ദ്വൈവാര ഫലങ്ങള്‍: 15-6-2024 മുതല്‍  30-6-2024 വരെ (1199 മിഥുനം 1 മുതല്‍ 16 വരെ)

ദ്വൈവാര ഫലങ്ങള്‍: 15-6-2024 മുതല്‍ 30-6-2024 വരെ (1199 മിഥുനം 1 മുതല്‍ 16 വരെ)

HIGHLIGHTS

ഗ്രഹപ്പകര്‍ച്ച

ജൂണ്‍ 15 ന് പുലര്‍ച്ചെ 12 മണി 29 മിനിട്ടിന് 
കന്നിക്കൂറില്‍ മിഥുനരവി സംക്രമം
ജൂണ്‍ 29 ന് പകല്‍ 12 മണി 29 മിനിട്ടിന് 
ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് പകരും
ജൂണ്‍ 17 ന് ഏകാദശിവ്രതം. 
രാത്രി 12 മണി മുതല്‍ 18 ന് പകല്‍ 12 മണി 51 മിനിട്ടുവരെ 
ഹരിവാസരം. 
ജൂണ്‍ 19 ന് പ്രദോഷവ്രതം, 21 ന് പൗര്‍ണ്ണമി

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം )
ലഗ്നത്തില്‍ കുജന്‍, രണ്ടില്‍ വ്യാഴം, മൂന്നില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, ആറില്‍ കേതു, പതിനൊന്നില്‍ ശനി, പന്ത്രണ്ടില്‍ രാഹു ഇതാണ് ഗ്രഹനില.
ചെലവുകള്‍ കൂടുതലാകും. ധനപരമായി വഞ്ചിക്കപ്പെടാനിടയുണ്ട്. ശത്രുക്കളുടെ മനോഭാവം മാറി അനുകൂലമാകും. കാര്യതടസ്സങ്ങളുണ്ടാകും. ശരീരക്ഷീണം കൂടുതലാകും. ധനലാഭങ്ങളുണ്ടാകും. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റം മൂലം അഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ശ്വാസതടസ്സം, കഫക്കെട്ട് ഇവ സൂക്ഷിക്കണം. ഭൂമിയുടെയും മറ്റും കച്ചവടം നടക്കും. നല്ല വാക്കുകൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും.
ദോഷനിവാരണത്തിന് ഭഗവതി ക്ഷേത്രത്തില്‍ നെയ്പ്പായസം നിവേദ്യം കഴിക്കുകയും, 
'കോലാപുരവരാവാസലോലാം ശക്തിത്രയാത്മികം
മൂകാംബികാമീഹിത കരിം നമാമി പരദേവതാം.'
ഈ ദേവിസ്തോത്രം നിത്യം ഏഴുപ്രാവശ്യം ജപിച്ച് പരദേവതയെ പ്രാര്‍ത്ഥിക്കുകയും ചെയ്യുക. 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ വ്യാഴം, രണ്ടില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, അഞ്ചില്‍ കേതു, പത്തില്‍ ശനി, പതിനൊന്നില്‍ രാഹു, പന്ത്രണ്ടില്‍ കുജന്‍ ഇതാണ് ഗ്രഹനില.
വഴിവിട്ട പണച്ചെലവുകള്‍ വരും. മനഃസ്വസ്ഥത കുറയും. അകന്ന ബന്ധുക്കളുമായി നല്ല ബന്ധത്തിലാകാന്‍ പറ്റും. വായുക്ഷോഭം ഉണ്ടാകും. ധനനാശം ഉണ്ടാകും. അലച്ചിലുകളും കഷ്ടതകളും കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. അവിചാരിതമായ ചില ധനാഗമങ്ങള്‍ പ്രതീക്ഷിക്കാം. സ്ഥാനചലനങ്ങള്‍ ഉണ്ടാകും. കലഹവാസന കൂടുതലാകും. ഗവണ്‍മെന്‍റ് ഓഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പലവിധത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്.
ദോഷനിവാരണത്തിന് ഭഗവതിക്ഷേത്രത്തില്‍ വനദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും, 
'ഗജവക്ത്രം സുരശ്രേഷ്ഠം കര്‍ണ്ണചാമര ഭൂഷിതം
പാശാംകുശധരം ദേവം വന്ദേഹം ഗണനായകം.'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, നാലില്‍  കേതു, ഒമ്പതില്‍ ശനി, പത്തില്‍ രാഹു, പതിനൊന്നില്‍ കുജന്‍, പന്ത്രണ്ടില്‍ വ്യാഴം ഇതാണ് ഗ്രഹനില.
ശരീരക്ലേശങ്ങള്‍ കൂടുതലാകും. വഴിയാത്രകള്‍ വേണ്ടിവരും. വീട്ടില്‍ സ്വസ്ഥത കുറയും. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് സ്വസ്ഥതയോടെ പ്രവര്‍ത്തിക്കാനാകും. ധനാഭിവൃദ്ധിയുണ്ടാകും. നല്ലവാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ സന്തോഷം നേടും. കഠിനമായ ദുഃഖാനുഭവങ്ങളുണ്ടാകും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. യാത്രയ്ക്കിടയില്‍ വൈഷമ്യങ്ങളുണ്ടാകും. ഇഷ്ടപ്പെട്ട അന്നപാനസാധനങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദയം പ്രതീക്ഷിക്കാം. വിവാഹാലോചനകള്‍ക്ക് തടസ്സം വരും. തൊഴില്‍രംഗം വലിയ കുഴപ്പം കൂടാതെ കടന്നുപോകും.
ദോഷനിവാരണത്തിന് ഭഗവതിക്ഷേത്രത്തില്‍ ഐക്യമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും 
'ശരീരം കളത്രം 
സുതാന്‍ ബന്ധുവര്‍ഗ്ഗം
വയസ്യാന്‍ ധനം 
സത്മഭൃത്യാന്‍ ഭുവം ച
സമസ്തം പരിത്യജ്യഹാകഷ്ടമേവം
ഗമിഷ്യാമി ദുഃഖേന
ദുരേ കിലാഹം.'
ഈ വിഷ്ണുസ്തോത്രം നിത്യവും പതിനൊന്ന് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
മൂന്നില്‍ കേതു, അഷ്ടമത്തില്‍ ശനി, ഒന്‍പതില്‍ രാഹു, പത്തില്‍ കുജന്‍, പതിനൊന്നില്‍ വ്യാഴം, പന്ത്രണ്ടില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
കര്‍മ്മരംഗം മെച്ചപ്പെടും. ചെലവുകള്‍ കൂടുതലാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിജയം ഉണ്ടാകുമെങ്കിലും അലസത കൂടുതലാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. പല പ്രകാരത്തിലുള്ള ധനാഗമങ്ങള്‍ക്കിടയുണ്ട്. വാതരോഗാരിഷ്ടതകള്‍ കൂടുതലാകും. വളരെക്കാലമായുള്ള ചില ആഗ്രഹങ്ങള്‍ സാധിക്കും. ഉപാസനകള്‍ക്ക് മുടക്കം വരാതെ ശ്രദ്ധിക്കണം. വളരെയടുത്ത ബന്ധുക്കളുമായി അകലേണ്ടതായി വരും. വാക്ദോഷം മൂലം അധികാരസ്ഥാനത്തുള്ളവരുടെ അപ്രീതി ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും.
ദോഷനിവാരണത്തിന് ഗണപതിക്ക് നാളീകേരം ഉടച്ച്
'ജരാജന്മഹീനം 
പരാനന്ദപീനം
സമാധാനലീനം 
സദൈവാനവീനം
ജഗജന്മ ഹേതും
സുരാനികകേതും
ത്രിലോകൈകസേതും ഭജേഹം ഭജേഹം'
ഈ വിഷ്ണുസ്തോത്രം നിത്യവും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടില്‍ കേതു, ഏഴില്‍ ശനി, അഷ്ടമത്തില്‍ രാഹു, ഒന്‍പതില്‍ കുജന്‍, പത്തില്‍ വ്യാഴം, പതിനൊന്നില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും പണത്തിന് ബുദ്ധിമുട്ടനുഭവപ്പെടും. സംസാരത്തില്‍ മിതത്വം പാലിക്കണം. സ്ഥാനക്കയറ്റം ലഭിക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. വീട്ടില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മനഃസന്തോഷം ലഭിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. വീടുപണി തടസ്സം കൂടാതെ നടക്കും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ തൊഴില്‍ സാദ്ധ്യതകള്‍ ലഭിക്കും.വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. വിവാഹാലോചനകള്‍ക്ക് തടസ്സം വരും.
ദോഷനിവാരണത്തിന് ഭഗവതിക്ഷേത്രത്തില്‍ ശാന്തിദുര്‍ഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും 
'ശ്രീവത്സധാമാപരരാത്ര ഈശഃ
പ്രത്യുഷ ഈശ്യോ ളസിധരോ ജനാര്‍ദ്ദനഃ
ദാമോദര ളവ്യാദനു 
സന്ധ്യം പ്രഭാതേ
വിശ്വേശ്വരോ ഭഗവാന്‍
 കാലമൂര്‍ത്തിഃ'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
ലഗ്നത്തില്‍ കേതു, ആറില്‍ ശനി, ഏഴില്‍ രാഹു, അഷ്ടമത്തില്‍ കുജന്‍, ഒന്‍പതില്‍ വ്യാഴം, പത്തില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍ ഇതാണ് ഗ്രഹനില.
എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. കര്‍മ്മങ്ങള്‍ സഫലമാകും. നല്ല വാക്ക്ചാതുര്യം കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. എല്ലാക്കാലങ്ങളും നിശ്ചയദാര്‍ഢ്യത്തോടും സമര്‍ത്ഥമായും ചെയ്യാനാകും. കലഹവാസന കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായിവരും. ന്യായമല്ലാത്ത കാര്യങ്ങള്‍ക്ക് പണം ചെലവാക്കേണ്ടതായി വരും. ഭക്ഷണത്തില്‍ എരിവ്, പുളി എന്നീ രസങ്ങള്‍ കുറയ്ക്കണം. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വാതം, കാലുകള്‍ക്ക് ബലം കിട്ടാതെ വരിക, തലവേദന ഇവ ശ്രദ്ധിക്കണം. പുതിയ തൊഴിലുകള്‍ തുടങ്ങും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും.
ദോഷനിവാരണത്തിന് ഗണപതിഹോമം കഴിക്കുകയും
'ശംഖചക്രഗദാപത്മകുംഭാദര്‍ശാബ്ജപുസ്തകം
ബിഭ്രതം മേഘചപലവര്‍ണ്ണം ലക്ഷ്മീഹരിം ഭജേ.'
ഈ ദേവീസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
അഞ്ചില്‍ ശനി, ആറില്‍ രാഹു, ഏഴില്‍ കുജന്‍, അഷ്ടമത്തില്‍ വ്യാഴം, ഒന്‍പതില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, പന്ത്രണ്ടില്‍ കേതു ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. പലവിധ ആപത്തുകള്‍ക്കും ഇടയുണ്ട്. മുന്‍കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് കലഹം ഉണ്ടാകും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ ഉണ്ടാകും. ഉദരബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. ശസ്ത്രക്രിയകള്‍ കഴിയുന്നതും ഒഴിവാക്കണം. ധനലാഭങ്ങളുണ്ടാകും. തൊഴില്‍ സ്ഥലത്ത് കലഹങ്ങളുണ്ടാകാനിടയുണ്ട്. ബന്ധനാവസ്ഥയ്ക്ക് യോഗമുണ്ട്. വലിയ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. കാല്‍നടയാത്രയില്‍ പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ശ്രദ്ധിച്ചുവേണം. പൊതുവായ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. സഹോദരങ്ങളുമായുള്ള ബന്ധം മോശമാകും.
ദോഷനിവാരണത്തിന് വിഷ്ണുക്ഷേത്രത്തില്‍ സുദര്‍ശനമന്ത്രപുഷ്പാഞ്ജലി നടത്തുകയും,
'ദൃഷ്ട്വാസംഭൃതസംഭ്രമഃ കമലഭൂ-
സ്ത്വല്‍പാദപാഥോരുഹേ
ഹര്‍ഷാവേശ വശംവദോ നിപതിതഃ
പ്രീത്യാകൃതാര്‍ത്ഥീ ഭവാന്‍
ജാനാസ്യേവ മനീഷിതം മമവിഭോ, 
ജ്ഞാനം തദാ പാദയ
ദ്വൈതാ ദ്വൈത ഭവല്‍ സ്വരൂപ പരം വി-
ത്യാചഷ്ട, തം ത്യാം ഭജേ.'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലില്‍ ശനി, അഞ്ചില്‍ രാഹു, ആറില്‍ കുജന്‍, ഏഴില്‍ വ്യാഴം, അഷ്ടമത്തില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, പതിനൊന്നില്‍ കേതു ഇതാണ് ഗ്രഹനില.
സ്നേഹബന്ധത്തിലുള്ളവര്‍ വൈമുഖ്യം കാണിക്കും. സര്‍ക്കാരില്‍ നിന്നും കാര്യങ്ങള്‍ പ്രതികൂലമാകും. കലഹഭയം എപ്പോഴും ഉണ്ടാകും. വീട്ടിലും മനസ്സിനും സ്വസ്ഥത കുറയും. വീടിന്‍റെ കേടുപാടുകള്‍ പരിഹരിക്കാം. ഗൃഹോപകരണങ്ങള്‍ വാങ്ങാം. വാതരോഗത്തിന്‍റെ ഉപദ്രവം കൂടുതലാകും. തലവേദനപ്രത്യേകം ശ്രദ്ധിക്കണം. ധനനഷ്ടങ്ങളുണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. കച്ചവടത്തില്‍ പ്രതീക്ഷിച്ച ലാഭം കിട്ടുകയില്ല. ഭൂമികൈമാറ്റങ്ങള്‍ നടക്കും. നാല്‍ക്കാലികളുടെ കൊടുക്കവാങ്ങലുകളിലും ലാഭം കിട്ടുകയില്ല. 
ദോഷനിവാരണത്തിന് ശിവന് ധാരകഴിക്കുകയും
'നമോ വ്രാതപതയെ, 
നമോ ഗണപതയെ
നമഃ പ്രമഥപതയെ, 
നമോ ളസ്തു
ലംബോദരായൈക 
ദന്തായ വിഘ്നനാശിനെ
ശിവസുതായ വരദ മൂര്‍ത്തയെ നമഃ'
ഈ ഗണപതിസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നില്‍ ശനി, നാലില്‍ രാഹു, അഞ്ചില്‍ കുജന്‍, ആറില്‍ വ്യാഴം, ഏഴില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, പത്തില്‍ കേതു ഇതാണ് ഗ്രഹനില.
എപ്പോഴും ദൈന്യഭാവം ആയിരിക്കും. മനഃസ്വസ്ഥത കുറയും. ക്രമം വിട്ട് പണം ചെലവാക്കേണ്ടതായി വരും. ശത്രുഭയം എപ്പോഴും ഉണ്ടാകും.  മക്കളുടെ ജീവിതരീതിയില്‍ ഉല്‍ക്കണ്ഠയുണ്ടാകും. എല്ലാത്തിലും അറിവ് നേടാന്‍ ശ്രമിക്കും. മനസ്സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകുമെങ്കിലും സന്തോഷം തോന്നുകയില്ല. സ്ത്രീകള്‍/പുരുഷന്മാര്‍ മൂലം ഉപദ്രവങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത കൂടുതലാകും. തൊഴില്‍രംഗം സമ്മിശ്രമായിരിക്കും. കേസുകാര്യങ്ങളില്‍ പരാജയം ഉണ്ടാകും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കാലതാമസം വരും.
ദോഷനിവാരണത്തിന് സുബ്രഹ്മണ്യന് പാലഭിഷേകം നടത്തുകയും,
'ഗിരീശം ഗണേശം
 ഗളേ നീലവര്‍ണ്ണം
ഗവേന്ദ്രാധിരൂഢം 
ഗുണാതീത രൂപം
ഭവം ദാസ്വരം 
ഭസ്മനാഭൂഷിതാംഗം
ഭവാനികളത്രം 
ഭജേ പഞ്ചവക്ത്രം.'
ഈ ശിവസ്തുതി നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
രണ്ടില്‍ ശനി, മൂന്നില്‍ രാഹു, നാലില്‍ കുജന്‍, അഞ്ചില്‍ വ്യാഴം, ആറില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, ഒന്‍പതില്‍  കേതു ഇതാണ് ഗ്രഹനില.
ധനപരമായി മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. മനസ്സിന് സ്വസ്ഥതയും ധൈര്യവും കിട്ടും. സഹോദരങ്ങളുമായുള്ള സ്നേഹബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ടാകും. ശരീരക്ഷീണം കൂടുതലാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത കൂടുതലാകും. പലവിധ രോഗാരിഷ്ടതകളുണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. വീടുപണിക്കിടയില്‍ കലഹങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. നാല്‍ക്കാലി വളര്‍ത്തല്‍, ഭൂമിയിടെ കച്ചവടം ഇവ വിജയിക്കും. അവിചാരിതമായി സുഹൃദ്സംഗമം നടക്കും. കുടുംബജനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
ദോഷനിവാരണത്തിന് വിഷ്ണുക്ഷേത്രത്തില്‍ ഷഡാക്ഷര സുദര്‍ശനമന്ത്രപുഷ്പാഞ്ജലിയും കദളിപ്പഴനിവേദ്യവും നടത്തുകയും,
'സുദര്‍ശനായ വിദ്മഹേ
 മഹാജ്വാലായ ധീമഹി
തന്നോ ചക്രഃ പ്രചോദയാത്'
ഈ വിഷ്ണുസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
ലഗ്നത്തില്‍ ശനി, രണ്ടില്‍ രാഹു, മൂന്നില്‍ കുജന്‍, നാലില്‍ വ്യാഴം, അഞ്ചില്‍ ആദിത്യന്‍, ബുധന്‍, ശുക്രന്‍, അഷ്ടമത്തില്‍ കേതു ഇതാണ് ഗ്രഹനില.
എല്ലാരംഗത്തും പരാജയഭീതിയുണ്ടാകും. പുതിയ വീടിന്‍റെ പണികള്‍ തടസ്സം കൂടാതെ നടക്കും. സഹോദരങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. അവരുമായി യോജിച്ച് പോകാനാകും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. സ്വജനങ്ങള്‍ തന്നെ ശത്രുക്കളായി മാറും. സ്ഥാനക്കയറ്റം ലഭിക്കും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ സാദ്ധ്യമാകും. വാക്ദോഷം ശ്രദ്ധിക്കണം. അര്‍ശ്ശോരോഗം, വീഴ്ച ഇവയ്ക്ക് സാദ്ധ്യതയുണ്ട്. സ്വജനങ്ങളുമായി അകലേണ്ടതായി വരും. മനസ്സില്‍ എപ്പോഴും ആശങ്കയായിരിക്കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കഴിയുന്നതും ഇടപെടാതിരിക്കുക. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ഉറക്കക്കുറവ് ഉണ്ടാകും.
ദോഷനിവാരണത്തിന് ശാസ്താവിന് നീരാജനം കഴിക്കുകയും,
'കൃപാസമുദ്രം സുമുഖം ത്രിനേത്രം
ജടാധരം പാര്‍വ്വതിവാമഭാഗം
സദാശിവം രുദ്രമനന്തമൂര്‍ത്തിം
പ്രദോഷശംഭും ശരണം പ്രപദ്യേ.
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തില്‍ രാഹു, രണ്ടില്‍ കുജന്‍, മൂന്നില്‍ വ്യാഴം, നാലില്‍ ആദിത്യന്‍, ശുക്രന്‍, ബുധന്‍, ഏഴില്‍ കേതു, പന്ത്രണ്ടില്‍ ശനി ഇതാണ് ഗ്രഹനില.
ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവുകള്‍ കൂടുതലാകും. മനഃസ്വസ്ഥത ഉണ്ടാകും. ഭാര്യയ്ക്ക്/ഭര്‍ത്താവിന് രോഗാരിഷ്ടത ഉണ്ടാകും. തൊഴില്‍രംഗം അത്ര മെച്ചമല്ല. പുതിയ വീടിനായി ശ്രമം തുടങ്ങാം. ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല സമയമല്ല. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ഗവണ്‍മെന്‍റ് ഓഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. വിവാഹാലോചനകള്‍ക്ക് മുടക്കം വരും. ചോരഭയം, അഗ്നിഭയം, ശത്രുക്കള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഇവയുണ്ടാകും. മക്കളോടും ഭാര്യയോട്/ ഭര്‍ത്താവിനോട് ഉള്ള കലഹം കൂടുതലാകും. മനോവിചാരം മൂലം ആധി കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കും. ഉപാസനകളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
ദോഷനിവാരണത്തിന് സര്‍പ്പാരാധനാകേന്ദ്രത്തില്‍ നൂറും പാലുംകഴിക്കുകയും, ഭഗവതി ക്ഷേത്രത്തില്‍ ത്രിപുരസുന്ദരി മന്ത്ര പുഷ്പാഞ്ജലികഴിക്കുകയും,
'വാമദേവായ നമോ ജ്യേഷ്ഠായ നമശ്രേഷ്ഠായ
നമോ രുദ്രായ നമഃ കാലായ നമഃ, കലവികരണായ നമോ
ബലവികരണായ നമോ, ബലപ്രമദനായ  നമഃ'
ഈ ശിവസ്തോത്രം നിത്യവും ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.