അയോദ്ധ്യാകാണ്ഡം :: :: ലക്ഷ്മണോപദേശം

ഓം 
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
"വത്സ സൌമിത്രേ കുമാര നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു
മുന്നമേ ഞാനെടോ നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാലസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ

ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
സത്യമെന്നാകിലേ തത്പ്രയാസം തവ
യുക്തമതല്ലായ്കിലെന്തതിനാല്‍ ഫലം

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു- 

മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു

പുത്രമിത്രാര്‍ത്ഥ കളത്രാദി സംഗമ- 

മെത്രയുമല്പകാലസ്ഥിതമോര്‍ക്കനീ
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയു- 

മെത്രയും ചഞ്ചലമാലയ സംഗമം
ലക്ഷ്മിയുമസ്ഥിരയല്ലേ മനുഷ്യര്‍ക്കു
നീല്‍ക്കുമോ യൌവനവും പുനരധ്രുവം
സ്വപ്നസമാനം കളത്ര ദു:ഖം നൃണാം
മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ
രാഗാദിസങ്കല്‍പ്പമായുള്ള സംസാര- 

മാകെ നിരൂപിക്കില്‍ സ്വപ്നതുല്യം സഖേ
ഓര്‍ക്ക ഗന്ധര്‍വനഗരസമമതില്‍
മൂര്‍ഖന്മാര്‍ നിത്യമനുവര്‍ത്തിച്ചീടുന്നു
ആദിത്യ ദേവനുദിച്ചിതു വേഗേന
യാദ:പതിയില്‍ മറഞ്ഞിതു സത്വരം. 

നിദ്രയും വന്നിതുദയശൈലോപരി
വിദ്രുതം വന്നിതു പിന്നെയും ഭാസ്കരന്‍
ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കള്‍
ചിത്തേ വിചാരിപ്പതില്ല കാലാന്തരം
ആയുസ്സു പോകുന്നതേതുമറിവീല
മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍
വാര്‍ദ്ധക്യമോടു ജരാനരയും പൂണ്ടു
ചീര്‍ത്ത മോഹേന മരിക്കുന്നിതു ചിലര്‍
നേത്രേന്ദ്രിയം കൊണ്ടു കണ്ടിരിക്കെ പുന- 

രോര്‍ത്തറിയുന്നീല മായ തന്‍ വൈഭവം
ഇപ്പോളിതു പകല്‍ പില്‍പ്പാടു രാത്രിയും
പില്‍പ്പാടു പിന്നെപ്പകലുമുണ്ടായ് വരും
ഇപ്രകാരം നിരൂപിച്ചു മൂഢാത്മാക്കള്‍
ചിത്പുരുഷന്‍ ഗതിയേതുമറിയാതെ
കാലസ്വരൂപനാമീശ്വരന്‍ തന്നുടെ
ലീലാവിശേഷങ്ങളൊന്നുമോരായ്കയാല്‍
ആമകുംഭാംബുസമാനമായുസ്സുടന്‍
പോമതേതും ധരിയ്ക്കുന്നിതില്ലാരുമേ

രോഗങ്ങളായുള്ള ശത്രുക്കളും വന്നു
ദേഹം നശിപ്പിക്കുമേവനും നിര്‍ണ്ണയം
വ്യാഘ്രിയെപ്പോലെ നരയുമടുത്തു വ- 

ന്നാക്രമിച്ചീടും ശരീരത്തെ നിര്‍ണ്ണയം
മൃത്യുവും കൂടൊരു നേരം പിരിയാതെ
ഛിദ്രവും പാര്‍ത്തുപാര്‍ത്തുള്ളിലിരിയ്ക്കുന്നു
ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും
ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ- 

ന്നമ്രേഡിതം കലര്‍ന്നീടും ദശാന്തരേ

ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം

ത്വങ്മാംസരക്താസ്ഥി വിണ്മൂത്ര രേതസാം
സമ്മേളനം പഞ്ചഭൂതകനിര്‍മ്മിതം
മായാമയമായ് പരിണാമിയായോരു
കായം വികാരിയായുള്ളോന്നിതധ്രുവം

ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരില്‍ നിരൂപിച്ചതും തവ
ജ്ഞാനമില്ലായ്കെന്നറിക നീ ലക്ഷ്മണ

ദോഷങ്ങളൊക്കവേ ദേഹഭിമാനിനാം
രോഷേണ വന്നു ഭവിക്കുന്നിതോര്‍ക്ക നീ
ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യര്‍ക്കു
മോഹമാതാവാമവിദ്യയാകുന്നതും
ദേഹമല്ലോര്‍ക്കില്‍ ഞാനായതാത്മാവെന്നു
മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേള്‍
സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും

ആകയാല്‍ മോക്ഷാര്‍ത്ഥിയാകില്‍ വിദ്യാഭ്യാസ- 

മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും
തത്ര കാമക്രോധലോഭമോഹാദികള്‍
ശത്രുക്കളാകുന്നതെന്നുമറിക നീ
മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും
ശക്തിയുള്ളൊന്നതില്‍ ക്രോധമറികെടോ
മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാന്‍
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമല്ലോ യമനായതു നിര്‍ണ്ണയം
വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും
സന്തോഷമാകുന്നതു നന്ദനം വനം
സന്തതം ശാന്തിയേ കാമസുരഭി കേള്‍
ചിന്തിച്ചു ശാന്തിയെത്തന്നെ ഭജിയ്ക്ക നീ
സന്താപമെന്നാലൊരു ജാതിയും വരാ
ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികള്‍ക്കെല്ലാ- 

മാഹന്ത മേലേ വസിപ്പതാത്മാവു കേള്‍
ശുദ്ധസ്വയംജ്യോതിരാനന്ദപൂര്‍ണ്ണമായ്
തത്ത്വാര്‍ത്ഥമായ് നിരാകാരമായ് നിത്യമായ്
നിര്‍വ്വികല്പം പരം നിര്‍വ്വികാരം ഘനം
സര്‍വ്വൈകകാരണം സര്‍വജഗന്മയം
സര്‍വ്വൈകസാക്ഷിണം സര്‍വജ്ഞമീശ്വരം
സര്‍വദാ ചേതസീ ഭാവിച്ചു കൊള്‍ക നീ
സാരജ്ഞനായ നീ കേള്‍ സുഖദു:ഖദം
പ്രാരാബ്ധമെല്ലാമനുഭവിച്ചീടണം
കര്‍മ്മേന്ദ്രിയങ്ങളാല്‍ കര്‍ത്തവ്യമൊക്കവേ
നിര്‍മ്മായമാചരിച്ചീടുകെന്നേവരൂ
കര്‍മ്മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ
കര്‍മ്മഫലങ്ങളില്‍ കാംക്ഷയും കൂടാതെ
കര്‍മ്മങ്ങളെല്ലാം വിധിച്ചവണ്ണം പര- 

ബ്രഹ്മണി നിത്യേ സമര്‍പ്പിച്ചു കൊള്ളണം
നിര്‍മ്മലമായുള്ളോരാത്മാവു തന്നോടു
കര്‍മ്മങ്ങളൊന്നുമേ പറ്റുകയില്ലെന്നാല്‍
ഞാനിപ്പറഞ്ഞതെല്ലാമേ ധരിച്ചു തത്- 

ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര- 

മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാനസത്തിങ്കല്‍ നിന്നാശു കളക നീ
മാനമല്ലോ പരമാപദാമാസ്പദം”
സൌമിത്രി തന്നോടിവണ്ണമരുള്‍ ചെയ്തു
സൌമുഖ്യമോടു മാതാവോടു ചൊല്ലിനാന്‍
കേക്കേണമമ്മേ തെളിഞ്ഞു നീയെന്നുടെ
വാക്കുകളേതും വിഷാദമുണ്ടാകൊലാ
ആത്മാവിനേതുമേ പീഡയുണ്ടാക്കരു- 

താത്മാവിനെയറിയാത്തവരെപ്പോലെ
സര്‍വ്വലോകങ്ങളിലും വസിച്ചീടുന്ന
സര്‍വ്വജനങ്ങളും തങ്ങളില്‍ത്തങ്ങളില്‍
സര്‍വദാ കൂടിവാഴ്കെന്നുള്ളതില്ലല്ലോ
സര്‍വ്വജ്ഞയല്ലോ ജനനി നീ കേവലം
ആശു പതിന്നാലു സംവത്സരം വന-

 ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാന്‍
ദു:ഖങ്ങളെല്ലാമകലെക്കളഞ്ഞുട- 

നുള്‍ക്കനിവോടനുഗ്രഹിച്ചീടണം

അച്ഛനെന്തുള്ളിലൊന്നിച്ഛയെന്നാലതി- 

ങ്ങിച്ഛയെന്നങ്ങുറച്ചീടണമമ്മയും
ഭര്‍ത്തൃകര്‍മ്മാനുകരണമത്രേ പതി- 

വ്രത്യനിഷ്ഠാവധൂനാമെന്നു നിര്‍ണ്ണയം
മാതാവു മോദാലനുഗ്രഹിച്ചീടുകി- 
ലേതുമേ ദു:ഖമെനിക്കില്ല കേവലം
കാനനവാസം സുഖമായ് വരും തവ
മാനസേ ഖേദം കുറച്ചു വാണീടുകില്‍”
എന്നു പറഞ്ഞു നമസ്കരിച്ചീടിനാന്‍
പിന്നെയും പിന്നെയും മാതൃപാദാന്തികേ
പ്രീതികൈക്കൊണ്ടെടുത്തുത്സംഗസീമ്നി ചേര്‍- 

ത്താദരാല്‍ മൂര്‍ദ്ധ്നി ബാഷ്പാഭിഷേകം ചെയ്തു
ചൊല്ലിനാളാശീര്‍വചനങ്ങളാശു കൌ- 

സല്യയും ദേവകളോടിരന്നീടിനാള്‍

സൃഷ്ടികര്‍ത്താവേ വിരിഞ്ച പത്മാസന
പുഷ്ടദയാബ്ധേ പുരുഷോത്തമ ഹരേ
മൃത്യുഞയ മഹാദേവ ഗൌരീപതേ
വൃത്താരി മുന്‍പായ ദിക്പാലകന്മാരേ
ദുര്‍ഗ്ഗേ ഭഗവതീ ദു:ഖവിനാശിനീ
സര്‍ഗ്ഗസ്ഥിതിലയകാരിണീ ചണ്ഡികേ
എന്മകനാശു നടക്കുന്ന നേരവും
കല്മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍”

ഇത്ഥമര്‍ത്ഥിച്ചു തന്‍ പുത്രനാം രാമനെ- 

ബ്ബദ്ധബാഷ്പം ഗാഢഗാഢം പുണര്‍ന്നുടന്‍
ഈരേഴു സംവത്സരം കാനനം വസി- 

ച്ചാരാല്‍ വരികെന്നനുവദിച്ചീടിനാള്‍
തല്‍ക്ഷണെ രാഘവം നത്വാ സഗദ്ഗതം
ലക്ഷ്മണന്‍ താനും പറഞ്ഞാനനാകുലം

"
എന്നുള്ളിലുണ്ടായിരുന്നൊരു സംശയം
നിന്നരുളപ്പാടു കേട്ടു തീര്‍ന്നു തുലോം
ത്വല്‍പ്പാദസേവാര്‍ത്ഥമായിന്നടിയനു- 

മിപ്പോള്‍ വഴിയേ വിടകൊള്‍വനെന്നുമേ
മോദാലതിന്നായനുവദിച്ചീടണം
സീതാപതേ രാമചന്ദ്ര ദയാനിധേ
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കി- 

ലേണാങ്ക തുല്യവദന രഘുപതേള്”

എങ്കില്‍ നീ പോന്നുകൊണ്ടാലു‘മെന്നാദരാല്‍
പങ്കജലോചനന്‍ താനുമരുള്‍ ചെയ്തു. 

വൈദേഹി തന്നോടു യാത്ര ചൊല്ലീടുവാന്‍
മോദേന സീതാഗൃഹം പുക്കരുളിനാന്‍
ആഗതനായ ഭര്‍ത്താവിനെക്കണ്ടവള്‍
വേഗേന സസ്മിതമുത്ഥാനവും ചെയ്തു
കാഞ്ചനപാത്രസ്ഥമായ തോയം കൊണ്ടു
വാഞ്ച്ഛയാ തൃക്കാല്‍ കഴുകിച്ചു സാദരം
മന്ദാക്ഷമുള്‍ക്കൊണ്ടു മന്ദസ്മിതം ചെയ്തു
സുന്ദരി മന്ദമന്ദം പറഞ്ഞീടിനാള്‍

"
ആരുമകമ്പടി കൂടാതെ ശ്രീപാദ- 

ചാരേണ വന്നതുമെന്തു കൃപാനിധേ
വാരാണവീരനെങ്ങു മമ വല്ലഭ
ഗൌരാതപത്രവും താലവൃന്ദാദിയും
ചാമരദ്വന്ദവും വാദ്യഘോഷങ്ങളും
ചാമീകരാഭരണാദ്യലങ്കാരവും
സാമന്തഭൂപാലരേയും പിരിഞ്ഞതി- 

രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ”
ഇത്ഥം വിദേഹാത്മജാവചനം കേട്ടു
പൃത്ഥ്വീപതീസുതന്‍ താനുമരുള്‍ ചെയ്തു
"
തന്നിതു ദണ്ഡകാരണ്യരാജ്യം മമ
പുണ്യം വരുത്തുവാന്‍ താതനറികെടോ
ഞാനതു പാലിപ്പതിന്നാശു പോകുന്നു
മാനസേ ഖേദമിളച്ചു വാണീടുക
മാതാവു കൌസല്യ തന്നെയും ശുശ്രൂഷ- 

ചെയ്തു സുഖേന വസിക്ക നീ വല്ലഭേ”
ഭര്‍ത്തൃവാക്യം കേട്ടു ജാനകിയും രാമ- 

ഭദ്രനോടിത്ഥമാഹന്ത ചൊല്ലീടിനാള്‍

"
രാത്രിയില്‍ കൂടെപ്പിരിഞ്ഞാല്‍ പൊറാതോള-

 മാസ്ഥയുണ്ടല്ലോ ഭവാനെപ്പിതാവിനും
എന്നിരിയ്ക്കെ വനരാജ്യം തരുവതി- 

നിന്നു തോന്നീടുവാനെന്തൊരു കാരണം

മന്നവന്‍ താനല്ലയോ കൌതുകത്തോടു- 

മിന്നലെ രാജ്യാഭിഷേകമാരംഭിച്ചു
സത്യമോ ചൊല്ലു ഭര്‍ത്താവേ! വിരവോടു
വൃത്താന്തമെത്രയും ചിത്രമോര്‍ത്താലിദം”
എന്നതു കേട്ടരുള്‍ ചെയ്തു രഘുവരന്‍:
"
തന്വീകുലമൌലിമാലികേ കേള്‍ക്ക നീ
മന്നവന്‍ കേകയപുത്രിയാമമ്മയ്ക്കു
മുന്നമേ രണ്ടുവരം കൊടുത്തീടിനാന്‍
വിണ്ണവര്‍ നാട്ടില്‍ സുരാസുരയുദ്ധത്തി- 

നന്യൂനവിക്രമം കൈക്കൊണ്ടുപോയനാള്‍
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു- 

മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും
സത്യവിരോധം വരുമെന്നു തന്നുടെ
ചിത്തേ നിരൂപിച്ചു പേടിച്ചു താതനും
മാതാവിനാശു വരവും കൊടുത്തിതു
താതനതുകൊണ്ടു ഞാനിന്നു പോകുന്നു
ദണ്ഡകാരണ്യേ പതിന്നാലുവത്സരം
ദണ്ഡമൊഴിഞ്ഞു വസിച്ചു വരുവന്‍ ഞാന്‍
നീയതിനേതും മുടക്കം പറകൊലാ
മയ്യല്‍ കളഞ്ഞു മാതാവുമായ് വാഴ്ക നീ”
രഘവനിത്ഥം പറഞ്ഞതു കേട്ടൊരു- 

രാകാശശിമുഖി താനുമരുള്‍ ചെയ്തു

മുന്നില്‍ നടപ്പന്‍ വനത്തിനു ഞാന്‍ മമ
പിന്നാലെ വേണമെഴുന്നള്ളുവാന്‍ ഭവാന്‍
എന്നെപ്പിരിഞ്ഞുപോകുന്നതുചിതമ- 

ല്ലൊന്നു കൊണ്ടും ഭവാനെന്നു ധരിയ്ക്കണം‘

കാകുത്സ്ഥനും പ്രിയവാദിനിയാകിയ
നാഗേന്ദ്രഗാമിനിയോടും ചൊല്ലീടിനാന്‍
എങ്ങനെ നിന്നെ ഞാന്‍ കൊണ്ടുപോകുന്നതു
തിങ്ങി മരങ്ങള്‍ നിറഞ്ഞ വനങ്ങളില്‍
ഘോരസിംഹവ്യാഘ്രസൂകര സൈരിഭ- 

വാരണവ്യാളഭല്ലൂകവൃകാദികള്‍
മാനുഷഭോജികളായുള്ള രാക്ഷസര്‍
കാനനം തന്നില്‍ മറ്റു ദുഷ്ടജന്തുക്കള്‍
സംഖ്യയില്ലാതോളമുണ്ടവറ്റെക്കണ്ടാല്‍
സങ്കടം പൂണ്ടു ഭയമാം നമുക്കെല്ലാം
നാരീജനത്തിനെല്ലാം വിശേഷിച്ചുമൊ- 

ട്ടേറെയുണ്ടാം ഭയമെന്നറിഞ്ഞീടെടോ

മൂലഫലങ്ങള്‍ കട്വമ്ലകഷായങ്ങള്‍
ബാലേ ഭുജിപ്പതിന്നാകുന്നതും തത്ര
നിര്‍മലവ്യഞ്ജനാപൂപാന്നപാനാദി
സന്മധുക്ഷീരങ്ങളില്ലൊരു നേരവും

നിമ്നോന്നത ഗുഹാഗഹ്വര ശര്‍ക്കര- 

ദുര്‍മ്മാര്‍ഗ്ഗമെത്രയും കണ്ടകവൃന്ദവും
നേരെ പെരുവഴിയുമറിയാവത- 

ല്ലാരേയും കാണ്മാനുമില്ലറിഞ്ഞീടുവാന്‍
ശീതവാതാതപപീഡയും പാരമാം
പാദചാരേണ വേണം നടന്നീടുവാന്‍
ദുഷ്ടരായുള്ളോരു രാക്ഷസരെക്കണ്ടാ- 

ലൊട്ടും പൊറുക്കയില്ലാര്‍ക്കുമറികെടോ
എന്നുടെ ചൊല്ലിനാല്‍ മാതാവു തന്നെയും
നന്നായ് പരിചരിച്ചിങ്ങിരുന്നീടൂക
വന്നീടുവന്‍ പതിന്നാലു സംവത്സരം
ചെന്നാലതിന്നുടനില്ലൊരു സംശയം”

ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു- 

മാരൂഢതാപേന പിന്നെയും ചൊല്ലിനാല്‍:
നാഥ പതിവ്രതയാം ധര്‍മ്മപത്നി ഞാ-

 നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ
പാദശുശ്രൂഷാവ്രതം മുടക്കായ്ക മേ
നിന്നുടെ സന്നിധൌ സന്തതം വാണീടു- 

മെന്നെ മറ്റാര്‍ക്കാനും പീഡിച്ചു കൂടുമോ

വല്ലതും മൂലഫലജലാഹാരങ്ങള്‍
വല്ലഭോച്ഛിഷ്ടമെനിക്കമൃതോപമം
ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോ- 

ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ള കല്ലും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ നീ വെടിഞ്ഞീടൊലാ
ഏതുമേ പീഡയുണ്ടാകയില്ലെന്മൂലം
ഭീതിയുമേതുമെനിക്കില്ല ഭര്‍ത്താവേ

കശ്ചില്‍ ദ്വിജന്‍ ജ്യോതിശ്ശാസ്ത്രവിശാരദന്‍
നിശ്ചയിച്ചെന്നോടു പണ്ടരുളിച്ചെയ്തു
ഭര്‍ത്താവിനോടും വനത്തില്‍ വസിപ്പതി-

നെത്തും ഭവതിക്കു സങ്കടമില്ലേതും
ഇത്ഥം പുരൈവ ഞാന്‍ കേട്ടിരിയ്ക്കുന്നതു
സത്യമതിന്നിയുമൊന്നു ചൊല്ലീടുവന്‍
രാമായണങ്ങള്‍ പലതും കവിവര- 

രാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍
ജാനകിയോടുകൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ

ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രേ വിചരിച്ചു കാണ്‍കിലോ
പാണിഗ്രഹണമന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാനകാലത്തും പിരിയുമോ
എന്നിരിക്കേ പുനരെന്നെയുപേക്ഷിച്ചു
തന്നേ വനത്തിനായ്ക്കൊണ്ടെഴുന്നള്ളുകില്‍
എന്നുമെന്‍ പ്രാണപരിത്യാഗവും ചെയ്‌വ- 

നിന്നുതന്നെ നിന്തിരുവടി തന്നാണെ”

എന്നിങ്ങനെ ദേവി ചൊന്നതു കേട്ടൊരു
മന്നവന്‍ മന്ദസ്മിതം പൂണ്ടരുള്‍ ചെയ്തു
എങ്കിലോ വല്ലഭേ പോരിക വൈകാതെ
സങ്കടമിന്നിതു ചൊല്ലിയുണ്ടാകേണ്ടാ
ദാനമരുന്ധതിക്കായ്ക്കൊണ്ടു ചെയ്ക നീ
ജാനകീ ഹാരാദി ഭൂഷണമൊക്കവേ’
ഇത്ഥമരുള്‍ചെയ്തു ലക്ഷ്മണന്‍ തന്നോടു
പൃത്ഥ്വീസുരോത്തമന്മാരെ വരുത്തുവാന്‍
അത്യാദരമരുള്‍ ചെയ്തനേരം ദ്വിജേ- 

ന്ദ്രോത്തമന്മാരെ വരുത്തി കുമാരനും
വസ്ത്രങ്ങളാഭരണങ്ങള്‍ പശുക്കളു- 

മര്‍ത്ഥമവധിയില്ലാതോളമാദരാല്‍
സദ്വൃത്തരായ്ക്കുലശീലഗുണങ്ങളാ- 

ലുത്തമന്മാരായ്ക്കുടുംബികളാകിയ
വേദവിജ്ഞാനികളാം ദ്വിജേന്ദ്രന്മാര്‍ക്കു
സാദരം ദാനങ്ങള്‍ ചെയ്തു ബഹുവിധം
മാതാവുതന്നുടെ സേവകന്മാരായ
ഭൂദേവസത്തമന്മാര്‍ക്കും കൊടുത്തിതു
പിന്നെ നിജാന്തപ്പുരവാസികള്‍ക്കും മ- 

റ്റന്യരാം സേവകന്മാര്‍ക്കും ബഹുവിധം
ദാനങ്ങള്‍ ചെയ്കയാലാനന്ദമഗ്നരായ്
മാനവനായകനാശീര്‍വ്വചനവും
ചെയ്തിതു താപസന്മാരും ദ്വിജന്മാരും
പെയ്തുപെയ്തീടുന്നിതശ്രുജലങ്ങളൂം
ജാനകിദേവിയുമന്‍പോടരുന്ധതി- 

ക്കാനന്ദമുള്‍ക്കൊണ്ടു ദാനങ്ങള്‍ നല്‍കിനാള്‍
ലക്ഷ്മണവീരന്‍ സുമിത്രയാമമ്മയെ
തല്‍ക്ഷണെ കൌസല്യകൈയില്‍ സമര്‍പ്പിച്ചു
വന്ദിച്ചനേരം സുമിത്രയും പുത്രനെ
നന്ദിച്ചെടുത്തു സമാശ്ലേഷവും ചെയ്തു
നന്നായനുഗ്രഹം ചെയ്തു തനയനു
പിന്നെയുപദേശവാക്കുമരുള്‍ ചെയ്താള്‍

അഗ്രജന്‍ തന്നെപ്പരിചരിച്ചെപ്പൊഴു- 

മഗ്രേ നടന്നു കൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളി- 

ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കില്‍ സുഖമായ് വരിക തേ’
മാതൃവചനം ശിരസി ധരിച്ചുകൊ- 
ണ്ടാദരവോടു തൊഴുതു സൌമിത്രിയും
തന്നുടെ ചാപശരാദികള്‍ കൈക്കൊണ്ടു
ചെന്നു രാമാന്തികെ നിന്നു വണങ്ങിനാന്‍.

തല്‍ക്ഷണേ രാഘവന്‍ ജാനകി തന്നോടും
ലക്ഷ്മണനോടും ജനകനെ വന്ദിപ്പാന്‍
പോകുന്ന നേരത്തു പൌരജനങ്ങളെ
രാഗമോടെ കടാക്ഷിച്ചൂ കുതൂഹലാല്‍
കോമളനായ കുമാരന്‍ മനോഹരന്‍
ശ്യാമളരമ്യകളേബരന്‍ രാഘവന്‍
കാമദേവോപമന്‍ കാമദന്‍ സുന്ദരന്‍
രാമന്‍ തിരുവടി നാനാജഗദഭി- 

രാമനാത്മാരാമനംബുജലോചനന്‍
കാമാരി സേവിതന്‍ നാനാജഗന്മയന്‍
താതാലയം പ്രതി പോകുന്നനേരത്തു
സാദം കലര്‍ന്നൊരു പൌരജനങ്ങളും
പാദചാരേണ നടക്കുന്നതു കണ്ടു
ഖേദം കലര്‍ന്നു പരസ്പരം ചൊല്ലിനാര്‍

കഷ്ടമാഹന്ത കഷ്ടം പശ്യ പശ്യ ഹാ
കഷ്ടമെന്തിങ്ങനെ വന്നതു ദൈവമേ
സോദരനോടും പ്രണയിനി തന്നോടും
പാദചാരേണ സഹായവും കൂടാതെ
ശര്‍ക്കരാകണ്ടക നിമ്നോന്നതയുത- 

ദുര്‍ഘടമായുള്ള ദുര്‍ഗ്ഗമാര്‍ഗ്ഗങ്ങളില്‍
രക്തപത്മത്തിനു കാഠിന്യമേകുന്ന
മുഗ്ദ്ധമൃദുതരസ്നിഗ്ദ്ധപാദങ്ങളാല്‍
നിത്യം വനാന്തെ നടക്കെന്നു കല്‍പ്പിച്ച
പൃത്ഥ്വീശചിത്തം കഠോരമത്രേ തുലോം

പുത്രവാത്സല്യം ദശരഥന്‍ തന്നോളം
മര്‍ത്ത്യരിലാര്‍ക്കുമില്ലിന്നലെയോളവും
ഇന്നിതു തോന്നുവാനെന്തൊരു കാരണ’-

 മെന്നതുകേട്ടുടന്‍ ചൊല്ലിനാനന്യനും
കേകയപുത്രിയ്ക്കു രണ്ടു വരം നൃപ- 

നേകിനാന്‍പോലതു കാരണം രാഘവന്‍
പോകുന്നിതു വനത്തിന്നു, ഭരതനും
വാഴ്കെന്നു വന്നുകൂടും ധരാമണ്ഡലം
പോക നാമെങ്കില്‍ വനത്തിന്നു കൂടവേ
രാഘവന്‍ തന്നെപ്പിരിഞ്ഞാല്‍ പൊറുക്കുമൊ‘
ഇപ്രകാരം പുരവാസികളായുള്ള
വിപ്രാദികള്‍ വാക്കു കേട്ടോരനന്തരം
വാമദേവന്‍ പുരവാസികള്‍ തന്നോടു
സാമോദമേവമരുള്‍ ചെയ്തിതന്നേരം