ബാലകാണ്ഡം :: അഹല്യാമോക്ഷം

ഓം
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു

പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥം"കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര നീ

വാട്ടമില്ലാത തപസ്സുളള ഗൌതമമുനി

ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര

മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം

ലോകേശന്‍ നിജസുതയായുളേളാരഹല്യയാം

ലോകസുന്ദരിയായി ദിവ്യകന്യകാരത്നം

ഗൌതമമുനീന്ദ്രനു കൊടുത്തു വിധാതാവും

കൌതുകംപൂണ്ടു ഭാര്യാഭര്‍ത്താക്കന്മാരായവര്‍.

ഭര്‍ത്തൃശുശ്രൂഷാബ്രഹ്മചര്യാദിഗുണങ്ങള്‍ ക-

ണ്ടെത്രയും പ്രസാദിച്ചു ഗൌതമമുനീന്ദ്രനും

തന്നുടെ പത്നിയായോരഹല്യയോടും ചേര്‍ന്നു

പര്‍ണ്ണശാലയിലത്ര വസിച്ചു ചിരകാലം.വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു

ദുശ്ച്യവനനും കുസുമായുധവശനായാന്‍.

ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും

ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-

നെന്തൊരു കഴിവെന്നു ചിന്തിച്ചൂ ശതമഖന്‍

ചെന്താര്‍ബാണാര്‍ത്തികൊണ്ടു സന്താപം മുഴുക്കയാല്‍

സന്തതം മനക്കാമ്പില്‍ സുന്ദരഗാത്രീരൂപം

ചിന്തിച്ചുചിന്തിച്ചനംഗാന്ധനായ്‌ വന്നാനല്ലോ.അന്തരാത്മനി വിബുധേന്ദ്രനുമതിനിപ്പോ-

ളന്തരം വരാതെയൊരന്തരമെന്തെന്നോര്‍ത്തു

ലോകേശാത്മജസുതനന്ദനനുടെ രൂപം

നാകനായകന്‍ കൈക്കൊണ്ടന്ത്യയാമാദിയിങ്കല്‍

സന്ധ്യാവന്ദനത്തിനു ഗൌതമന്‍ പോയനേര-

മന്തരാ പുക്കാനുടജാന്തരേ പരവശാല്‍.സുത്രാമാവഹല്യയെ പ്രാപിച്ചു സസംഭ്രമം

സത്വരം പുറപ്പെട്ടനേരത്തു ഗൌതമനും

മിത്രന്‍തന്നുദയമൊട്ടടുത്തീലെന്നു കണ്ടു

ബദ്ധസന്ദേഹം ചെന്നനേരത്തു കാണായ്‌വന്നു

വൃത്രാരാതിക്കു മുനിശ്രേഷ്ഠനെ ബലാലപ്പോള്‍

വിത്രസ്തനായെത്രയും വേപഥു പൂണ്ടു നിന്നാന്‍.തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍-

തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും

'നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!

ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാര്‍ത്ഥം.

വല്ലാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം?

നിര്‍ല്ലജ്ജനായ ഭവാനേതൊരു മഹാപാപി?

സത്യമെന്നോടു ചൊല്ലീടറിഞ്ഞേനല്ലോ തവ

വൃത്താന്തം പറയായ്കില്‍ ഭസ്മമാക്കുവേനിപ്പോള്‍."ചൊല്ലിനാനതുനേരം താപസേന്ദ്രനെ നോക്കി

'സ്വര്‍ല്ലോകാധിപനായ കാമകിങ്കരനഹം

വല്ലായ്മയെല്ലാമകപ്പെട്ടിതു മൂഢത്വംകൊ-

ണ്ടെല്ലാം നിന്തിരുവടി പൊറുത്തുകൊളേളണമേ

'

'സഹസ്രഭഗനായി ബ്ഭവിക്ക ഭവാനിനി-

സ്സഹിച്ചീടുക ചെയ്ത ദുഷ്കര്‍മ്മഫലമെല്ലാം.'

തപസ്വീശ്വരനായ ഗൌതമന്‍ ദേവേന്ദ്രനെ-

ശ്ശപിച്ചാശ്രമമകംപുക്കപ്പോളഹല്യയും

വേപഥുപൂണ്ടു നില്‌ക്കുന്നതുകണ്ടരുള്‍ചെയ്തു

താപസോത്തമനായ ഗൌതമന്‍ കോപത്തോടെ

'കഷ്ടമെത്രയും തവ ദുര്‍വൃത്തം ദുരാചാരേ

ദുഷ്ടമാനസേ തവ സാമര്‍ത്ഥ്യം നന്നു പാരം.

ദുഷ്കൃതമൊടുങ്ങുവാനിതിന്നു ചൊല്ലീടുവന്‍

നിഷ്കൃതിയായുളെളാരു ദുര്‍ദ്ധരമഹാവ്രതം.കാമകിങ്കരേ ശിലാരൂപവും കൈക്കൊണ്ടു നീ

രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കേണം.

നീഹാരാതപ വായുവര്‍ഷാദികളും സഹി-

ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം.

നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ്‌ വരാ

കാനനദേശേ മദീയാശ്രമേ മനോഹരേ.ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-

ളിങ്ങെഴുന്നളളും രാമദേവനുമനുജനും.

ശ്രീരാമപാദാംഭോജസ്പര്‍ശമുണ്ടായീടുന്നാള്‍

തീരും നിന്‍ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും.

പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ

നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി

നാഥനെ സ്തുതിക്കുമ്പോള്‍ ശാപമോക്ഷവും വന്നു

പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.'

എന്നരുള്‍ചെയ്തു മുനി ഹിമവല്‍പാര്‍ശ്വം പുക്കാ-

നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.നിന്തിരുമലരടിച്ചെന്തളിര്‍പ്പൊടിയേല്‍പാ -

നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളില്‍.

സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു

സന്തോഷസന്താനസന്താനമേ ചിന്താമണേ

ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്‌

ഘോരമാം തപസ്സോടുമിവിടെ വസിക്കുന്ന

ബ്രഹ്മനന്ദനയായ ഗൌതമപത്നിയുടെ

കല്മഷമശേഷവും നിന്നുടെ പാദങ്ങളാല്‍

ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ

നിര്‍മ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാല്‍."ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ-

ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാന്‍.

ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ-

മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്തു മുനിവരന്‍.ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവന്‍

ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി.

രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍

കോമളരൂപന്‍ മുനിപത്നിയെ വണങ്ങിനാന്‍.

അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്‌ക്കും

വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ.

താപസശ്രേഷ്ഠനായ കൌശികമുനിയോടും

താപസഞ്ചയം നീങ്ങുമാറു സോദരനോടും.

ശാപനാശനകരനായൊരു ദേവന്‍തന്നെ-

ച്ചാപബാണങ്ങളോടും പീതമാം വസ്ത്രത്തോടും

ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും

ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും

വാസവനീലമണിസങ്കാശഗാത്രത്തോടും

വാസവാദ്യമരൌഘവന്ദിതപാദത്തോടും

പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും

ഭക്തവത്സലന്‍തന്നെക്കാണായിതഹല്യയ്‌ക്കും.

തന്നുടെ ഭര്‍ത്താവായ ഗൌതമതപോധനന്‍

തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപ്പോള്‍.

നിര്‍ണ്ണയം നാരായണന്‍താനിതു ജഗന്നാഥ-

നര്‍ണ്ണോജവിലോചനന്‍ പത്മജാമനോഹരന്‍

ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനം ചെയ്തു ഭക്ത്യാ

സത്വരമര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചീടിനാള്‍.

സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും

സന്താപം തീര്‍ന്നു ദണ്ഡനമസ്കാരവും ചെയ്താള്‍.

ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു-

മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും

വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും

വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവര്‍ണ്ണത്തോടും.

അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു

സദ്യോജാതാനന്ദാബ്ധിമഗ്നയായ്‌ സ്തുതിചെയ്താള്‍