ശനി അനുഗ്രഹിച്ചാല്‍ നല്ല ജോലി പിഴച്ചാലോ

ശനി അനുഗ്രഹിച്ചാല്‍ നല്ല ജോലി പിഴച്ചാലോ

 

ആരാണ് ശനി?

സൂര്യദേവന് ഛായാ ദേവിയില്‍ പിറന്ന പുത്രനാണ് ശനി. ഗ്രഹപദവി നല്‍കി ശനിയെ അവരോധിച്ചത് ശിവനാണ്. മുടന്തുളളതിനാല്‍ പതുക്കെയാണ് ശനിയുടെ നടത്തം. ശനി, മന്ദന്‍ ഈ വാക്കുകളുടെയെല്ലാം അര്‍ത്ഥം പതുക്കെ സഞ്ചരിക്കുന്നവനെന്നു തന്നെയാണ്. 
ശിവനെയും, ഇന്ദ്രനെയും, നളനെയും, ഹരിശ്ചന്ദ്രനെയും, പാണ്ഡവരെയും, ഭഗവാന്‍മാരായ ശ്രീരാമ  ശ്രീകൃഷ്ണന്മാരെയുമെല്ലാം ഗ്രസിക്കുകയും ആപത്തുകളില്‍ പെടുത്തുകയും ചെയ്ത ഗ്രഹമാണ് ശനി.

ശനി അനുഗ്രഹിച്ചാല്‍

കര്‍മ്മകാരകനായ ശനി അനുഗ്രഹിച്ചാല്‍ നല്ല ജോലി, വിദേശയോഗം, രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നേതൃസ്ഥാനം, പാചക നൈപുണ്യം, ധാരാളം പ്രജകളെയോ, കീഴ്ജീവനക്കാരെയോ, ആരാധകരെയോ നയിക്കാനുളള നിപുണത ഇവ ഫലം. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനിയോഗകാരകനായി മാറിയാല്‍ സര്‍വ്വ സൗഭാഗ്യം നല്‍കും. 

ശനി പിഴച്ചാല്‍

ജാതകാല്‍ ശനിക്ക് മൗഢ്യമോ, പിഴവോ വന്നാല്‍ കണ്ടകശനി, അഷ്ടമ ശനി, ഏഴരാണ്ടശനി തുടങ്ങിയ കാലയളവുകളും ശനിദശ അപഹാരാദികാലവും ആ വ്യക്തിക്ക് സുഖപ്രദമല്ല. അങ്ങനെയുളളവര്‍ നല്ല ഭൃത്യരാകും യജമാനരാകില്ല. എല്ലാ കാര്യങ്ങളിലും കാലതാമസം, അന്യദേശവാസം, മാനഹാനി, അപമാനഭീതി, ജോലി, കച്ചവടം ഇവയില്‍ നഷ്ടം, ചതി, വഞ്ചന ഇവയില്‍പെട്ട് ജീവിത നൈരാശ്യം, ഇവ ഫലം. പക്ഷേ ശനി ധാര്‍മ്മികനും സത്യവാനും അനുഗ്രഹങ്ങള്‍ വാരിക്കോരി കൊടുക്കുന്നവനുമാണെന്ന് ഒരു മറുവശവും കൂടിയുണ്ട്.

ഒമ്പതു ഗ്രഹങ്ങളില്‍ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഏവരും ഭയപ്പെടുന്ന ഗ്രഹമാണ് ശനി. ജാതകപ്രകാരമായാലും, ദശാകാല പ്രകാരമായാലും, ഗ്രഹപ്പകര്‍ച്ചയായാലും ശനിദോഷങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും ഫലം കാഠിന്യമുളളതായിരിക്കും. ശനി ആയുസ്സിന്‍റെ കാരകനാണ്. ശനിദോഷമുണ്ടെങ്കില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് ആദ്യം പരിശോധിക്കാം.

പരിശ്രമങ്ങളില്‍ തടസ്സം, മുന്നേറ്റത്തില്‍ മന്ദത, ജോലിക്കാര്യത്തില്‍ അമിതമായ അലച്ചില്‍, ജോലിഭാരം വര്‍ദ്ധിക്കുക, സര്‍ക്കാര്‍ കാര്യത്തില്‍ എതിര്‍പ്പുണ്ടാവുക, തൊഴില്‍സ്തംഭനം, കൃഷിനാശം, അലസത വര്‍ദ്ധിക്കുക, ഇടയ്ക്കിടെ അപകടമുണ്ടായി അവയവങ്ങള്‍ക്ക് വൈകല്യമുണ്ടാവുക ഇതൊക്കെ ശനിദോഷത്താലുണ്ടാകുന്ന പ്രശ്നങ്ങളാണ്. ശരീരത്തില്‍ ഇടയ്ക്കിടെ പരിക്ക് പറ്റുക, മുറിവുകളും പൊളളലുമുണ്ടാവുക, ചര്‍മ്മത്തിന് നിറം മാറ്റം സംഭവിക്കുക. ഞരമ്പുകള്‍ സംബന്ധമായ രോഗങ്ങള്‍, വാതരോഗങ്ങള്‍, ഉദരരോഗങ്ങള്‍, എല്ലുതേയ്മാനം, പ്രമേഹം എന്നീ ദോഷങ്ങള്‍ ശനി ദോഷത്താലുണ്ടാകാം.

ശനിദോഷത്തിന് താഴെപ്പറയുന്ന പരിഹാരങ്ങള്‍ നടത്തിയാല്‍ ദോഷകാഠിന്യം കുറഞ്ഞു കിട്ടും. 

നിത്യവും ഒരു കൈപ്പിടി ചോറ് എളള് ചേര്‍ത്ത് കാക്കയ്ക്ക് വച്ചാല്‍ വളരെ നല്ലതാണ്. 
ശനിയാഴ്ച രാവിലെ 6 നും 6.30 നും മദ്ധ്യേ പൂജാമുറിയില്‍ അഞ്ച് മണ്‍ചിരാതുകളില്‍ നല്ലെണ്ണ ഒഴിച്ച് ദീപം കത്തിച്ച് ശിവസ്തുതിയും, ഹനുമാന്‍ സ്തുതിയും ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് നല്ല ഫലം കിട്ടും.

നിത്യവും ശിവന്‍, ലക്ഷമീനരസിംഹം, ഹനുമാന്‍ ഗായത്രിയും ജപിക്കുന്നതോടൊപ്പം ശനീശ്വരഗായത്രി അല്ലെങ്കില്‍ മന്ത്രം ജപിക്കുക. 

ശനിപ്രദോഷനാളുകളില്‍ നന്തിദര്‍ശനവും ശിവന് കൂവള അര്‍ച്ചനയും ചെയ്യുക. 


തമിഴ്നാട്ടിലെ ശനീശ്വര ക്ഷേത്രമായ തിരുനളളാറിലെ നളതീര്‍ത്ഥത്തില്‍ നീരാടി അവിടുത്തെ ചിട്ടപ്രകാരം ശനിഭഗവാന് വഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിക്കുക. 
 

വെളളിയാഴ്ച രാത്രി ഒരു നുളള് എളള് കിഴി കെട്ടി 9 തവണ തലക്കുഴിഞ്ഞ് തലയ്ക്കല്‍ വച്ച് ഉറങ്ങുക. ശനിയാഴ്ച ആ എളള് ആഹാരത്തില്‍ കലര്‍ത്തി കാക്കയ്ക്ക് നല്‍കുക. 
 

കഴിവുളളവര്‍ നീലക്കല്ല് എന്ന ബ്ലൂ ടോപ്പാസ് കല്ല് ലോക്കറ്റില്‍ പതിച്ച് അണിയുക.

അല്ലെങ്കില്‍ ആ കല്ലുകൊണ്ടുളള ഗണപതി വിഗ്രഹം (ചെറുത്) വാങ്ങി പൂജിക്കുക. 
 

കുതിരലാടത്തില്‍ പണിഞ്ഞ മോതിരം ധരിക്കുക. വികലാംഗരെ സഹായിക്കുക, ഹനുമാന് ശനിയാഴ്ചകളില്‍ വെറ്റിലമാല പതിവായി വഴിപാടുനല്‍കുക.
 

ശനീശ്വര കവചയന്ത്രം അല്ലെങ്കില്‍ ശാസ്തായന്ത്രം ധരിക്കുക. പതിവായി ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി അവിടുത്തെ പാര്‍വ്വതീദേവിയേയും വണങ്ങിയ ശേഷം ഹനുമാനെ ദര്‍ശിച്ചു വണങ്ങുന്നതും നല്ല ഫലം നല്‍കും.
          
 

ജ്യോതിഷരത്നം ആറ്റുകാല്‍ ദേവീദാസന്‍
8921709017

Photo Courtesy - Google