ഐശ്വര്യങ്ങളുടെ ദീപാവലി

ഐശ്വര്യങ്ങളുടെ ദീപാവലി

HIGHLIGHTS

കഴിഞ്ഞ കാലത്തെ ദുഃഖം, ദേഷ്യം, നിരാശ, തിക്താനുഭവങ്ങള്‍ എന്നിവയോട് വിടചൊല്ലി ജീവിതം പുത്തന്‍ ഉന്മേഷത്തോടെ, പുതുമയോടെ ആഘോഷിക്കുക. വിജ്ഞാനത്തിന്‍റെ ദീപം ഹൃദയത്തില്‍ തെളിയിക്കാനും മുഖത്ത് അദ്ദേഹത്തിന്‍റെ പുഞ്ചിരി വിടര്‍ത്താനുമുള്ള അവസരം കൂടിയാണ് ദീപാവലി. ദീപാവലി എന്ന വാക്കിന് വിളക്കുകളുടെ കൂട്ടം എന്നും അര്‍ത്ഥമുണ്ട്. അതിനാലാണ് ദീപാവലിയെ വിളക്കുകളുടെ ഉത്സവം എന്ന് വിളിക്കുന്നത്. ഇരുട്ടിനെ അകറ്റി വെളിച്ചം കൊണ്ട് ഒരു പ്രദേശത്തെ ആകെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്ന ആഘോഷം തന്നെയാണ് ദീപാവലി.

 

എണ്ണമറ്റ ഐതിഹ്യങ്ങളുടെ ഐശ്വര്യോര്‍ജ്ജമാണ് ദീപാവലി. ലോകത്തെമ്പാടുമുള്ള ഭാരതീയര്‍ ഒരുമയില്‍ കൊണ്ടാടുന്ന പ്രധാന ഉത്സവമെന്ന ഖ്യാതിയുണ്ട് ഈ ഉത്സവത്തിന്. ഇംഗ്ലണ്ട്, കാനഡ, തായ്ലാന്‍റ്, ഇന്തോനേഷ്യ, മൗറീഷ്യസ്, സിംഗപ്പൂര്‍, മലേഷ്യ, ഫിജി, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങി രാജ്യങ്ങളിലും ദീപാവലി ആഘോഷം പ്രധാനമാണ്. വടക്കേ ഇന്ത്യയിലെ സുപ്രധാന ആഘോഷമാണ് ദീപാവലി. കൊച്ചുമണ്‍ചെരാതുകളില്‍ എണ്ണയൊഴിച്ചു തിരിയിട്ട് ദീപം തെളിയിക്കുന്നതാണ് ദീപാവലിയുടെ ദീപോത്സവം.

ശത്രുവിനോട് പൊരുതിജയിച്ചതിന്‍റെ കാഹളമാണ് നാനാവിധത്തിലുള്ള വരവേല്‍പ്പുകളുടെ വിശ്വാസത്തിന് അടിസ്ഥാനം. ലക്ഷ്മിപൂജ, ആയുര്‍ ആരോഗ്യക്ഷേമത്തിനായി ക്ഷേത്രദര്‍ശനവും പ്രധാനമാണ്. നമ്മുടെ ഉത്സവങ്ങള്‍ ഉല്ലാസവും സംസ്ക്കാരവും സമ്മേളിക്കുന്ന അവസരങ്ങളാണ്. മറ്റ് ഉത്സവങ്ങളെ പോലെ ഉല്ലാസത്തിനും ആനന്ദത്തിലും അതീതമായി ദീപാവലിക്കും ഒരു സന്ദേശമുണ്ട്. തിന്മയുടെ അന്ധകാരത്തില്‍ നിന്ന് നന്മയുടെ വെളിച്ചത്തിലേക്ക് മുന്നേറാനും നമ്മുടെയുള്ളിലെ ഈശ്വരചൈതന്യത്തെ ഉണര്‍ത്താനുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ദീപാവലി.

വെളിച്ചം പരത്തുന്ന ഉത്സവമാണ് ദീപാവലി. ദീപാവലി എന്ന് മറ്റു സംസ്ഥാനക്കാര്‍ വിളിക്കുന്ന ഈ ആഘോഷം ലോകത്തിന് വിവിധ ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്നു. ദീപാവലിയുടെ സന്ദേശം വളരെ ലളിതമാണ്. കഴിഞ്ഞ കാലത്തെ ദുഃഖം, ദേഷ്യം, നിരാശ, തിക്താനുഭവങ്ങള്‍ എന്നിവയോട് വിടചൊല്ലി ജീവിതം പുത്തന്‍ ഉന്മേഷത്തോടെ, പുതുമയോടെ ആഘോഷിക്കുക. വിജ്ഞാനത്തിന്‍റെ ദീപം ഹൃദയത്തില്‍ തെളിയിക്കാനും മുഖത്ത് അദ്ദേഹത്തിന്‍റെ പുഞ്ചിരി വിടര്‍ത്താനുമുള്ള അവസരം കൂടിയാണ് ദീപാവലി.
ദീപാവലി എന്ന വാക്കിന് വിളക്കുകളുടെ കൂട്ടം എന്നും അര്‍ത്ഥമുണ്ട്. അതിനാലാണ് ദീപാവലിയെ വിളക്കുകളുടെ ഉത്സവം എന്ന് വിളിക്കുന്നത്. ഇരുട്ടിനെ അകറ്റി വെളിച്ചം കൊണ്ട് ഒരു പ്രദേശത്തെ ആകെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്ന ആഘോഷം തന്നെയാണ് ദീപാവലി.

തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ഹിന്ദു, ജൈന, സിക്ക് വിശ്വാസികള്‍ വിളക്കുകള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ഇത് ഉത്സവമാകുന്നു. വെളിച്ചം എല്ലാ നന്മകളുടെയും പ്രതീകമാണ്. അന്ധകാരം എല്ലാ തിന്മയുടെയും. ബാഹ്യവും ആന്തരികവുമായ വെളിച്ചത്തെ കൊണ്ടുവന്ന് എല്ലാ തിന്മകളെയും നമ്മള്‍ ജയിക്കണം. ദീപാവലി വെളിച്ചത്തിന്‍റെ ഉത്സവമാണല്ലോ. എവിടേയും തിന്മ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് പിന്തിരിയുന്നത് മടിയന്‍റെ മാര്‍ഗ്ഗമാണ്. മറ്റുളളവരിലെ  തിന്മയെക്കുറിച്ച് പഴി പറഞ്ഞുകൊണ്ടിരിക്കുന്ന സമയം നമ്മുടെയുള്ളില്‍ നന്മയുണര്‍ത്താന്‍ ശ്രമിച്ചാല്‍ അത് മറ്റുള്ളവരിലും വെളിച്ചം വിതറും. അതാണ് വ്യക്തിയുടെയും സമൂഹത്തിന്‍റേയും വികാസത്തിനുള്ള എളുപ്പവഴി.

ദീപങ്ങള്‍ തെളിയിക്കുന്നത്, ഗൃഹങ്ങള്‍ അലങ്കരിക്കാന്‍ മാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള ഗഹനമായ ഒരു സത്യം വെളിപ്പെടുത്താന്‍ കൂടിയാണ്. വെളിച്ചം അന്ധകാരത്തെ തുരത്തുന്നു. ജ്ഞാനത്തിന്‍റെ പ്രകാശത്താല്‍ നിങ്ങളുടെയുള്ളിലെ അജ്ഞതയുടെ അന്ധകാരം ഇല്ലാതാക്കുമ്പോള്‍ തിന്മയുടെ മേല്‍ നന്മ വിജയം നേടുന്നു.

ദീപാവലി നാളില്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നത് വടക്കേയിന്ത്യയില്‍ വിശേഷിച്ചും പ്രധാനമാണ്. തൊഴിലാളികള്‍ക്ക് ഒരു  മാസത്തെ ശമ്പളമാണ് പലപ്പോഴും ബോണസായി ലഭിക്കുക. കേരളത്തില്‍ ഓണം നാളില്‍ തൊഴിലാളിക്ക് ലഭിക്കുന്നതിന് സമാനം.
ഈ മഹോത്സവത്തോടനുബന്ധിച്ച് വടക്കേയിന്ത്യയിലെ വീടുകള്‍ വൃത്തിയാക്കുന്നത് എടുത്തുപറയേണ്ട ഒന്നാണ്. വീട് മുഴുവന്‍ അടിച്ചുവാരി അനാവശ്യമായ എന്തെല്ലാമുണ്ടോ, അതൊക്കെ ഒഴിവാക്കുവാന്‍ ദീപാവലിക്ക് മുന്നോടിയായി ജനങ്ങള്‍ ശ്രദ്ധിക്കുന്നു. പുതിയ എന്തെങ്കിലും ദീപാവലി നാളില്‍ വാങ്ങുക എന്നതും വടക്കേ ഇന്ത്യയിലെ കുടുംബങ്ങള്‍ പതിവാക്കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളില്‍ ദീപാവലി നാളുകളില്‍ വന്‍ തിരക്കായിരിക്കും. അതുകൊണ്ടുതന്നെ വന്‍വിലക്കിഴിവില്‍ ഉല്‍പ്പന്നങ്ങള്‍ ഈ കാലത്ത് ലഭിക്കുന്നു.

ദീപാവലി കഥകള്‍ നിരവധിയുണ്ട്. പ്രചാരത്തില്‍ ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും പതിനാലുവര്‍ഷത്തെ വനവാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുന്ന വേള പ്രജകള്‍ സര്‍വ്വം മറന്ന് തുള്ളിച്ചാടി ആര്‍പ്പുവിളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സന്തോഷസന്ദേശം പലവിധേന കൊണ്ടാടി. വീടുവീടാന്തരം പ്രകാശപൂരിതമാക്കി കൊണ്ടാടി.

ക്ഷേമൈശ്വര്യങ്ങളുടെ സമ്പത്തിന്‍റെ, വിദ്യയുടെ നിറകുടമാണല്ലോ ദിവ്യശക്തിയുള്ള ലക്ഷ്മി. അവര്‍ പ്രേമാലസ്യത്തോടെ മഹാവിഷ്ണുവിനെ വരനായി തെരഞ്ഞെടുക്കുന്ന മുഹൂര്‍ത്തം.

ഭഗവതിക്ക് പ്രാധാന്യമുള്ള ദിവസമാണ് ദീപാവലി എന്നാണ് ഒരൈതിഹ്യം പറയുന്നത്. ദാരിദ്ര്യ ശമനത്തിനുവേണ്ടി ജനങ്ങള്‍ മഹാലക്ഷ്മിയെ ആരാധിക്കുന്നു. ധനലക്ഷ്മി പൂജയാണ് പ്രധാനമായി നടക്കുന്നത്. ഭഗവതി ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. വര്‍ദ്ധമാനമഹാവീരന്‍ നിര്‍വ്വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണ് ദീപാവലി എന്നാണ് ജൈനമത വിശ്വാസികളുടെ ഐതിഹ്യം പറയുന്നത്.

ദീപാവലിക്ക് വളരെ പ്രചാരം ലഭിച്ച ഐതിഹ്യമാണ് നരകാസുരവധം ഭൂമിദേവിയുടെ പുത്രനാണ് നരകാസുരന്‍. അതുകൊണ്ടുതന്നെ ഭൂമിദേവിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഭഗവാന്‍ മഹാവിഷ്ണു നരകാസുരന് നാരായണാസ്ത്രം നല്‍കി. നാരായണാസ്ത്രം കയ്യിലുള്ളിടത്തോളം പത്നിയോടൊപ്പം മഹാവിഷ്ണുവിനല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്ന് വരസിദ്ധിയും കൊടുത്തു. നാരായണാസ്ത്രം ലഭിച്ചതോടെ നരകാസുരന്‍റെ ഭാവം മാറുകയും ത്രിലോകത്തിന് പുറത്തും ശല്യമായിത്തീരുവാനും തുടങ്ങി. നരകാസുരന്‍റെ രാജ്യത്ത് അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനം ഉണ്ടായില്ല.

നരകാസുരന്‍റെ ക്രൂരതകള്‍ അതിരുകള്‍ വിട്ടപ്പോള്‍ ഇന്ദ്രന്‍ ഭഗവാന്‍ മഹാവിഷ്ണുവിന്‍റെ അടുത്തെത്തി സങ്കടമുണര്‍ത്തിച്ചു. ഇതുകേട്ട ഭഗവാന്‍ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരൂഢനായി നരകാസുരന്‍റെ രാജ്യത്തെത്തി. യുദ്ധത്തില്‍ ഏര്‍പ്പെട്ട് നരകാസുരനെ വധിച്ചു. നരകാസുരവധത്തില്‍ ആഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപങ്ങള്‍ കത്തിച്ചും കരഘോഷങ്ങള്‍ മുഴക്കിയും മധുരം നല്‍കിയും സന്തോഷം പങ്കുവച്ചു. ഇതിന്‍റെ സ്മരണയിലാണ് ഭൂമിയിലും നന്മയുടെ പ്രകാശം  തെളിയിക്കുന്ന ആഘോഷമായി ദീപാവലി മാറിയതെന്ന ഈ ഐതിഹ്യം ഏറെ പ്രശസ്തമാണ്.

ബംഗാളില്‍ പിതൃദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉണര്‍ത്തിവെച്ച് അതിനുമുകളില്‍ ദീപം കത്തിച്ചുവച്ചാണ് ഇവരുടെ ആഘോഷം. ഇതിനായി പ്രത്യേക പൂജകളും നടത്താറുണ്ട്.

ചിരിക്കാന്‍ കഴിയാത്ത ജീവിതങ്ങള്‍ക്കും കണ്ണീര്‍ വറ്റാത്ത മുഖങ്ങള്‍ക്കും പ്രതീക്ഷയുടെ കിരണമായി തീരട്ടെ ഈ ദീപാവലി. ജ്യോതിഷരത്നത്തിന്‍റെ എല്ലാ വായനക്കാര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു.

ബാബുരാജ് പൊറത്തിശ്ശേരി
 9846025010

Photo Courtesy - jyothisharathnam