ഹനുമാന്‍സ്വാമി -വഴിപാടുകളും പ്രാര്‍ത്ഥനകളും ഫലങ്ങളും

ഹനുമാന്‍സ്വാമി -വഴിപാടുകളും പ്രാര്‍ത്ഥനകളും ഫലങ്ങളും

HIGHLIGHTS

ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ശിവനേയും വിഷ്ണുവിനേയും ഒന്നിച്ച് തൊഴുത് പ്രാര്‍ത്ഥിച്ച്  ഫലം കിട്ടുമെന്നാണ് വിശ്വാസം. ഹനുമാനെ ഭജിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉദ്ദിഷ്ടകാര്യ സിദ്ധിയും കരഗതമാവുന്നു. ദുഃഖദുരിതങ്ങള്‍ അകലുന്നു. കുടുംബത്തില്‍ ശാന്തിയും സമാധാനവും സന്തോഷവും വര്‍ദ്ധിക്കുന്നു. ഒപ്പം ഹനുമാനെ രാമനാമത്താല്‍ ജപിച്ച് വെറ്റിലമാല, വടമാല എന്നിവ അണിയിച്ചും വെണ്ണചാര്‍ത്തിയും പൂജിക്കണം.

വെറ്റിലമാല

അശോകവനത്തില്‍ സീതാദേവി തടവിലാക്കപ്പെട്ട വേളയില്‍ ദേവിയെ അന്വേഷിച്ചു ചെന്ന ഹനുമാന്‍ മരച്ചുവട്ടില്‍ ആസനസ്ഥയായിരിക്കുന്ന സീതയെ കണ്ടു. ശ്രീരാമന്‍റെ പേര് പറഞ്ഞ് സീതയുടെ വിശ്വാസത്തിന് അദ്ദേഹം പാത്രീഭൂതനായി. സാധാരണയായി മുതിര്‍ന്നവര്‍ ആരെയെങ്കിലും നമസ്ക്കരിക്കുമ്പോള്‍, അവരെ അക്ഷതം തൂവി അനുഗ്രഹിക്കുന്നത് പതിവാണ്. എന്നാല്‍ ഹനുമാന്‍ സീതാദേവിയെ നമസ്ക്കരിച്ചപ്പോള്‍ അവിടെ അക്ഷതമോ പുഷ്പങ്ങളോ ദേവിക്ക് കിട്ടിയില്ല. അതുകൊണ്ട് അരികിലുണ്ടായിരുന്ന വെറ്റിലക്കൊടിയില്‍ നിന്നും ഇലകള്‍ പറിച്ചെടുത്ത് അത് ഹനുമാന്‍റെ ശിരസിന് മീതെവച്ച് ചിരഞ്ജീവിയായി ജീവിക്കൂ എന്ന് സീതാദേവി ആശീര്‍വദിച്ചു. അതുകാരണമാണ് ഹനുമാന് വെറ്റിലമാല അണിയിക്കുന്നത്.

വടമാല

നമ്മുടെ ശരീരം മാംസനിര്‍മ്മിതമാണ്. മാംസവളര്‍ച്ചയില്‍ ഉഴുന്ന് പ്രധാനപങ്ക് വഹിക്കുന്നു. ശരീരവണ്ണം കുറഞ്ഞിരിക്കുന്നവര്‍ ഇഡ്ഡലി, ദോശ, ഉഴുന്നുവട എന്നിവ കഴിച്ചാല്‍ മാംസവളര്‍ച്ച ത്വരിതപ്പെടുന്നു. എന്നാല്‍ മാംസനിര്‍മ്മിതമായ ഈ ശരീരം ഒന്നിനും പ്രയോജനപ്പെടുകയില്ല. ഉപയോഗശൂന്യമായ ഈ ശരീരത്തെ നിനക്ക് സമര്‍പ്പിക്കുന്നു ഹനുമാന്‍സ്വാമീ എന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉഴുന്നുവടമാല വഴിപാടായി സമര്‍പ്പിക്കുന്നത്. ഹനുമാന്‍ ദൃഢഗാത്രനും ആരോഗ്യവാനുമാവാന്‍വേണ്ടി അമ്മ അഞ്ജനാദേവി ഹനുമാന് ഉഴുന്നുവട ഉണ്ടാക്കിക്കൊടുത്തതായും കഥയുണ്ട്.

വെണ്ണചാര്‍ത്ത്

രാമ-രാവണ യുദ്ധവേളയില്‍ രാമനേയും ലക്ഷ്മണനേയും ഹനുമാന്‍ തന്‍റെ തോളില്‍ ചുമന്നുകൊണ്ട് നടന്നു. ആ സമയത്ത് രാവണന്‍ ശക്തിയേറിയ അമ്പ് തൊടുത്തപ്പോള്‍ അത് ഹനുമാന്‍റെ ശരീരത്തില്‍ തുളച്ച് പരിക്കുപറ്റി. ആ പരിക്കിന് മരുന്നായി ഹനുമാന്‍ തന്‍റെ ശരീരത്തില്‍ വെണ്ണപൂശിയത്രേ. വെണ്ണ പെട്ടെന്ന് ഉരുകുന്നതാണ്. ഹനുമാന്‍റെ മേനിയില്‍ ചാര്‍ത്തിയ വെണ്ണ ഉരുകുന്നതിന് മുമ്പുതന്നെ നമ്മള്‍ വിചാരിച്ച കാര്യം നിറവേറും എന്നാണ് ഭക്തവിശ്വാസം. അതുകൊണ്ടാണ് ഹനുമാന് വെണ്ണ ചാര്‍ത്തുന്ന വഴിപാട് നടത്തുന്നത്.

സിന്ദൂരം

രാമ-രാവണയുദ്ധം കഴിഞ്ഞശേഷം സീതയെ കണ്ട് സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഹനുമാന്‍ ചെന്നു. ആ സമയത്ത് സീത നെറ്റിയില്‍ സിന്ദൂരം അണിഞ്ഞിരിക്കുന്നത് കണ്ടിട്ട് അതിനെക്കുറിച്ച് സീതയോട് ആരാഞ്ഞു. രാമന് വിജയം ലഭിക്കുവാനായി താന്‍ സിന്ദൂരം അണിഞ്ഞതായി സീത ഹനുമാനോട് പറഞ്ഞു. നെറ്റിയില്‍ അല്‍പ്പം തൊട്ടതിനുതന്നെ ഇത്രയും വലിയ വിജയം രാമന് ലഭിച്ചുവെങ്കില്‍ അത് ശരീരം മുഴുവന്‍ പൂശിയാല്‍ വലിയ വിജയം രാമന്‍ നേടും എന്ന് കരുതിയ ഹനുമാന്‍ സിന്ദൂരം ശരീരം മുഴുവന്‍ പൂശി. അതുകൊണ്ടാണ് ഹനുമാന് സിന്ദൂരം ചാര്‍ത്തുന്നതും, ഹനുമദ് സന്നിധിയില്‍ സിന്ദൂരം പ്രസാദമായി നല്‍കുന്നതും.

Photo Courtesy - Google