അച്ഛനെക്കാള്‍ കേള്‍വികേട്ട മകന്‍ -കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

അച്ഛനെക്കാള്‍ കേള്‍വികേട്ട മകന്‍ -കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

HIGHLIGHTS

ക്ഷേത്രത്തിന്‍റെ അകത്തളത്ത് പ്രവേശിച്ചാല്‍ കിഴക്ക് ദര്‍ശനമായി ഭഗവാന്‍ പരമശിവനും നേര്‍ പിന്‍ഭാഗത്തായി ദേവി പാര്‍വ്വതിയും സ്ഥിതി ചെയ്യുന്നു. തെക്കോട്ട് ദര്‍ശനമരുളുന്ന ബാലഗണപതിയും അവര്‍ക്കൊപ്പമുണ്ട്. ശിവപാര്‍വതിമാരുടെ മറ്റൊരു പുത്രനായ ഭഗവാന്‍ സുബ്രഹ്മണ്യനാകട്ടെ ചുറ്റമ്പലത്തിനുള്ളില്‍ തന്നെ വടക്കുപടിഞ്ഞാറ് ഭാഗത്തായും കുടികൊള്ളുന്നു. ഒരു കുടുംബം തന്നെ ഒരുമിച്ച് കുടികൊള്ളുന്ന ക്ഷേത്രമാകട്ടെ അറിയപ്പെടുന്നത് ബാലഗണപതിയുടെ പേരിലും. പെരുന്തച്ചന്‍റെ വാക്കുകള്‍ അന്വര്‍ത്ഥമായെന്ന് കാലം തെളിയിച്ചിരിക്കുകയാണ്.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത വിശ്വാസികള്‍ കുറവായിരിക്കും. ഗണേശഭക്തന്മാര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊട്ടാരക്കരയിലെ ബാലഗണപതിയെക്കണ്ട് തൊഴുതിരിക്കണം എന്നാണ് പറയപ്പെടുന്നത്. അത്രകണ്ട് ദര്‍ശനസായൂജ്യമാണ് ആ നടയില്‍ നിന്നും പ്രാപ്യമാവുക, കേള്‍വികേട്ട ആ പുണ്യപുരാതനക്ഷേത്രം ഗണേശന്‍റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും മുഖ്യപ്രതിഷ്ഠ സാക്ഷാല്‍ പരമശിവനാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രധാന പ്രതിഷ്ഠയുടെ പേരില്‍ അറിയപ്പെടുന്നതിന് പകരം ഉപദേവന്‍റെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രം എന്ന ഖ്യാതിയും കൊട്ടാരക്കര അമ്പലത്തിന് സ്വന്തം. ഇതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെയാണ്.

കൊട്ടാരക്കര ദേശത്ത് പ്രധാനമായും രണ്ട് ശിവക്ഷേത്രങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് കിഴക്കേക്കര ശിവക്ഷേത്രവും മറ്റേത് പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂര്‍, ഊമന്‍പള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്‍റെ അധികാരത്തിന്‍ കീഴിലുമായിരുന്നു. പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തിന്‍റെ നിര്‍മ്മാണ ചുമതലയും മേല്‍നോട്ടവും പെരുന്തച്ചന് ആയിരുന്നത്രേ. ക്ഷേത്രനിര്‍മ്മാണത്തിനിടയില്‍ അദ്ദേഹം പ്ലാവിന്‍റെ തടികൊണ്ട് ഒരു ചെറിയ ഗണേശവിഗ്രഹം തയ്യാറാക്കി. അതുമായി അദ്ദേഹം പ്രധാന പുരോഹിതനെ ചെന്നുകണ്ടു. ശിവപ്രതിഷ്ഠയ്ക്കുശേഷം ഈ ഗണപതി വിഗ്രഹം കൂടി പ്രതിഷ്ഠിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം പെരുന്തച്ചന്‍റെ അപേക്ഷ നിരസിച്ചു. ഇവിടെ ശിവനെയാണ് പ്രതിഷ്ഠിക്കേണ്ടതെന്നും ബ്രാഹ്മണനായ തന്നെക്കാള്‍ അറിവ് പെരുന്തച്ചന് ഇല്ലെന്ന് പറഞ്ഞ് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

നിരാശനായ പെരുന്തച്ചന്‍ കിഴക്കേക്കര ശിവക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. അന്നേരം അവിടുത്തെ പുരോഹിതന്‍ മഹാദേവന് നേദിക്കാനായി കൂട്ടപ്പം(ഉണ്ണിയപ്പം) തയ്യാറാക്കുകയായിരുന്നു. ഇതുകണ്ട പെരുന്തച്ചന്‍ മേല്‍ശാന്തിയോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതന്‍ അത് സമ്മതിക്കുകയും പെരുന്തച്ചന്‍ സമര്‍പ്പിച്ച ഗണപതിയെ തെക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. തുടര്‍ന്ന് പെരുന്തച്ചന്‍ പുരോഹിതനോട് ഇപ്രകാരം ചോദിച്ചു. ഉണ്ണി ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ് ഇന്ന് നിവേദ്യമായി ഭഗവാന് അര്‍പ്പിക്കാനുള്ളത്? കൂട്ടപ്പം എന്നായിരുന്നു പുരോഹിതന്‍റെ മറുപടി. തുടര്‍ന്ന് ഒരു ഇലയില്‍ ഏഴ് കൂട്ടപ്പങ്ങള്‍ കൊരുത്തത് പെരുന്തച്ചന്‍ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചന്‍ ഇവിടെ മകന്‍ അച്ഛനെക്കാള്‍ പ്രശസ്തനാകും എന്ന് പറഞ്ഞശേഷമാണ് മടങ്ങിയതത്രേ. ആ പ്രവചനം പില്‍ക്കാലത്ത് സത്യമായി. ഇന്ന് കൊട്ടാരക്കര ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്.

പുരാണകഥയുടെ തുടര്‍ച്ച ഇങ്ങനെയാണ്

താന്‍ പണിതീര്‍ത്ത ഗണപതി വിഗ്രഹം അര്‍ഹമായിടത്ത് പ്രതിഷ്ഠിച്ച ചാരിതാര്‍ത്ഥ്യത്തോടെ പെരുന്തച്ചന്‍ അവിടെ നിന്നും മടങ്ങി. അതിനുശേഷം ഗണപതി വിഗ്രഹത്തിലേക്ക് സൂക്ഷിച്ചുനോക്കിയ പുരോഹിതന് ഒരു തോന്നല്‍ ഉണ്ടായി. ബാലഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ് എന്നതായിരുന്നു ആ തോന്നല്‍. പരമശിവന് നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതിനായി അദ്ദേഹത്തിന് ഒരു തോന്നല്‍. ഇതോടെ  അദ്ദേഹം, അമ്പലത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഓരോന്നായി ഗണപതിക്ക് നിവേദിച്ചു. ഭഗവാന്‍ തൃപ്തനാകട്ടെ എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, എന്ത് നല്‍കിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്ന് പുരോഹിതന് തോന്നി. ഒടുവില്‍ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശര്‍ക്കരയും ചേര്‍ത്ത് ചെറിയ കൂട്ടപ്പങ്ങള്‍(ഉണ്ണിയപ്പങ്ങള്‍) ഉണ്ടാക്കി നിവേദിക്കാന്‍ തുടങ്ങി. അതോടെ ഭഗവാന്‍ തൃപ്തനായെന്ന് പുരോഹിതന് ബോധ്യമായി. അതുകൊണ്ടാണ് ഇപ്പോഴും കൊട്ടാരക്കര ക്ഷേത്രത്തില്‍ നട തുറന്നിരിക്കുന്ന വേളയിലെല്ലാം ഗണപതി ഭഗവാന് മുന്നില്‍ എപ്പോഴും ഉണ്ണിയപ്പം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഇതേ ഐതിഹ്യം മറ്റൊരുതരത്തിലും പറയപ്പെടുന്നുണ്ട്. കിഴക്കേക്കര ശിവക്ഷേത്രത്തിന്‍റെ നിര്‍മ്മാണച്ചുമതല പെരുന്തച്ചനായിരുന്നു. പ്ലാന്തടിയില്‍ താന്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ ശിവനെയാണ് പ്രതിഷ്ഠിക്കേണ്ടതെന്നും വേണമെങ്കില്‍ ഉപദേവനായി ഗണപതിയെ പ്രതിഷ്ഠിക്കാമെന്നും പുരോഹിതന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ക്ഷേത്രത്തിന്‍റെ തെക്കേനടയില്‍ ഗണപതിയെ പ്രതിഷ്ഠിക്കുകയും ഈ ക്ഷേത്രം ഇനി ഈ മകന്‍റെ പേരില്‍ അറിയപ്പെടുമെന്ന് പറയുകയും ചെയ്തത്രേ. വിശ്വാസകഥകള്‍ അങ്ങനെ പലതരത്തിലാണ് പ്രചരിക്കുന്നത്.

ക്ഷേത്രത്തിലെ ഇതരവിശേഷങ്ങള്‍ ഇവയാണ്

കിഴക്കോട്ടാണ് കൊട്ടാരക്കര ക്ഷേത്രത്തിന്‍റെ ദര്‍ശനം. ക്ഷേത്രനടയ്ക്ക് മുന്നില്‍ അതിവിശാലമായ കുളമാണ്. അതിനാല്‍, ദര്‍ശനവശത്തുനിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ കവാടമില്ല. (പുറമെ നിന്നുള്ള) വടക്ക്, തെക്ക് ഭാഗങ്ങളില്‍ നിന്നാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വടക്കുഭാഗത്ത് വലിയൊരു അരയാല്‍ മരം ഉണ്ട്. പുണ്യവൃക്ഷമായ അരയാലിന്‍റെ മുകളില്‍ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയില്‍ ശിവനും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അതായത് അരയാല്‍ ത്രിമൂര്‍ത്തിസ്വരൂപമാണ് എന്ന് സാരം. ഈ അരയാല്‍ കടന്നാല്‍ ക്ഷേത്രമുറ്റത്തെത്താം.

സാധാരണ ഒരു ക്ഷേത്രത്തിന്‍റെ കെട്ടും മട്ടും മാത്രമാണ് കൊട്ടാരക്കര ക്ഷേത്രത്തിനുള്ളത്. ശിവന്‍റെ നടയ്ക്കുനേരെ പണിത, ഭഗവദ് വാഹനമായ നന്തിയെ ശിരസ്സിലേറ്റുന്ന കൊടിമരം ഒരു പ്രത്യേക ആകര്‍ഷണമാണ്. ശ്രീകോവില്‍ കെട്ടിന് പുറത്തായി തെക്കുപടിഞ്ഞാറ് ഭാഗത്ത് ചെറിയ ശ്രീകോവിലില്‍ ശാസ്താവ് കുടികൊള്ളുന്നു. 

കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ശാസ്താവിന്‍റെ നടയിലാണ് ശബരിമല തീര്‍ത്ഥാടകര്‍ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ശാസ്താനടയുടെ അടുത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും പരിവാരങ്ങളും ഇവിടുണ്ട്. സമീപത്തെ സരസ്വതി മണ്ഡപത്തിലാണ് വിജയദശമിദിനം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നത്. വടക്കുപടിഞ്ഞാറ് ഭാഗത്താണ് സുബ്രഹ്മണ്യന്‍ കുടികൊള്ളുന്നത്. ഭഗവാന് ബാലസുബ്രഹ്മണ്യന്‍റെ ഭാവമാണ് ഉള്ളത്.

ക്ഷേത്രത്തിന്‍റെ അകത്തളത്ത് പ്രവേശിച്ചാല്‍ കിഴക്ക് ദര്‍ശനമായി ഭഗവാന്‍ പരമശിവനും 
നേര്‍ പിന്‍ഭാഗത്തായി ദേവി പാര്‍വ്വതിയും സ്ഥിതി ചെയ്യുന്നു. തെക്കോട്ട് ദര്‍ശനമരുളുന്ന ബാലഗണപതിയും അവര്‍ക്കൊപ്പമുണ്ട്. ശിവപാര്‍വതിമാരുടെ മറ്റൊരു പുത്രനായ ഭഗവാന്‍ സുബ്രഹ്മണ്യനാകട്ടെ ചുറ്റമ്പലത്തിനുള്ളില്‍ തന്നെ വടക്കുപടിഞ്ഞാറ് ഭാഗത്തായും കുടികൊള്ളുന്നു. ഒരു കുടുംബം തന്നെ ഒരുമിച്ച് കുടികൊള്ളുന്ന ക്ഷേത്രമാകട്ടെ അറിയപ്പെടുന്നത് ബാലഗണപതിയുടെ പേരിലും. പെരുന്തച്ചന്‍റെ വാക്കുകള്‍ അന്വര്‍ത്ഥമായെന്ന് കാലം തെളിയിച്ചിരിക്കുകയാണ്.

ഗണപതി ഭഗവാനെ സ്തുതിക്കേണ്ടത് ഇപ്രകാരം

ഗജാനനം ഭൂതഗണാദി സേവിതം

കപിത്ഥ ജംബു ഫലസാരഭക്ഷിണം

ഉമാസുതം ശോകവിനാശകാരണം

നമാമി വിഘ്നേശ്വര പാദപങ്കജം....

 

Photo Courtesy - Google