ബാലകാണ്ഡം :: ഇഷ്ടദേവതാവന്ദനം


അദ്ധ്യാത്മരാമായണം


ബാലകാണ്ഡം
അയോദ്ധ്യാകാണ്ഡം
ആരണ്യകാണ്ഡം
കിഷ്കിന്ധാകാണ്ഡം
സുന്ദരകാണ്ഡം
യുദ്ധകാണ്ഡം

ഓം
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു


ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
ശ്രീരാഘവാത്മാരാമ ശ്രീരാമ രമാപതേ
ശ്രീരാമ രമണീയവിഗ്രഹ നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ


ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാള്‍.

ഇഷ്ടദേവതാവന്ദനം

കാരണനായ ഗണനായകന്‍ ബ്രഹ്മാത്മകന്‍
കാരുണ്യമൂര്‍ത്തി ശിവശക്തിസംഭവന്‍ ദേവന്‍
വാരണമുഖന്‍ മമ പ്രാരബ്ധവിഘ്നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.

വാണീടുകനാരതമെന്നുടെ നാവുതന്മേല്‍
വാണിമാതാവേ വര്‍ണ്ണവിഗ്രഹേ വേദാത്മികേ
നാണമെന്നിയേ മുദാ നാവിന്മേല്‍ നടനം ചെ-
യ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരന്‍.
വാരിജോത്ഭവമുഖവാരിജവാസേ ബാലേ
വാരിധിതന്നില്‍ തിരമാലകളെന്നപോലെ
ഭാരതീ പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേല്‍ മംഗലശീലേ
വൃഷ്ണിവംശത്തില്‍ വന്നു കൃഷ്ണനായ‌് പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രന്‍ വ്യാസന്‍

വിഷ്ണുതാന്‍തന്നെ വന്നു പിറന്ന തപോധനന്‍


വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട

കൃഷ്ണനാം പുരാണകര്‍ത്താവിനെ വണങ്ങുന്നേന്‍.

നാന്മറനേരായ രാമായണം ചമയ്ക്കയാല്‍
നാന്മുഖനുളളില്‍ ബഹുമാനത്തെ വളര്‍ത്തൊരു
വാല്മീകി കവിശ്രേഷ്ഠനാകിയ മഹാമുനി-
താന്‍ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേന്‍.
രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭന്‍ മഹേശ്വരന്‍
ശ്രീമഹാദേവന്‍ പരമേശ്വരന്‍ സര്‍വ്വേശ്വരന്‍
മാമകേ മനസി വാണീടുവാന്‍ വന്ദിക്കുന്നേന്‍.

വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും മമ
വാരിജമകളായ ദേവിയും തുണയ്‌ക്കേണം.
കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-
ണാരുണാംബുജലീനപാംസുസഞ്ചയം മമ
ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍.

ആധാരം നാനാജഗന്മയനാം ഭഗവാനും
വേദമെന്നല്ലോ ഗുരുനാഥന്‍താനരുള്‍ചെയ്തു;
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു
ഭൂദേവപ്രവരന്മാര്‍ തദ്വരശാപാദികള്‍
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാര്‍ക്കും മതം,
വേദജ്ഞോത്തമന്മാര്‍ മാഹാത്മ്യങ്ങളാര്‍ക്കു ചൊല്ലാം?
പാദസേവകനായ ഭക്തനാം ദാസന്‍ ബ്രഹ്മ-
പാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാന്‍
വേദസമ്മിതമായ്‌ മുമ്പുളള ശ്രീരാമായണം
ബോധഹീനന്മാര്‍ക്കറിയാംവണ്ണം ചൊല്ലീടുന്നേന്‍.
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം
ചേതസി തെളിഞ്ഞുണര്‍ന്നാവോളം തുണയ്‌ക്കേണം.

സുരസംഹതിപതി തദനു സ്വാഹാപതി
വരദന്‍ പിതൃപതി നിരൃതി ജലപതി
തരസാ സദാഗതി സദയം നിധിപതി
കരുണാനിധി പശുപതി നക്ഷത്രപതി
സുരവാഹിനീപതിതനയന്‍ ഗണപതി
സുരവാഹിനീപതി പ്രമഥഭൂതപതി
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി
ജഗതി ചരാചരജാതികളായുളേളാരും
അഗതിയായോരടിയന്നനുഗ്രഹിക്കേണ-
മകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേന്‍.
അഗ്രജന്‍ മമ സതാം വിദുഷാമഗ്രേസരന്‍
മല്‍ഗുരുനാഥനനേകാന്തേവാസികളോടും
ഉള്‍ക്കുരുന്നിങ്കല്‍ വാഴ്ക രാമനാമാചാര്യനും
മുഖ്യന്മാരായ ഗുരുഭൂതന്മാര്‍ മറ്റുളേളാരും. 

ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം
നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍
രാമനാമത്തെജ്ജപിച്ചൊരു കാട്ടാളന്‍ മുന്നം
മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി
ശ്രീമഹാരാമായണം ചമയ്ക്കെന്നരുള്‍ ചെയ്തു
വീണാപാണിയുമുപദേശിച്ചു രാമായണം
വാണിയും വാല്മീകിതന്‍ നാവിന്മേല്‍ വാണീടിനാള്‍

വാണീടുകവ്വണ്ണമെന്‍ നാവിന്മേലേവം ചൊല്‍വാന്‍
നാണമാകുന്നുതാനുമതിനെന്താവതിപ്പോള്‍?
വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നതോര്‍ത്തു
ചേതസി സര്‍വ്വം ക്ഷമിച്ചീടുവിന്‍ കൃപയാലേ

അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയനം ചെയ്തീടും മര്‍ത്ത്യജന്മികള്‍ക്കെല്ലാം
മുക്തി സിദ്ധിക്കുമസന്ദിഗ്ദ്ധമിജ്ജന്മം കൊണ്ടേ
ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിന്‍ ചൊല്ലീടുവ-
നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
ബദ്ധരാകിലുമുടന്‍ മുക്തരായ് വന്നു കൂടും

ധാത്രീഭാരത്തെ തീര്‍പ്പാന്‍ ബ്രഹ്മാദിദേവഗണം
പ്രാര്‍ത്ഥിച്ചു ഭക്തിപൂര്‍വ്വം സ്തോത്രം ചെയ്തതുമൂലം
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന
മെത്തമേല്‍ യോഗനിന്ദ്ര ചെയ്തിടും നാരായണന്‍
ധാത്രീമണ്ഡലം തന്നില്‍ മാര്‍ത്താണ്ഡകുലത്തിങ്കല്‍
ധാത്രീന്ദ്രവീരന്‍ ദശരഥനു തനയനായ്
രാത്രിചാരികളായ രാവണാദികള്‍ തന്നെ
മാര്‍ത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരു ശേഷം
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേന്‍.