വിമര്‍ശനത്തില്‍ മനസ്സുതളരുന്നവരും സ്വപ്നാടകരുമാണ് ജൂലൈക്കാര്‍
ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്തവിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.
പൊതുസ്വഭാവം
ജൂലൈ മാസത്തില്‍ ജനിച്ചവര്‍ പ്രയത്നശാലികളും ഏത് മേഖലയിലും ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവരുമാണ്. പക്ഷേ, ഏറ്റവും വലിയ ഭാഗ്യവും നിര്‍ഭാഗ്യവും അനുഭവിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. ഊഹക്കച്ചവടവും ഭാഗ്യപരീക്ഷണവും ഇവര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. ശരിയായ രീതിയില്‍ വ്യവസായ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മികച്ച വിജയം കൈവരിക്കും. തൊഴില്‍സംബന്ധമായ ആശയങ്ങള്‍ ഞണ്ടിന്‍റെ ഗതിപോലെ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഒരു പദ്ധതി നടപ്പില്‍ വരുത്തി അത് വിജയത്തിനരികില്‍ എത്തുമ്പോഴായിരിക്കും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അതുപേക്ഷിക്കുകയും മറ്റൊന്നിലേയ്ക്ക് തിരിയുകയും ചെയ്യുന്നത്. സാമ്പത്തിക ഏറ്റക്കുറച്ചിലിന് അതാണ് പ്രധാനകാരണം. ഉയര്‍ന്ന പദവികളില്‍ എത്തിച്ചേരും. പ്രശസ്തി നേടുകയും ചെയ്യും. പക്ഷേ കുടുംബജീവിതം സംഘര്‍ഷഭരിതമാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ലോകത്തിന് മുന്നില്‍ എത്ര ഭാഗ്യശാലികളായി കാണപ്പെട്ടാലും സ്വന്തം വീട്ടില്‍ സ്വസ്ഥത ലഭിക്കുകയില്ല. ഒരര്‍ത്ഥത്തില്‍ സ്വപ്നജീവികളാണിവര്‍. ലോകോപകാരപ്രദങ്ങളായ വലിയ പദ്ധതികളെക്കുറിച്ച് സ്വപ്നം കാണുന്നവര്‍. ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍, വിമര്‍ശിച്ചാല്‍ മനസ്സ് തകരുന്നവര്‍. അങ്ങനെ നിശബ്ദമായി ദുഃഖത്തോടെ സ്വന്തം വീട്ടില്‍ ഒതുങ്ങിക്കളയുകയും ചെയ്യും. ഇവരെപ്പോലെ സ്നേഹസമ്പന്നര്‍ വേറെ കാണില്ല. പക്ഷേ അത് പുറമെ പ്രകടിപ്പിക്കില്ല. അതിനാല്‍ വികാരശൂന്യരാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്. ഭാവനാസമ്പന്നരാണ് ജൂലൈക്കാര്‍. കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, സംഗീതജ്ഞര്‍ എന്നീ നിലയില്‍ പേരെടക്കും. ഓര്‍മ്മശക്തിയുള്ളവരാണ്. ഏത് മേഖലയിലും വിജ്ഞാനം നേടും. ആചാര്യമര്യാദകളെ മാനിക്കും. വായുകോപം, മറ്റ് ഉദരസംബന്ധമായ അസുഖങ്ങള്‍ സൂക്ഷിക്കുക. ചന്ദ്രന്‍റെ ശക്തമായ സ്വാധീനം ഇവര്‍ക്കുണ്ടായതിനാല്‍ ദുര്‍ബലശരീരരാകും. പക്ഷേ മനസ്സിന്‍റെ സ്ഥൈര്യം കൊണ്ട് അതിനെയെല്ലാം അതിജീവിക്കും. ഉത്ക്കണ്ഠ, ഭയം, ആകാംക്ഷ ഇവ ഒഴിവാക്കുക. സന്ധിവാതം, ശ്വാസകോശരോഗങ്ങള്‍ ഇവ ഉണ്ടാകാനിടയുണ്ട്. കരാറുകള്‍, പ്രമാണങ്ങള്‍ ഒപ്പിടുമ്പോള്‍ ശ്രദ്ധ വേണം. അവിചാരിതമായ ധനം കൈവശം വരാം. തീരെ പ്രതീക്ഷിക്കാത്തവിധം ആദായമുണ്ടാകും. ജൂണ്‍ 21 മുതല്‍ ജൂലൈ 20 വരെയും ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 22 വരെയും ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ ജനിച്ചവരുമായുള്ള സൗഹൃദം, വിവാഹബന്ധം നല്ലതാണ്.
ഇനി ജൂലൈ മാസത്തിലെ ഓരോ തീയതിയിലും ജനിച്ചവരെ പരിചയപ്പെടാം.
1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍
ജീവിതക്രമത്തിലും ഉപജീവനമാര്‍ഗ്ഗത്തിലും പല മാറ്റങ്ങള്‍ സംഭവിക്കുന്നവര്‍. സാഹചര്യങ്ങള്‍ ശക്തിയായി സ്വാധീനിക്കുന്നവര്‍. അസാധാരണ അനുഭവങ്ങള്‍ക്ക് സാക്ഷിയാകുന്നവര്‍. ജീവിതത്തില്‍ ഉന്നതി നേടും. മിതഭാഷിയും ശാന്തനും ക്ഷിപ്രവികാരമുള്ളവര്‍. എങ്കിലും പ്രശസ്തിയുടെ പ്രഭാവലയം നിങ്ങളെ പിന്തുടരും. മിതവ്യയം, ഉത്തരവാദിത്തബോധം നിങ്ങള്‍ക്കുണ്ട്. മനസ്സുകൊണ്ട് തികഞ്ഞ മതവിശ്വാസികള്‍. വിശ്വാസം പ്രകടമാക്കാത്ത വിധം ഋജുവായി കൊണ്ടുനടക്കുന്നവര്‍. വലിയ ധനികനായാലും അനാഡംബരജീവിതം നയിക്കുന്നവര്‍. സമ്പാദ്യത്തില്‍ നല്ലൊരു പങ്ക് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. ഒരു തൊഴിലും ഏറെ നാള്‍ തുടരാന്‍ ആഗ്രഹിക്കാത്തവര്‍. മാറ്റത്തിന് വേണ്ടിയുള്ള ദാഹവും യാത്ര ചെയ്യാനുള്ള മോഹവും ഇവര്‍ക്കുണ്ട്. അടക്കവും ഒതുക്കവുമുള്ള ഇവരില്‍ ചിലര്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യും. ദഹനത്തകരാറുകള്‍ ഭക്ഷണം നിയന്ത്രിച്ച് പരിഹരിക്കുക.
ഇഷ്ടതീയതികള്‍ 1, 2, 4, 7, 10, 11, 13, 16, 19, 20, 22, 25, 28, 29, 31. ഭാഗ്യനിറങ്ങള്‍ മഞ്ഞ, ഓറഞ്ച്, സ്വര്‍ണ്ണനിറം, പച്ച, ക്രീം, വെളുപ്പ്, നീല, ചാരനിറം, പ്രധാന സംഭവവയസ്സുകള്‍ 1, 2, 4, 7, 10, 11, 13, 16, 19, 20, 21, 22, 25, 28, 29, 31, 34, 38, 40, 43, 47, 49, 52, 55, 56, 58, 61, 64, 67, 70, 82, 85, 90. സൗഹൃദം ഏത് മാസത്തിലെയും 1, 2, 4, 7, 10, 13, 16, 19, 20, 22, 25, 28, 29 തീയതികളില്‍ ജനിച്ചവര്‍.
2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍
മാനസികമായ കഴിവുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നവര്‍. മഹത്തായ നേട്ടങ്ങള്‍ സ്വപ്നം കാണുന്നവര്‍. ചെയ്യുന്ന ജോലിയുടെ എല്ലാ വശങ്ങളിലും പ്രാവീണ്യമുള്ളവര്‍. കലകളില്‍ അഭിരമിക്കുന്നവര്‍. ഭവനാസമ്പന്നര്‍. വികാരതരളിത മനസ്സിനുടമകള്‍. സാഹിത്യം, സംഗീതം എന്നിവയില്‍ അഭിരുചിയുള്ളവര്‍. പുതുമയുള്ള ജീവിതശൈലി ഇഷ്ടപ്പെടുന്നവര്‍. ദൂരദേശയാത്ര ഇഷ്ടപ്പെടുന്നവര്‍. മുഖം നോക്കാതെ അഭിപ്രായം പറയുന്നവര്‍. സാഹിത്യകാരന്മാര്‍, സംഗീതജ്ഞര്‍ എന്നീ നിലകളില്‍ പ്രശസ്തി നേടും. ജലാശയങ്ങളുടെ തീരത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. യാത്രാവിവരണഗ്രന്ഥങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവര്‍. സ്ഥിരമായ സാമ്പത്തിക സ്ഥിതി നിങ്ങളെപ്പറ്റി പ്രവചിക്കുക സാധ്യമല്ല. എന്നാല്‍ പണമുണ്ടാക്കാനുള്ള ഒരവസരവും പാഴാക്കുകയില്ല. പണമിടപാടില്‍ വളരെ ജാഗ്രത വേണം. ആന്തരാവയങ്ങളില്‍ വേദന, കുടല്‍സംബന്ധമായ അസുഖങ്ങള്‍ എന്നിവ സൂക്ഷിക്കുക. ലഘുവായ ഭക്ഷണക്രമത്തിലൂടെയും ധാരാളം ശുദ്ധജലം കുടിക്കുന്നതിലൂടെയും രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കണം.
ഇഷ്ടതീയതികള്‍ 1, 2, 7, 10, 11, 16, 19, 20, 25, 28, 29. ഭാഗ്യനിറങ്ങള്‍ പച്ച, ക്രീം, വെളുപ്പ്, സ്വര്‍ണ്ണനിറം, ചാരനിറം, മഞ്ഞ, ഓറഞ്ച്, ഭാഗ്യരത്നങ്ങള്‍- ചന്ദ്രകാന്തം, പുഷ്യരാഗം, പ്രധാന സംഭവവയസ്സുകള്‍ 2, 7, 11, 16, 20, 25, 29, 34, 38, 43, 47, 52, 56, 61, 65, 70 സൗഹൃദം ഏത് മാസത്തിലും ജനിച്ച 1, 2, 7, 10, 11, 16, 19, 20, 25, 28, 29 തീയതിക്കാര്‍.
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍
വ്യക്തിപ്രഭാവം കൂടുതല്‍ പ്രകടമാക്കുന്നവര്‍. ജീവിതത്തിലും തൊഴിലിലും മഹത്വകാംക്ഷ വ്യക്തമാക്കുന്നവര്‍. ഭയരഹിതമായ കാഴ്ചപ്പാടും ആരെയും വകവയ്ക്കാത്ത അഭിപ്രായപ്രകടനവും ഉദാരസമീപനവും ധര്‍മ്മനിഷ്ഠയും സ്വഭാവപ്രത്യേകതകളായുള്ളവര്‍. സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിപരമായി ജീവിതത്തെ നോക്കിക്കാണുന്നവര്‍. ഔദ്യോഗിക മേഖലയില്‍ കാര്യക്ഷമമായി ഭരണം നടത്താന്‍ കഴിവുള്ളവര്‍. വീടിനെയും നാടിനെയും ഒരുപോലെ സ്നേഹിക്കുന്നവര്‍. മറ്റ് രാജ്യങ്ങളിലെ സംസ്ക്കാരങ്ങള്‍ അടുത്തറിയാന്‍ ധാരാളം യാത്ര ചെയ്യുന്നവര്‍. പൊതുരംഗത്തും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ചെറുപ്പകാലം കൂടുതല്‍ കഷ്ടത നിറഞ്ഞതായിരിക്കും. എങ്കിലും 30-35 വയസ്സുകഴിഞ്ഞാല്‍ ഭാഗ്യം കടാക്ഷിക്കും. എവിടെ ജീവിച്ചാലും സമൂഹത്തിന്‍റെ അംഗീകാരം കരസ്ഥമാക്കും. സാമ്പത്തിക ഉത്ക്കണ്ഠയ്ക്ക് അവകാശമില്ല. കൗമാരയൗവ്വനം പിന്നിട്ടാല്‍ സമ്പത്തും സ്ഥാനമാനങ്ങളും തേടിയെത്തും. ആരോഗ്യമുള്ള ശരീരമാണ്. പ്രസാദപൂര്‍ണ്ണമായ ജീവിതവീക്ഷണമാണ് അതിന് കാരണം.
ഇഷ്ടതീയതികള്‍ 2, 3, 7, 11, 12, 16, 20, 21, 25, 29, 30. ഭാഗ്യനിറങ്ങള്‍ വയലറ്റ്, ചുവപ്പ്, ചാരനിറം, ഭാഗ്യരത്നങ്ങള്‍ വൈഡൂര്യം, ചന്ദ്രകാന്തം, പവിഴം, പ്രധാന സംഭവവയസ്സുകള്‍ 3, 12, 16, 20, 21, 25, 30, 39, 43, 48, 52, 57, 61, 66, 70, 75. സൗഹൃദം ഏത് മാസത്തിലും 2, 3, 7,11 , 12, 16, 20, 21, 25, 29, 30 തീയതികളില്‍ ജനിച്ചവര്‍.
4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍
അസാധാരണ വ്യക്തിത്വത്തിനുടമകള്‍. ഒരുമാതിരിപ്പെട്ട വ്യക്തികളുമായി ഒത്തുപോകുന്നതല്ല നിങ്ങളുടെ സ്വഭാവം. പുതുമയുള്ള ആശയങ്ങളോട് പ്രതിപത്തിയുള്ളവര്‍. ക്ഷിപ്രവികാരത്വമുള്ള പ്രകൃതമുള്ളവര്‍. നിസ്സാര കാരണം മതി മനസ്സ് പ്രക്ഷുബ്ധമാകാന്‍. ഗാര്‍ഹികപ്രശ്നങ്ങളും ബന്ധുക്കളുണ്ടാക്കുന്ന കുഴപ്പങ്ങളും ഇവരെ അലോസരപ്പെടുത്താറുണ്ട്. ജീവിതത്തില്‍ പലതവണ അനീതിക്കുപാത്രമാവാനിടയുണ്ട്. കോടതി കേസുകാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പങ്കാളിത്തത്തിലും കൂട്ടകെട്ടുകച്ചവടത്തിലും വിവാഹബന്ധത്തിലും ഏര്‍പ്പെടുന്നതിന് മുമ്പ് വേണ്ടത്ര ആലോചനയും മുന്‍കരുതലും ആവശ്യമാണ്. ഭാവി പ്രവചിക്കാന്‍ അസാധാരണമായ കഴിവ് നിങ്ങള്‍ക്കുണ്ട്. ബുദ്ധിയും കഴിവുമുള്ളതുകൊണ്ട് തൊഴിലില്‍ അഭിവൃദ്ധി പ്രാപിക്കും. സാമ്പത്തികരംഗത്ത് സഹകരിക്കാന്‍ തയ്യാറുള്ള വ്യക്തികള്‍ ചുരുക്കമായിരിക്കും. എല്ലാം സ്വന്തമായി തീരുമാനിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. മിഥ്യാരോഗഭയം നിങ്ങളെ വേട്ടയാടും. ഉദരരോഗം ശ്രദ്ധിക്കണം.
ഇഷ്ടതീയതികള്‍ 4, 8, 13, 17, 22, 26, 31. ഭാഗ്യനിറങ്ങള്‍ നീല, സ്വര്‍ണ്ണനിറം, മഞ്ഞ, ഓറഞ്ച്. ഭാഗ്യരത്നങ്ങള്‍ ഇന്ദ്രനീലം, ചന്ദ്രകാന്തം, പവിഴം. പ്രധാന സംഭവവയസ്സുകള്‍-4, 8, 13, 17, 22, 26, 31, 35, 40, 44, 49, 53, 5, 62, 67, 71. സൗഹൃദം ഏത് മാസത്തിലെയും 4, 8, 13, 17, 22, 26, 31 തീയതികളില്‍ ജനിച്ചവര്‍.
5, 14, 23 തീയതികളില്‍ ജനിച്ചവര്‍
വ്യക്തികളും സാഹചര്യങ്ങളും മനസ്സിനെ പെട്ടെന്ന് സ്വാധീനിക്കുന്നവര്‍. പ്രോത്സാഹനവും പ്രചോദനവുമാണ് നിങ്ങളുടെ വളര്‍ച്ച. ആദ്യകാലത്തെ ജീവിതാനുഭവങ്ങള്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെങ്കിലും സ്വന്തം പരിശ്രമത്താല്‍ ജീവിതഗതികള്‍ക്ക് മാറ്റം വരും. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കും. ഉല്‍ക്കര്‍ഷേച്ഛയോടൊപ്പം കുശാഗ്രബുദ്ധിയും ഉള്ളതുകൊണ്ട് ഏത് രംഗത്തും മുന്നിലെത്തും. ആത്മീയതയില്‍ അഭിരമിക്കുന്ന മനസ്സുണ്ട്. ഗവേഷണം നടത്താന്‍ ഔത്സുക്യം കാട്ടും. ജലയാത്രകള്‍ ഇഷ്ടപ്പെടും. വിട്ടുവീഴ്ചയില്ലാത്ത മനോഭാവം നിരവധി ശത്രുക്കളെ സൃഷ്ടിക്കും. ഭാഗ്യവശാല്‍ കൈവശം വരുന്ന പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഇച്ഛാശക്തിയും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കും. ഇവയോടൊപ്പം ബുദ്ധിശക്തിയും ആയുധമാക്കും. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ജീവിതനേട്ടമുണ്ടാക്കാം. മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കണം. പക്ഷാഘാതം ശ്രദ്ധിക്കണം.
ഇഷ്ടതീയതികള്‍ 2, 5, 7, 11, 14, 16, 20, 23, 24, 25, 29. ഭാഗ്യനിറങ്ങള്‍ വെളുപ്പ്, പച്ച, ക്രീം, ചാരനിറം. ഭാഗ്യരത്നങ്ങള്‍ മുത്ത്, വെളുത്ത രത്നങ്ങള്‍. പ്രധാനപ്പെട്ട സംഭവവയസ്സുകള്‍ 5, 14, 23, 41, 50, 59, 68, 77, 86. സൗഹൃദം ഏത് മാസത്തിലെയും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍.
6, 15, 24 തീയതികളില്‍ ജനിച്ചവര്‍
ജീവിതചര്യകളില്‍ വ്യത്യസ്തത പുലര്‍ത്തുന്നവരാണ് നിങ്ങള്‍. സ്നേഹവും പ്രണയവും മഹത്വകാംക്ഷയും അതില്‍ പ്രധാന പങ്കുവഹിക്കും. ഉദാരമതിയും ഹൃദയാലുവുമാണ്. ഏത് തൊഴിലിലും മുന്‍പന്തിയില്‍ എത്തണമെന്ന് വാശിയുള്ളവര്‍. അതാണ് ജീവിതവിജയത്തിന് അടിസ്ഥാനവും. ആത്മീയതയില്‍ അടിയുറച്ച മനസ്സാണ്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതിരിക്കുകയും ചെയ്യും. എന്നാല്‍ നേരായ വിശ്വാസത്തെ കൂട്ടുപിടിക്കും. അമ്മയുടെ കുടുംബത്തെ വളരെ ഇഷ്ടപ്പെടുന്നവരാണ്. വിവാഹബന്ധം ശ്രദ്ധിച്ചുവേണം നടത്തേണ്ടത്. സാമ്പത്തികമായി ഭാഗ്യസൂചകമായ അവസ്ഥയാണ് നിങ്ങള്‍ക്കുള്ളത്. സ്വന്തം ബുദ്ധി ഉപയോഗിച്ച് പണം സമ്പാദിക്കും. പൂര്‍വ്വാര്‍ജ്ജിത സ്വത്ത് കൈവരും. ആരോഗ്യപരമായി പ്രശ്നമില്ല. അമിതാദ്ധ്വാനം ആരോഗ്യം തകരാതെ ശ്രദ്ധിക്കണം. അള്‍സര്‍, അപ്പന്‍റിസൈറ്റിസ്, ഹെര്‍ണിയ രോഗങ്ങള്‍ സൂക്ഷിക്കുക.
ഇഷ്ടതീയതികള്‍ 2, 6, 7, 11, 15, 16, 20, 24, 25, 29. ഭാഗ്യനിറങ്ങള്‍ നീല, വെള്ള, ക്രീം, പച്ച, ചാരനിറം. ഭാഗ്യരത്നങ്ങള്‍ വൈഡൂര്യം, മരതകം, ഇന്ദ്രനീലം. പ്രധാന സംഭവവയസ്സുകള്‍ 6, 15, 24, 33, 42, 51, 60, 69, 78. സൗഹൃദം ഏത് മാസത്തിലെയും 6, 15, 24 തീയതികളില്‍ ജനിച്ചവര്‍.
7, 16, 25 തീയതികളില്‍ ജനിച്ചവര്‍
ഇച്ഛാശക്തിയും മനക്കരുത്തും വളര്‍ത്തിയെടുത്താല്‍ മികച്ച ഔന്നത്യം നേടുന്നവര്‍. ബുദ്ധിയാണ് നിങ്ങളെ നിയന്ത്രിക്കുന്നതും, നയിക്കുന്നതും. കലാവാസനയും ഭാവനാസന്നദ്ധതയും വികാരജീവിയുമാണ് നിങ്ങള്‍. ചിത്രകാരനോ, സാഹിത്യകാരനോ, സംഗീതജ്ഞനോ ആകും. പ്രഭാഷകനോ, പ്രാസംഗികനോ ആയി ഖ്യാതി നേടും. നിങ്ങളുടെ അഭിരുചികളും ആശയങ്ങളും നൂതനങ്ങളാണ്, പരിഷ്കൃതമാണ്. വായനയും സംസര്‍ഗ്ഗവും സംസ്ക്കാരവും മഹത്തായ ലക്ഷ്യത്തിലെത്തിക്കും. എത്രയും വൈകി വിവാഹം കഴിക്കുന്നുവോ അത്രയും നിങ്ങള്‍ക്ക് നല്ലതാണ്. സാമ്പത്തികം നിങ്ങളുടെ ജീവിതത്തില്‍ അവിചാരിചിതമായി സംഭവിക്കുന്ന നിമിത്തങ്ങളാണ്. അപരിതവ്യക്തികളായിരിക്കും അതിന് കാരണം. ബന്ധുക്കളില്‍ ചിലര്‍ സാമ്പത്തിക സഹായത്തിന് തയ്യാറായെന്നിരിക്കും. നിങ്ങളുടെ ആരോഗ്യത്തിന് ഊര്‍ജ്ജം പകരുന്നത് മനസ്സാണ്. ശരീരം ദുര്‍ബ്ബലവും മനസ്സ് കരുത്തുറ്റതുമായിരിക്കും. ജലദോഷം, ആന്തരാവയവ രോഗങ്ങള്‍ ഇവ ശ്രദ്ധിക്കുക.
ഇഷ്ടതീയതികള്‍ 2, 7, 11, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍ ചാരനിറം, പച്ച, വെള്ള, ക്രീം, സ്വര്‍ണ്ണനിറം. ഭാഗ്യരത്നങ്ങള്‍ ചന്ദ്രകാന്തം, മരതകം, മുത്ത്. പ്രധാന സംഭവവയസ്സുകള്‍ 2, 7, 11, 16, 20, 25, 29, 34, 38, 43, 47, 52, 56, 61, 65, 70, 79. സൗഹൃദം 2, 7, 11, 16, 20, 25, 29 തീയതികളില്‍ ജനിച്ചവര്‍. ജൂലൈ 25 ന് ജനിച്ചവര്‍ 1, 4, 10, 13, 19, 22, 28, 31 ഈ തീയതിക്കാരുമായും ബന്ധം പുലര്‍ത്തും.
8, 17, 26 തീയതികളില്‍ ജനിച്ചവര്‍
മധ്യവയസ്സുവരെ ജീവിതത്തിന് വലിയ പുരോഗതി കാണില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതനാകും. അനുകമ്പാര്‍ദ്രമായ ഹൃദയവും ആത്മാര്‍ത്ഥതയും നിങ്ങള്‍ക്കുണ്ട്. പക്ഷേ അത് നിങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ പലപ്പോഴും കഴിയില്ല. മറ്റുള്ളവര്‍ക്ക് വളരെ ത്യാഗം സഹിക്കും. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ഭൂവികസനം, ഖനനം, എണ്ണ വ്യവസായം തുടങ്ങിയ തൊഴിലുകളില്‍ വിജയിക്കും. കഠിനാദ്ധ്വാനവും പരിശ്രമശീലവും കൊണ്ട് പണം സമ്പാദിക്കും. ഭാഗ്യപരീക്ഷണം ധനം നഷ്ടപ്പെടുത്തും. ഉദരരോഗങ്ങള്‍, കിഡ്നി, കരള്‍ അസുഖങ്ങള്‍ വരാതെ നോക്കണം. വാതത്തിന്‍റെ ഉപദ്രവവും ശ്രദ്ധിക്കണം.
ഇഷ്ടതീയതികള്‍ 4, 8,13, 17, 22, 26, 30. ഒഴിവാക്കേണ്ട തീയതികള്‍ 9, 18, 27. ജൂലൈ 27 ന് ജനിച്ചവര്‍ക്ക് മുകളില്‍പ്പറഞ്ഞ ഇഷ്ടതീയതികള്‍ക്കൊപ്പം 1, 10, 19, 28 തീയതിയും നല്ലതാണ്. ഭാഗ്യരത്നങ്ങള്‍- കറുത്ത മുത്ത്, ഇന്ദ്രനീലം, മരതകം. പ്രധാന സംഭവവയസ്സുകള്‍ 4, 8, 13, 22, 26, 31, 35, 40, 44, 49, 53, 58, 62, 67, 71, 80. സൗഹൃദം 4, 8, 13, 17, 22, 26, 31 തീയതികളില്‍ ജനിച്ചവര്‍.
9, 18, 27 തീയതികളില്‍ ജനിച്ചവര്‍
ജീവിതവിജയത്തിന് ലക്ഷ്യബോധവും ഇച്ഛാശക്തിയും നിങ്ങള്‍ക്ക് വേണം. നിയന്ത്രണങ്ങള്‍ക്ക് നേരെ കലാപക്കൊടിയുയര്‍ത്തും. മറ്റുള്ളവരുമായി ഇടപഴകാന്‍ നയചാതുരി ശീലിക്കണം. സ്വാതന്ത്ര്യബോധവും ധൈര്യവുമുള്ള വ്യക്തിയാണ്. മുന്‍കോപം നിയന്ത്രിക്കണം. സാഹസികത ഇഷ്ടപ്പെടും. ഒരേ സ്ഥലത്ത് കൂടുതല്‍ ദിവസം തങ്ങാന്‍ അഷ്ടപ്പെടില്ല. ബന്ധുജനങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെടും. താമസിച്ചുമാത്രം വിവാഹം കഴിക്കുക. തീയ്, വെടിക്കോപ്പുകള്‍, പ്രകൃതിക്ഷോഭം മുതലായവയിലൂടെ അപകടം പ്രതീക്ഷിക്കാം. വാര്‍ദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കണം. കോടതിയും കേസുകളുമായി ബന്ധപ്പെട്ട് ധനനഷ്ടം വരാതെ നോക്കണം. ജനങ്ങളുടെ അംഗീകാരവും ഉത്തരവാദിത്തവും പ്രകടമാക്കുന്ന ഉന്നതപദവിയില്‍ നിയമിതനാകും. ശുഭാപ്തി വിശ്വാസമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍. സാമ്പത്തികമായി വന്‍വിജയം നേടിയാല്‍ അത് നഷ്ടപ്പെടാതെ നോക്കണം. ആരോഗ്യം പ്രശ്നമല്ല. അപകടങ്ങളാണ് സൂക്ഷിക്കേണ്ടത്. കണ്ണുകള്‍ക്ക് അസുഖം വരും.
ഇഷ്ടതീയതികള്‍ 2, 7, 9, 11, 16, 18, 20, 25, 27, 29. ജൂലൈ 27 ന് ജനിച്ചവര്‍ക്ക് ഇഷ്ടതീയതികള്‍ 1, 4, 9, 10, 13, 18, 19, 22, 27, 28, 31 എന്നിവയാണ്. എല്ലാ നല്ല കാര്യവും ഈ ദിവസങ്ങളില്‍ ചെയ്യുക. ഭാഗ്യനിറങ്ങള്‍ ചുവപ്പ്, റോസ്, പച്ച, ചാരനിറം. ഭാഗ്യരത്നങ്ങള്‍ മാണിക്യം, പവിഴം, ചന്ദ്രകാന്തം, മുത്ത്. പ്രധാന സംഭവവയസ്സുകള്‍ 1, 9, 10, 18, 19, 27, 28, 36, 45, 46, 54, 55, 63, 64, 72, 73. സൗഹൃദം ഏത് മാസത്തിലെയും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍.
ജൂലൈ മാസത്തില്‍ ജനിച്ച ഇന്ത്യയിലെ ശ്രേഷ്ഠ വ്യക്തികള്‍.
മന്‍മോഹന്‍സിംഗ്, രേവതി, ബാലഗംഗാധരതിലക്, സൂര്യ, ധനുഷ്, എം.എസ്. ധോണി, ദുല്‍ക്കര്‍ സല്‍മാന്‍, രണ്‍വീര്‍സിംഗ്
അടുത്തലക്കം: ആഗസ്റ്റ് മാസം നല്‍കുന്ന അനുഭവനന്മകള്‍.