കമഴ്ന്നുവീണാല്‍ കാല്‍പ്പണവുമായിപ്പൊങ്ങുന്ന സെപ്തംബര്‍ മാസക്കാര്‍

കമഴ്ന്നുവീണാല്‍ കാല്‍പ്പണവുമായിപ്പൊങ്ങുന്ന സെപ്തംബര്‍ മാസക്കാര്‍

HIGHLIGHTS

ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്തവിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.

 

പൊതുഫലങ്ങള്‍

ജീവിതായോധനത്തില്‍ വിജയം നേടും. നല്ല ബുദ്ധിസാമര്‍ത്ഥ്യവും അത്ഭുതകരമായ ഓര്‍മ്മശക്തിയും ഉണ്ടായിരിക്കും. ജാഗ്രതയോടെയുള്ള പെരുമാറ്റം കാരണം ആരുടെയും വഞ്ചനയില്‍പ്പെടില്ല. സ്വന്തം പദ്ധതികള്‍ക്ക് രൂപം കൊടുക്കാനായില്ലെങ്കിലും മറ്റുള്ളവര്‍ തയ്യാറാക്കിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിക്കും. 

അധികാരസ്ഥാനങ്ങളെയും പദവികളെയും ബഹുമാനിക്കും. നിയമം വിട്ടൊരു കളിയിവര്‍ക്കില്ല. ചില സെപ്തംബര്‍കാര്‍ മികച്ച അഭിഭാഷകരോ പ്രാസംഗികരോ ആയിരിക്കും. ശാസ്ത്രഗവേഷണത്തിലും വ്യവസായത്തിലും മുന്‍നിരയിലെത്തും. മനക്കരുത്തും അദ്ധ്വാനശേഷിയും അചഞ്ചലമായ ആത്മവിശ്വാസവുമുള്ള ഇവര്‍ സ്വന്തം ആശയങ്ങളില്‍ ഒതുങ്ങിക്കൂടുകയും അത് നിറവേറ്റാന്‍ ശ്രമം നടത്തുകയും ചെയ്യും. ഇവരുടെ പ്രകൃതം ഒന്നുകില്‍ ഏറ്റവും നല്ലത്, അല്ലെങ്കില്‍ തീരെ മോശം എന്നതാണ്. ധനമോഹത്താല്‍ ഇവര്‍ എന്തുചെയ്യാനും മടിക്കില്ല. ഉപജീവനത്തിനുവേണ്ട ഏത് തൊഴിലും സ്വീകരിക്കും. അതുമായി ഇണങ്ങിച്ചേരും. പ്രണയത്തെക്കുറിച്ചുള്ള മനോഭാവം എന്തെന്ന് കണ്ടുപിടിക്കാന്‍ എളുപ്പമല്ല. ഇവരില്‍ ഒരുവിഭാഗം ആള്‍ക്കാര്‍ ഏറ്റവും വിശ്വസ്തരും അങ്ങേയറ്റം വിശ്വാസഘാതകരുമായി കാണപ്പെടും. ആദ്യകാലത്ത് നന്മനിറഞ്ഞവരായി കാണപ്പെടുകയും പിന്നീട് നേര്‍ വിപരീതമാവുകയാണ് പതിവ്. പക്ഷേ നിയമങ്ങളെ അനുസരിക്കുന്നതുകൊണ്ടും ജന്മസിദ്ധമായ ബുദ്ധിസാമര്‍ത്ഥ്യവുംകൊണ്ടും തിന്മയെ നിയന്ത്രിച്ചുനിര്‍ത്താനാകും.  

ഭക്ഷണപ്രിയരായതുകൊണ്ട് രുചികരമായ ആഹാരം വേണമെന്ന നിര്‍ബന്ധമുണ്ട്. സാഹചര്യങ്ങളുടെ സ്വാധീനം മനസ്സിനെയും ആരോഗ്യത്തെയും വേഗം ബാധിക്കും. ഒരുതരം അന്തര്‍മുഖത്വസ്വഭാവം ഇവര്‍ക്കുണ്ട്. പണത്തെ അളവറ്റ് സ്നേഹിക്കും. നല്ല വായനാശീലമുള്ളവരും കലാസാഹിത്യവിമര്‍ശകരുമാണിവര്‍.  മനസ്സ് സ്നേഹാര്‍ദ്രമാണ്.  വഞ്ചനപൊറുക്കില്ല. ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്മാറുകയില്ല. ഇച്ഛാശക്തികൊണ്ട് നിരാശയെ മറികടക്കാന്‍ യത്നിക്കും. പുരോഗമനം ആഗ്രഹിക്കുന്നവരാണ്. ക്ഷമാശീലവും സഹനശക്തിയും വളര്‍ത്തിയെടുക്കും. ചിന്താശീലരും ഗൗരവക്കാരുമാണ്. വിജ്ഞാനം സമ്പാദിക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കും. ഇവരില്‍ കാണപ്പെടുന്ന പ്രത്യേകത എപ്പോഴും ചെറുപ്പമായി കാണപ്പെടും എന്നതാണ്. പ്രായാധിക്യത്തിന്‍റെ ലക്ഷണം കാണുകയില്ല. 

നിസ്സാരകാര്യങ്ങളെച്ചൊല്ലി അസ്വസ്ഥരാകുമെങ്കിലും കലഹം ഇഷ്ടപ്പെടുകയില്ല.  ദഹനപ്രക്രിയ ശരിയായി നടക്കുകയില്ല. കുടല്‍രോഗങ്ങള്‍ കരുതിയിരിക്കുക. സാമ്പത്തികനില മെച്ചമായിരിക്കും.

ഇനി സെപ്തംബര്‍ മാസത്തിലെ ഓരോ തീയതിയിലും ജനിച്ചവരെ പരിചയപ്പെടാം.

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍

മനസ്സിനെ സദാ പ്രവര്‍ത്തനനിരതമാക്കും. വിജ്ഞാനം സമ്പാദിക്കാന്‍ താല്‍പ്പര്യം കാട്ടും. ചിന്താശീലമുള്ള പ്രകൃതിയെ പഠിക്കാനാഗ്രഹിക്കുന്ന പരിശ്രമശാലികള്‍. ഏതുതൊഴിലിലും ആത്മാര്‍ത്ഥത പ്രകടമാക്കും. നല്ല ഭാഷാസ്വാധീനവും സൗന്ദര്യം ആസ്വാദിക്കാനുള്ള കഴിവുള്ളവര്‍. ഏത് മേഖലയിലും പരീക്ഷണം നടത്തും. മധ്യവയസ്സുകഴിഞ്ഞായിരിക്കും സ്ഥിരജോലി ലഭിക്കുന്നത്. അസ്വസ്ഥതയും അതൃപ്തിയും അലട്ടും. ആവശ്യമില്ലാതെ മനസ്സ് വിഷമിക്കും. സ്വന്തം കഴിവില്‍ വിശ്വസിച്ച് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി വളര്‍ത്തിയെടുക്കണം. സാമ്പത്തികസ്ഥിതി പൊതുവെ മെച്ചമായിരിക്കും. ആരോഗ്യനില നല്ലതാണ്. വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നത് നല്ലതല്ല. 

ഇഷ്ടതീയതികള്‍- 1, 10, 19, 28. ഭാഗ്യനിറങ്ങള്‍- മഞ്ഞ, സ്വര്‍ണ്ണനിറം, നീല, ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, ഇന്ദ്രനീലം, വൈഡൂര്യം. പ്രധാന സംഭവവയസ്സുകള്‍- 1, 10, 19, 28, 37, 46, 55, 64, 73. സൗഹൃദം- ഏത് മാസത്തിലും ജനിച്ച 1, 2, 4, 7, 10, 11, 13, 16, 19, 20, 22, 25, 28, 29, 31 തീയതിക്കാര്‍.

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍

ഭാവനാസമ്പന്നനും ബുദ്ധിമാനുമാണ് നിങ്ങള്‍. എന്നാല്‍ എപ്പോഴും മാറ്റം ആഗ്രഹിക്കുന്നതുകൊണ്ട് കഴിവുകളെ പൂര്‍ണ്ണമായി പ്രകടമാക്കാന്‍ കഴിയുകയില്ല. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം. ആഡംബര പ്രിയനല്ല. നാട്യമില്ല. ആത്മവിശ്വാസമില്ലായ്മ പിന്‍നിരയില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിക്കും. അതിനെ അതിജീവിക്കുക. ഗവേഷണത്തിലും കലാസാഹിത്യ പ്രവര്‍ത്തനങ്ങളിലും വിജയിക്കും. പ്രകൃതിസ്നേഹിയാണ്. പൂക്കളെ ഇഷ്ടപ്പെടും. ശാന്തസ്വഭാവിയും അച്ചടക്കമുള്ളവനുമാണ്. എതിര്‍ലിംഗത്തില്‍പ്പെട്ടവരെ വേഗം ആകര്‍ഷിക്കും. ധാരാളം യാത്ര ചെയ്യും. ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ വിഷാദരോഗത്തിന് അടിപ്പെടും. ബുദ്ധി ഉപയോഗിച്ച് ധനം സമ്പാദിക്കുന്നതില്‍ താല്‍പ്പര്യമുണ്ടാകും. മിതവ്യയം ശീലിക്കും. ദഹനേന്ദ്രിയ രോഗങ്ങള്‍ കരുതിയിരിക്കുക. 

ഇഷ്ടതീയതികള്‍-2, 7, 11, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- പച്ച, നീല, ചാരനിറം. ഭാഗ്യരത്നങ്ങള്‍- ചന്ദ്രകാന്തം, മുത്ത്, പച്ചക്കല്ലുകള്‍. പ്രധാന സംഭവവയസ്സുകള്‍-2, 11, 20, 29, 38, 47, 56, 65, 74. സൗഹൃദം- ഏത് മാസത്തിലും ജനിച്ച 2, 7, 11, 16, 20, 25, 29 തീയതിക്കാര്‍.

3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍

ഉയരണമെന്ന് അതിശക്തമായ ആഗ്രഹമുള്ളവര്‍. ഏത് പദവി ലഭിച്ചാലും തൃപ്തിവരികയില്ല. മുന്നോട്ട് കുതിക്കുക എന്ന അമിതാദ്ധ്വാനം ക്ഷീണത്തിന് കാരണമാകാതെ നോക്കണം. എന്ത് വില കൊടുത്തും സ്വന്തം തീരുമാനം നടപ്പില്‍ വരുത്തും. ചുറ്റുമുള്ളവരെ ചൊല്‍പ്പടിക്ക് നിര്‍ത്തും. ഭൗതികസുഖങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കും. പ്രായോഗികതയ്ക്ക് ഊന്നല്‍ കൊടുക്കുന്ന മനസ്സാണ് നിങ്ങള്‍ക്ക്. ഉത്തരവാദിത്തവും വിശ്വസ്തതയും ആവശ്യമുള്ള മേഖലയില്‍ ജോലി ചെയ്യും. സംഘടനാശേഷിയുണ്ട്. മറ്റുള്ളവര്‍ക്ക് നിയമമുണ്ടാക്കുമെങ്കിലും സ്വന്തം കാര്യത്തില്‍ അത് പാലിക്കില്ല. വിവാഹം വിചിത്രമായ അനുഭവമായിരിക്കും. സാമ്പത്തികമായോ, ബുദ്ധിപരമായോ താഴ്ന്ന നിലയിലുള്ള ഇണയെ സ്വീകരിച്ചാലും തെറ്റില്ല. സാമ്പത്തിക ഭദ്രതയുണ്ടാകും. പ്രമേഹം, കരള്‍- ഉദര-പ്ലീഹാ രോഗങ്ങള്‍ ശ്രദ്ധിക്കണം. 

ഇഷ്ടതീയതികള്‍-3, 5, 6, 12, 14, 15, 21, 23, 24, 30. ഭാഗ്യനിറങ്ങള്‍- മഞ്ഞ, വയലറ്റ്. ഭാഗ്യരത്നം- വൈഡൂര്യം, പുഷ്യരാഗം. പ്രധാന സംഭവവയസ്സുകള്‍-3, 12, 21, 30, 48, 57, 66, 75. സൗഹൃദം ഏത് മാസത്തിലും ജനിച്ച 3, 5, 6, 12, 14, 15, 21, 23, 24, 30 തീയതിക്കാര്‍.

4, 13, 22 തീയതികളില്‍ ജനിച്ചവര്‍

ചിന്തയും പ്രവൃത്തിയും അസാധാരണത്വവും പുതുമയും നിറഞ്ഞവര്‍. കാണുന്നവര്‍ക്ക് വിചിത്രസ്വഭാവമുള്ള വ്യക്തിയായിത്തോന്നും. സുഹൃത്തുക്കള്‍ പരിമിതരായിരിക്കും. ഉള്ളവര്‍ നിങ്ങള്‍ക്ക് ഉപകാരികളുമായിരിക്കും. കുടുംബാംഗങ്ങളുടെ പൊതുധാരണയില്‍ നിന്ന് വ്യത്യസ്തമായിരിക്കും വീക്ഷണവും ജീവിതവും. ഇച്ഛാശക്തിയും താല്‍പ്പര്യവും പിടിവാശിയാകാതെ നോക്കണം. ലൗകികമായ അര്‍ത്ഥത്തില്‍ ഒരു പരാജയമാണെന്ന് മറ്റുള്ളവര്‍ പറയും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെടും. ശത്രുക്കളെ സൃഷ്ടിക്കാതെ നോക്കുക. കോടതി, നിയമനടപടികള്‍ ഇവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. സ്വന്തം മനസ്സാക്ഷിക്ക് യുക്തമെന്ന് തോന്നുന്നത് മാത്രം ചെയ്യുക. മറ്റുള്ളവര്‍ നിങ്ങളുടെ സ്വകാര്യതയില്‍ ഇടപെടാതെ നോക്കുക. വാദപ്രതിവാദത്തില്‍ തീരുമാനെടുക്കാന്‍ പാടില്ല. നിങ്ങളുടെ സ്വഭാവവുമായി ചേര്‍ന്നുപോകുന്ന ഇണയെ മാത്രം സ്വീകരിക്കുക. 

ഇഷ്ടതീയതികള്‍- 4, 13, 22. ഭാഗ്യനിറങ്ങള്‍- നീല, സ്വര്‍ണ്ണനിറം, മഞ്ഞ, ഗോള്‍ഡന്‍ ബ്രൗണ്‍. ഭാഗ്യരത്നങ്ങള്‍-ഇന്ദ്രനീലം, മാണിക്യം. പ്രധാന സംഭവവയസ്സുകള്‍- 4, 8, 13, 17, 22, 26, 31, 35, 40, 44, 49, 53, 58, 62, 67, 71. സൗഹൃദം ഏത് മാസത്തിലെയും 4, 8, 13, 17, 22, 26, 31 തീയതികളില്‍ ജനിച്ചവര്‍.

5, 14, 23 തീയതികളില്‍ ജനിച്ചവര്‍

ജന്മസിദ്ധമായ പ്രവര്‍ത്തനസ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവര്‍. പ്രത്യേകമായൊരു തൊഴിലില്‍ ഒതുങ്ങുന്നവര്‍. ബുദ്ധിപരമായ പ്രവര്‍ത്തനം കൊണ്ട് എല്ലാ രംഗത്തും വിജയം വരിക്കുന്നവര്‍. ഒരേതരം ജോലികള്‍ ഇഷ്ടപ്പെടാത്തവര്‍. ഇവരെ സ്വാധീനിക്കാന്‍ എളുപ്പമാണ്. മറ്റുള്ളവരുടെ നിര്‍ദ്ദേശമോ, ഉപദേശമോ ചെവിക്കൊണ്ട് പ്രവര്‍ത്തിക്കുകമൂലം പല സുവര്‍ണ്ണാവസരങ്ങളും നഷ്ടപ്പെടുത്തും.നൈമിഷിക പ്രേരണകൊണ്ട് ഒരു തൊഴിലുപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കും. പരിതസ്ഥിതികളോടും വ്യക്തികളോടും പെട്ടെന്ന് ഇണങ്ങാനുള്ള കഴിവുണ്ട്. വിദേശരാജ്യങ്ങളില്‍പ്പോയാല്‍ അവിടത്തെ രീതികളുമായി പെട്ടെന്ന് പൊരുത്തപ്പെടും. അവിടുത്തെ ഭാഷ പഠിക്കും. എങ്ങോട്ടും ഏത് നിമിഷവും യാത്ര പുറപ്പെടും. സ്നേഹസമ്പന്നനും നല്ലൊരു ആതിഥേയനുമാണ് നിങ്ങള്‍. ആരോടും ഇണങ്ങുന്ന പ്രകൃതം. സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും പ്രശസ്തി നേടാം. ഒന്നില്‍ കൂടുതല്‍ സ്നേഹബന്ധങ്ങള്‍ വിവാഹബന്ധത്തെ തടസ്സപ്പെടുത്തും. 

ഇഷ്ടതീയതികള്‍-5, 14, 23. ഭാഗ്യനിറങ്ങള്‍- എല്ലാത്തിന്‍റെയും ഇളം നിറങ്ങള്‍. ഭാഗ്യരത്നങ്ങള്‍- മരതകം, തിളക്കമുള്ള മറ്റെല്ലാ രത്നങ്ങളും. പ്രധാന സംഭവവയസ്സുകള്‍-5, 14, 23, 32, 41, 50, 68, 77. സൗഹൃദം- ഏത് മാസത്തിലെയും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍. അത് സെപ്തംബര്‍, ജൂണ്‍, ഫെബ്രുവരി മാസത്തില്‍ ജനിച്ചവരായാല്‍ കൂടുതല്‍ നന്ന്.

6, 15, 24 തീയതികളില്‍ ജനിച്ചവര്‍

സഹാനുഭൂതിയുള്ള സ്വഭാവമാണ് നിങ്ങള്‍ക്ക്. പ്രേമം, സ്നേഹം തുടങ്ങിയ വികാരങ്ങള്‍ക്ക് ജീവിതത്തില്‍ മുഖ്യസ്ഥാനമുള്ളവര്‍. ഒരേസമയം ഒന്നിലധികം പ്രണയബന്ധങ്ങളുണ്ടാകും. അത് പ്രശ്നങ്ങളും സൃഷ്ടിക്കും. പതിവിലും നേരത്തെ കുടുംബചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും. രണ്ടും ജീവിതത്തില്‍ നിങ്ങളെ സ്വാധീനിക്കപ്പെടാനിടയുണ്ട്. വളരെ കര്‍ക്കശമായ മതാധിഷ്ഠിത ജീവിതവും കുടുംബബന്ധങ്ങളില്‍ നിന്നകന്ന് സ്വതന്ത്രവും സാഹസികവുമായ ജീവിതവും. യൗവനത്തിലെ സ്ഥിതിഗതികളും പ്രേമബന്ധങ്ങളുമാണ് ഇതില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാന്‍ കാരണമാകുന്നത്. പുറംലോകത്തെ ജീവിതമാണ് നിങ്ങള്‍ക്കിഷ്ടം. കായികവിനോദം, വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കല്‍, കൃഷി ഇതൊക്കെ ഇഷ്ടമുള്ള കാര്യമാണ്. നല്ല സാമ്പത്തിക ജാതകമാണ് നിങ്ങള്‍ക്ക്. ആരോഗ്യവും നല്ലതുതന്നെ. 

ഇഷ്ടതീയതികള്‍- 5, 6, 15, 23, 24. ഭാഗ്യനിറങ്ങള്‍- നീല, വെള്ള, ക്രീം. ഭാഗ്യരത്നങ്ങള്‍-വൈഡൂര്യം, മൂന്ന്. പ്രധാന സംഭവവയസ്സുകള്‍-5, 6, 14, 15, 23, 24, 32, 33, 41, 42, 50, 51, 59, 60. സൗഹൃദം- ഏത് മാസത്തിലെയും 5, 6, 14, 15, 23, 24 തീയതികളില്‍ ജനിച്ചവര്‍.

7, 16, 25 തീയതികളില്‍ ജനിച്ചവര്‍

നിങ്ങളുടെ പൊതുസ്വഭാവവും കാഴ്ചപ്പാടും അത്ര ഭാവനാത്മകമായിരിക്കില്ല. നിഗൂഢശാസ്ത്രത്തില്‍ താല്‍പ്പര്യമുണ്ടാകും. എങ്കിലും അത് അവിശ്വാസികളുടെ വിമര്‍ശനപഠനമായിരിക്കും. വിശകലനദൃഷ്ടിയോടെ വസ്തുതകളെ സമീപിക്കും. യുക്തിക്ക് നിരക്കുന്നതുമാത്രം കണ്ടാല്‍ വിശ്വസിക്കും. എന്നാല്‍ നിങ്ങളുടെ വിശ്വാസം ആരിലും അടിച്ചേല്‍പ്പിക്കുകയില്ല. സ്വന്തമായൊരു തീരുമാനത്തിലെത്തുന്നതിന് മുമ്പ് പ്രശ്നത്തിന്‍റെ നാനാവശങ്ങളും ചിന്തിക്കും. എഴുത്തുകാരന്‍, സംഗീതജ്ഞന്‍, രസതന്ത്രജ്ഞന്‍, വ്യവസായസംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വിജയം നേടാനിടയുണ്ട്. ആദ്യകാലത്തെ ക്ലേശകരമായ ജീവിതം കഴിഞ്ഞാല്‍ പിന്നെ പണവും പദവിയും വന്നുചേരും. നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങളെക്കാള്‍ മുതിര്‍ന്നവരും ഏറെക്കുറെ വിചിത്ര സ്വഭാവക്കാരുമായിരിക്കും. സാമ്പത്തിക ഇടപാടുകളില്‍ അമിത ഉത്ക്കണ്ഠയുണ്ടാകാതെ ശ്രദ്ധിച്ചുനീങ്ങുക. ദഹനേന്ദ്രിയ രോഗങ്ങള്‍ പിടിപെടാതെ നോക്കുക. 

ഇഷ്ടതീയതികള്‍-2, 7, 11, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- ചാരനിറം, ഇളംപച്ച, ക്രീം, വെള്ള. ദശാസന്ധികള്‍-2, 7, 11, 16, 20, 25, 29, 34, 38, 43, 47, 52, 56, 61, 65, 70. സൗഹൃദം- ഏത് മാസത്തിലെയും 2, 7, 11, 16, 20, 25, 29 തീയതികളില്‍ ജനിച്ചവര്‍.

8, 17, 26 തീയതികളില്‍ ജനിച്ചവര്‍

മുപ്പത്തഞ്ചുവയസ്സുവരെ പല ക്ലേശങ്ങളും അനുഭവിക്കും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം പല ഉദ്ദേശങ്ങളും ലക്ഷ്യത്തിലെത്തിക്കുകയില്ല. അസാധാരണ വിഷയങ്ങളിലാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. നിങ്ങള്‍ക്ക് ഏത് കാര്യത്തിലും സ്വന്തമായ ഒരഭിപ്രായമുണ്ട്. പക്ഷേ അതാരോടും പറയുകയില്ല. മറ്റുള്ളവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കും. ആരെയും വിമര്‍ശിക്കും. മനഃസാക്ഷിക്ക് നിരക്കുന്നതേ പ്രവര്‍ത്തിക്കുകയുള്ളൂ. കഠിനമായി പ്രയത്നിക്കും. പഴയ ഗ്രന്ഥങ്ങള്‍ ശേഖരിക്കും. മ്യൂസിയങ്ങളും ഗ്രന്ഥശാലകളും സന്ദര്‍ശിക്കും. പൂര്‍വ്വസംസ്ക്കാരബന്ധിതമായ പുസ്തകങ്ങള്‍ രചിക്കും. അമിതജാഗ്രത പണമുണ്ടാക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തും. ഭൂമിയിലും കെട്ടിടത്തിലും പണമിറക്കി ആദായമുണ്ടാക്കും. ഗുരുതരമായ അപകടങ്ങള്‍ വരാതെ നോക്കണം. ഹെര്‍ണിയ, ഉദരരോഗം, ചര്‍മ്മരോഗം ഇവയ്ക്കെതിരെ കരുതലെടുക്കുക. 

ഇഷ്ടതീയതികള്‍-4, 8, 13, 22, 26, 31. ഭാഗ്യനിറങ്ങളായി എല്ലാ ഇളം നിറങ്ങളും ഉപയോഗിക്കുക. ഭാഗ്യരത്നങ്ങള്‍- കറുത്ത മുത്ത്, ഇന്ദ്രനീലം. പ്രധാന സംഭവവയസ്സുകള്‍- 4, 8, 13, 17, 22, 26, 31, 40, 44, 49, 53, 58, 62. സൗഹൃദം- ഏത് മാസത്തിലെയും 4, 8, 13, 17, 22, 26, 31 തീയതികളില്‍ ജനിച്ചവര്‍.

9, 18, 27 തീയതികളില്‍ ജനിച്ചവര്‍

സൂക്ഷ്മനിരീക്ഷണ സാമര്‍ത്ഥ്യവും വിമര്‍ശനബുദ്ധിയും പരിഹാസപാടവവും നിങ്ങളുടെ കൂടെപ്പിറപ്പാണ്. നിസ്സാരകാര്യത്തില്‍ മനപ്രയാസപ്പെടും. നിര്‍മ്മാണ പ്രവര്‍ത്തികളിലും ഫാക്ടറികളിലും എഞ്ചിനീയറിംഗിലും നിങ്ങള്‍ക്ക് ഭാവിയുണ്ട്. യന്ത്രോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്ധ്യമുണ്ട്. സൂക്ഷ്മോപകരണങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കും. ശസ്ത്രക്രിയാവിദഗ്ദ്ധനായോ, ദന്തചികിത്സകനായോ അറിയപ്പെടും. ഇനി തത്വചിന്തകനായോ, എഴുത്തുകാരനായോ അറിയപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. ഭൂവികസനം, കൃഷി എന്നീ മേഖലകള്‍ ഇഷ്ടപ്പെട്ടാലും വിജയമാണ്. യന്ത്രങ്ങളില്‍ നിന്നോ, മൃഗങ്ങളില്‍ നിന്നോ ഉള്ള അപകടങ്ങള്‍ സൂക്ഷിക്കുക. വാഹനാപകടങ്ങള്‍, പ്രത്യേകിച്ച് വിമാനത്തില്‍ നിന്നുള്ള അപകടത്തില്‍ പ്രത്യേകശ്രദ്ധ വേണം. സെപ്തംബര്‍ 27 ന് ജനിച്ചവര്‍ക്കാണ് അപകടസാധ്യത കൂടുതല്‍. പൊതുവെ എല്ലാ മേഖലയിലും വിജയസാധ്യതയുണ്ട് നിങ്ങള്‍ക്ക്. പണം സമ്പാദിക്കാന്‍ കഴിയും. ഗുരുതരമായ രോഗങ്ങളെക്കാളുപരി അപകടങ്ങളെയാണ് ശ്രദ്ധിക്കേണ്ടത്. സെപ്തംബര്‍ 27 ന് ജനിച്ചവര്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം.

9 നും 18 നും ജനിച്ചവര്‍ക്ക് 5, 9, 14, 18, 23, 27 തീയതികളും 27 ന് ജനിച്ചവര്‍ക്ക് 6, 9, 15, 18, 24, 27 തീയതികളും നല്ലതാണ്. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, ചുവന്നകല്ലുകള്‍. പ്രധാന സംഭവവയസ്സുകള്‍-9, 18, 27, 31, 45, 54, 63, 72, 81. സൗഹൃദം- ഏത് മാസത്തിലെയും 3, 6, 9, 12, 15, 18, 21, 24, 27, 30 തീയതികളില്‍ ജനിച്ചവര്‍.

സെപ്തംബര്‍മാസത്തില്‍ ജനിച്ച ഇന്ത്യയിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍.

നരേന്ദ്രമോദി, ലതാമങ്കേഷ്ക്കര്‍, ഷിര്‍ദ്ദിസായിബാബ., മഞ്ജുവാര്യര്‍, മമ്മൂട്ടി, എം.എസ്. സുബ്ബലക്ഷ്മി, ആശാഭോസ്ലെ, മന്‍മോഹന്‍സിംഗ്, മാതാ അമൃതാനന്ദമയി

അടുത്തലക്കം: ഒക്ടോബര്‍ മാസം അനുഗ്രഹിച്ചവര്‍