താലികെട്ടിയ പെണ്ണും വേലികെട്ടിയ മണ്ണും
താലികെട്ടിയ പെണ്ണും വേലികെട്ടിയ മണ്ണും ഭദ്രമാണ് എന്നൊരു ചൊല്ലുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം താലിക്കുള്ള പ്രാധാന്യം എടുത്തുപറയുവാന്‍ ഇതില്‍പ്പരം നല്ലൊരു പഴഞ്ചൊല്ല് മലയാളത്തില്‍ വേറെ കാണില്ല. അത്രകണ്ട് പ്രധാനമാണ് സ്ത്രീകളും താലിയും തമ്മിലുള്ള ബന്ധം. വിവാഹസമയത്ത് വരന്‍ വധുവിന്‍റെ കഴുത്തില്‍ അണിയിക്കുന്ന ഏറ്റവും പ്രധാനമായ ഒരു ആഭരണം എന്നതിനപ്പുറം ഒത്തിരി അര്‍ത്ഥതലങ്ങളുള്ളതാണ് സ്ത്രീയും താലിയും തമ്മിലുള്ള ബന്ധം. ഇതിന് മംഗല്യസൂത്രം എന്നും ഒരു പേരുണ്ട്.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം താലി ചാര്‍ത്തപ്പെടുന്നതോടെ പുതിയൊരു ജീവിതത്തിനാണ് തുടക്കമാകുന്നത്. തലേ നിമിഷം വരെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ ഒക്കെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന സ്ത്രീക്ക് കഴുത്തില്‍ താലി ചാര്‍ത്തപ്പെടുന്നത് മുതല്‍ ജീവിതാവസാനം വരെ പുതിയൊരു സംരക്ഷകനെ ലഭിക്കുകയാണ്. ഏതൊരു സ്ത്രീയുടെ കഴുത്തിലാണോ താന്‍ താലി കെട്ടിയത് ആ സ്ത്രീയെ ആജീവനാന്തം സംരക്ഷിക്കുവാനുള്ള കടമയോ ഉത്തരവാദിത്വമോ പുരുഷനിലും ചെന്നുചേരുന്നു. അങ്ങനെ പുരുഷനും സ്ത്രീയും തമ്മില്‍ പരസ്പരം സ്നേഹിക്കുവാനും സംരക്ഷിക്കുവാനുമൊക്കെയുള്ള അലിഖിതമായ ഒരു ഉടമ്പടിയാണ് താലിചാര്‍ത്തലിലൂടെ ഒപ്പുവയ്ക്കുന്നത്. താലികെട്ടിയ പുരുഷനെ ദൈവതുല്യം കാണുവാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്നത് ആ ഒരു അലിഖിതകരാറാണ്.
കേവലം ഒരു അലങ്കാരമല്ല, അതിനുമപ്പുറം സ്ത്രീയേയും പുരുഷനേയും ഒന്നാക്കുന്ന ഒരു സൂത്രമാണ് താലി എന്നര്‍ത്ഥം. താലിയെ പവിത്രവും ദൈവികവുമായി കരുതപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്. താലി നഷ്ടപ്പെടുകയോ പൊട്ടുകയോ ചെയ്യുന്നത് വലിയ ദോഷമായിട്ടാണ് സ്ത്രീകള്‍ പൊതുവേ കണക്കാക്കിപ്പോരുന്നത്.
ആലിലയുടെ ആകൃതിയിലാണ് താലി പൊതുവേ നിര്‍മ്മിക്കുന്നത്. അങ്ങനെ നിര്‍മ്മിക്കുന്ന താലിയില്‍ ശിവന്‍റേയും ബ്രഹ്മാവിന്‍റേയും വിഷ്ണുവിന്‍റേയും സാന്നിദ്ധ്യമുണ്ടെന്നാണ് ഹൈന്ദവവിശ്വാസം. അത് വ്യക്തമാക്കാനായിട്ടാണ് ആലിലത്താലിയില്‍ ഓംകാരം കൊത്തിവയ്ക്കുന്നത്. ആലിലയാകുന്ന പ്രകൃതിയില്‍ ഓംകാരമാകുന്ന പരമാത്മാവ് അന്തര്‍ലീനമായിരിക്കുന്നു എന്ന് സങ്കല്‍പ്പം. അപ്രകാരം സ്ത്രീയും പുരുഷനും ഒറ്റ മനസ്സായി നിന്നാലേ കുടുംബബന്ധം നന്നായി മുന്നോട്ടുകൊണ്ടുപോകാനാകൂ എന്ന് താലിസങ്കല്‍പ്പം നമ്മളോട് പറയുന്നു. അതായത് വലിയൊരു തത്വശാസ്ത്രത്തിന്‍റെ ചെറിയൊരു പ്രതീകമാണ് താലി എന്ന് സാരം.
സ്ത്രീകളുടെ ജീവന്‍റെയും സംസ്ക്കാരത്തിന്‍റെയും ഭാഗമായ താലിക്ക് മംഗല്യസൂത്രം എന്നും പേരുണ്ടെന്ന് പറഞ്ഞല്ലോ. മംഗളം എന്ന വാക്കില്‍ നിന്നാണ് മംഗല്യം എന്ന വാക്കുണ്ടായത്. സൂത്രം എന്നാല്‍ ചരട് എന്നും അര്‍ത്ഥം. സാധാരണയായി മഞ്ഞച്ചരടിലാണ് താലി കോര്‍ക്കുന്നത്. കാലം മാറിയതോടെ ചരടുപോലുള്ള സ്വര്‍ണ്ണച്ചെയിനിലും കൊരുക്കാറുണ്ട്. അതേ സമയം മുഹൂര്‍ത്ത സമയത്ത് മഞ്ഞച്ചരടില്‍ കോര്‍ത്തശേഷം പിന്നീട് സ്വര്‍ണ്ണച്ചെയിനിലേക്കു മാറുന്നതും പതിവാണ്. എങ്കിലും മുഹൂര്‍ത്തം നോക്കി കെട്ടുമ്പോള്‍ മഞ്ഞച്ചരടില്‍ തന്നെയാണ് താലി കൊരുത്തിടുന്നത്.
പുരുഷന്‍ ഈ മഞ്ഞച്ചരട് സ്ത്രീയുടെ കഴുത്തില്‍ ചാര്‍ത്തുന്നതോടെ അവര്‍ പരസ്പരം ധാരണാബലം അനുസരിച്ച് ഒരുമിച്ച് ജീവിക്കുവാന്‍ തീരുമാനമെടുത്തു എന്നാണ് വിശ്വാസം. താലിത്തുമ്പില്‍ ബ്രഹ്മാവും, താലിയുടെ മധ്യത്തില്‍ വിഷ്ണുവും, താലിയുടെ മുകളില്‍ ശിവനും സ്ഥിതി ചെയ്യുന്നു എന്നും വിശ്വസിച്ചുപോരുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അതുകൊണ്ടുതന്നെ അതിനെ വലയം ചെയ്തിരിക്കുന്ന താലിയില്‍ മഹാമായ കുടികൊള്ളുന്നതായും സങ്കല്‍പ്പിക്കപ്പെടുന്നു.
താലികെട്ടിയ പുരുഷന്‍ പരമാത്മാവും സ്ത്രീ ജീവാത്മാവുമായാണ് കരുതപ്പെടുന്നത്. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനിലാണെന്ന് പറയുന്നത്. സ്ത്രീ വിധവയാകുമ്പോള്‍ പരമാത്മാവുമായുള്ള ബന്ധമാണ് വിച്ഛേദിക്കപ്പെടുന്നത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ താലി ഉപേക്ഷിക്കുന്നതിന്‍റെ കാരണം മറ്റൊന്നല്ല. പ്രപഞ്ചത്തിന്‍റെ നിയന്താവായ പരമാത്മാവാണ് പുരുഷന്‍. ആ പരമാത്മാവിന്‍റെ ശക്തിയാണ് പ്രകൃതി അഥവാ സ്ത്രീ. ഈ പരമാത്മാവും പ്രകൃതിയും തമ്മിലുള്ള സംഗമമാണ് താലികൊണ്ട് സൂചിപ്പിക്കുന്നത്.
പി. ജയചന്ദ്രന്‍