ഐശ്വര്യം പെരുക്കുന്ന അക്ഷയതൃതീയ

ഐശ്വര്യം പെരുക്കുന്ന അക്ഷയതൃതീയ

HIGHLIGHTS

പതിവുപോലെ ഈ വര്‍ഷത്തേയും അക്ഷയതൃതീയ സമാഗമമായി. അക്ഷയതൃതീയ എന്താണെന്ന് അറിയാത്തവര്‍ക്കുപോലും ഇത് സ്വര്‍ണ്ണമോ അല്ലെങ്കില്‍ പൊരുളുകളോ വാങ്ങേണ്ട സുദിനമാണെന്നറിയാം. യഥാര്‍ത്ഥത്തില്‍ ഈ ദിവസം സ്വര്‍ണ്ണമോ, വെള്ളിയോ മറ്റ് വസ്തുക്കളോ വാങ്ങേണ്ടുന്ന ദിവസമാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നാണ് പുരാണങ്ങള്‍ പോലും പറയുന്നത്. തൃതീയ എന്നത് ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും വരുന്ന തിഥികളില്‍ ഒന്നാണ്. അമാവാസി, പൗര്‍ണ്ണമി എന്നിവയ്ക്കുശേഷം വരുന്ന മൂന്നാമത്തെ തിഥിയാണ് തൃതീയ.

മേട(ചിത്തിര) മാസത്തിലെ അമാവാസിക്കുശേഷം മൂന്നാമത്തെ ദിവസം വരുന്ന വളര്‍പിറ തൃതീയ ദിവസമാണ് അക്ഷയതൃതീയ. ഇനി ഈ ദിവസത്തിന്‍റെ സവിശേഷത എന്താണെന്ന് നോക്കാം. ഓരോ യുഗത്തിലും ലോകം നശിച്ച് വീണ്ടും പുനര്‍ജനിക്കും എന്നാണ് പുരാണമതം. അങ്ങനെ ലോകം വീണ്ടും ഉത്ഭവിക്കുന്ന ദിവസമാണ് അക്ഷയതൃതീയ സുദിനം എന്നാണ് ബ്രഹ്മാണ്ഡ പുരാണത്തില്‍ പറയുന്നത്.

നശിച്ച് അവസാനിച്ചുകിടക്കുന്ന ലോകത്തെ നോക്കി പരമശിവന്‍ 'അക്ഷയം' എന്ന് പറയവേ ലോകം വീണ്ടും സൃഷ്ടിക്കപ്പെട്ടതായിട്ടാണ് പുരാണം പറയുന്നത്. അതായത് ഭൂലോകത്തിന്‍റെ ജന്മദിനമാണ് അക്ഷയതൃതീയ എന്ന് പൊരുള്‍. 'അക്ഷയം' എന്ന് ആദ്യം പറഞ്ഞത് വിഷ്ണുവാണെന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നു. ഈ വാക്ക് ഉച്ചരിച്ചുകൊണ്ട് ബ്രഹ്മാവ് ലോകസൃഷ്ടി തുടങ്ങി എന്ന് പത്മപുരാണത്തില്‍ പറയുന്നു. ഓരോ പുരാണവും വെവ്വേറെ ദൈവങ്ങളെക്കുറിച്ച് പറയുന്നതായി തോന്നുമെങ്കിലും, ഇതിന്‍റെ അകപ്പൊരുള്‍ മൂന്ന് രൂപങ്ങളായി പറയപ്പെട്ടാലും പരംപൊരുള്‍ വെവ്വേറെ രൂപങ്ങളില്‍ ഒന്നുതന്നെയാണെന്ന് സാരം.

ചന്ദ്രന് അശ്വതി മുതല്‍ രേവതി വരെയുള്ള ഈ രൂപത്തിലും ഭാര്യമാരുണ്ട്. അവരില്‍ രോഹിണിയോടു മാത്രം കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കയാല്‍ അമ്മായിയച്ഛന്‍ ദക്ഷന്‍റെ ശാപത്തിന് ചന്ദ്രന്‍ പാത്രീഭൂതനായി. അതിന്‍റെ ഫലത്താല്‍ ചന്ദ്രന്‍റെ ദേഹം ക്ഷയിക്കാന്‍ തുടങ്ങി. തേയും തോറും പ്രഭ നഷ്ടപ്പെട്ടുതുടങ്ങി. ചന്ദ്രന്‍ വളരെ ദുഃഖിതനായി. ഒടുവില്‍ ശാപമോക്ഷത്തിനായി ചന്ദ്രന്‍ ശിവനെ ശരണാഗതി പ്രാപിച്ചു. തന്നെ ശരണാഗതി പ്രാപിച്ച ചന്ദ്രന് ക്ഷിപ്രപ്രസാദിയായ ശിവന്‍ അഭയം നല്‍കി. ക്ഷയിച്ചുകൊണ്ടിരുന്ന ചന്ദ്രന്‍റെ ദുരവസ്ഥ കണ്ട് ശിവന്‍ അക്ഷയം എന്ന് പറഞ്ഞ് ശാപമുക്തിയേകി.

അഹങ്കാരം വെടിഞ്ഞ ചന്ദ്രനെ ശിവന്‍ തന്‍റെ ശിരസില്‍ ചൂടി. അങ്ങനെ ശിവന് ചന്ദ്രചൂഢന്‍ എന്നും പേരുണ്ടായി. ശിവന്‍റെ അനുഗ്രഹത്താല്‍ ചന്ദ്രന് പാപമോക്ഷം കിട്ടിയത് ഒരു അക്ഷയതൃതീയ ദിനത്തിലാണ്. തൃതീയയെന്നാല്‍ മൂന്നാം പിറ ദിവസമായതുകൊണ്ട് മൂന്നാം പിറ കാണുന്നത് ആയുര്‍വര്‍ദ്ധനയേകും എന്നാണ് ശാസ്ത്രം. ശതാഭിഷേകം ചെയ്യുന്നവരെ ആയിരം പിറ കണ്ടവര്‍ എന്നുപറയുന്നതും അതുകൊണ്ടാണ്. ഇതുപോലെ അക്ഷയതൃതീയ പെരുമയെ പ്പറയുന്ന ഐതിഹ്യങ്ങള്‍ ഇനിയും ഒട്ടനവധിയുണ്ട്.

ഒരിക്കല്‍ ഒരു ശാപനിമിത്തം മഹാലക്ഷ്മിക്ക് വിഷ്ണുവിനെ പിരിയേണ്ട അവസ്ഥ സംജാതമായി. ദുഃഖിതയായ മഹാലക്ഷ്മി ഇനി ഏതൊരു സന്ദര്‍ഭത്തിലും ഭഗവാന്‍റെ തിരുമാറില്‍ നിന്നും നീങ്ങാതിരിക്കണം എന്ന് ആഗ്രഹിച്ചു.  ആ വരം നേടുവാനായി ദേവി ഭഗവാനോട് പ്രാര്‍ത്ഥിച്ച് തപസ്സിരുന്നു. ദേവിയുടെ തപസ്സില്‍ മനസ്സലിഞ്ഞ ഭഗവാന്‍ മഹാലക്ഷ്മിക്ക് വരമരുളി തന്‍റെ മാറില്‍ സ്ഥാനമേകി. അതും ഒരു അക്ഷയതൃതീയ നാളില്‍. മഹാലക്ഷ്മി ഏറെ സന്തോഷവതിയായിരിക്കും എന്നതിനാല്‍ അന്നേദിവസം ദേവിയോട് പ്രാര്‍ത്ഥിച്ചാല്‍ മഹാലക്ഷ്മി വീടുതേടി വരും എന്നാണ് ഐതിഹ്യം. 

അതുപോലെ കുചേലന്‍ തന്‍റെ ബാല്യകാലമിത്രമായ കൃഷ്ണനെ കാണാന്‍ അവല്‍പ്പൊതിയുമായി ദ്വാരകയിലെത്തി കുബേരനായതും, സഹോദരന്‍ രാവണന്‍റെയടുത്ത് സര്‍വ്വസമ്പത്തും നഷ്ടപ്പെടുത്തിയ കുബേരന്‍ ശിവനെ ശരണാഗതി പ്രാപിച്ച് ലോകത്തുള്ള സര്‍വ്വസമ്പത്തുകള്‍ക്കും അധിപനായതും, കൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം സൂര്യനെ പൂജിച്ച് പാണ്ഡവര്‍ അക്ഷയപാത്രം സ്വന്തമാക്കിയതും ബ്രഹ്മഹത്യാ ദോഷത്താല്‍ വിശപ്പടങ്ങാതെ അലഞ്ഞ ശിവന് അന്നപൂര്‍ണ്ണേശ്വരി അന്നമിട്ട ദിവസവും, പാഞ്ചാലിയുടെ മാനം കാക്കാനായി കൃഷ്ണന്‍ അക്ഷയം എന്നുപറഞ്ഞ് അറ്റമില്ലാത്ത പുടവയേകിയതും അക്ഷയതൃതീയ സുദിനത്തിലാണ്. അക്ഷയതൃതീയ ദിവസത്തിന്‍റെ മഹത്വമോതുന്ന പുരാണകഥകള്‍ ഇനിയും ഏറെയുണ്ട്.

വിഷ്ണു, ശിവന്‍, ബ്രഹ്മാവ് എന്നീ ത്രിമൂര്‍ത്തികള്‍ മുതല്‍ മഹാലക്ഷ്മിവരെ എല്ലാ ദൈവങ്ങള്‍ക്കും അക്ഷയതൃതീയ ശ്രേഷ്ഠദിനമായതുകൊണ്ട് അന്ന് ഏത് ദൈവത്തെ തൊഴുത് പ്രാര്‍ത്ഥിച്ചാലും സദ്ഫലങ്ങള്‍ സിദ്ധിക്കും. അതുകൊണ്ട് പൊന്നും പൊരുളും വാങ്ങേണ്ട സുദിനം എന്നതിലുപരി ദൈവങ്ങളെ പൂജിച്ച് തൊഴുതുപ്രാര്‍ത്ഥിച്ച് വരം നേടുവാന്‍ ഏറ്റവും അനുയോജ്യമായ ദിനം എന്ന സവിശേഷതയും അക്ഷയതൃതീയ ദിനത്തിനുണ്ട്. അക്ഷയതൃതീയ ദിവസം ഏത് പ്രവര്‍ത്തി ചെയ്താലും അത് വീണ്ടും വളരും എന്നതിനാല്‍ വിദ്യ അഭ്യസിച്ചുതുടങ്ങുവാനും, കലകള്‍ അഭ്യസിച്ചുതുടങ്ങുവാനും, തൊഴില്‍ തുടങ്ങുവാനും ഏറ്റവും ഉചിതമായ ദിനമാണ് അക്ഷയതൃതീയ. അന്നേദിവസം ചെയ്യുന്ന ഏതൊരു പുണ്യപ്രവൃത്തിക്കും പലമടങ്ങ് ഫലം കിട്ടും എന്നതിനാല്‍ അന്നേ ദിവസം അവരവരാല്‍ കഴിയുന്ന ദാനം നല്‍കുന്നതും, ഇല്ലാത്തവര്‍ക്ക് സഹായം നല്‍കുന്നതും നല്ലതാണ്. പിതൃക്കള്‍ക്ക് പൂജ ചെയ്യുന്നതിലൂടെ അവരുടെ പൂര്‍ണ്ണ അനുഗ്രഹം നേടാനും, പല തലമുറകള്‍ക്ക് വേണ്ടിയുള്ള പുണ്യം നേടാനും സഹായിക്കും.

മഹാലക്ഷ്മി നിരന്തരവാസം നടത്തുന്ന വസ്തുക്കളില്‍ സ്വര്‍ണ്ണവും പ്രധാനമാണ്. അതുകൊണ്ടാണ് അന്നേദിവസം സ്വര്‍ണ്ണം വാങ്ങാം എന്നുപറയുന്നത്. വെള്ളിയുടെ അധിപതിയായ ശുക്രന്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം നേടിയ ആളാണ്. മഹാലക്ഷ്മിയുടെ കാരുണ്യത്തിന് പാത്രീഭൂതനായ ശുക്രന്‍റെ ലോഹമായ വെള്ളി, വെളുത്ത നിറമുള്ള പ്ലാറ്റിനം എന്നിവ വാങ്ങിയാലും ആടയാഭരണങ്ങള്‍ എന്ത് വാങ്ങിയാലും അവ ഐശ്വര്യം വര്‍ദ്ധിപ്പിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങിക്കാന്‍ കഴിവില്ലാത്തവര്‍ അന്നേദിവസം കുറച്ച് കല്ലുപ്പ്(കടല്‍ ഉപ്പ്) വാങ്ങിയാലും മതി. ഉപ്പും ലക്ഷ്മീകടാക്ഷമുള്ളതാണെന്നതാണ് പ്രത്യേകത. ഉപ്പ് കളയാന്‍ പാടില്ലെന്നും, രാത്രി ഉപ്പ് മറ്റുള്ളവര്‍ക്ക് നല്‍കരുത് എന്നും പറയുന്നത് ഉപ്പും മഹാലക്ഷ്മിയുടെ അംശമാണെന്നതിനാലാണ്. കൃഷ്ണന് കുചേലന്‍ നല്‍കിയതുപോലെ അല്‍പ്പം അവല്‍ ഭഗവാന് നേദിച്ച് മനസ്സുരുകി പ്രാര്‍ത്ഥിച്ചാലും അക്ഷയതൃതീയയുടെ സദ്ഫലങ്ങള്‍ ലഭിക്കും.

മറ്റ് പൂജകളെപ്പോലെതന്നെ അക്ഷയതൃതീയ പൂജയും ചെയ്യാം. എന്നാല്‍ അതില്‍ ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് മാത്രം. പൂജാവേളയില്‍ ഒരു നാഴി നിറയെ നെല്ലോ അരിയോ നിറച്ചുവയ്ക്കുക. ഇത് വീട്ടില്‍ ധാന്യ അഭിവൃദ്ധിയേകും. 

അക്ഷയതൃതീയയ്ക്കുവേണ്ടി വാങ്ങിയ പൊന്ന്, പൊരുള്‍, പുതുവസ്ത്രം എന്നിത്യാദികളാണെങ്കിലും അത് സ്വാമിയുടെ മുമ്പാകെ വച്ച് തൊഴുക. അവയ്ക്ക് കുങ്കുമമോ മഞ്ഞളോ, തടവാന്‍ പ്രത്യേകം ഓര്‍ക്കണം. അതുപോലെ മേല്‍പ്പറഞ്ഞതൊന്നും വയ്ക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ ഒരു ചെറിയ പാത്രത്തില്‍ കുറച്ച് ഉപ്പ് ദൈവത്തിന് മുമ്പാകെ വച്ച് പ്രാര്‍ത്ഥിക്കുക. ഇതിനേക്കാളും പ്രധാനം അന്നേദിവസം നിങ്ങളാല്‍ കഴിയും വിധം ഒരാള്‍ക്കെങ്കിലും അന്നം, വസ്ത്രം, കുട, ചെരിപ്പ്, വിശറി ഇവയില്‍ ഏതെങ്കിലും ഒന്ന് ദാനം ചെയ്യണമെന്നത്. ഏറ്റവും കുറഞ്ഞപക്ഷം  മോര് വെള്ളമെങ്കിലും നല്‍കുക. അക്ഷയതൃതീയ ദിവസം വീട്ടിലുള്ള മുതിര്‍ന്നവരെ കാലില്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങൂ. മറ്റ് ജീവജാലങ്ങള്‍ക്ക് ധാന്യങ്ങളോ വെള്ളമോ നല്‍കുക. 
എല്ലാറ്റിനുമുപരി അന്നേദിവസം നിങ്ങള്‍ ചെയ്യുന്ന ഏത് പ്രവൃത്തിയും വളര്‍ന്നുകൊണ്ടേയിരിക്കും എന്നതിനാല്‍ നല്ലത് ചിന്തിച്ച് നല്ലതുമാത്രം പ്രവര്‍ത്തിക്കുക.

 

Photo Courtesy - Google