അമിതാവേശവും എടുത്തുചാട്ടവും ഡി.എന്‍.എയില്‍ കാട്ടാത്തവരാണ് കാപ്രിക്കോണ്‍സ്
കാപ്രിക്കോണിനെ നിയന്ത്രിക്കുന്നത് ശനിഗ്രഹമാണ്. ശനിയെ സൗരയൂഥത്തിലെ വിവേകിയായ വൃദ്ധനായാണ് ജ്യോതിഷന്മാര്‍ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ജ്ഞാനവും ചുമതലാബോധവും മറ്റുരാശികളെക്കാള്‍ കാപ്രിക്കോണ്‍ വ്യക്തിത്വങ്ങള്‍ക്ക് അധികമായുണ്ടാകും. എന്നാല്‍ ഇവരില്‍ അകാരണമായ ശോകഛായ ഇടയ്ക്കിടെ നിഴലിക്കുന്നത് ഒരു വിപരീതപ്രത്യേകതയായി വേണം കരുതേണ്ടത്. എങ്കിലും ഇവര്‍ പാരമ്പര്യാധിഷ്ഠിത സംസ്ക്കാരത്തില്‍ വിശ്വസിക്കുന്നവരും പുരാതനമൂല്യങ്ങളില്‍ അടിയുറച്ചു നിലകൊള്ളുന്നവരുമായിരിക്കും. ഏത് കാര്യത്തിലും അടിസ്ഥാനസത്തയായി ഇവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തികളായിരിക്കും കാപ്രിക്കോണ്‍സ് പിന്തുടരുക.
കാപ്രിക്കോണ്‍കാരുടെ രാശിച്ചിഹ്നം മലയാടാണ്. ഉറച്ച ബുദ്ധിയോടെ ചുവടുവയ്പ്പോടെ ഏത് കാര്യത്തെയും പൂര്‍ണ്ണതയിലും ലക്ഷ്യത്തിലുമെത്തിക്കു മാത്രമല്ല, രഹസ്യമായ അഭിലാഷങ്ങളെ പടിപടിയായി സാധൂകരിച്ച് സമൂഹത്തില്‍ ഏറ്റവും മുന്‍നിരയിലെത്തിക്കുന്നതിനും ഈ രാശിച്ചിഹ്നം കാപ്രിക്കോണിനെ സഹായിക്കുന്നു. രാശിചക്രത്തിലെ പത്താം ഭാവമാണ് കാപ്രിക്കോണ്‍. പത്താം ഭാവം പ്രധാനമായും പ്രതിനിധാനം ചെയ്യുന്നത് തൊഴിലും തൊഴില്‍ സ്ഥാനവും പിതൃധര്‍മ്മവുമാണ്.
അതുകൊണ്ടുതന്നെ ഏതൊരു കുടുംബത്തിന്‍റെയും നിയന്ത്രണം കാപ്രിക്കോണ്‍സില്‍ വന്നുഭവിക്കുക സാധാരണമാണ്. അതോടൊപ്പം ഏത് തൊഴില്‍ മേഖലയിലും ശ്രദ്ധേയ വ്യക്തിത്വത്തോടെ നിലനില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ജനുവരി പതിനാലിനും ഫെബ്രുവരി പന്ത്രണ്ടിനും മദ്ധ്യേ ജനിച്ചവരാണ് കാപ്രിക്കോണ്‍ വിഭാഗത്തില്‍പ്പെടുന്നവര്‍.
കാപ്രിക്കോണ്‍സ് എപ്പോഴും തങ്ങളുടെ ജോലിയെപ്പറ്റി ഉത്തമബോധമുള്ളവരാണ്. ഇതായിരിക്കണം മറ്റുള്ളവര്‍ ഇവരില്‍ നിന്നും പഠിക്കേണ്ടതും പകര്‍ത്തേണ്ടതുമായി പ്രധാന ധര്‍മ്മം.
സഹോദരന്മാര്‍ കൂടുതലുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വേറിട്ട് കുടുംബത്തിന്‍റെ അധികഭാരം തന്‍റെ ദുര്‍ബ്ബലമായ ചുമലില്‍ വഹിക്കാന്‍ ചിലപ്പോള്‍ ഒരു കാപ്രിക്കോണ്‍കാരന്‍ സന്നദ്ധനായിരിക്കും. കുടുംബത്തെ മറ്റെന്തിനെക്കാളും കൂടുതല്‍ ഇവര്‍ വിലമതിക്കുന്നു. നല്ലൊരു കുടുംബാന്തരീക്ഷം പുലര്‍ന്നുകാണാന്‍ കാപ്രിക്കോണ്‍കാര്‍ സ്വന്തം സന്തോഷങ്ങളെപ്പോലും ബലിദാനം ചെയ്യുന്നു. സമൂഹം എപ്പോഴും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രവൃത്തികള്‍ മാത്രമേ കാപ്രിക്കോണ്‍ ചെയ്യുകയുള്ളൂ.
തന്നില്‍ അടക്കിനിര്‍ത്തിയിരിക്കുന്ന അമിതാഗ്രഹത്തേയും സ്വപ്നത്തെയും സാക്ഷാത്ക്കരിക്കാന്‍ അനുകൂല സാഹചര്യം വരെ കാത്തിരുന്ന് കഠിനമായി യത്നിക്കാന്‍ കാപ്രിക്കോണിയന്‍സിന് യാതൊരു മടിയുമില്ല. ആഗ്രഹങ്ങള്‍ അപൂര്‍വ്വമായി അടുത്ത സുഹൃത്തുക്കളോട് തുറന്നുപറയുമെങ്കിലും അത് സ്വകാര്യമായ നിലനിര്‍ത്തി മുന്നേറാനാണ് ഇവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പരാജയങ്ങള്‍ ഏതൊരു ജീവിതത്തിലും വന്നുഭവിക്കുന്ന കാര്യമാണെങ്കിലും കാപ്രിക്കോണ്‍സിനെ അത് തെല്ലും ബാധിക്കുന്ന കാര്യമല്ല. പിന്നെ ഇവരുടെ മനോനില എപ്പോഴും തിളക്കമേറിയതായിരിക്കില്ല.
അകാരണമായി പിടികൂടുന്ന ശോകത്തിന്‍റെ കാര്‍മേഘങ്ങളാണ് പലപ്പോഴും മനസ്സിന്‍റെ തിളക്കം നഷ്ടപ്പെടുത്തുന്നത്. അതുമൂലം നര്‍മ്മ സാഹചര്യങ്ങളില്‍ നിന്ന് വഴുതിമാറുന്ന പ്രവണതയും ഇവര്‍ക്കുണ്ട്. ഇവരുടെ മനസ്സ് അല്‍പ്പമെങ്കിലും തെളിഞ്ഞുകാണുന്നത് കുടുംബത്തോടും അപൂര്‍വ്വം ചില സുഹൃത്തുക്കള്‍ക്കൊപ്പവും സഹവസിക്കുമ്പോള്‍ മാത്രമാണ്. മുപ്പതുകള്‍ ഏതൊരു കാപ്രിക്കോണ്‍സിനു ധന്യമായ ജീവിതാവസരങ്ങള്‍ ഒരുക്കുന്ന കാലമാണ്. ഇക്കാലത്ത് ഇവരില്‍ ചിലരെങ്കിലും ജന്മലക്ഷ്യത്തെക്കുറിച്ച് ബോധവാന്മാരാകുകയും അതിലേയ്ക്ക് പൂര്‍ണ്ണശ്രദ്ധ തിരിക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍ മറ്റുചിലര്‍ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് വിലപ്പെട്ട സമയങ്ങള്‍ പാഴാക്കുകയും ചെയ്യുന്നു. അതുകൊണ്ട് മുപ്പതുകാലഘട്ടങ്ങള്‍ താന്‍ എന്തായി തീരണമെന്ന് കാപ്രിക്കോണ്‍സ് തീരുമാനമെടുക്കേണ്ട സമയമാണ്. അതുകൊണ്ട് യുക്തിക്കും ബുദ്ധിക്കും ഇക്കാലത്ത് പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുക്കുകയും ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കുകയും ചെയ്യുക.
അസാധാരണമായ സര്‍ഗ്ഗസിദ്ധിക്കുടമകളാണ് കാപ്രിക്കോണ്‍സ്. പക്ഷേ അത് പുറം ലോകം അറിയാത്ത തരത്തില്‍, അതിന്‍റെ മൂല്യം തിരിച്ചറിയാവാത്ത വിധത്തില്‍ മനസ്സില്‍ സമാധിയവസ്ഥയില്‍ മാത്രം നിലനിറുത്തുന്നുവെന്നതാണ് ഖേദകരം. പലപ്പോഴും ഇവര്‍ പ്രവൃത്തികളിലൂടെ തങ്ങളുടെ അഭിരുചികള്‍ വെളിപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ഭംഗിയായി വസ്ത്രധാരണം ചെയ്ത് കാണപ്പെടുന്ന പക്വമായ സംസാരത്തിലൂടെ ആരെയും വശീകരിക്കുകയും പാണ്ഡിത്യവും ബുദ്ധിയും നിറഞ്ഞ സംഭാഷണങ്ങളിലൂടെ സന്ദര്‍ഭങ്ങള്‍ക്ക് തിളക്കവും മോടിയും കൂട്ടാന്‍ കഴിവുള്ളവരാണിവര്‍. അത് കാപ്രിക്കോണ്‍സിനെ ഏവര്‍ക്കും ആദരവുള്ളവരാക്കും.
ദേഷ്യം കാപ്രിക്കോണ്‍സിന് ഒരു ചപല വികാരമല്ല. തന്‍റെ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ വിപരീത ചിന്തകള്‍ക്ക് യാതൊരു സ്ഥാനവും ഇവര്‍ കല്‍പ്പിക്കാറില്ല. ഇടയ്ക്ക് ഇത്തരം വികാരങ്ങള്‍ക്ക് വശംവദരായാല്‍പ്പോലും അന്തിമലക്ഷ്യത്തില്‍ നിന്ന് ഇവരെ വഴിതിരിച്ചുവിടാന്‍ കഴിയില്ല. അത്രയ്ക്ക് ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യുക്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ യൗവ്വനകാലത്തേ ആശീര്‍വദിക്കപ്പെട്ടവരാണ് കാപ്രിക്കോണ്‍സ്. പ്രണയം ഇവര്‍ക്ക് വിവാദം സൃഷ്ടിക്കുന്ന വിഷയമല്ല. ജീവിത പങ്കാളിയെ വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന കാപ്രിക്കോണ്‍സ് പലപ്പോഴും സമൂഹികസദാചാരനിയമത്തെ പരിഹസിക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്താലും ആരും തെറ്റുപറയരുത്. കാരണം ഇവര്‍ ഇക്കാര്യത്തില്‍ വിലകല്‍പ്പിക്കുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്. ഒന്ന് പദവി. മറ്റൊന്ന് ആദരവ്.
പൊതുജനങ്ങള്‍ക്കിടയില്‍ ഇവര്‍ സര്‍വ്വസമ്മതരാകുന്നത് ഹൃദയൈക്യം കൊണ്ടും മധുരഭാഷണം കൊണ്ടുമാണ്. പ്രണയം ബാഹ്യചേഷ്ടകളിലൂടെ ആരെങ്കിലും പ്രകടിപ്പിക്കാന്‍ ശ്രമിച്ചാല്‍ കാപ്രികോകണ്‍സിന് മുന്നില്‍ പരാജയപ്പെടുകയേയുള്ളൂ. കാരണം നിങ്ങള്‍ പ്രണയം പ്രകടിപ്പിക്കുമ്പോള്‍ ഇവരുടെ മനസ്സിന്‍റെ അവസ്ഥ അപ്പോള്‍ മറ്റൊന്നായിരിക്കും. അത്രയ്ക്ക് സദാ മനോനില നിരന്തരം മാറിക്കൊണ്ടിരിക്കുന്നവരാണ് കാപ്രിക്കോണ്‍സ്. മാനസിക സമ്മര്‍ദ്ദത്തിന് ഇവര്‍ അടിപ്പെടുകയും ചെയ്യുന്നു. ദുഃഖം ക്ഷണിക്കാത്ത വിരുന്നുകാരെപ്പോലെ മനസ്സിന്‍റെ വാതില്‍ തുറന്നെത്തുന്നതും മറ്റൊരു കാരണമാണ്. ഒരു കാര്യത്തിലും ആവേശമോ, എടുത്തുചാട്ടമോ, കാപ്രിക്കോണ്‍സിന്‍റെ ഡി.എന്‍.എയില്‍ കാണില്ല. അവര്‍ സ്വാഭാവിക പ്രകൃതിയുടെ ഉപാസകരാണ്.
യുക്തിക്കനുസൃതമായ കാര്യങ്ങള്‍ മാത്രമേ ഇവര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമുള്ളൂ. കാടുകയറിയ ചിന്തകള്‍ക്ക് പിറകെ പായാതെ സാന്ദര്‍ഭിക സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുമെങ്കിലും കാര്യകാരണ വിചാരണയുടെ അടിസ്ഥാനത്തില്‍ മാത്രമേ കാപ്രിക്കോണ്‍സ് യാതൊന്നിലും ഇടപെടുകയുള്ളൂ. ഏത് കലുഷിത സാഹചര്യങ്ങളിലും സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഇവര്‍ പ്രയത്നിക്കും. അതിന് അവരെ സഹായിക്കുന്നത് ശാന്തത നിറഞ്ഞ പ്രായോഗികബുദ്ധിയാണ്.
കാപ്രിക്കോണ്‍ ആണുങ്ങള്‍ ആര്‍ക്കും വിശ്വസിക്കാവുന്നവരും ചുമതലാബോധമുള്ളവരുമാണ്. കുടുംബത്തെ ഒത്തൊരുമയോടെ നിലനിര്‍ത്താന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നവര്‍. യാഥാസ്ഥിതിക ചിന്താഗതി പുലര്‍ത്തുന്ന ഇവര്‍ ആധുനിക ഫാഷന്‍ ഭ്രമങ്ങള്‍ക്ക് കീഴ്പ്പെടുകയില്ല. ഇവരെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍ കുടുംബവും അമിതോത്സാഹവുമാണ്. പിതൃധര്‍മ്മ മൂല്യങ്ങളെക്കുറിച്ച് ഏറെ ഉള്‍ക്കാഴ്ച ഉള്ളവരാണിവര്‍. പ്രകൃതിരമണീയത നിറഞ്ഞ സ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്ന കാപ്രിക്കോണ്‍ ആണുങ്ങള്‍ ചുരുങ്ങിയ ചെലവില്‍ അവധിക്കാലം ആഘോഷിക്കാറുണ്ട്.
ഏത് സന്ദര്‍ഭങ്ങളില്‍ എപ്പോള്‍ നിയന്ത്രണം വേണമെന്നും ഇവര്‍ക്കറിയാം. സ്ത്രീകളില്‍ പലരും മാതൃകാഭാര്യമാരായി സമൂഹത്തില്‍ തിളങ്ങുന്നവരാണ്. പാരമ്പര്യമൂല്യങ്ങളുടെ കൂട്ടുകാരികളാണിവര്‍. അത് കുടുംബസ്നേഹത്തിന് പ്രധാന കാരണമായി ഇവര്‍ കാണുന്നു. സ്വയം സഹനത്തിലൂടെ കുടുംബത്തിലെ സകല ചുമതലകളും ചുമലിലേറ്റിത്തളരുന്നശീലം ഇവര്‍ക്കുണ്ട്. എങ്കിലും കൂട്ടിലടയ്ക്കപ്പെടുന്ന ശൈലിക്കപ്പുറം സ്വന്തം ആശയങ്ങളെയും പദ്ധതികളെയും വികസിപ്പിച്ച് ജീവിതത്തെ ഉന്നതിയിലേക്ക് പടുത്തുയര്‍ത്താന്‍ ഇവര്‍ക്കാകുന്നു. അത്രയ്ക്ക് ആശ്ചര്യം നിറഞ്ഞ ഊര്‍ജ്ജമാണ് കാപ്രിക്കോണ്‍ അവര്‍ക്ക് നല്‍കുന്നത്.
വീടിനെ സ്വര്‍ഗ്ഗമാക്കുന്നതില്‍ ഇവര്‍ക്കുള്ള പ്രത്യേക കഴിവ് വാഴ്ത്തപ്പെടേണ്ടതാണ്. കുട്ടികള്‍ സ്നേഹം പകര്‍ന്നുനല്‍കുന്ന നല്ലൊരമ്മയാണ് കാപ്രിക്കോണ്‍ സ്ത്രീകള്‍. തൊഴിലിടങ്ങളില്‍ കഴിവിന്‍റെ പരമാവധി കാഴ്ചവയ്ക്കപ്പെടാന്‍ നിയുക്തരാക്കപ്പെട്ടവരാണ്. സാമ്പത്തികരംഗം മുതല്‍ അഭിനയമേഖല വരെ അവരില്‍ പലര്‍ക്കും പ്രശസ്തിയാര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറിയ ആശയങ്ങളില്‍ നിന്നും മഹത്തായ സംരംഭങ്ങളിലേയ്ക്ക് പ്രസ്ഥാനത്തെ വളര്‍ത്താന്‍ കാപ്രിക്കോണ്‍സിന് കഴിയുന്നുവെന്നത് ശ്ലാഘനീയമായ കാര്യമാണ്.
പ്രശസ്ത കാപ്രിക്കോണ്‍ വ്യക്തിത്വങ്ങള്‍: എ.ആര്‍. ആന്തുലെ, അഷ്ടണ്‍ കുച്ചെര്‍, ഭുവനേശ്വര്‍ കുമാര്‍, കാരിഗ്രാന്‍റ്, മായാവതി, മെഗാന്‍ മക്കാഫെര്‍ട്ടി, റാഫേല്‍ വാന്‍ ഡെര്‍വാര്‍ട്ട്, രമേഷ് സിപ്പി, റോബര്‍ട്ട് ഗ്രീന്‍, മനീഷ് മല്‍ഹോത്ര, മൊഹമ്മദ് അലി, സാറാ പാളിന്‍, ശോഭന്‍ ബാബു.
അടുത്തലക്കം: അക്വാറിയസ്