സിനു ശേഷം ഉള്ള കാലം ഗുണദോഷമിശ്രമായിരിക്കും. സാമ്പത്തിക സ്ഥിതി പൊതുവെ മെച്ചമായിരിക്കുമെങ്കിലും ആരോഗ്യക്കുറവ്, മനക്ലേശം, സ്വജനദുരിതം തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുകളുണ്ടാവും.

രേവതി നാളിൽ ജനിക്കുന്നവർ എല്ലാവരോടും ഇടപെടുമെങ്കിലും ആരോടും അതിര് കവിഞ്ഞ് അടുക്കുകയില്ല. ആരെയും അധികം വകവയ്ക്കുകയുമില്ല. ആർക്കും കീഴടങ്ങി നിന്ന് പ്രവർത്തിക്കാൻ തയ്യാറാവുകയില്ല. സ്വാതന്ത്ര്യത്തിനു ഭംഗം വരുന്ന ഒരു കൂട്ടുകെട്ടിലും താല്പര്യം കാണിക്കുകയില്ല. വിമർശനം ഇഷ്ടപ്പെടുകയില്ല. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നവരിൽ നിന്ന് ഒഴിഞ്ഞു മാറും. ആരെങ്കിലും പിൻബലം കൊടുത്താൽ ഇവർ ഏതു പ്രതിബന്ധത്തെയും മറികടക്കും. സഹനശക്തി കുറയും. തീരുമാനങ്ങൾ എടുക്കാൻ താമസിക്കും. സ്നേഹം തോന്നുന്നവരുടെ മുൻപിൽ സ്വന്തം ഹൃദയരഹസ്യങ്ങൾ പൂർണ്ണമായി തുറന്നുവയ്ക്കും. ശുദ്ധഹൃദയവും അന്യരെ ഉപദ്രവിക്കരുതെന്ന നിർബന്ധവും ആർഭാടങ്ങളിൽ താല്പര്യവും രേവതി നാളുകാരുടെ പ്രത്യേകതകളാണ്.

രേവതി നാളുകാർക്ക് സാഹിത്യം സംഗീതം തുടങ്ങിയ കലകളിൽ വാസനയുണ്ടാകും. ശാസ്ത്രവിഷയങ്ങളിലും അഭിരുചിയുണ്ടാവും. സ്വന്തം അറിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഇവർക്കു കഴിഞ്ഞെന്നു വരികയില്ല. ആരംഭശൂരത്വം ഇവരുടെ പ്രത്യേകതയാണ്. സ്ഥിരം സുഹൃത്തുക്കളും ഉണ്ടായെന്നു വരികയില്ല. വിവാഹജീവിതം പൊതുവെ സന്തോഷപ്രദമായിരിക്കും. ജീവിതപങ്കാളിയുമായി ആശയവിനിമയം നടത്താനും സ്വന്തം അഭിപ്രായങ്ങളിൽ വേണ്ട മാറ്റം വരുത്താനും ഇവർ തയ്യാറായിരിക്കും. സഹകരണത്തോടുകൂടി പ്രവർത്തിച്ചു സന്തുഷ്ടവും ഐശ്വര്യപൂർണ്ണവുമായ ഒരു കുടുംബം കെട്ടിപ്പടുക്കാൻ ഇവർക്കു കഴിയും.

രേവതി
ദേവത
ഗണം
യോനി
മൃഗം
ഭൂതം
പക്ഷി
വൃക്ഷം
രത്നം
പൂഷാവ്
ദൈവം
സ്ത്രീ
ആന
ആകാശം
മയില്‍
ഇരിപ്പ
മരതകം, ചെമ്പവിഴം