കെ.ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

കെ.ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി; ഹരിഹരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല  മേൽശാന്തിയായി കെ ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. നിലവിൽ ജയരാമൻ നമ്പൂതിരി കണ്ണൂർ ചൊവ്വ അമ്പലത്തിലെ മേൽശാന്തിയാണ്. വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്.

രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കൃതികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. 10 പേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപൻ, ബോർഡ് അംഗം പി എം തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട.ജസ്റ്റിസ് ആർ ഭാസ്‌കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. 22 വരെ പൂജകൾ ഉണ്ടാകും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചു.തുടർന്ന് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. അതിനു ശേഷമാണ് ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറന്നത്.