പൂയം നക്ഷത്രക്കാര്‍ ദര്‍ശിക്കേണ്ട ക്ഷേത്രം
അപകടങ്ങള്‍, അകാലമൃത്യു, ദുര്‍മരണങ്ങള്‍ എന്നിവയുണ്ടാവാതിരിക്കാനും യമഭയം മാറാനും ദീര്‍ഘായുസ്സിനും, ശത്രുക്കളെ ഇല്ലായ്മ ചെയ്യാനും അനുഗ്രഹിക്കുന്ന ഉത്തരമൂര്‍ത്തിയായി ശനി ഭഗവാന്‍ ഇവിടെ ഭക്തരില്‍ അനുഗ്രഹം ചൊരിയുന്നു.
ശനിഭഗവാന്‍ കാലിന് വൈകല്യം സംഭവിച്ചപ്പോള്‍ പരമശിവന്‍ അക്ഷയപുരീശ്വരന്‍ എന്ന ദിവ്യനാമത്തില്‍ ദര്‍ശനമരുളി അനുഗ്രഹിച്ച പുണ്യക്ഷേത്രമാണ് അക്ഷയപുരീശ്വരക്ഷേത്രം. തഞ്ചാവൂരില്‍ പേരാവൂരണിയില്‍ നിന്നും അഞ്ച് നാഴിക അകലെയായി വിളങ്കുളത്ത് പാര്‍വ്വതീ സമേതനായി അക്ഷയപുരീശ്വരന്‍ വാണരുളുന്നു. ശിവന്‍ ഇവിടെ ശനീശ്വരന് വിവാഹഭാഗ്യവും നല്‍കി അനുഗ്രഹിച്ചതായിട്ടാണ് ഐതിഹ്യം. മന്ദാദേവി, ജ്യേഷ്ഠാദേവി ഇരുവരേയും വിവാഹം ചെയ്ത ശനീശ്വരന്‍ ഇവിടെ 'ആദി ബൃഹത് ശനീശ്വരന്‍' എന്ന പേരില്‍ വിവാഹവേഷത്തില്‍ പത്നിമാര്‍ക്കൊപ്പം പ്രത്യേക സന്നിധിയില്‍ കുടികൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്നു.
ഒരിക്കല്‍ നാട് മുഴുവന്‍ ചുറ്റിത്തിരിഞ്ഞ ശനീശ്വരന്‍ ഒരു ഗ്രാമത്തിലെത്തി. ഒരിടത്തെത്തിയപ്പോള്‍ വേരില്‍ കാലുതട്ടി ഒരു കുഴിയില്‍ വീണു. മേടമാസത്തിലെ ശുക്ലപക്ഷ തൃതീയയും പൂയം നക്ഷത്രവും, ശനിയാഴ്ചയും ചേര്‍ന്ന പുണ്യദിനമായിരുന്നു അത്. ഉടന്‍തന്നെ അവിടെ 'പൂയ ജ്ഞാനാവാവി' എന്ന തീര്‍ത്ഥം ഉറവകൊണ്ട് ശനിയെ മേല്‍പ്പോട്ട് ഉയര്‍ത്തി കരയ്ക്കെത്തിച്ചു. അതോടെ ശനിയുടെ കാലിന്‍റെ വൈകല്യവും മാറി.
അക്ഷയതൃതീയനാളില്‍ അക്ഷയപുരീശ്വരനാല്‍ വൈകല്യം മാറിയ ശനിഭഗവാന്‍ കിഴക്കേ ചുറ്റമ്പലത്തില്‍ തെക്കോട്ട് അഭിമുഖമായി അനുഗ്രഹം വര്‍ഷിക്കുന്നു. അപകടങ്ങള്‍, അകാലമൃത്യു, ദുര്‍മരണങ്ങള്‍ എന്നിവയുണ്ടാവാതിരിക്കാനും യമഭയം മാറാനും ദീര്‍ഘായുസ്സിനും, ശത്രുക്കളെ ഇല്ലായ്മ ചെയ്യാനും അനുഗ്രഹിക്കുന്ന ഉത്തരമൂര്‍ത്തിയായി ശനി ഭഗവാന്‍ ഇവിടെ ഭക്തരില്‍ അനുഗ്രഹം ചൊരിയുന്നു.
ശനിദോഷമുള്ളവര്‍ ഇവിടുത്തെ അക്ഷപുരീശ്വരനായ ശിവനും അഭിവൃദ്ധിനായകി എന്ന പേരില്‍ അനുഗ്രഹിക്കുന്ന പാര്‍വ്വതിദേവിക്കും അര്‍ച്ചനചെയ്തശേഷം ചുറ്റമ്പലത്തില്‍ കാക്കയെ വിളിച്ച് അന്നമിടുന്നു. കാക്ക ആ അന്നം ഭക്ഷിച്ചാല്‍ അവരുടെ ശനിദോഷം പാടെ അകലുമെന്നാണ് വിശ്വാസം. ഒരുപക്ഷേ, ആ അന്നം കാക്ക തൊടാതെ പറന്നുപോയാല്‍ ദോഷം മാറിയിട്ടില്ല എന്നും വീണ്ടും ഇവിടെ വന്ന് ശനിഭഗവാനെ തൊഴുത് പ്രാര്‍ത്ഥിച്ച് ദോഷമുക്തി നേടണമെന്നുമാണ് ആചാരം. പൂയം നക്ഷത്രജാതര്‍ തീര്‍ച്ചയായും ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കേണ്ട ക്ഷേത്രമാണിത്.
ഇവിടെ ദക്ഷിണാമൂര്‍ത്തിക്ക് വ്യാഴാഴ്ചയും നന്തിക്ക് പ്രദോഷവേളകളിലും ഭൈരവന് കൃഷ്ണപക്ഷ അഷ്ടമിദിവസവും പ്രത്യേക വഴിപാടുകളും അഭിഷേക പൂജകളും നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ അക്ഷയതൃതീയ ദിവസം, ശനിഭഗവാന്‍ സ്ഥൂല സൂക്ഷ്മരൂപിണിയായി ശിവനെ പൂജിക്കുന്നതായിട്ടാണ് വിശ്വാസം. അക്ഷയതൃതീയ ദിവസം ഇവിടെ അക്ഷയപുരീശ്വരനും അഭിവൃദ്ധിനായികയ്ക്കും പ്രത്യേകപൂജകള്‍ നടത്തപ്പെടുന്നു. ഇവിടെ അനുഗ്രഹം വര്‍ഷിക്കുന്ന അഭിവൃദ്ധിനായകി ദേവിഭക്തരെ എല്ലാനിലയിലും ജീവിതത്തില്‍ അഭിവൃദ്ധി നേടാന്‍ അനുഗ്രഹിക്കുന്നു.
വിഷ്ണുദാസന്‍
Photo Courtesy - Google