അമ്പലപ്പുഴയിലെ മറ്റൊരു കുറൂരമ്മ

അമ്പലപ്പുഴയിലെ മറ്റൊരു കുറൂരമ്മ

HIGHLIGHTS

 അമ്പലപ്പുഴിലെ പാല്‍പ്പായസ കഥ പോലെ പ്രശസ്തമായ അമ്പലപ്പുഴയിലെ മറ്റൊരു കുറൂരമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വാരസ്യാരുടെ കഥ....

 

വര്‍ഷത്തില്‍ എല്ലാദിവസവും മുടങ്ങാതെ പാല്‍പ്പായസം നിവേദിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തില്‍. അമ്പലപ്പുഴ കൃഷ്ണന്‍റെ സന്നിധിയില്‍ മാത്രമേ ആ മധുരം നുകരാന്‍ സാധിക്കുകയുള്ളൂ. പാല്‍പ്പായസം എന്നു കേട്ടാല്‍ ഏതൊരു മലയാളിയുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുക അമ്പലപ്പുഴ പാല്‍പ്പായസം തന്നെയായിരിക്കും. സാക്ഷാല്‍ ഗുരുവായൂരപ്പന്‍ പോലും ഉച്ചപൂജ കഴിഞ്ഞ് അമ്പലപ്പുഴയിലേയ്ക്ക് പാല്‍പ്പായസം കുടിക്കാന്‍ വരുമെന്നാണ് പറയപ്പെടുന്നത്.

പാല്‍പ്പായസം അമ്പലപ്പുഴയില്‍ നിവേദ്യമായ കഥ ഞാന്‍ കുറച്ചു മുമ്പെഴുതിയിരുന്നു. ഈ പാല്‍പ്പായസത്തിന്‍റെ പ്രശസ്തി ഇന്ന് ഈരേഴുപതിനാല് ലോകത്തിലും പടര്‍ന്നുപിടിച്ചിരിക്കുന്നു. പാല്‍പ്പായസ കഥ പോലെ പ്രശസ്തമായ അമ്പലപ്പുഴയിലെ മറ്റൊരു കുറൂരമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വാരസ്യാരുടെ കഥ എഴുതാം.

വര്‍ഷങ്ങള്‍ക്ക് മുന്നേ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം ഒരു വാരസ്യാര്‍ താമസിച്ചിരുന്നു. നിത്യവും രാവിലെ കുളികഴിഞ്ഞ് തുളസിക്കതിര്‍ നുള്ളി ഇടയ്ക്കിടെ ചെമ്പകപ്പൂവും ചേര്‍ത്ത് മാലയുണ്ടാക്കി ഭഗവാന് സമര്‍പ്പിക്കുമായിരുന്നു. കൃഷ്ണഭക്തയായ ആ അമ്മയോട് എല്ലാവര്‍ക്കും വലിയ സ്നേഹവും ആയിരുന്നു. വാരസ്യാര്‍ കൊണ്ടുവരുന്ന മാലയ്ക്കായി വലിയ തിരുമേനി പോലും ചില ദിവസം കാത്തുനില്‍ക്കുമായിരുന്നു. ഭഗവാനും ഏറ്റവും പ്രിയം വാരസ്യാര്‍ കോര്‍ക്കുന്ന മാലയാണെന്നുവരെ പലരും വിശ്വസിച്ചിരുന്നു. അതുകൊണ്ട് പലരും അവര്‍ക്ക് പണം നല്‍കാനും മടിച്ചിരുന്നില്ല. 

എന്നാല്‍ തനിക്ക് കിട്ടുന്നതെല്ലാം ഭഗവാന്‍റെ കാണിക്കവഞ്ചിയില്‍ ഇടുക മാത്രമാണ് അവര്‍ ചെയ്തിരുന്നത്. കൃഷ്ണന്‍ കൂടെയുള്ളപ്പോള്‍ തനിക്കെന്തിനാണ് പണം? ക്ഷേത്രത്തില്‍ നിന്നും കിട്ടുന്ന പ്രസാദം തന്നെ അവര്‍ക്ക് ആവശ്യത്തിലധികം ആയി തോന്നിയിരുന്നു.
ആര്‍ക്കും ശല്യമുണ്ടാക്കാതെ, ആരേയും വെറുപ്പിക്കാതെ അവര്‍ നിത്യവും ക്ഷേത്രത്തില്‍ വരികയും ഭഗവാന് മാല സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം രാവിലെ വാരസ്യാര്‍ക്ക് വല്ലാത്ത ക്ഷീണം തോന്നി. എങ്കിലും പതിവുമുടക്കാന്‍ ഒരുക്കമല്ലായിരുന്നു. ഒരുവിധം കുളിച്ചുകയറി തുളസിക്കതിരും ചെമ്പകപ്പൂവും ഒരിലയില്‍ എടുത്തുവെച്ച് മാല കെട്ടാന്‍ തുടങ്ങി. പക്ഷേ പെട്ടെന്നുതന്നെ ഒരു തളര്‍ച്ച തോന്നി. പിന്നിലുള്ള തൂണില്‍ ചാരിയിരുന്നു. ആ ഇരിപ്പില്‍ ഒന്നുമയങ്ങിപ്പോയി.

അല്‍പ്പം കഴിഞ്ഞ് ഞെട്ടിയുണര്‍ന്നു. മുന്നില്‍ വച്ചിരുന്ന ഇലയോ ഇലയില്‍ വച്ചിരുന്ന പൂക്കളോ അവിടെ കണ്ടില്ല.

'ഭഗവാനെ കൃഷ്ണാ....
നന്ദനാ.. പൊറുക്കണേ'...

നേരം ഒരുപാടായല്ലോ അവിടുത്തേയ്ക്കുള്ള മാല മുടങ്ങിയല്ലോ... എന്ന് വിലപിച്ചുകൊണ്ട് അവര്‍ നാലുപാടും തിരഞ്ഞു. ഒരിടത്തും കണ്ടില്ല. ആരോ മോഷ്ടിച്ചല്ലോ. ഇനി എന്തുചെയ്യും...? വേഗംചെന്നു തിരുമേനിയോട് പറയാം. ക്ഷമ ചോദിക്കാം. അവര്‍ തേങ്ങിക്കരഞ്ഞുകൊണ്ട് അകത്തുചെന്നു. അവരുടെ സങ്കടം കണ്ട് തിരുമേനി കാലം തിരക്കി. 'ഇന്നുമാല കെട്ടിത്തരാന്‍ എനിക്ക് പറ്റിയില്ല. എന്നോട് പൊറുക്കണം.' വാരസ്യാര്‍ കൈകൂപ്പി.

'എന്താ വാരസ്യാരെ ഇത.് വാരസ്യാര്‍ക്ക് ഇന്നെന്തുപറ്റി. മറവി ഉണ്ടാവാറില്ലല്ലോ. പിന്നെ എന്തേ ഇന്ന്.... പിച്ചും പേയും പറയുന്നു. പതിവു തെറ്റിക്കാതെ സമയത്തുതന്നെ വാരസ്യാര്‍ മാല കെട്ടി ഇവിടെ തന്നല്ലോ. എന്താ ഉറക്കപ്പിച്ചാണോ.. ദാ... അങ്ങോട്ടുനോക്കൂ.' തിരുമേനി ശ്രീകോവിലിനു നേരെ കൈചൂണ്ടി.

വാരസ്യാര്‍ നോക്കുമ്പോള്‍ ചെമ്പകപ്പൂ ഇടകലര്‍ത്തി കോര്‍ത്ത തുളസിമാല ഭഗവാന്‍റെ കഴുത്തില്‍ അണിയിച്ചിരിക്കുന്നു. താന്‍ കോര്‍ക്കുന്ന അതേ തരത്തിലുള്ള മാല. ഇതെങ്ങനെ... 'ഭഗവാനെ... കൃഷ്ണാ.. ഈ വയസ്സിക്കുവേണ്ടി നീ തന്നെ ഇന്ന് മാല കോര്‍ത്തു. നീ തന്നെ അത് അകത്ത് കൊടുത്തു. അതും എന്‍റെ വേഷത്തില്‍... എന്‍റെ കണ്ണാ.. എന്‍റെ പൊന്നുഭഗവാനെ..'

വാരസ്യാരുടെ തോറ്റംപറച്ചില്‍ കേട്ടപ്പോള്‍ തിരുമേനി കാര്യം തിരക്കി. വാരസ്യാര്‍ നടന്ന സംഭവം അതുപോലെ പറഞ്ഞു. തിരുമേനിക്കും അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പതിവിന് വിപരീതമായി തീര്‍ത്ഥവും പ്രസാദവും വാങ്ങാതെ വാരസ്യാര്‍ പോയത് തിരുമേനി ഓര്‍ത്തു. അദ്ദേഹത്തിന്‍റെ ദേഹം കുളിരണിഞ്ഞു.

'വാരസ്യാരെ നിങ്ങള്‍ മറ്റൊരു കുരൂരമ്മ തന്നെ... കണ്ണന്‍റെ നേരില്‍ കണ്ടില്ലെങ്കില്‍ തന്നെയെന്താ.. ഇത്രയും വലിയ ഭാഗ്യം ആര്‍ക്കാ ഉണ്ടാവുക. വാരസ്യാര്‍ കണ്ണന്‍റെ യശോദാമ്മ തന്നെ... ഭാഗ്യവതി.' അദ്ദേഹം താണുതൊഴുതു.

വാരസ്യാര്‍ മറ്റൊരിടത്തും പോയിരുന്നില്ല. മറ്റൊരു ദൈവത്തേയും വിളിച്ചിരുന്നില്ല. കണ്ണന്‍ മാത്രം ശരണം. കാണുന്നതെല്ലാം കണ്ണന്‍റെ രൂപം. കേള്‍ക്കുന്നതെല്ലാം വേണുഗാനം.. പറയുന്നതെല്ലാം... ഭഗവാന്‍റെ നാമം... കണ്ണനെവിട്ട് വാരസ്യാര്‍ക്ക് മറ്റൊന്നുമില്ല. അപ്പോള്‍ കണ്ണനും അങ്ങനെ തന്നെ. വാരസ്യാരെ വിട്ട് കണ്ണനും ഒരിടത്തും പോയില്ല. ഇതാണ് ഭക്തി. അമ്പലപ്പുഴ പാല്‍പ്പായസത്തേക്കാള്‍ മധുരമാണ് അമ്പലപ്പുഴ കൃഷ്ണന്‍റെ ദര്‍ശനം. ആ മാധുര്യം അനുഭവിക്കാന്‍ പറ്റുന്നതും ഒരു മഹാഭാഗ്യം തന്നെ.


ബാബുരാജ് പൊറത്തിശ്ശേരി, 
9846025010

Photo Courtesy - jyothisharathnam