കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍

കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍

HIGHLIGHTS

ജാതിവര്‍ണ്ണങ്ങളൊന്നും എന്‍റെ ഭക്തനാവാന്‍ തടസ്സമാകില്ല. ചണ്ഡാളനും, ബ്രാഹ്മണനും മറ്റെല്ലാവര്‍ക്കും എന്‍റെ ഭക്തനാകാന്‍ കഴിയും. എല്ലാവരും എനിക്ക് സമമാണ്.

ഭാഗവതത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ തന്നെ എളുപ്പത്തില്‍ പ്രീതിപ്പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഭക്തര്‍ക്ക് നിര്‍ദ്ദേശിക്കുന്നുണ്ടത്രേ.

എന്നെ ആരൊക്കെ ഭക്തിപൂര്‍വ്വം സ്മരിക്കുന്നുവോ അവര്‍ക്കൊക്കെ ഞാന്‍ നിശ്ചയമായും മുക്തിപദം നല്‍കും. ഭക്തിയോടെ എന്നെ ഏതുവിധത്തില്‍ പൂജിച്ചാലും ആ പൂജ ഞാന്‍ സ്വീകരിച്ച് അവര്‍ക്ക് മുക്തി നല്‍കും. സര്‍വ്വമന്ത്രങ്ങളേയും മറ്റ് തീര്‍ത്ഥങ്ങളേയും അനവധി പ്രാര്‍ത്ഥനകളേക്കാളും ഞാന്‍ ശ്രേഷ്ഠമായി കാണുന്നത് എന്നോടുള്ള നിഷ്ക്കളങ്കമായ ഭക്തിയാണ്.

സര്‍വ്വവും ഞാനെന്ന് ചിന്തിക്കുകയും, ദര്‍ശിക്കുകയും സദാനേരവും എന്‍റെ നാമങ്ങള്‍ ജപിക്കുകയും ചെയ്യുന്നവന്‍ എന്‍റെ ഭക്തനാണ്. കീര്‍ത്തനങ്ങള്‍ കൊണ്ട് എന്നെ വാഴ്ത്തുന്നവരും, എന്‍റെ കഥകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നവനും ഇക്കഥകള്‍ ഭക്തിപൂര്‍വ്വം കേള്‍ക്കുന്നവരും, എന്‍റെ ഉത്തമ ഭക്തനെന്ന് അറിയുക. സ്നാനം കൊണ്ടോ, വേദപഠനം കൊണ്ടോ, ക്ഷേത്രദര്‍ശനം നടത്തിയതുകൊണ്ടോ ഒരുവന്‍ എന്‍റെ ഭക്തനാവില്ലെന്നുമറിയുക.

ജാതിവര്‍ണ്ണങ്ങളൊന്നും എന്‍റെ ഭക്തനാവാന്‍ തടസ്സമാകില്ല. ചണ്ഡാളനും, ബ്രാഹ്മണനും മറ്റെല്ലാവര്‍ക്കും എന്‍റെ ഭക്തനാകാന്‍ കഴിയും. എല്ലാവരും എനിക്ക് സമമാണ്.

വിദുരരുടെ കഞ്ഞിയും, കുചേലന്‍റെ അവലും, പാഞ്ചാലിയുടെ ചീരയും ഞാന്‍ കഴിച്ചത് അവരുടെ നിഷ്ക്കളങ്ക ഭക്തി കണ്ടിട്ടാണ്.

വൃഷപര്‍വ്വാവ്, മഹാബലി, ബാണന്‍, മായാസുരന്‍, വിഭീഷണന്‍, സുഗ്രീവന്‍, ഹനുമാന്‍, ജാംബവാന്‍, ജടായു, ഗുഹന്‍, ഋഷകന്‍, ഗദന്‍, ഗൃധ്രന്‍, ഗജേന്ദ്രന്‍, അക്രൂരന്‍, അംബരീഷന്‍, ജനകന്‍, ഗോപസ്ത്രീകള്‍, യശോദ, നന്ദഗോപന്‍, മണ്ഡോദരി എന്നിങ്ങനെ നിരവധി ഭക്തര്‍ തപസ്സോ, ധ്യാനമോ, യാഗമോ കൂടാതെ ഭക്തിയാല്‍ എന്‍റെ നാമങ്ങള്‍ ശ്രവിച്ചും, ജപിച്ചും വേഗം മുക്തി സിദ്ധിച്ചിട്ടുണ്ട്.

മരണസമയത്ത് എന്‍റെ നാമം ഉച്ചരിച്ചതിനാല്‍ അജാമിളന് ഞാന്‍ മോക്ഷം നല്‍കി. അതുകൊണ്ട് എന്നോടുള്ള ഭക്തിയൊന്നുമാത്രം മതി മോക്ഷം ലഭിക്കാന്‍. എന്‍റെ ഭക്തരോടുള്ള സ്നേഹവും വാത്സല്യവും കരുണയും എനിക്ക് മറ്റാരോടും ഇല്ല. എന്‍റെ ഭക്തരുടെ സുഖമാണ് എന്‍റെയും സുഖം. അവരുടെ സന്തോഷമാണ് എന്‍റേതും. അനന്തശായിയായി ഞാന്‍ പാലാഴിയില്‍ പള്ളികൊള്ളുന്നുവെങ്കിലും ഞാന്‍ സദാനേരവും എന്‍റെ ഭക്തരുടെ ഹൃദയത്തിലാണ്  വസിക്കുന്നത്. അതുകൊണ്ട് ഭക്തിപൂര്‍വ്വം എന്‍റെ നാമം ജപിക്കുക. സ്മരിക്കുക. കേള്‍ക്കുക.