മാനിക്കേണ്ടവരെ മാനിക്കണം

മാനിക്കേണ്ടവരെ മാനിക്കണം

HIGHLIGHTS

വാസുകി പരമശിവന്‍റെ കണ്ഠാഭരണമായ കഥ

പരമശിവന്‍ താപസ്സനായി ഹിമാലയത്തില്‍ കൊടും തപസ്സില്‍ മുഴുകിയിരിക്കുന്ന സമയം. സുന്ദരരൂപനായ ശിവനെക്കണ്ട് ഋഷി പത്നിമാര്‍ ശിവനില്‍ അനുരക്തരായപ്പോള്‍ അസ്വസ്ഥരായ ഋഷിമാര്‍ അദ്ദേഹത്തെ കൊല്ലുവാന്‍ ഉറപ്പിച്ചു.

ശിവനെ വധിക്കാന്‍ വേണ്ടി അവര്‍ ഭൂമിയില്‍ ഒരു കുഴികുഴിക്കുവാന്‍ തുടങ്ങി. കുഴി ഏതാണ്ട് ഭൂമിയുടെ പകുതിയായപ്പോള്‍ പ്രപഞ്ചം നടുക്കുന്ന ഗര്‍ജ്ജനത്തോടെ ഒരു കടുവ കുഴിയില്‍ നിന്നും കയറി വന്ന് ഋഷിമാരോട് പറഞ്ഞു. അല്ലയോ മഹഷിമാരെ, എനിക്ക് ദാഹിക്കുന്നു.... പാനം ചെയ്യുവാന്‍ രക്തം വേണം.....

അതുകേട്ടതും മഹര്‍ഷിമാര്‍ സന്തോഷത്തോടെ അറിയിച്ചു. 'ഹേ മൃഗേശ്വരാ, നിന്‍റെ രക്തദാഹ ശമനത്തിന് നല്ലൊരു ഇര കൈലാസത്തിലുണ്ട്. നീ അങ്ങോട്ട് പോകുക. അവിടെ തപസ്സില്‍ മുഴുകിയിരിക്കുന്ന യുവകോമളനെ കൊന്ന് രക്തം കുടിക്കുക.'
കടുവ സന്തോഷത്തോടെ ചുണ്ടുകള്‍ നനച്ച് കൈലാസ ശൃംഗത്തിലേക്ക് പാഞ്ഞു. അവിടെ ധ്യാനത്തിലിരിക്കുന്ന പരമശിവനെ ഒരുമാത്ര നോക്കിയശേഷം അദ്ദേഹത്തിന്‍റെ ശരീരത്തിലേക്ക് ചാടിവീണു. 

അത്ഭുതം, പരമശിവനെ ഒന്ന് അനക്കാന്‍ പോലും പറ്റിയില്ലെന്നല്ല, എടുത്തെറിയപ്പെട്ടപോലെ കടുവ ദൂരേക്ക് തെറിച്ചു വീണു. എങ്കിലും വീണ്ടും ആക്രമിക്കാന്‍ ചെന്ന വ്യാഘ്രത്തെ ഒരു കൈകൊണ്ട് കൊന്നശേഷം അതിന്‍റെ നിണമൊഴുകുന്ന തോല്‍വസ്ത്രമായി ശിവന്‍ ധരിച്ചു.....

എങ്കിലും മഹര്‍ഷിമാര്‍ തോറ്റ് പിന്മാറിയില്ല. ഭൂമിയില്‍ അവര്‍ കുഴിച്ച കുഴിയില്‍ നിന്നും ശിവനെ സംഹരിക്കാന്‍ ഉഗ്രസര്‍പ്പങ്ങളെ സൃഷ്ടിച്ചു. ശീര്‍ക്കാരത്തോടെ പുറത്തുവന്ന സര്‍പ്പങ്ങളുടെ വിഷശ്വാസമേറ്റ് ഭൂമിയിലെ ജന്തുക്കളും സസ്യങ്ങളും തളര്‍ന്നുവീണു. വിഷമൂര്‍ച്ഛയാല്‍ വിജംഭിച്ചുനിന്ന സര്‍പ്പങ്ങളെ മഹര്‍ഷിമാര്‍ സന്തോഷത്തോടെ കൈലാസനാഥന്‍റെ അരികിലേക്ക് പറഞ്ഞയച്ചു.

നാഗങ്ങള്‍ കാറ്റിന്‍റെ വേഗത്തില്‍ കൈലാസത്തിലെത്തി. എന്നാല്‍ തപസ്സില്‍ മുഴുകിയിരുന്ന 
ഭഗവാനെ കണ്ട സര്‍പ്പങ്ങള്‍ അദ്ദേഹത്തിന്‍റെ ഉജ്ജ്വലകാന്തിയില്‍ അത്ഭുതപരത ന്ത്രരായി ഭഗവാനെ സ്തുതിക്കാന്‍ തുടങ്ങി.

ഇതില്‍ സംതൃപ്തനായ പരമശിവന്‍ കണ്ണുകള്‍ തുറന്ന് അവരെ വാത്സല്യത്തോടെ കയ്യിലെടുത്ത് ഇങ്ങനെ അരുളി ചെയ്തു. അല്ലയോ സര്‍പ്പങ്ങളെ, മാനിക്കേണ്ടവരെ മാനിച്ചാല്‍ ഏതു സദസ്സിലും സ്ഥാനം ലഭിക്കും. എന്നെ വധിക്കാന്‍ വന്ന നിങ്ങള്‍ അതില്‍നിന്നും പിന്തിരിഞ്ഞതിനാല്‍ ഇനി നിങ്ങള്‍ക്കുളള സ്ഥാനം എന്‍റെ ശരീരഭാഗങ്ങളില്‍ ആയിരിക്കും.

ആനന്ദത്താല്‍ മതിമറന്ന സര്‍പ്പങ്ങളെ ഭഗവാന്‍ കയ്യിലും കാലിലും ധരിച്ചു.

ഇതേസമയം വീരമഹേന്ദ്രപുരി  എന്നൊരു രാജ്യത്ത് ജനങ്ങള്‍ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞു വരികയായിരുന്നു. മഹാബലി ചക്രവര്‍ത്തിയുടെ ഭരണകാലം പോലെ സ്വര്‍ഗതുല്യമായ അന്തരീക്ഷമായിരുന്നു അവിടം. കഷ്ടപ്പാടും യാതനയും വഴക്കും ലഹളയും ഒന്നുമില്ലാതെ സമാധാനചിത്തരായി കഴിഞ്ഞിരുന്ന നന്മനിറഞ്ഞ ആളുകളായിരുന്നു വീര മഹേന്ദ്രപുരി നിവാസികള്‍. ഇതില്‍ അസൂയ തോന്നിയ നാഗാസുരന്‍ എന്നൊരു ദുഷ്ടന്‍ മഹേന്ദ്രപുരിയില്‍ എത്തി കൊള്ളയും കൊലയും തുടങ്ങി. അകാരണമായി കണ്ണില്‍ കണ്ടവരെയെല്ലാം ഉപദ്രവിച്ചു അഴിഞ്ഞാട്ടം തുടര്‍ന്നു.

നാഗാസുരന്‍റെ ക്രൂരമായ പീഡനം കൊണ്ട് പൊറുതി മുട്ടിയ സന്യാസിമാര്‍ ബ്രഹ്മാവിന്‍റെ അടുക്കല്‍ അഭയം പ്രാപിച്ചു. പ്രശ്നത്തിന് ഉചിതമായ ഒരു പരിഹാരം താന്‍ കണ്ടെത്തിക്കോളാം എന്നു പറഞ്ഞ് അദ്ദേഹം അവരെ തിരിച്ചയച്ചു. 

ഇതേത്തുടര്‍ന്ന് ബ്രഹ്മ ദേവന്‍ ഒരു മഹായാഗം നടത്തി. ഹോമകുണ്ഡത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു ഉഗ്രനാഗത്തെ കൊണ്ട് നാഗാസുരനെ വധിക്കാനുളള ചുമതല ഏല്‍പിച്ച് വീര മഹേന്ദ്രപുരിയിലേക്ക് പറഞ്ഞയച്ചു. തീതുപ്പി പാഞ്ഞുവന്ന നാഗത്തെ എതിരിട്ടുവെങ്കിലും അതിനെ കീഴ്പ്പെടുത്താന്‍ നാഗാസുരന് കഴിഞ്ഞില്ല. ഒടുവില്‍ സര്‍പ്പം അവന്‍റെ കഥ കഴിച്ചു.

ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ പരമശിവന്‍ ഈ ഘോര സര്‍പ്പത്തെ ഇനി എന്തു ചെയ്യും എന്ന് ആരാഞ്ഞു. അതിനെ വീണ്ടും യാഗാഗ്നിയിലേക്കു മടക്കും എന്നറിയിച്ച ബ്രഹ്മദേവനെ ശിവന്‍ വിലക്കി. 'അരുത് താന്‍ അതിനെ ആഭരണമായി ധരിച്ചുകൊളളാം' എന്ന് അരുളി ചെയ്തു. 

തത്പ്രകാരം വാസുകി എന്ന് പേരുളള ബ്രഹ്മാവിനാല്‍ രൂപം കൊണ്ട സര്‍പ്പത്തെ പരമശിവന്‍ കഴുത്തില്‍ അണിഞ്ഞു. ഇതുകണ്ട ദേവകള്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തി.

Photo Courtesy - jyothisharathnam