ബാലകാണ്ഡം :: ശ്രീരാമാവതാരം

ഓം
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
ഗര്‍ഭവും പരിപൂര്‍ണ്ണമായ്‌ ചമഞ്ഞതുകാല-
മര്‍ഭകന്മാരും നാല്‍വര്‍ പിറന്നാരുടനുടന്‍.
ഉച്ചത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്ക-
ലച്യുതനയോദ്ധ്യയില്‍ കൌസല്യാത്മജനായാന്‍
 
നക്ഷത്രം പുനര്‍വസു നവമിയല്ലോ തിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 
കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ
അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കടകം
അര്‍ക്കജന്‍ തുലാത്തിലും, ഭാര്‍ഗ്ഗവന്‍ മീനത്തിലും
വക്രനുമുച്ചസ്ഥനായ്‌ മകരംരാശിതന്നില്‍
നില്‌ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍ 
 
ദിക്കുകളൊക്കെ പ്രസാദിച്ചതു ദേവകളും.
പെറ്റിതു കൈകേയിയും പുഷ്യനക്ഷത്രംകൊണ്ടേ
പിറ്റേന്നാള്‍ സുമിത്രയും പെറ്റിതു പുത്രദ്വയം
 
ഭഗവാന്‍ പരമാത്മാ മുകുന്ദന്‍ നാരായണന്‍
ജഗദീശ്വരന്‍ ജന്മരഹിതന്‍ പത്മേക്ഷണന്‍ 
ഭുവനേശ്വരന്‍ വിഷ്ണുതന്നുടെ ചിഹ്നത്തോടു-
മവതാരംചെയ്തപ്പോള്‍ കാണായീ കൌസല്യയ്‌ക്കും 
 
സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും
വന്ദ്യമായിരിപ്പൊരു നിര്‍മ്മലമകുടവും
സുന്ദരചികരവുമളകസുഷമയും
കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും 
ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൌസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ്‌
വ്യക്തമായിരിപ്പൊരു പാവനശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമളന്ന പാദാബ്ജവും
കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും
മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ
സാക്ഷാല്‍ ശ്രീനാരായ ണന്‍താനിതെന്നറിഞ്ഞപ്പോള്‍ 
സുന്ദരഗാത്രിയായ കൌസല്യാദേവിതാനും
വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാള്‍.