അക്ഷയം ഈ സുദിനം
ഐശ്വര്യസമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പിന്റെ സുദിനമാണ് അക്ഷയതൃതീയ. എടുക്കുംതോറും കുറയാത്ത, വറ്റാത്ത സമ്പത്ത് വാരിക്കോരി നല്കുന്ന സവിശേഷമായ ദിവസമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. അന്നേദിവസം ദരിദ്രര്‍ക്ക് ദാനം നല്കിയാല് പല മടങ്ങ് പുണ്യം, നമുക്ക് തിരിച്ചുതരും എന്നാണ് വിശ്വാസം. 'ക്ഷയം' എന്നാല്‍ തേയുന്നത്, കുറയുന്നത്, വളരാത്തത് എന്നൊക്കെയാണ് അര്‍ത്ഥം. എന്നാല്‍ 'അക്ഷയം' എന്ന വാക്കിന് കുറയാത്തത്, കൂടുന്നത്, വളരുന്നത്, നശിക്കാത്തത് എന്നൊക്കെ പല അര്‍ത്ഥങ്ങളുണ്ട്.
ഓരോ വര്‍ഷവും മേടമാസത്തില്‍ അമാവാസിക്ക് ശേഷം വരുന്ന വളര്‍പിറ തൃതീയ ദിനത്തെയാണ് അക്ഷയതൃതീയയായി ആഘോഷിക്കുന്നത്. അന്നേദിവസം നമ്മള് തുടങ്ങുന്ന കാര്യങ്ങളെല്ലാം വിജയിക്കും എന്നും വിശ്വസിക്കപ്പെടുന്നു.
അക്ഷയതൃതീയ നാളില്‍ നടത്തുന്ന പിതൃസമര്‍പ്പണം പല തലമുറകള്‍ മുമ്പ് ജീവിച്ച പൂര്‍വ്വികരില്‍ എത്തിച്ചേരുന്നു. ഒപ്പം പിതൃതര്‍പ്പണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം മാറി ഐശ്വര്യവും സമൃദ്ധിയുമുള്ള ജീവിതവും ലഭിക്കുന്നു. അക്ഷയതൃതീയ ദിവസം മറ്റുള്ളവര്‍ക്ക് പാനകം, സംഭാരം എന്നിവ നല്‍കുന്നത് നല്ല ഫലമേകും. അക്ഷയതൃതീയയുടെ പ്രാധാന്യവും മഹത്വവും 'ഭവിഷ്യോത്തരപുരാണ'ത്തിലും വിവരിക്കുന്നുണ്ട്.
അക്ഷയതൃതീയ ദിനത്തിലാണ് കൃതയുഗം പിറന്നത്. ഗംഗ ആദ്യമായി ഭൂമിയെ സ്പര്‍ശിച്ചത് അക്ഷയതൃതീയ ദിവസമാണ്. വനവാസകാലത്ത് പാണ്ഡവര്‍ക്ക് 'അക്ഷയപാത്രം' ലഭിച്ചത് അക്ഷയതൃതീയയിലാണ്. അക്ഷയതൃതീയ സുദിനത്തിലാണ് ആഹാരത്തിന്റെ ദൈവമായ അന്നപൂര്‍ണ്ണേശ്വരി അവതരിച്ചത്. അക്ഷയതൃതീയ ദിവസമാണ് ബ്രഹ്മാവ് ലോകം സൃഷ്ടിച്ചത് എന്ന് പുരാണങ്ങള്‍ പറയുന്നു. മധുര മീനാക്ഷി ദേവിയെ പരമശിവന് സുന്ദരേശ്വരനായി പരിണിയിച്ചതും ഈ സുദിനത്തിലാണെന്നാണ് പുരാണങ്ങളില്‍ പറയുന്നത്.
അതുപോലെ മഹാലക്ഷ്മി വിഷ്ണുവിന്റെ മാറില്‍ നിരന്തരമായി കുടികൊണ്ടതും അഷ്ടലക്ഷ്മികളില്‍ ഐശ്വര്യലക്ഷ്മിയും ധാന്യലക്ഷ്മിയും അവതരിച്ച സുദിനവും ഇതുതന്നെ. മേടമാസത്തിലെ അമാവാസിക്ക് മൂന്നാം ദിവസമാണ് അക്ഷയതൃതീയ. സംഖ്യകളില്‍ മൂന്നിന്റെ അധിപന് ഗുരുവാണ്. ഗുരു (ഗ്രഹങ്ങളില്‍ വ്യാഴം) ലോഹങ്ങളില്‍ സ്വര്‍ണ്ണത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് ഗുരുവിന് 'പൊന്നന്' എന്ന അപര നാമവുമുണ്ട്. അതുകൊണ്ടാണ് ഈ സുദിനത്തല് പൊന്ന്(സ്വര്‍ണ്ണം) വാങ്ങുന്നത് ശ്രേഷ്ഠമായി കരുതുന്നത്.
അന്യസംസ്ഥാനങ്ങളില്‍ അക്ഷയതൃതീയ
ഉത്തരേന്ത്യക്കാര്‍ അക്ഷയതൃതീയ നാളില്‍ വിവാഹം നടത്തുന്നത് പുണ്യവും ഐശ്വര്യവുമായി കരുതുന്നു. ഹരിയാന, പഞ്ചാബ്, സംസ്ഥാനങ്ങളിലെ ജാട്ട് സമുദായക്കാര്‍ അക്ഷയതൃതീയ ദിവസം മറക്കാതെ മണ്‍വെട്ടിയുമായി വയലിലേക്ക് പോകും. അന്നേദിവസം കൃഷിപ്പണിക്ക് തുടക്കമിട്ടാല്‍ കൃഷി തഴയ്ക്കും എന്നാണ് അവരുടെ വിശ്വാസം. ജൈന സമുദായക്കാര്‍ക്ക് അക്ഷയതൃതീയ പുണ്യദിവസമാണ്. ഉത്തരേന്ത്യക്കാര്‍ ദീര്‍ഘദൂര തീര്‍ത്ഥയാത്രകള്‍ ഈ സുദിനത്തിലാണ് തുടങ്ങുക. ഒറീസയില്‍ വീടുപണി തുടങ്ങുവാനും, കിണര്‍ കുഴിക്കുവാനും ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വയലില്‍ വിത്തുപാകാനും അക്ഷയതൃതീയ സുദിനമാണ് തെരഞ്ഞെടുക്കുന്നത്.
അക്ഷയതൃതീയ പൂജാരീതി
അക്ഷയതൃതീയ ദിവസം പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ മുല്ല, മല്ലി, മന്ദാരം, വെണ്‍താമര എന്നിങ്ങനെ വെള്ള നിറത്തിലുള്ള പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കണം. കുലദൈവം, ഇഷ്ടദൈവങ്ങളെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോള്‍ പണം, പ്രധാനപ്പെട്ട പത്ര(രേഖകള്‍)ങ്ങള് എന്നിവ വെച്ച് ആ ദൈവങ്ങളുടെ മന്ത്രങ്ങള്‍ ഉരുവിടണം. ഒപ്പം കറുകപ്പുല്ല്, തുളസി, ചെത്തി, മല്ലിക, ചെന്താമരപുഷ്പങ്ങള്‍ കൊണ്ടും, വീട്ടിലും കച്ചവടസ്ഥലത്തും പൂജിച്ചാല്‍ തൊഴില്‍ അഭിവൃദ്ധിയും കുടുംബ അഭിവൃദ്ധിയും ഉണ്ടാവും. അന്നേദിവസം പൂജാമുറിയില്‍ അരിമാവുകൊണ്ട് കോലമിടണം. അതിന് മുകളില്‍ പലക വെച്ച്, പലകയ്ക്ക് മീതെ വാഴയില വിരിച്ചിടുക. ഇലയ്ക്ക് മധ്യത്തില്‍ പച്ചരി പരത്തിയിട്ട് അതിനുമീതെ കുടത്തില്‍ വെള്ളം നിറച്ച് മാവിലയും മഞ്ഞള്‍ തടവിയ നാളികേരവും വെച്ച് കലശമാക്കുക. അതിനുള്ളിലേക്ക് നാണയങ്ങളും ഇടാം.
കലശത്തിന്റെ അരികിലായി ഒരു ഗ്ലാസിലോ, നാഴിയിലോ നെല്ല് നിറച്ച് വയ്ക്കുക. കലശത്തിന് പൂവും പൊട്ടും വയ്ക്കുക. ലക്ഷ്മീനാരായണന്‍, ലക്ഷ്മി കുബേരന്, അഷ്ടലക്ഷ്മി എന്നിങ്ങനെയുള്ള ഫോട്ടോകളുണ്ടെങ്കില്‍ അതും അലങ്കരിച്ചുവയ്ക്കുക. മഞ്ഞള്‍ പൊടിച്ച് കുഴച്ച് ഗണപതിയെ ഉണ്ടാക്കി വാഴയിലയില്‍ വലതുഭാഗത്തായി വയ്ക്കുക. നിങ്ങള്‍ പുതുതായി വാങ്ങിയ വസ്തുവിനെ കലശത്തിന്റെ മുന്നില്‍ വയ്ക്കുക. വിലകൂടിയ സാധനം തന്നെ വേണമെന്നില്ല. അക്ഷയതൃതീയ ദിവസം എല്ലാവര്ക്കും വാങ്ങിക്കാന്‍ കഴിയുന്ന വസ്തുവായ ഉപ്പ് വാങ്ങിച്ചുവച്ചാല്‍ തന്നെ മതി. അഷ്ടലക്ഷ്മിമാരുടേയും കടാക്ഷം വീടുതേടിയെത്തും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായശേഷം ആദ്യം ഗണപതിയെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കുക. ശേഷം കലശത്തില്‍ മഹാലക്ഷ്മിയോട് എഴുന്നെള്ളുവാന്‍ അഭ്യര്‍ത്ഥിച്ച് പ്രാര്‍ത്ഥിക്കുക. നിങ്ങള്‍ക്ക് അറിയാവുന്ന വിഷ്ണു- ലക്ഷ്മി, ശിവ-പാര്‍വ്വതി, കുബേരശ്ലോകങ്ങള് ചൊല്ലുക. അല്ലെങ്കില്‍ ശ്രവിക്കുക. അതിനുശേഷം ദീപ- ധൂപ- പൂജ ചെയ്യുക. ഈ പൂജയില്‍ പായസമോ, ശര്‍ക്കര ചേര്‍ത്ത പാലോ നേദിക്കുന്നതും ഉത്തമമാണ്. അന്നേദിവസം വൈകിട്ട് ദേവീക്ഷേത്രം, ശിവക്ഷേത്രം, വിഷ്ണുക്ഷേത്രം ഇവയില്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ ചെന്ന് ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക. അതിനുശേഷം വീണ്ടും വീട്ടില്‍ എത്തി കലശത്തിന് ദീപ-ധൂപ നടത്തി കലശത്തെ വടക്കുഭാഗത്തേയ്ക്ക് നീക്കിവയ്ക്കുക.
പൂജാഫലങ്ങള്‍
അക്ഷയതൃതീയ ദിവസം വ്രതമനുഷ്ഠിച്ച്, പൂജ ചെയ്യുന്നതിനേക്കാളും, പുതിയ സാധനങ്ങള്‍ വാങ്ങുന്നതിനേക്കാളും പ്രധാനം ദാനം ചെയ്യുന്നതും പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നതുമാണ്. ഇല്ലാത്തവര്‍ക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നതിലൂടെയും ദൈവാനുഗ്രഹം നേടാം. അന്നേദിവസം ചെയ്യുന്ന ദാനധര്‍മ്മങ്ങള്‍ മരണഭയം അകറ്റി ആരോഗ്യവും പ്രദാനം ചെയ്യും. അന്നദാനം ചെയ്താല്‍ അപകടങ്ങള്‍ ഒഴിവാകും. സാധു വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുത്താല്‍ കുടുംബത്തിലുള്ള കുട്ടികള്‍ക്ക് വിദ്യാഭിവൃദ്ധിയും ഉണ്ടാവും. വസ്ത്രങ്ങള്‍ ദാനം ചെയ്താല്‍ രോഗങ്ങള്‍ അകലും. പഴങ്ങള്‍ ദാനം ചെയ്താല്‍ ഉന്നതപദവിയും കീര്‍ത്തിയും ലഭിക്കും. ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ യമഭയം അകലും. സംഭാരം, പാനകം എന്നിവ ദാനം നല്കിയാല് വിദ്യ വര്‍ദ്ധിക്കും. പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്താല്‍ ദാരിദ്ര്യം അകലും. ഇങ്ങനെ'അക്ഷയം' പോലെ പറഞ്ഞാല്‍ തീരാത്ത ഫലങ്ങളാണ് അക്ഷയതൃതീയ നാളിലെ സല്‍ക്കര്‍മ്മങ്ങളിലൂടെ നേടാനാവുന്നത്.
അക്ഷയതൃതീയ ദിവസം വില കൂടിയ വസ്തുക്കള്‍ വാങ്ങല്‍ മാത്രമല്ല കച്ചവടം തുടങ്ങാന്‍, ഭൂമിപൂജ ചെയ്യാന്‍, പുതിയ കലകള്‍ അഭ്യസിക്കാന്‍ എന്നിങ്ങനെ ഏത് ശുഭകര്‍മ്മങ്ങള്‍ തുടങ്ങുന്നതിനും അത്യുത്തമമാണ്. അക്ഷയതൃതീയ നാളില്‍ ആലിലയില്‍ മൃത്യുഞ്ജയമന്ത്രം ജപിച്ച് അത് തലയണയ്ക്ക് താഴെവച്ചാല്‍ രോഗകാഠിന്യം കുറയും. കുട്ടികളുടെ കിടക്കമുറിയില് വെച്ചാല്‍ കണ്ണേറ് ദോഷം മാറും. ഭയം അകലും.
പൂജാമുറിയിലോ കച്ചവടസ്ഥലത്തോ വെച്ചാല്‍ ശത്രുഭയം അകലും. മേടമാസത്തില്‍ വരുന്ന അക്ഷയതൃതീയ കടുത്ത വേനല്‍ക്കാലത്ത് കാലത്ത് വരുന്ന ശുഭദിനമാകയാല് അന്നേദിവസം ആളുകളുടെ ദാഹം തീര്‍ക്കുന്ന വിധം തണ്ണീര്‍ പന്തല്‍ ഒരുക്കി കുടിവെള്ളമോ, സംഭാരമോ കൊടുക്കുന്നതും വീടിന് മുന്നില്‍ മണ്കുടത്തില് വെള്ളമോ സംഭാരമോ വഴിപോക്കര്‍ക്കായി കുടിക്കാന്‍ കൊടുക്കുന്നതും, ക്ഷേത്രങ്ങളില്‍ പാനകം ഭക്തര്‍ക്ക് ദാനം ചെയ്യുന്നതും പുണ്യം തേടിത്തരും. ഇങ്ങനെ അക്ഷയതൃതീയ നാളില്‍ ചെയ്യുന്ന സല്ക്കര്മ്മങ്ങളുടേയും ദാനങ്ങളുടേയും ഫലങ്ങള്‍ എത്രയെത്രയോ ആണ്.
അജയ്കുമാര്‍
