ഷണ്മുഖസ്തോത്രം

അർക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും
തൃക്കിരീടജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും
ഹൃത്കുരുന്നിലെനിക്കു കാണണമെപ്പൊഴും, ഗുഹ പാഹി മാം

ആറു വാർമതിയോടെതിർത്തു ജയിച്ചിടും തിരുനെറ്റിമേ-
ലാറിലും മദനം പൊരിച്ച വലിപ്പമുള്ളൊരു കൺകളും
കൂറൊടും നിജഭക്തരക്ഷ വരുത്തുവാനിളകീടുമ-
ക്കാർതൊഴും പുരികങ്ങളും മമ കാണണം, ഗുഹ പാഹി മാം

ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ-
മിന്ദുബിംബമുഖങ്ങളും തിരുനാസികാവലിയും തഥാ
കർണ്ണമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കതിഥീഭവിക്കണമെപ്പൊഴും, ഗുഹ പാഹി മാം

ഈശ, നിൻ പവിഴം തൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതി കൈകളിൽ തിരുവായുധങ്ങളൊടും മമ
ക്ലേശനാശനസിദ്ധയേ വരുകാശു, ഷണ്മുഖ പാഹി മാം

ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാർത്തിയ മാറിടം,
വള്ളിതൻ മണവാള, നിന്നുദരാഭയും തിരുനാഭിയും
ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ, ഗുഹ പാഹി മാം

ഊഢകാന്തി കലർന്നിടും ത്രിവലിയ്ക്കടിക്കു കടിസ്ഥലാ-
രൂഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും
രൂഢമായ് വിലസുന്ന തൃത്തുട മുട്ടടുത്ത കണങ്കഴൽ-
പ്രൗഢിയും മമ കാണണം പരിചോടു, ഷൺമുഖ പാഹി മാം

ഋക്ഷവത് കുതികൊള്ളുമെന്മനമിക്കണക്കു വരാതിനി
രക്ഷ ചെയ്‌വതിനൊച്ചയുളള ചിലമ്പിടും നരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠമമർന്നു വ-
ന്നക്ഷിഗോചരമായ് വിളങ്ങണമെപ്പൊഴും, ഗുഹ പാഹി മാം

ൠണബന്ധമെനിക്കിനിക്കനവിങ്കലും കരുതേണ്ട, മത്-
പ്രാണനാഥ, ഭവത്പദപ്രപദത്തിലെത്തുകിലാമയും
ക്ഷീണമായ് മരുവും, സരോരുഹശോഭ തേടിന പാദവും
കാണണം പദവിക്രമങ്ങൾ നഖങ്ങളും, ഗുഹ പാഹി മാം

ഌപ്തപിണ്ഡപിതൃപ്രതിക്രിയ ചെയ്‌വതിന്നുമിതൊന്നിനും
ക്ഌപ്തമില്ലയെനിക്കു താവക പാദസേവനമെന്നിയേ
ലബ്ധവിദ്യനിവൻ ഭവത്കൃപയുണ്ടിതെങ്കിലനന്യ സം-
തൃപ്തിയും പദഭക്തിയും വരുമാശു, ഷൺമുഖ പാഹി മാം

ൡതമുള്ളിലിരുന്നു നൂലു വലിച്ചു നൂത്തു കളിച്ചതും
സാദരം തനതുളളിലാക്കി രമിച്ചിടും പടി മായയാ
ഭൂതഭൗതികമൊക്കെയും പതിവായെടുത്തു ഭരിച്ചഴി-
ച്ചാദി മുച്ചുടരായ് വിളങ്ങുമനന്ത, ഷൺമുഖ പാഹി മാം

എട്ടു ചുറ്റൊടു മോക്ഷമാർഗ്ഗമടച്ചുമേവിന കുണ്ഡലി-
ക്കെട്ടറുത്തു കിളർന്നു മണ്ഡലവും പിളർന്നു ഭവത്പദം
തുഷ്ടിയോടു പിടിപ്പതിന്നരുളുന്നതെന്നു ഭവാബ്ധിയിൽ-
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷൺമുഖ പാഹി മാം

ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ-
ഭൂതലത്തിലുമെങ്ങുമില്ല കൃപാനിധേ, കരുതേണമേ!
"കാതിലോല'യിതെന്നു ചിന്ത തുടർന്നിടും മയി സന്തതം
ഭാതി യാവദനംഗദാഹികടാക്ഷമഗ്നിജ, പാഹി മാം

ഐശബീജമതിങ്കൽനിന്നുളവായ നിന്തിരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കൽ നി-
ന്നാശിഷാ ഗുരുനാഥനായ കണക്കു, ഷൺമുഖ പാഹി മാം

ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെ നിറഞ്ഞു തിങ്ങി വിളങ്ങിടും
നിന്നരുൾക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നിൽ നിന്നരുൾ കൊണ്ടു ജാതമിതൊക്കെയും, ഗുഹ പാഹി മാം

ഓമിതിപ്രണവപ്രണഷ്ടകലിപ്രദോഷമനസ്സിൽ നി-
ന്നോമനപ്പുതുമേനി കു കരം കുവിപ്പതിനാശയാ
പൂമണം ബുധപൂജിതം പെരുമാറുമങ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശവിഹീന, ഷൺമുഖ പാഹി മാം

ഔഡുമണ്ഡലമദ്ധ്യവർത്തിയതാം ശശാങ്കനിഭൻ ഭവാൻ
കൈടഭാരിസരോരുഹാസനദേവതാസു മഹാമതേ
ഐഡഭാവമൊഴിക്ക മേ തവ തൃച്ചിലമ്പൊലി കേൾക്കുവാ-
നീഡയാമി ഭവത്പദാംബുജമെപ്പൊഴും ഗുഹ പാഹി മാം

അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടും പടി നിന്നിൽ നി-
ന്നംബ! പൊങ്ങിമറിഞ്ഞുയർന്നു മറഞ്ഞിടുന്നഖിലാണ്ഡവും
അംബയാസഹ വർത്തമാന വിജന്മ, ഷൺമുഖ പാഹി മാം

അല്ലിലും പകലും ഭവത്പദപല്ലവങ്ങളിലല്ലയോ
ചൊല്ലിയിങ്ങനെ സൗമ്യമാം മുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാൻ കൊലയാനപോലെയണഞ്ഞിടും മലമായയേ
വെല്ലുവാനൊരു മന്ത്രമിങ്ങരുളീടു, ഷൺമുഖ പാഹി മാം

കഷ്ടമിക്കലിയിൽക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടനായ് സുഖമോടു കണ്ടുരസിച്ചിരിക്കുക യോഗ്യമോ!
ക്ലിഷ്ടതയ്ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ, ഗുഹ പാഹി മാം