01 അശ്വതി നക്ഷത്രഫലം

ഉത്തമഗുണങ്ങളുടെ വിളനിലമെന്നും ബുദ്ധിയും ധൈര്യവും ഒത്തുചേർന്നിട്ടുള്ളവളെന്നും നിങ്ങളെപ്പറ്റി പൊതുവായി പറയാം. വിദ്യ നേടുന്നതോടൊപ്പം തന്നെ പാട്ട്, അഭിനയം, പൂജ തുടങ്ങിയവയിൽ താല്പര്യം കാണിക്കുന്ന ആളും എല്ലാപേർക്കും പ്രിയമുള്ളവളും ആയിത്തീരും. ഉയർന്ന മൂക്കും നെറ്റിയും നെഞ്ചും അംഗസൌഷ്ടവത്തിനു മാറ്റുകൂട്ടും. ഇക്കാരണങ്ങളാൽ തന്നെ കീർത്തി സ്വമേധയാ വന്നുചേരും.  

ഈ കീർത്തി നിലനിന്നു പോകണമെങ്കിൽ നിങ്ങളുടെ മുൻകോപം നിയന്ത്രിക്കേണ്ടിവരും. പുളിയുള്ള കറികളായിരിക്കും നിങ്ങൾക്കു കൂടുതലിഷ്ടം. പാദത്തിലോ മുഖത്തോ നെഞ്ചിലോ ഒരു ഭാഗ്യമറുക് കണ്ടേക്കാം

നിങ്ങളുടെ അഞ്ചാമത്തെ വയസ്സിൽ ശ്വാസവികാരത്താലും എട്ടാം വയസ്സിൽ ചിലന്തി മുതലായ കീടങ്ങൾ മുഖേനയും പതിമൂന്നാം വയസ്സിൽ നേത്രരോഗംകൊണ്ടും പതിനാറാം വയസ്സിൽ ഉദരത്തിൽ നീരുവന്നും ഇരുപത്തൊന്നാം വയസ്സിൽ വിഷം മൂലവും മുപ്പതാം വയസ്സിൽ നാല്ക്കാലികൾ മുഖാന്തിരവും മുപ്പത്തി ഏഴാം വയസ്സിൽ പുരുഷന്മാരിൽ നിന്നും നാല്പത്തിരണ്ടാം വയസ്സിൽ ഗവണ്മെൻറുതലങ്ങളിലുള്ള ശിക്ഷകൾ മൂലവും എഴുപതാം വയസ്സിൽ ശത്രുക്കൾ മുഖേനയും എൺപത്തിമൂന്നാം വയസ്സിൽ ഉദരരോഗങ്ങൾ കൊണ്ടും എൺപത്തി ആറാം വയസ്സിൽ അർശ്ശസ്സുരോഗം മൂലവും അരിഷ്ടതകളും കഷ്ടനഷ്ടങ്ങളും ഉണ്ടാകാനിടയായേക്കാം. ഈ കാലഘട്ടങ്ങളിൽ മുൻകൂട്ടിത്തന്നെ ദശാനാഥന്മാരെ പ്രീതിപ്പെടുത്താനുള്ള അർച്ചനകളും പൂജാദികർമ്മങ്ങൾക്കും പുറമെ സാധുക്കൾക്ക് അന്നദാനം വസ്ത്രദാനം തുടങ്ങിയ പുണ്യപ്രവൃത്തികൾകൂടി ചെയ്താൽ കഷ്ടനഷ്ടങ്ങളുടെ വ്യാപ്തി കുറക്കുവാൻ സാധിക്കും.