വിദ്യാദായിനി നാദസ്വരൂപിണി...
കൊല്ലൂര്‍ ശ്രീമൂകാംബിക ദേവി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും തന്ത്രിയുമായ രാമചന്ദ്ര അടിഗയുമായുള്ള അഭിമുഖം.
കുടജാദ്രി മലനിരകളില്‍ നിന്നും ഒരു സ്ഫടികം പോലെ, പരിശുദ്ധമായി, കളകളാരവത്തോടെ മൃദുവായി ഒഴുകി വരുന്ന സൗപര്‍ണ്ണികാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനവും, അതിപ്രശസ്തവും ആയ ക്ഷേത്രമാണ് കൊല്ലൂര്‍ ശ്രീ മൂകാംബികാക്ഷേത്രം. ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തുനിന്നും വടക്കോട്ടൊഴുകി ക്ഷേത്രത്തിന് ചുറ്റിലുമായി ഒഴുകുന്നു സര്‍വ്വരോഗ നിവാരിണിയായ സൗപര്‍ണ്ണികാനദി.. ഈ മഹാക്ഷേത്രദര്‍ശനം മഹാപുണ്യവും, അനുഗ്രഹവും ആയി കരുതപ്പെടുന്നു.
സ്ഥലപുരാണത്തെക്കുറിച്ച്
ഭാരതത്തിന്‍റെ ഉത്തരദേശങ്ങള്‍ തീര്‍ത്ഥ പ്രാധാന്യത്തിനും, ദക്ഷിണ ദേശങ്ങളില്‍ ക്ഷേത്രപ്രാധാന്യത്തിനും ഉള്ളതാണ്.
ഭാരതസംസ്ക്കാരത്തിന്‍റെ അഭിമാനസ്തംഭങ്ങളായി ശോഭിക്കുന്ന പുരാതന പുണ്യക്ഷേത്രങ്ങളില്‍ അതിപ്രധാനമായ ഒന്നാണ് കോലാപുരം എന്നറിയപ്പെടുന്ന കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവിക്ഷേത്രം. വേദവ്യാസനാല്‍ രചിക്കപ്പെട്ട സ്കന്ദപുരാണത്തില്‍ കോലാപുര മാഹാത്മ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ശ്രീ മൂകാംബികാക്ഷേത്രത്തിന്‍റെ പ്രാധാന്യത്തെയും പുരാതനത്വത്തേയും തെളിയിക്കുന്നു. ആദ്യകാലത്ത് മഹാരണ്യപുരം എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. കോലമഹര്‍ഷി തപസ്സ് ചെയ്തിരുന്ന സ്ഥലമായതിനാല്‍ പിന്നീട് കോലാപുരമെന്ന് അറിയപ്പെട്ടു. കോലാപുരമാണ് ഇപ്പോള്‍ കൊല്ലൂര്‍ എന്നായി മാറിയത്. പണ്ടുകാലത്ത് കൊല്ലൂരും കുടജാസ്ത്രീയും ഒക്കെ കേരളത്തിന്‍റെ ദേശങ്ങളായിരുന്നു.
അറുപത്തിനാല് ഔഷധസസ്യങ്ങളാല്‍, അറുപത്തിയഞ്ച് തീര്‍ത്ഥങ്ങളിലൂടെ കുടജാദ്രി മലനിരകളില്‍ നിന്നും ഉത്ഭവിച്ചൊഴുകി വരുന്നതാണ് സൗപര്‍ണ്ണികാനദി. ഏത് മഹാരോഗങ്ങളും അകറ്റുന്നതാണ് സൗപര്‍ണ്ണികയിലെ സ്നാനം. ശ്രീരാമവതാരകാലത്ത് ഹനുമാന്‍ കൊണ്ടുവന്ന മലയുടെ ശിഖരം അടര്‍ന്നുവീണുണ്ടായതാണെന്നും ഔഷധഗുണം കൂടുതലാണെന്നും പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ വാഹനമായ ഗരുഡന്‍(സുപര്‍ണ്ണന്‍) പണ്ട് തപസ്സുചെയ്തത് സൗപര്‍ണ്ണികയുടെ കരയിലായിരുന്നു എന്നതും മഹത്വം കൂട്ടുന്നു. സൗപര്‍ണ്ണികാനദിയാണ് പിന്നീട് സൗപര്‍ണ്ണികയായത്.
പുരാതനകാലത്ത് ആയിരക്കണക്കിന് ഋഷിമാര്‍ ധ്യാനത്തിലേര്‍പ്പെട്ടിരുന്ന സ്ഥലമാണ് കുടജാദ്രി. ദേവ-ഋഷിമാരേയും, മനുഷ്യരേയും ശല്യപ്പെടുത്തി ഒരു കാലഘട്ടത്തില്‍ മൂകാസുരന്‍ എന്ന അസുരരാജാവ് ഇവിടെ താമസിച്ചു. മൂകാസുരനെ കീഴ്പ്പെടുത്താന്‍ ആദിപരാശക്തിയായ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നറിഞ്ഞ ദേവന്മാരും ഋഷിമാരും അമ്മയെ ശരണം പ്രാപിച്ചു. അപ്രകാരം മൂകാസുരനെ നിഗ്രഹിച്ച ദേവി മൂകാംബികയായി അറിയപ്പെട്ടു.
കോലമഹര്‍ഷിക്കുശേഷമാണ് ശങ്കരാചാര്യന്‍ ഇവിടെ വന്ന് തപസ്സനുഷ്ഠിച്ചത്. തന്‍റെ ഏകാഗ്രമായ തപസ്സിനുവേണ്ടി വളരെ ശാന്തമായ കുടജാദ്രിമലമുകളിലാണ് അദ്ദേഹം എത്തിയത്. ഇവിടെ തപസ്സനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് ശ്രീശങ്കരാചാര്യസ്വാമികള്‍ക്ക് ആദിപരാശക്തിയായ ദേവി പത്മാസനത്തില്‍, ശംഖ്, ചക്ര, വരദ, അഭയഹസ്തയായി, ചതുര്‍ബാഹുക്കളോടുകൂടി മഹാലക്ഷ്മി രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും, അദ്ദേഹത്തിന് സര്‍വ്വജ്ഞ പീഠം നല്‍കുകയും ചെയ്തത്. കുടജാദ്രിയില്‍ ശങ്കരാചാര്യസ്വാമികള്‍ കെട്ടിയ മണ്ഡപവും, ആ മണ്ഡപത്തിലെ കല്‍ഭിത്തികളില്‍ അദ്ദേഹം എഴുതിയ ശങ്കരസ്തോത്രങ്ങളും ഇന്നും കാണപ്പെടുന്നു. ആചാര്യസ്വാമി സര്‍വ്വജ്ഞ പീഠം കയറിയ സ്ഥലം കാണാനായി ധാരാളം ഭക്തര്‍ കുടജാദ്രി മലമുകളിലേക്ക് പോകാറുണ്ട്. അവിടെ നിന്ന് നോക്കുമ്പോള്‍ പ്രകൃതി തൊട്ടിരിക്കുന്ന പോലെ മൂകാംബികാക്ഷേത്രം കാണാവുന്നതാണ്.
പ്രതിഷ്ഠാവിശേഷങ്ങളെക്കുറിച്ചും ശ്രീശങ്കരാചാര്യസ്വാമിയെക്കുറിച്ചും
പതിനെട്ട് ശക്തിപീഠങ്ങളില്‍ ഒന്നാണ് കൊല്ലൂര്‍ ശ്രീമൂകാംബികാക്ഷേത്രം. അതില്‍തന്നെ മുഖ്യമായിട്ടുള്ള സിദ്ധിക്ഷേത്രമാണിത്. സപ്തമോക്ഷദായക ക്ഷേത്രങ്ങളിലെ അന്തിമക്ഷേത്രവും, വളരെ വിശേഷപ്പെട്ടതുമായ ക്ഷേത്രം. ദ്വാദശജ്യോതിര്‍ലിംഗത്തിലെ മിഥുനലിംഗമാണിവിടെയുള്ളത്. മിഥുനലിംഗമെന്നാല്‍ ശിവഭാഗം, ശക്തിഭാഗം ഇവ രണ്ടും ഉള്ള ഒരു ഉത്ഭവലിംഗമാണ്. സൃഷ്ടി ആദിയില്‍. ഇടതുഭാഗം, ശക്തിഭാഗം അഥവാ സ്ത്രീഭാഗം കൂടുതലുള്ളതിനാല്‍ ശക്തി പ്രാധാന്യമുള്ള ക്ഷേത്രമായി. മൂകാസുര നിഗ്രഹത്തിനുശേഷം ജ്യോതിര്‍ലിംഗത്തില്‍ അമ്മ അന്തര്‍ധാനം ചെയ്യുമ്പോള്‍ സുവര്‍ണ്ണരേഖ കൂടി വന്നതാണ്. സുവര്‍ണ്ണരേഖയുള്ള ജ്യോതിര്‍ലിംഗം ഭൂതകാലത്തിലും വേറെയില്ല, ഈ കാലത്തിലും വേറെ ഇതുവരെയും ഇല്ല. അങ്ങനെയുള്ളത് മൂകാംബികാക്ഷേത്രത്തില്‍ മാത്രമാണ്.
അമ്മ മൂകാംബികാദേവിയുടെ സ്വരൂപം എന്നത് മുപ്പത്തി മൂന്ന്(33) കോടി ദേവതകളെ ശരീരത്തില്‍ ഉത്ഭവിച്ച തേജസ്സാണ്. ഉത്ഭവലിംഗത്തില്‍ ഇടതുഭാഗത്ത്, ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതിയും, വലതുഭാഗത്ത് ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാരും ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി സംയോജിച്ചുണ്ടായ ത്രിമൂര്‍ത്തി ഐക്യരൂപമായ സാക്ഷാല്‍ ചണ്ഡികാദേവി അഥവാ പരാശക്തിയായ ഭഗവതിയാണ് ശ്രീമൂകാംബികാദേവി. ഈ ഉത്ഭവലിംഗത്തിനും പുറകിലായാണ് ശ്രീശങ്കരാചാര്യസ്വാമികള്‍ സര്‍വ്വഗുണപ്രദായിനിയായി തന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അമ്മയുടെ രൂപം, മഹാലക്ഷ്മി രൂപം- പത്മാസനത്തില്‍ ശംഖ്, ചക്ര, വരദ അഭയഹസ്തയായ ചതുര്‍ ബാഹുക്കളോടുകൂടിയ രൂപം- അമ്മയുടെ നിര്‍ദ്ദേശത്തില്‍ പഞ്ചലോഹ വിഗ്രഹത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടത്. അന്ന് മുതല്‍ ക്ഷേത്രാരാധനാ സമ്പ്രദായങ്ങളും പൂജാവിധികളും ശങ്കരാചാര്യ സ്വാമികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുപ്രകാരമാണ് നടക്കുന്നത്. ഇന്നുവരെയും അതുപോലെതന്നെ പോകുന്നു.
ധര്‍മ്മത്തിന് നാശം സംഭവിച്ചപ്പോള്‍ കൃതയുഗത്തിലും, ദ്വാപരയുഗത്തിലും, ത്രേതായുഗത്തിലും ശത്രുനിഗ്രഹത്തിനായി ഭഗവാന്‍ ഓരോ അവതാരങ്ങളാണ് എടുത്തതെങ്കില്‍, ഈ കലിയുഗത്തില്‍ പല അവതാരങ്ങളാണ് ഭഗവാന്‍ എടുത്തിട്ടുള്ളത്. അതൊക്കെയും മനുഷ്യരൂപത്തിലായിരുന്നു എന്നുമാത്രം. അങ്ങനെ ജനിച്ച മഹാത്മാക്കളില്‍ ഒരാളാണ് ജഗദ്ഗുരു ആദി ശങ്കരാചാര്യസ്വാമികള്‍. തന്‍റെ മുപ്പത്തിരണ്ട് വയസ്സിനുള്ളില്‍ മുന്നൂറോളം സംസ്കൃത കൃതികളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. ഏറ്റവും ഉത്കൃഷ്ടമായ മനുഷ്യമാതൃകയായിരുന്നു ശ്രീശങ്കരാചാര്യ സ്വാമികള്‍. ശ്രീശിവഗുരുവിനും ആര്യാംബയ്ക്കും ഏകമകനായി കേരളത്തിലെ കാലടി എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം മൂന്നുതവണ ഭാരതം മുഴുവന്‍ ചുറ്റിനടന്നു. അദ്വൈതം എന്നത് രണ്ടല്ല, ഒന്നാണ് എന്ന ഭാരതീയ വേദാന്തത്തിന്‍റെ ഉപജ്ഞാതാവ്.
ഇവിടുത്തെ നാലമ്പലത്തില്‍ ഇരുന്നാണ് ശങ്കരാചാര്യ സ്വാമികള്‍ സൗന്ദര്യലഹരിയും മറ്റ് സംസ്കൃത ശ്ലോകങ്ങളും എഴുതിയത്. ആചാര്യ സ്വാമികളുടെ സ്മാരകമായി ചുറ്റമ്പലത്തില്‍ ശങ്കരപീഠം ഉണ്ട്. പഞ്ചമുഖ ഗണപതി, ആറുമുഖ സുബ്രഹ്മണ്യസ്വാമി, ഹനുമാന്‍, വീരഭദ്രന്‍, വെങ്കിട്ടരമണന്‍ അങ്ങനെ വേറെ ദേവകളുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
ക്ഷേത്രത്തിലെ പ്രധാന പൂജകളും ഉത്സവങ്ങളും
ശ്രീശങ്കരാചാര്യ സ്വാമികള്‍ പ്രതിഷ്ഠിച്ച അമ്മയുടെ പഞ്ചലോഹ വിഗ്രഹമാണ് മൂലവിഗ്രഹം. അദ്ദേഹം നിര്‍ദ്ദേശിക്കപ്പെട്ടതുപോലെയാണ്, ക്ഷേത്രത്തിലെ പൂജാവിധികളും ആരാധനാസമ്പ്രദായങ്ങളും ക്ഷേത്രത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.
ദിവസവും മൂന്നുനേരം നിത്യോത്സവവും, എല്ലാ വെള്ളിയാഴ്ചയും വാരോത്സവവും ഉണ്ട്. അന്ന് അമ്മ അമ്പലത്തിന് പുറത്തുള്ള മണ്ഡപത്തില്‍ വരും. ഗ്രാമവാസികള്‍ അമ്മയ്ക്ക് പുഷ്പവും ആരതിയും കൊടുക്കും. 15 ദിവസം കൂടുമ്പോള്‍, അമാവാസിക്കും പൗര്‍ണ്ണമിക്കും പക്ഷോത്സവം നടക്കും. അന്നും രാത്രിയില്‍ അമ്മ പുറത്തുവരും. രഥോത്സവം ഒരു പ്രധാനപ്പെട്ട വിശേഷമാണ്. ക്ഷേത്രത്തില്‍, ചാന്ദ്രമാസയുഗാദി, ശ്രീരാമനവമി, ശങ്കരജയന്തി, ശ്രീമൂകാംബികാ ജന്മാഷ്ടമി, നവരാത്രി പൂജ തുടങ്ങി ഇരുപത്തിരണ്ടോളം വിശേഷപൂജകളുണ്ട്. ഇതില്‍ നവരാത്രി പൂജ വളരെ വിശേഷപ്പെട്ടതാണ്.
പത്തുദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവത്തിന്‍റെ പൂജയില്‍ പ്രധാനാംഗമായ നവാക്ഷരി കലശത്തെ ശ്രീ ശങ്കരാചാര്യരുടെ പീഠത്തില്‍ പ്രതിഷ്ഠിച്ച് ദിനംപ്രതി ആ കലശത്തില്‍ വിശേഷപൂജ ചെയ്യുന്നു. ദക്ഷിണ ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാവിദ്യാ മണ്ഡപമാണ് മൂകാംബികാസന്നിധി. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി ഐക്യമായിട്ടുള്ള ചണ്ഡികാദേവിയായ ആദിപരാശക്തിയായ ഭഗവതിയാണ് ഇവിടെ ദേവി. മഹാനവമിക്ക് ചണ്ഡികാഹോമം നടത്തുന്നു. നവചണ്ഡികാഹോമം, ശതചണ്ഡികാഹോമം, ഇവ ക്ഷേത്രത്തില്‍ നടത്താറുണ്ട്. നവരാത്രിയിലെ ഒമ്പതുദിവസം ഒന്‍പതുദുര്‍ഗ്ഗാ സ്വരൂപിണിയായി അമ്മയെ പൂജ ചെയ്യുന്നു. ഈ ഒന്‍പതുദിവസവും സുവാസിനി പൂജയുമുണ്ട്.
സുവാസിനി പൂജയില്‍ ഓരോ ദിവസവും സ്ത്രീകളെ സുവാസിനിയായി പൂജിക്കുന്നു. ഒന്നാം ദിവസം ക്ഷേത്രതന്ത്രിയുടെ ഭാര്യയെ സുവാസിനിയായി പൂജിക്കുന്നു. രണ്ടാം ദിവസം രണ്ട് സ്ത്രീകള്‍... അങ്ങനെ ഒന്‍പതാം ദിവസം ഒന്‍പത് സ്ത്രീകളെ സുവാസിനി പൂജ ചെയ്യുന്നു. ക്ഷേത്രത്തിലെ തന്നെ പൂജാരിമാരുടെ ഭാര്യമാരായിരിക്കും മറ്റ് ദിവസങ്ങളില്‍ പൂജയ്ക്കിരിക്കുക. വിജയദശമിയിലെ സരസ്വതി പൂജ ഇവിടെ വിശേഷപ്പെട്ടതാണ്. കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കാനായി വിജയദശമിക്കുമാത്രമല്ല, എല്ലാ ദിവസവും ഇവിടെ ഭക്തര്‍ എത്താറുണ്ട്. രാവിലെ മുതല്‍ ഉച്ചവരെ സരസ്വതി മണ്ഡപത്തില്‍ അമ്മയുടെ മുന്‍പില്‍ എഴുത്തിനിരുത്താം.
അടിഗ എന്താണെന്നും കുടുംബത്തെക്കുറിച്ചും
അഡിഗയെന്നാല്‍ അമ്മയുടെ പാദസേവ ചെയ്ത്, അമ്മയുടെ പാദത്തില്‍ മോക്ഷം എടുക്കുന്നവരാണ്. അടി എന്നാല്‍ അമ്മയുടെ തൃപ്പാദം. അമ്മയുടെ തൃപ്പാദപൂജ ചെയ്യുന്നവര്‍ അടിഗകള്‍.
ഞങ്ങളുടെ കുടുംബക്ഷേത്രമാണിത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി തലമുറകളായി ഇവിടെ താമസിക്കുന്നു. ഞാന്‍ മുപ്പതാം തലമുറയാണ്. എന്‍റെ മക്കള്‍ മുപ്പത്തൊന്നാം തലമുറയായി വരും. എന്‍റെ അപ്പൂപ്പന്‍റെ അച്ഛന്‍ സൂര്യനാരായണ അടിഗ 1933 ല്‍ ഗവണ്‍മെന്‍റിന് വിട്ടുകൊടുത്തതാണീ ക്ഷേത്രം. ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും കൊടുക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടില്‍ നല്ല മനസ്സോടെ ഗവണ്‍മെന്‍റിന് വിട്ടുകൊടുത്തതാണ്.
എന്‍റെ അച്ഛന്‍ രാധാകൃഷ്ണ അടിഗ ഇപ്പോഴില്ല. അമ്മ സവിത അടിഗ. ഭാര്യ അക്ഷത അടിഗ. രണ്ട് പെണ്‍കുട്ടികള്‍ മനസ്വിയും, സമന്വയയും.
ആധുനിക പരിഷ്ക്കാരങ്ങളുടെ യാതൊന്നും കടന്നുകൂടി അലങ്കോലപ്പെടുത്താതെ, പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവുമായ ഇവിടെ നിലനില്‍ക്കുന്ന മഹനീയമായ മഹാശക്തിയാണ് ശ്രീമൂകാംബികാദേവി. സര്‍വ്വാര്‍ത്ഥസാധികയും സര്‍വ്വശുഭകാരിണിയുമായ ഈ ജഗജ്ജനനി എല്ലാവരേയും അനുഗ്രഹിക്കട്ടെ.
സായി രാജലക്ഷ്മി,
ചെറുശ്ശേരി മന
Photo Courtesy - jyothisharathnam