ദ്വൈവാര ഫലങ്ങൾ: 1-ഫെബ്രുവരി-2024 മുതൽ 15-ഫെബ്രുവരി -2024 വരെ (1199 മകരം 18 മുതൽ കുംഭം 2 വരെ)
ഫെബ്രുവരി 13 ചൊവ്വാഴ്ച പകൽ 3 മണി 46 മിനിട്ടിന് കുംഭരവിസംക്രമം
ഫെബ്രുവരി 5 ന് രാത്രി 9 മണി 44 മിനിട്ടിന് കുജൻ മകരം രാശിയിലേയ്ക്കും
ഫെബ്രുവരി 1 ന് പകൽ 2 മണി 23 മിനിട്ടിന് ബുധൻ മകരം രാശിയിലേയ്ക്കും
ഫെബ്രുവരി 12 ന് പുലർച്ചെ 4മണി 54 മിനിട്ടിന് ശുക്രൻ മകരം രാശിയിലേക്കും പകരും
ഫെബ്രുവരി 1 ന് ഷഷ്ഠിവ്രതം,
ഫെബ്രുവരി 6 ന് ഏകാദശിവ്രതം,
പകൽ 10 മണി 27 മിനിട്ട് മുതൽ രാത്രി 11 മണി 34 മിനിട്ടുവരെ ഹരിവാസരം.
ഫെബ്രുവരി 9 ന് അമാവാസി.
കുംഭഭാവത്തിലുള്ള ശുക്ലപക്ഷ പഞ്ചമി തിഥിശ്രാദ്ധം
ഫെബ്രുവരി 13 ന് ആചരിക്കേണ്ടതാണ്.
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
ലഗ്നത്തിൽ വ്യാഴം, ആറിൽ കേതു, ഒൻപതിൽ കുജൻ, ബുധൻ, ശുക്രൻ, പത്തിൽ ആദിത്യൻ, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.
എല്ലാരംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണതയിലെത്തിക്കും. പലവിധത്തിലുള്ള ധനലാഭൈശ്വര്യങ്ങളുണ്ടാകും. ദാമ്പത്യ സൗഖ്യം ഉണ്ടാകും. വായ്പ കൊടുത്ത പണം തിരികെ കിട്ടാൻ പ്രയാസപ്പെടും. കലഹങ്ങൾ ഉണ്ടാകും. ധനകാര്യപ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കും. ബുദ്ധിപരമായ കാര്യങ്ങൾ മന്ദീഭവിക്കും. എല്ലാ തടസ്സങ്ങളും മാറി മാറിക്കിട്ടും. ഗൃഹാന്തരീക്ഷം നന്നായിരിക്കില്ല. ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ജാഗ്രത വേണം. എല്ലാ വിഷയങ്ങളിലും അറിവ് സമ്പാദിക്കാൻ ശ്രമിക്കും. മുൻകോപം നിയന്ത്രിക്കണം. രഹസ്യമായി പാപവൃത്തികൾ നടത്താൻ ശ്രമിക്കും. വിവാഹാലോചനകൾക്ക് തടസ്സം വരും. വായുകോപം ശ്രദ്ധിക്കണം.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'വിശുദ്ധ ജ്ഞാനദേഹായ ത്രിവേദി ദിവ്യചക്ഷുഷേ
ശ്രേയഃ പ്രാപ്തി നിമിത്തായ നമഃ സോമാർദ്ധധാരിണേ.'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്:(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
അഞ്ചിൽ കേതു, അഷ്ടമത്തിൽ കുജൻ, ബുധൻ, ശുക്രൻ, ഒൻപതിൽ ആദിത്യൻ, പത്തിൽ ശനി, പതിനൊന്നിൽ രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. പലവിധ ആപത്തുകൾക്കും സാധ്യതയുണ്ട്. വഴിയാത്രയിൽ പ്രശ്‌നങ്ങളുണ്ടാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാവും. കാര്യതടസ്സങ്ങളുണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. വാതബന്ധിയായ അസുഖങ്ങൾ ശ്രദ്ധിക്കണം. ശരീരവേദന, നീർക്കെട്ട് ഇവയുണ്ടാകും. ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. സത്കർമ്മങ്ങളിലേർപ്പെടും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. നിർബന്ധബുദ്ധി കൂടുതലാകും. മക്കളെക്കൊണ്ടുള്ള സമാധാനം കുറയും. ബന്ധുജനങ്ങളുമായുള്ള ബന്ധം സുദൃഢമാകും. അച്ഛനുമായി കലഹിക്കേണ്ടതായി വരും. ക്ഷമ കുറവാകും.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ദുർഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ
പ്രണതക്ലേശായ ഗോവിന്ദായ നമോ നമഃ'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
നാലിൽ കേതു, ഏഴിൽ കുജൻ, ബുധൻ, ശുക്രൻ, അഷ്ടമത്തിൽ ആദിത്യൻ, ഒൻപതിൽ ശനി, പത്തിൽ രാഹു, പതിനൊന്നിൽ വ്യാഴം ഇതാണ് ഗ്രഹനില.
വീട്ടിൽ സ്വസ്ഥത കുറയും. തർക്കവിഷയങ്ങളിൽ വിജയം നേടും. മറ്റുള്ളവരുടെ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കും. പാപകർമ്മങ്ങളിൽ വാസന കൂടുതലാകും. മറ്റുള്ളവരെക്കുറിച്ച് അപവാദം പറയാതെ ശ്രദ്ധിക്കണം. വീട്ടുപകരണങ്ങൾക്ക് നാശം വരും. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. വ്രണങ്ങൾ, മാനസികക്ലേശം, തലവേദന ഇവയുണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ബന്ധുജനങ്ങളോടുള്ള വിരോധം കൂടുതലാകും. പൊതുപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. കമിതാക്കളുടെ ആഗ്രഹം സഫലമാകും.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ഐകമത്യസൂക്ത പുഷ്പാഞ്ജലി കഴിച്ച്
'ശിവ തവ പരിചര്യാ സന്നിധാനായ ശൗര്യാ
ഭവമറുഗുണധൃയ്യാ ബുദ്ധികന്യാം പ്രഭാസേ,
സകലഭുവനബന്ധോ സച്ചിദാനന്ദസിന്ധോ
സകലഹൃദയഗേഹേ സർവ്വദാ സംവസത്വം'
ഈ ശിവസ്‌തോത്രം നിത്യം രണ്ടുനേരം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
മൂന്നിൽ കേതു, ആറിൽ കുജൻ, ബുധൻ, ശുക്രൻ ഏഴിൽ ആദിത്യൻ, അഷ്ടമത്തിൽ ശനി, ഒൻപതിൽ രാഹു, പത്തിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.
സഹോദരബന്ധങ്ങൾ സുഖകരമായിരിക്കില്ല. യാതൊരു ലക്ഷ്യവുമില്ലാതെ വഴിനടക്കേണ്ടതായി വരും. ചെമ്പ്, പിച്ചള തുടങ്ങിയ ലോഹവസ്തുക്കൾ വാങ്ങാനിടവരും. ഭാര്യാഭർത്തൃകലഹങ്ങൾ കൂടുതലാകും. നേത്രരോഗം, ഉദരരോഗം, അർശ്ശോരോഗം ഇവ കൂടുതലാകും. ശസ്ത്രക്രിയകൾ നടത്താം. കലഹവാസന കൂടുതലാകും. ചെയ്യുന്ന പ്രവൃത്തികൾക്ക് തെറ്റുപറ്റും. സ്ഥാനഭ്രംശം ഉണ്ടാകും. വഹിക്കുന്ന സ്ഥാനത്തിനനുസരിച്ച് ആദരവ് കിട്ടുകയില്ല. ബന്ധുക്കളുടെ വേർപാട് ദുഃഖത്തിലാഴ്ത്തും. മരണതുല്യമായ ചില അനുഭവങ്ങൾക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. അച്ഛനുമായോ തത്തുല്യരായിട്ടുള്ളവരുമായോ കലഹങ്ങൾക്കിടയുണ്ട്. ദുർജ്ജനങ്ങളുമായി കൂടുതലിടപെടേണ്ടതായി വരും. കഴിവുകൾ പ്രകടമാക്കാനവസരങ്ങൾ ഉണ്ടാകും. നേതൃഗുണം ഉണ്ടാകും.
ദോഷനിവൃത്തിക്ക് ശിവങ്കൽ മൃത്യുഞ്ജ മന്ത്രപുഷ്പാഞ്ജലി നടത്തുകയും,
'യോഗനിദ്ര മഹാനിദ്രേ യോഗമായേ മഹേശ്വരീ
യോഗസിദ്ധികരീ ശുദ്ധേ ദുർഗ്ഗാദേവി നമോസ്തുതേ'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടിൽ കേതു, അഞ്ചിൽ കുജൻ, ബുധൻ, ശുക്രൻ, ആറിൽ ആദിത്യൻ, ഏഴിൽ ശനി, അഷ്ടമത്തിൽ രാഹു, ഒൻപതിൽ വ്യാഴം ഇതാണ് ഗ്രഹനില.
ക്ലേശാനുഭവങ്ങൾ ഉണ്ടാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. കാര്യങ്ങൾ ക്രമപ്പെടുത്താൻ കാലതാമസം വരും. മനസ്വസ്ഥത കുറയും. മറ്റുള്ളവരുടെ ഗോപ്യമുള്ള കാര്യങ്ങൾ അറിയാനുള്ള ശ്രമം വിജയിക്കും. മറ്റുള്ളവരെ നിന്ദ്യമായി പറയരുത്. നീച സ്ത്രീ/ പുരുഷബന്ധം സൂക്ഷിക്കണം. മനോദുഃഖവും അലച്ചിലും കൂടുതലാകും. വാതബന്ധിയായ വേദനകൾ ശ്രദ്ധിക്കണം. കണ്ണിനുള്ള ശസ്ത്രക്രിയ നടത്താം. കിട്ടാനുള്ള പണത്തിന് കാലതാമസം വരുമെങ്കിലും, ധനാഗമങ്ങൾ ഉണ്ടാകും. മക്കൾക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. ശത്രുക്കൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും.
ദോഷനിവൃത്തിക്ക് ശിവങ്കൽ ധാര കഴിക്കുകയും
'സപ്താശ്വരഥമാരൂഢം പ്രചണ്ഡം കശ്യപാത്മജം
ശ്വേതപത്മധരം ദേവംതം സൂര്യം പ്രണമാമ്യഹം'
ഈ ആദിത്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
ലഗ്നത്തിൽ കേതു, നാലിൽ കുജൻ, ബുധൻ, ശുക്രൻ, അഞ്ചിൽ ആദിത്യൻ, ആറിൽ ശനി, ഏഴിൽ രാഹു, അഷ്ടമത്തിൽ വ്യാഴം ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കിട്ടുകയില്ല. ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ദുർജ്ജനങ്ങളുമായുള്ള ബന്ധം സൂക്ഷിക്കണം. ഭാര്യാഭർത്തൃകലഹം മക്കളിലേയും വ്യാപിക്കും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ഒരു ലക്ഷ്യവുമില്ലാതെ വളരെ ദൂരം നടക്കും. ശയനോപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ വാങ്ങാൻ സാധിക്കും. അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. കാൽ, കണ്ണ്, പല്ല്, നാവ് ഈ അംഗങ്ങളിൽ രോഗപീഡയുണ്ടാകും. എരിവ്, പുളി ഇവ കുറയ്ക്കണം.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ശിവപ്രദം സുഖപ്രദം ഭവച്ഛിദം ഭ്രമാപഹം
വിരാജമാനദേശികം ഭജേഹം രാമമദ്വയം.'
ഈ ശ്രീരാമസ്‌തോത്രം നിത്യം രണ്ടുനേരം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ്(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
മൂന്നിൽ കുജൻ, ബുധൻ, ശുക്രൻ, നാലിൽ ആദിത്യൻ, അഞ്ചിൽ ശനി, ആറിൽ രാഹു, ഏഴിൽ വ്യാഴം, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.
മനസ്സിൽ ദുഷ്ചിന്തകൾ കൂടുതലാകും. അതനുസരിച്ച് വീട്ടിലും അസ്വസ്ഥതകളുണ്ടാകും. മക്കളെക്കുറിച്ചോർത്ത് ദുഃഖിക്കേണ്ടതായി വരും. സ്ഥാനമാനങ്ങൾക്കനുസരിച്ച് ആദരവ് ലഭിക്കും. പ്രായോഗിക ബുദ്ധി നല്ലവണ്ണം പ്രയോഗിക്കാനവസരങ്ങൾ വരും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. അർശ്ശോരോഗം, മൂത്രാശയബന്ധിയായ രോഗങ്ങൾ, ഗർഭാശയബന്ധിയായ രോഗങ്ങൾ ഇവയുണ്ടാകും. ശസ്ത്രക്രിയകൾ നടത്താം. വിഷത്തിൽ നിന്നും ഉപദ്രവങ്ങളുണ്ടാകാനിടയുണ്ട്. യാത്രകൾ വേണ്ടിവരും. രാജതുല്യരായവരുടെ താപം ലഭിക്കാനിടയുണ്ട്. പാപകർമ്മങ്ങളെ മറച്ചുവയ്‌ക്കേണ്ടതായി വരും. വായ്പകൾ യഥാകാലം ലഭിക്കും.
ദോഷനിവൃത്തിക്ക് ശാസ്താവിന് നിരാജനം നടത്തുകയും,
'മന്ദായ ധനമന്ധ്യായ വിശേഷ ഫലദായിനേ
വശീകൃത ജനേശായ പശൂനാം പതയേ നമഃ'
ഈ ശനൈശ്വരസ്‌തോത്രം നിത്യം ഏഴുപ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
രണ്ടിൽ കുജൻ, ബുധൻ, ശുക്രൻ, മൂന്നിൽ ആദിത്യൻ, നാലിൽ ശനി, അഞ്ചിൽ രാഹു, ആറിൽ വ്യാഴം, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.
മനസ്സിൽ ആധി വർദ്ധിക്കും. മുൻകോപം നിയന്ത്രിക്കണം. ബന്ധുജനങ്ങളും സുഹൃത്തുക്കളും അകന്നുപോകും. ശിൽപ്പകലകളിലും മറ്റും പ്രവർത്തിക്കുന്നവർക്ക് നല്ല കാലമാണ്. കാര്യനിർവ്വഹണ ശക്തി കൂടുതലാകും. യാത്രകൾ വേണ്ടിവരും. ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പുകൾക്ക് സ്ഥാനമുണ്ട്. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് ബുദ്ധിമുട്ടുകളുണ്ടാകും. സുഖകാര്യങ്ങൾ അനുഭവിക്കാൻ പ്രയാസമുണ്ട്. ചെലവുകൾ കൂടുതലാകും. ദാമ്പത്യപ്രശ്‌നങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. സന്താനലബ്ധിക്കായുള്ള ചികിത്സകൾക്ക് ഫലം കുറയും. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താം. ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ വേണ്ട. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വരുമാനവർദ്ധന പ്രതീക്ഷിക്കാം.
ദോഷനിവൃത്തിക്ക് ശാസ്താവിന് എള്ള് പായസനിവേദ്യം കഴിക്കുകയും,
'രമാനാഥം രാമം
ക്ഷമാനാഥ രാമാ
യശോഹേതൃഭൂതാം വിശോകം വിധായ
വനം സന്ദഹന്തം ജവാദാനവാനാം
സദാചിന്തയേ
ശ്രീ ഹനുമന്ത മേവ.'
ഈ ഹനുമദ്‌സ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ലഗ്നത്തിൽ കുജൻ, ബുധൻ, ശുക്രൻ, രണ്ടിൽ ആദിത്യൻ, മൂന്നിൽ ശനി, നാലിൽ രാഹു, അഞ്ചിൽ വ്യാഴം, പത്തിൽ കേതു ഇതാണ് ഗ്രഹനില.
ധനനാശങ്ങൾ ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വഞ്ചനകളിൽപ്പെടാതെ ശ്രദ്ധിക്കണം. വീട്ടിലെ സ്ഥിതി മോശമാകും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ചെലവുകൾ കൂടുതലാകും. പണം ക്രമം വിട്ട് ചെലവാക്കേണ്ടതായി വരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ആനുകൂല്യങ്ങൾ കിട്ടാൻ കാലതാമസം വരും. വാക്‌ദോഷങ്ങൾ മൂലം ശത്രുക്കളുണ്ടാക്കുകയും കലഹങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മക്കൾക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും. ഗൃഹനിർമ്മാണത്തിനായി ശ്രമിക്കാം. ഇഷ്ടപ്പെട്ട ഭക്ഷണ പാനീയങ്ങൾ ലഭിക്കും. ആരോഗ്യം പൊതുവെ നന്നായിരിക്കുമെങ്കിലും നേത്രരോഗം, നീർക്കെട്ട് ഇവ ശ്രദ്ധിക്കണം. നാൽക്കാലി, ഭൂമി തുടങ്ങിയവയുടെ കച്ചവടം നന്നായിനടക്കും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. തൊഴിൽരംഗം അത്ര മെച്ചമല്ല.
ദോഷനിവൃത്തിക്ക് സർപ്പാരാധനാ കേന്ദ്രത്തിൽ മഞ്ഞൾപ്പൊടി ചാർത്തി പാൽപ്പായസ നിവേദ്യം നടത്തുകയും,
'മഹാദേവ ദേവേശ
ദേവാദിദേവ
സ്മരാമേ പുരാരേ
യമാരേ ഹരേതി
ബ്രുമാണഃ സ്മരിഷ്യാമി ഭക്ത്യാഭവന്തം
തതോമ ദയാശീല
ദേവ പ്രസീദാ'
ഈ ശിവസ്‌തോത്രം നിത്യവും രണ്ടുനേരം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2പാദങ്ങൾ)
ലഗ്നത്തിൽ ആദിത്യൻ, രണ്ടിൽ ശനി, മൂന്നിൽ രാഹു, നാലിൽ വ്യാഴം, ഒൻപതിൽ കേതു, പന്ത്രണ്ടിൽ കുജൻ, ബുധൻ, ശുക്രൻ ഇതാണ് ഗ്രഹനില.
ധനലാഭങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം വർദ്ധിക്കും. തൊഴിൽരംഗത്ത് കൂടുതൽ പണം മുടക്കാം. സഹോദരർക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മടി കൂടുതലാകും. ശരീരക്ഷീണം അനുഭവപ്പെടും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളോടുള്ള കലഹം കൂടുതലാകും. വാക്‌ദോഷം മൂലം കലഹവും കാര്യതടസ്സങ്ങളും ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും മന്ദത അനുഭവപ്പെടും. കാൽനടയാത്രകൾ വേണ്ടിവരും. കഫബന്ധിയായ അസുഖങ്ങൾ ഉണ്ടാകും. കണ്ണിനും രോഗാരിഷ്ടതയുണ്ടാകും. ശൗര്യം കൂടുതലാകും. സജ്ജനങ്ങളെക്കുറിച്ച് അപവാദം പറയാതെ ശ്രദ്ധിക്കണം. വിദേശപഠനം, ജോലി ഇവയ്ക്കായി ശ്രമിക്കാം. സഹോദരങ്ങളുമായി കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. മുഖത്തിന് വൈകല്യം ഉണ്ടാകാനിടയുണ്ട്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.
ദോഷനിവൃത്തിക്ക് വിഷ്ണു ക്ഷേത്രത്തിൽ ഷഡാക്ഷര സുദർശനമന്ത്ര പുഷ്പാഞ്ജലിയും കദളിപ്പഴ നിവേദ്യവും കഴിച്ച്
'സൗമ്യാനി യാതിരൂപാണി ത്രൈലോക്യേ വിചരന്തിതേ
യാനി ചാതൃർത്ഥ ഘോരാണി തൈ രക്ഷാസ്മാം സ്തഥാ ഭുവം.'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ശനി, രണ്ടിൽ രാഹു, മൂന്നിൽ വ്യാഴം, അഷ്ടമത്തിൽ കേതു, പതിനൊന്നിൽ കുജൻ, ബുധൻ, ശുക്രൻ, പന്ത്രണ്ടിൽ ആദിത്യൻ ഇതാണ് ഗ്രഹനില.
ബുദ്ധിശക്തി പ്രകടിപ്പിക്കാൻ അവസരങ്ങൾ ലഭിക്കും. ആയുധം മൂലം ഉപദ്രവം ഏൽക്കേണ്ടതായി വരും. പല കാര്യങ്ങളിലും ലുബ്ധത പ്രകടമാകും. പലതരത്തിലുള്ള അനിഷ്ടാനുഭവങ്ങൾക്കിടയുണ്ട്. സത്യം മറച്ചുവച്ച് വക്രതയോടെ സംസാരിക്കേണ്ടതായി വരും. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം മൂലമുള്ള പ്രശ്‌നങ്ങൾക്കും സാദ്ധ്യതയുണ്ട്. സൽക്കർമ്മങ്ങൾക്ക് ഫലം കുറയും. അനാവശ്യച്ചെലവുകൾ കൂടുതലാകും. സ്ഥാനചലനവും സ്ഥാനഭ്രംശവും ഉണ്ടാകാനിടയുണ്ട്. കാര്യതടസ്സങ്ങളുണ്ടാകുമെങ്കിലും ഈശ്വരാധീനത്താൽ തരണം ചെയ്യാനാകും. സ്വജനങ്ങളോട് വേർപ്പെട്ട് നിൽക്കേണ്ടതായി വരും. ധനക്ലേശം മൂലം മാനസികസ്വസ്ഥത കുറയും. മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ശ്രീസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'ശ്രീമഹാകാളി, മഹാലക്ഷ്മി, മഹാസരസ്വത്വഃ നമഃ'
ഇത് നൂറ്റെട്ട് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ രാഹു, രണ്ടിൽ വ്യാഴം, ഏഴിൽ കേതു, പത്തിൽ കുജൻ, ബുധൻ, ശുക്രൻ, പതിനൊന്നിൽ ആദിത്യൻ, പന്ത്രണ്ടിൽ ശനി ഇതാണ് ഗ്രഹനില.
അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. എല്ലാകാര്യങ്ങൾക്കും പ്രതിസന്ധിയുണ്ടാകും. ഗൃഹനിർമ്മാണത്തിൽ തൃപ്തി വരുകയില്ല. അതുമൂലം പണിക്കാരുമായി കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. യാത്രയ്ക്കിടയിൽ വൈഷമ്യങ്ങളുണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. ചില സുഖാനുഭവങ്ങൾ ഉണ്ടാകും. പ്രതീക്ഷിക്കാത്ത സ്ഥാനമാനലബ്ധി ഉണ്ടാകുകയും അതുവഴി അഭിമാനം വർദ്ധിക്കുകയും ചെയ്യും. ദയാശീലം കൂടുതലാകും. ഏകാഗ്രത കുറയും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡയുണ്ടാകും. മനസ്സിലെ ദുഷ്ചിന്തകളും അതുവഴി വരുന്ന ദുർബുദ്ധിയും നിയന്ത്രിക്കണം. ഭാര്യയുടെ/ ഭർത്താവിന്റെ ആരോഗ്യസ്ഥിതികൾ ആശങ്കയുണ്ടാക്കും.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ വനദുർഗ്ഗാമന്ത്ര പുഷ്പാഞ്ജലിയും ശർക്കരപ്പായസ നിവേദ്യവും നടത്തുകയും,
'സോപി ക്ഷേമ മഹാപ്‌നോതി സതതം ജാപ്യതല്പരഃ
സിദ്ധ്യന്ത്യുച്ഛാടനാദീനി വസ്തുനി സകലാനൃപി.'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂർ