ജീവിതപ്രപഞ്ചത്തെ  ധന്യവും അര്‍ത്ഥപൂര്‍ണ്ണവുമാക്കുന്ന വ്യാഴം

ജീവിതപ്രപഞ്ചത്തെ ധന്യവും അര്‍ത്ഥപൂര്‍ണ്ണവുമാക്കുന്ന വ്യാഴം

HIGHLIGHTS

ഒരാളുടെ ജാതകത്തില്‍, ഗ്രഹനിലയില്‍ വ്യാഴം ശരിയുടെ സ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതം അഭ്യുന്നതിയിലെത്തും. മറ്റുഗ്രഹങ്ങള്‍ പ്രതികൂലമായിരുന്നാലും വ്യാഴം ബലവാനാണെങ്കില്‍ ഒന്നും ഭയക്കാനില്ലെന്നാണ് പറഞ്ഞതിന്‍റെ അര്‍ത്ഥം. ജ്യോതിഷത്തില്‍ ഗുരു എന്നുപറഞ്ഞാല്‍ വ്യാഴമാണ്. ആ വ്യാഴമാണ് ബുദ്ധിവികാസം. പാണ്ഡിത്യം, ചിന്താശക്തി, അന്തസ്സ്, ആഭിജാത്യം, സാമ്പത്തിക സുസ്ഥിരത, കുടുംബഭദ്രത, സന്താനഭാഗ്യം തുടങ്ങിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഗ്രഹങ്ങളില്‍ ഏറ്റവും വലിപ്പം വ്യാഴത്തിനാണ്. ആ വലിപ്പം നന്മ ചെയ്യുന്ന കാര്യത്തിലുമുണ്ട്. രാജയോഗങ്ങള്‍ വാരിക്കോരി നല്‍കുന്ന വ്യാഴം ഒരു വ്യക്തിയുടെ ജീവിതത്തേയും മനഃപൂര്‍വ്വം സംഘര്‍ഷപ്പെടുത്തുകയില്ല. ശുഭകരമായ ജീവിതം മാത്രമേ അരുളുകയുള്ളൂ.

 

രാളുടെ ജാതകത്തില്‍, ഗ്രഹനിലയില്‍ വ്യാഴം ശരിയുടെ സ്ഥാനത്താണെങ്കില്‍ അയാളുടെ ജീവിതം അഭ്യുന്നതിയിലെത്തും. മറ്റുഗ്രഹങ്ങള്‍ പ്രതികൂലമായിരുന്നാലും വ്യാഴം ബലവാനാണെങ്കില്‍ ഒന്നും ഭയക്കാനില്ലെന്നാണ് പറഞ്ഞതിന്‍റെ അര്‍ത്ഥം. ജ്യോതിഷത്തില്‍ ഗുരു എന്നുപറഞ്ഞാല്‍ വ്യാഴമാണ്. ആ വ്യാഴമാണ് ബുദ്ധിവികാസം. പാണ്ഡിത്യം, ചിന്താശക്തി, അന്തസ്സ്, ആഭിജാത്യം, സാമ്പത്തിക സുസ്ഥിരത, കുടുംബഭദ്രത, സന്താനഭാഗ്യം തുടങ്ങിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഗ്രഹങ്ങളില്‍ ഏറ്റവും വലിപ്പം വ്യാഴത്തിനാണ്. ആ വലിപ്പം നന്മ ചെയ്യുന്ന കാര്യത്തിലുമുണ്ട്. രാജയോഗങ്ങള്‍ വാരിക്കോരി നല്‍കുന്ന വ്യാഴം ഒരു വ്യക്തിയുടെ ജീവിതത്തേയും മനഃപൂര്‍വ്വം സംഘര്‍ഷപ്പെടുത്തുകയില്ല. ശുഭകരമായ ജീവിതം മാത്രമേ അരുളുകയുള്ളൂ.

സത്വഗുണത്തിന്‍റെ പ്രതീകം

പ്രപഞ്ചത്തിലെ സകലമാനസംഗതികളും സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹങ്ങളും  ഈ മൂന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. വ്യാഴം, സൂര്യന്‍, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ സത്വഗുണത്തേയും ബുധനും ശുക്രനും രജോഗുണത്തേയും ശനി, ചൊവ്വ, രാഹു, കേതു എന്നിവര്‍ തമോഗുണത്തേയും പ്രതിനിധാനം ചെയ്യുന്നു. ഒരാളുടെ ജാതകത്തില്‍ ഏത് ഗ്രഹത്തിനാണോ ഏറ്റവും ബലം, ആ ഗ്രഹം പ്രതിനിധാനം ചെയ്യുന്ന ഗുണമായിരിക്കും ആ വ്യക്തിക്ക്. ത്രിഗുണങ്ങളില്‍ ദൈവാംശം വളരെ കൂടിയിരിക്കുന്നത് സത്വഗുണത്തിനാണ്. സത്വഗുണമുള്ളവനെയാണ് സാത്വികന്‍ എന്നുവിളിക്കുന്നത്. ബലവാനായ വ്യഴം ഗ്രഹനിലയിലുണ്ടെങ്കില്‍ ആ ജാതകന്‍ സാത്വികന്‍ തന്നെയായിരിക്കും.

ജന്മരഹസ്യം

ബ്രഹ്മാവിന്‍റെ മാനസപുത്രന്മാരില്‍ ഒരാളാണ് അംഗിരസ് മഹര്‍ഷി. അദ്ദേഹത്തിന് വസുദയില്‍ ജനിച്ച പുത്രനാണ് വ്യാഴം. കുട്ടിക്കാലത്തുതന്നെ അച്ഛന്‍റെ ഉപദേശപ്രകാരം തപസ്സ് ചെയ്യാന്‍ പോയ പുത്രന്‍. വര്‍ഷങ്ങളോളം നീണ്ട കഠിനതപസ്സിനൊടുവില്‍ ശിവനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹം. ഇഷ്ടവരങ്ങള്‍ സ്വായത്തമാക്കി. ശിവനാണ് ബ്രഹ്മാവിനോട് വ്യാഴത്തെ ഗ്രഹങ്ങളിലൊരാളാക്കാനും ദേവന്മാരുടെ ഗുരുവാക്കാനും ശുപാര്‍ശ ചെയ്തത്. ദേവന്മാരുടെ എല്ലാ നീക്കങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രം വ്യാഴമാണ്. തത്ത്വചിന്തയിലും ധര്‍മ്മസംഹിതയിലും വേദജ്ഞാനത്തിലും ജീവിതവീക്ഷണത്തിലുമെല്ലാം അതുല്യനായ മാര്‍ഗ്ഗദര്‍ശിയാണ് വ്യാഴം.

കള്ളന്മാരുടെ വരവും വ്യാഴനോട്ടവും

നില്‍ക്കുന്ന രാശിയുടെ ഏഴാം രാശിയില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും നോട്ടമുണ്ട്. എങ്കിലും ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്ക് ഏഴാം രാശിയിലേക്ക് മാത്രമല്ല, മറ്റുചില രാശിയിലേയ്ക്കും വിശേഷാല്‍ നോട്ടമുണ്ട്. വ്യാഴത്തിന് അഞ്ച്, ഒന്‍പത് രാശികളിലേക്കാണ് ആ നോട്ടം. ഇതുപോലെ ഗ്രഹദൃഷ്ടിക്ക് മറ്റൊരു നിയമം കൂടി പറയുന്നുണ്ട്. വ്യാഴവും ചന്ദ്രനുമാണ് നേരെ നോക്കുന്ന ഗ്രഹങ്ങള്‍. അതായത് കണ്ണില്‍ കണ്ണില്‍ നോക്കുന്നവര്‍. പ്രശ്നശാസ്ത്രത്തില്‍ മോഷണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ മോഷണഗ്രഹസ്ഥാനത്ത് ചൊവ്വയോ സൂര്യനോ വന്നാല്‍ ഗൃഹത്തില്‍ കള്ളന്‍ കടന്നത് മുകളില്‍കൂടിയാണെന്നും ശനിയോ രാഹുവോ ആണെങ്കില്‍ ഭൂമി തുരന്നിട്ടാണെന്നും വ്യാഴമായാല്‍ നേരെ വാതിലിലൂടെ വീട്ടിലേയ്ക്ക് കടന്നുവെന്നും ആചാര്യന്മാര്‍ വ്യക്തമാക്കുന്നു.

വ്യാഴവും പ്രധാന യോഗങ്ങളും

യോഗം എന്ന വാക്കിന് സമ്മേളനം എന്നും തലയിലെഴുത്ത്, വിധി എന്നും അര്‍ത്ഥമുണ്ട്. ആയുര്‍വ്വേദത്തില്‍ മരുന്നുകളുടെ മിശ്രിതത്തിനും യോഗം എന്നുപറയും. ഇവിടെ ഗ്രഹച്ചേര്‍ച്ചകളെയാണ് യോഗം എന്ന് അര്‍ത്ഥമാക്കുന്നത്. അത് നന്മയും തിന്മയും പ്രദാനം ചെയ്യുന്നു. വ്യാഴത്തെ അടിസ്ഥാനപ്പെടുത്തിയ പ്രധാനയോഗം ഹംസയോഗമാണ്. പഞ്ചമഹാ പുരുഷയോഗങ്ങളില്‍ ഒന്ന്. ഉച്ചരാശിയായ കര്‍ക്കിടകത്തിലോ, സ്വക്ഷേത്രരാശികളായ ധനു-മീനം രാശികളിലോ നില്‍ക്കുന്ന വ്യാഴം കേന്ദ്രഭാവങ്ങളില്‍(1, 4, 7, 10 എന്നിവയില്‍) നിന്നാല്‍ ഹംസയോഗമുണ്ടാകുന്നു. ഗ്രഹനിലയില്‍ ചന്ദ്രനും വ്യാഴവും പരസ്പരം കേന്ദ്രഭാവങ്ങളില്‍ വന്നാല്‍ സംഭവിക്കുന്നതാണ് കേസരിയോഗം. സുനഭായോഗം എന്നത് ഗ്രഹനിലയില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടാം ഭാവത്തില്‍ രാഹു-കേതു- സൂര്യന്‍ ഒഴികെയുള്ള ഗ്രഹങ്ങള്‍ ഒരുമിച്ചോ ഏതെങ്കിലുമൊരു ഗ്രഹം ഒറ്റയ്ക്കോ നില്‍ക്കുമ്പോള്‍ സംഭവിക്കുന്നതാണ്.

ഇപ്രകാരം ചന്ദ്രന്‍റെ രണ്ടാം ഭാവത്തില്‍ വ്യാഴം നിന്നാല്‍ അത് ജാതകനെ യശസ്വിയാക്കും. എന്നാല്‍ അനഭായോഗമെന്നത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ പന്ത്രണ്ടില്‍ ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നിവര്‍ ഒരുമിച്ചോ, ഏതെങ്കിലും ഗ്രഹം ഒറ്റയ്ക്കോ നില്‍ക്കുന്നതാണ്. ഇവ നാലും വ്യക്തിത്വ സവിശേഷതകള്‍ സമ്മാനിക്കുന്ന ശുഭയോഗങ്ങളാണ്. ഇവ ജാതകനെ നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നു. ഗ്രഹനിലയില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ ദുരന്തസ്ഥാനങ്ങളില്‍(6,8,12 രാശികള്‍) വ്യാഴം നിന്നാല്‍ സംഭവിക്കുന്ന ഒരു യോഗമാണ് ശകടയോഗം. ഇത് ജീവിതത്തെ ഇരുണ്ടതും ക്ലേശം ജനിപ്പിക്കുന്ന രോഗം, കടം, ദാരിദ്ര്യം, ദുര്‍വ്യയം, ആപത്ത്, ബന്ധനം എന്നിവയ്ക്ക് കാരണമാകും. ഇത് ലഗ്നകേന്ദ്രത്തില്‍ വ്യാഴം സ്ഥിതി ചെയ്യാതിരുന്നെങ്കില്‍ മാത്രമേ സംഭവിക്കുകയുള്ളൂ.

പരിഹാരങ്ങള്‍

വ്യാഴം ആരെയും ദ്രോഹിക്കില്ലായെന്ന് ആദ്യം തന്നെ പറഞ്ഞു. വ്യാഴത്തിന്‍റെ നിസ്സംഗത്വഭാവമാണ് ആ ഗ്രഹം ചെയ്യുന്ന വലിയ ദോഷം. അതിന് വ്യാഴത്തെ സന്തോഷിപ്പിക്കേണ്ടത് ആവശ്യമാണ്. അതില്‍ ആദ്യത്തേത് നിത്യവുമുള്ള വ്യാഴഗായത്രീമന്ത്രം ഉരുവിടുകയെന്നതാണ്. ഓം അംഗിരോജാതായ വിദ്മഹേ/ വാചസ്പതയേ ധീമഹി/ തന്നോ ഗുരുഃ പ്രചോദയാത് എന്നതാണ് വ്യാഴഗായത്രി. മഞ്ഞപുഷ്യരാഗരത്നം സ്വര്‍ണ്ണമോതിരത്തില്‍ പൊതിഞ്ഞ് ശരീരത്തില്‍ സ്പര്‍ശിക്കുംവിധം ധരിക്കുന്നതും മഞ്ഞനിറമുള്ള പൂക്കള്‍കൊണ്ട് വ്യാഴത്തെ പൂജിക്കുന്നതും നല്ലതാണ്. മഞ്ഞനിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വ്യാഴപ്രീതികരമാണ്. കൂടാതെ മാസംതോറുമുള്ള ജന്മനക്ഷത്രദിവസം, വ്യാഴാഴ്ച, പുണര്‍തം, വിശാഖം, പൂരുരുട്ടാതി നക്ഷത്രദിവസങ്ങള്‍ എന്നിവയില്‍ ഔഷധസ്നാനം നടത്തുന്നതും നിസ്സംഗനായ വ്യാഴത്തെ പ്രചോദിപ്പിച്ച് ജീവിതത്തില്‍ പുതിയ അര്‍ത്ഥങ്ങള്‍ നല്‍കാന്‍ പ്രേരിപ്പിക്കും. സ്നാനജലത്തില്‍ ചേര്‍ക്കേണ്ട ഔഷധങ്ങള്‍ കടുക്, പാച്ചോറ്റി, മഞ്ഞള്‍, മരമഞ്ഞള്‍, മുത്തങ്ങ, ഞാഴല്‍പ്പൂവ്, സുറുമ എന്നിവയാണ്. ഇവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ വേണം കുളിക്കേണ്ടത്.