പത്മനാഭപൂജ പൂര്‍വ്വജന്മപുണ്യം -രാജേന്ദ്ര അരുമണിത്തായം(പെരിയ നമ്പി)

പത്മനാഭപൂജ പൂര്‍വ്വജന്മപുണ്യം -രാജേന്ദ്ര അരുമണിത്തായം(പെരിയ നമ്പി)

HIGHLIGHTS

ഒരു വര്‍ഷക്കാലത്തേയ്ക്കാണ് പുറപ്പെടാശാന്തിയായി കോണ്‍ട്രാക്ട് ഒപ്പുവച്ചിട്ടുള്ളത്. വേണമെങ്കില്‍ അത് നീട്ടാം. അല്ലെങ്കില്‍ പീരിയഡ് കഴിയുമ്പോള്‍ പോകാം. പക്ഷേ ഓരോ ദിവസം കഴിയുംതോറും പോക്ക് നടക്കുമോ എന്നുള്ള സംശയം ഏറിവരികയാണ്. കാരണം ഭഗവാന്‍ നമ്മളെ അത്രത്തോളം ചേര്‍ത്തുനിര്‍ത്തുന്നതുപോലെ. ശ്രീകോവിലിനകത്ത് കാലുകുത്തുമ്പോള്‍ മുതല്‍ അത് നമുക്കനുഭവപ്പെടുന്നുണ്ട്. 

 

വില്വമംഗലം സ്വാമിയാര്‍ക്ക് അനന്തന്‍കാട്ടില്‍ ദര്‍ശനം നല്‍കിയ ഭഗവാന്‍ ശ്രീപത്മനാഭന്‍ അനന്തശായിയായി കുടികൊള്ളുന്നിടമാണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ആയിരം തലയുള്ള അനന്തന്‍ എന്ന സര്‍പ്പത്തെ മെത്തയാക്കി ഭഗവാന്‍ പള്ളികൊള്ളുന്നയിടം എന്ന അര്‍ത്ഥത്തിലാണ് തിരുവനന്തപുരത്തിന് ആ പേര് കൈവന്നതെന്നാണ് വിശ്വാസം. ഭഗവാന്‍ അനന്തശായിയായി വാഴുന്നയിടം ആദ്യം അനന്തപുരിയും, പിന്നീട് തിരുവനന്തപുരിയും കാലക്രമത്തില്‍ തിരുവനന്തപുരവുമായി അറിയപ്പെടുകയായിരുന്നു എന്നാണ് സ്ഥലനാമപുരാണങ്ങള്‍ പറയുന്നത്.

കേരളത്തിന്‍റെ തെക്കെ അറ്റത്ത് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരവും വടക്കേ അറ്റത്ത് കര്‍ണ്ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡുമായി, പത്മനാഭസ്വാമി ക്ഷേത്രം വഴി വലിയൊരു ബന്ധമുണ്ട്. ആ ബന്ധവും തിരുവനന്തപുരത്തിന് ഈ പേര് ലഭിക്കുന്നതിന് ഒരു കാരണമായി പറയപ്പെടുന്നുണ്ട്.
 

കാസര്‍ഗോഡുജില്ലയിലെ കുമ്പളയ്ക്കടുത്തുള്ള ഒരു സ്ഥലമാണ് അനന്തപുരം. വില്വമംഗലം സ്വാമിയാര്‍ പൂജയും തേവാരവുമൊക്കെയായി ആ അനന്തപുരത്ത് താമസിക്കുന്ന കാലം. സ്വാമിയാര്‍ക്ക് പ്രത്യക്ഷീഭവിച്ച ശേഷം ഭഗവാന്‍ കൃഷ്ണന്‍ ഒരു ബാലന്‍റെ രൂപത്തില്‍ തേവാര സമയത്ത് പതിവായി സ്വാമിയാരുടെ അടുത്ത് ചെന്നിരിക്കുമായിരുന്നു. സുന്ദര കളേബരനായ ഒരു ബാലന്‍ എന്നതില്‍ കവിഞ്ഞ് അവനില്‍ എന്തെങ്കിലും ദേവാംശമുള്ളതായൊന്നും സ്വാമിയാര്‍ക്കറിയുമായിരുന്നില്ല. എങ്കിലും പൂജാസമയത്ത് കൊച്ചുകൊച്ചു കുറുമ്പുകള്‍ കാട്ടുന്ന ബാലനെ, സ്വതേ കോപിഷ്ഠനായ സ്വാമിയാര്‍ വഴക്കുപറയുകയോ ഒന്നും ചെയ്യുമായിരുന്നില്ല. ആ കൊച്ചു കുറുമ്പനെ സ്വാമിയാര്‍ക്ക് അത്രമാത്രം ഇഷ്ടമായിരുന്നു.
 

അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. 'എന്‍റടുക്കല്‍ എന്തെങ്കിലും ദേഷ്യപ്പെട്ടാല്‍ പിന്നെ ഒരു നിമിഷം ഞാനിവിടെ കാണില്ല' എന്ന് കുട്ടിക്കുറുമ്പന്‍ നേരത്തെ തന്നെ സ്വാമിയാരോട് പറഞ്ഞിട്ടുണ്ടായിരുന്നു. അവനെ പിരിയുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയാത്തതിനാല്‍ അവന്‍റെ എല്ലാ കുസൃതിത്തരങ്ങളും സ്വാമിയാര്‍ സഹിക്കുകയായിരുന്നു.
 

എന്നിട്ടും പക്ഷേ ഒരിക്കല്‍ സ്വാമിയാര്‍ അവനോട് ദേഷ്യപ്പെട്ടു. താന്‍ പൂജിക്കുന്ന സാളഗ്രാമം എടുത്ത് വായിലിട്ടതിനായിരുന്നു അത്. അതേത്തുടര്‍ന്ന് പറഞ്ഞിരുന്നതുപോലെ തന്നെ അടുത്ത നിമിഷം ബാലന്‍ അപ്രത്യക്ഷനുമായി.
 

അപ്പോള്‍ മാത്രമാണ് അവനൊരു സാധാരണ ബാലനായിരുന്നില്ലെന്നും, ദൈവികാംശമുള്ള കുട്ടിയായിരുന്നു എന്നും സ്വാമിയാര്‍ക്ക് മനസ്സിലായത്. സ്വാമിയാര്‍ ഉടന്‍തന്നെ ഭഗവാനെ വിളിച്ച് പ്രാര്‍ത്ഥിച്ചു; ദൈവമേ, ഞാന്‍ ചെയ്തത് പാപമാണ്. ഇനി അങ്ങയെ കാണണമെങ്കില്‍ അടിയന്‍ എവിടെ വരണം.
 

അപ്പോള്‍ എവിടെനിന്നോ ഒരു അശരീരി മുഴങ്ങി. തെക്ക് അനന്തന്‍കാട്ടില്‍ വന്നാല്‍ ദര്‍ശനം നല്‍കാം എന്നായിരുന്നു അശരീരി.
 

സ്വാമിയാര്‍ അപ്പോള്‍തന്നെ അനന്തന്‍ കാടന്വേഷിച്ച് പുറപ്പെട്ടു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമൊക്കെ കടന്നുപോയി. പലരോടും അന്വേഷിച്ചു- പക്ഷേ ആര്‍ക്കുമറിയില്ലായിരുന്നു. അനന്തന്‍കാട് എവിടെയാണെന്ന്. അങ്ങനിരിക്കെ ഒരു ദിവസം നടന്നുതളര്‍ന്ന സ്വാമിയാര്‍ വഴിയരികിലെ ഒരു മരണത്തണലില്‍ വിശ്രമിക്കാനിരുന്നു. ആ സമയം സമീപത്തെ കുടിലില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ എന്തോ കാരണത്തെ ചൊല്ലി കലഹം നടക്കുകയായിരുന്നു.  ഇടയ്ക്ക് ഭര്‍ത്താവ് ദേഷ്യപ്പെട്ട് ഭാര്യയോട് പറഞ്ഞു: ഇനിയും നീ എന്നോട് വഴക്കിന് വരികയാണെങ്കില്‍ നിന്നെ ഞാന്‍ തല്ലിക്കൊന്ന് അനന്തന്‍കാട്ടിലേക്ക് വലിച്ചെറിയും.
 

അതുകേട്ട സ്വാമിയാര്‍ ആ കുടിലിലേക്ക് ചെന്ന് അവരെ ഇരുവരേയും സമാധാനിപ്പിക്കുകയും അനന്തന്‍കാട് എവിടെയാണെന്ന് അവരോട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. അനന്തരം കാട്ടിലെത്തി അവിടെയാകെ ഭഗവാനെ തിരഞ്ഞുനടന്നു. കുറേദൂരം ചെന്നപ്പോള്‍ ഭഗവാന്‍ സ്വാമിയാര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അതുപക്ഷെ തന്നോട് പിണങ്ങിപ്പോയ ബാലനായിരുന്നില്ല. ഒരു ഇരിപ്പ മരത്തിന്‍റെ ചുവട്ടില്‍, തലയ്ക്കലും കാല്‍ക്കലുമിരിക്കുന്ന ഭൂലക്ഷ്മിമാരോടൊപ്പം അനന്തനുമേല്‍ ശയിക്കുന്നതായാണ് കണ്ടത്. കാലുകള്‍ തൃപ്പാദപുരത്തും, നടുഭാഗം അനന്തന്‍കാട്ടിലും, ശിരസ്സ് തിരുവട്ടാറിലുമായിട്ടായിരുന്നു ഭഗവാന്‍റെ കിടപ്പ്. അതുകണ്ടിട്ട് വില്വമംഗലം സ്വാമിയാര്‍ പറഞ്ഞു: ഈ രൂപത്തിലാണെങ്കില്‍ നമുക്ക് ദര്‍ശനത്തിനും പൂജയ്ക്കും ബുദ്ധിമുട്ടാണ്. അതിനൊരു മാര്‍ഗ്ഗം കാണിച്ചുതരണം.
 

ആ സമയം സ്വാമിയാരുടെ കൈവശം 6 അടി നീളമുള്ള ഒരു ദണ്ഡുണ്ടായിരുന്നു. അതിന്‍റെ മൂന്നിരട്ടി വലിപ്പത്തില്‍ ദര്‍ശനം നല്‍കിയാല്‍ മതി എന്നുപറഞ്ഞപ്പോള്‍ അങ്ങനെ ദര്‍ശനം നല്‍കുകയായിരുന്നു.
 

അനന്തരം അനന്തശായിയായി ഭഗവാന്‍ ശ്രീപത്മനാഭന്‍ അനന്തന്‍ കാട്ടില്‍ വച്ച് തനിക്ക് ദര്‍ശനം നല്‍കിയ വിവരം സ്വാമിയാര്‍ ഉടനെതന്നെ തിരുവിതാംകൂര്‍ മഹാരാജാവിനെ ധരിപ്പിക്കുകയും, തുടര്‍ന്ന് രാജാവ് സ്വാമിയാര്‍ക്ക് ഭഗവാന്‍ ദര്‍ശനം നല്‍കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ച് ഭഗവാനെ പ്രതിഷ്ഠിക്കുകയും ചെയ്തു.
 

ക്ഷേത്രം പണിത് യഥാവിധി പ്രതിഷ്ഠ നടത്തിയെങ്കിലും വില്വമംഗലം സ്വാമിയാരെ അവിടെ നിന്നും വിട്ടയയ്ക്കുന്നതിന് മഹാരാജാവിനും, പത്മനാഭസ്വാമിയുടെ സന്നിധിയില്‍ നിന്ന് വിട്ടുപിരിയുന്നതിന് സ്വാമിയാര്‍ക്കും ഒട്ടും മനസ്സുണ്ടായിരുന്നില്ല. അതിനാല്‍ ക്ഷേത്രത്തിനടുത്തുതന്നെ ഒരു സ്വാമിയാര്‍ മഠം പണിതുകൊടുക്കുകയും വില്വമംഗലം സ്വാമിയാര്‍ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ദിവസവും ക്ഷേത്രത്തില്‍ പോയി ഭഗവാന് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്തിരുന്നു. അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭഗവാന് പുഷ്പാഞ്ജലി മുടക്കരുതെന്ന് കരുതിയ മഹാരാജാവ് അതിനുള്ള സംവിധാനം ചെയ്തപ്പോള്‍,യോഗ്യനായ ഒരു നമ്പൂതിരിക്ക് സന്യാസം നല്‍കുകയും അത്യാവശ്യം വന്നാല്‍ ആ നമ്പൂതിരിക്ക് ക്ഷേത്രത്തില്‍ കയറി ഭഗവാന് പുഷ്പാഞ്ജലി നടത്താമെന്ന് കല്‍പ്പിക്കുകയും ചെയ്തു. ആ സ്വാമിയാരെ പുഷ്പാഞ്ജലി സ്വാമിയാര്‍ എന്നാണറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന പുരോഹിതനും ഇദ്ദേഹം തന്നെ. ക്ഷേത്രമേല്‍ശാന്തിയെ ഓലക്കുട നല്‍കി പെരിയനമ്പിയായി അവരോധിക്കുവാനുള്ള അവകാശവും പുഷ്പാഞ്ജലി സ്വാമിയാര്‍ക്കുണ്ട്.
 

അക്കരദേശിയായ പെരിയനമ്പി
 

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയെ പെരിയനമ്പി എന്നാണ് വിളിക്കുന്നത്. ശ്രികോവിലിനകത്തുകയറി ഭഗവാന് പൂജ ചെയ്യുവാനുള്ള അവകാശം പെരിയനമ്പിക്കാണ്. മറ്റൊരാള്‍ പഞ്ചനമ്പി അഥവാ പഞ്ചഗവ്യ നമ്പിയാണ്. പെരിയ നമ്പിയേയും പഞ്ചനമ്പിയേയും തെരഞ്ഞെടുക്കുന്നതിന് നൂറ്റാണ്ടുകളായി സ്വീകരിച്ചുപോരുന്ന ഒരു മാനദണ്ഡമുണ്ട്. കേരളത്തിലെ മറ്റൊരുക്ഷേത്രത്തിലും ഇല്ലാത്ത മാനദണ്ഡം. കേരള- കര്‍ണ്ണാടക അതിര്‍ത്തി ജില്ലകളായ കാസര്‍ഗോഡ്- മംഗലാപുരം  ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. അതില്‍ മംഗലാപുരത്തുകാരായ തുളു ബ്രാഹ്മണര്‍ പെരിയ നമ്പിമാരാകുമ്പോള്‍ കാസര്‍ഗോട്ടെ കേരള ബ്രാഹ്മണര്‍ പഞ്ചനമ്പിമാരാകും. ഇവരെ അക്കരദേശി എന്നും ഇക്കരദേശി എന്നുമാണ് വിളിക്കുന്നത്.  അക്കരദേശിയായ പെരിയ നമ്പി സ്ഥാനം ഒഴിയുകയോ മറ്റോ ചെയ്യുന്ന സാഹചര്യം വന്നാല്‍ പഞ്ചനമ്പി പെരിയ നമ്പിയാകും.

പുതിയ അക്കരദേശി പെരിയ നമ്പിയായി വരുന്നതുവരെ പെരിയനമ്പിയാകുന്ന പഞ്ചനമ്പി, പുതിയ പെരിയനമ്പി വരുമ്പോള്‍ ഒഴിഞ്ഞുകൊടുക്കും അതാണ് കീഴ്വഴക്കം.
അപ്രകാരം, പത്മനാഭസ്വാമിക്ക് പൂജ കഴിക്കുവാനുള്ള പുതിയ നിയോഗം ലഭിച്ചിരിക്കുന്നത് മംഗലാപുരം കഞ്ചാല്‍ക്കട എന്ന തുളുഗ്രാമത്തില്‍ നിന്നുള്ള രാജേന്ദ്ര അരുമണിത്തായം എന്ന  ബ്രാഹ്മണനാണ്. ഇക്കഴിഞ്ഞ 12-ാം തീയതി പുഷ്പാഞ്ജലി സ്വാമിയാര്‍ ദീക്ഷാകലശം നടത്തി പൂജാധികാര ചിഹ്നമായ ഓലക്കുട നല്‍കി ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ നിധിശേഖരത്തിനുടമയായ ശ്രീപത്മനാഭന്‍റെ പെരിയ നമ്പിയായി ചുമതല ഏല്‍പ്പിച്ച ശേഷം, ജ്യോതിഷരത്നവുമായി സംസാരിച്ച രാജേന്ദ്ര അരുമണിത്തായം, ഇതൊരു നിയോഗമായിട്ടാണ് കാണുന്നത്.

 

'പണ്ടൊക്കെ, അതായത് രാജഭരണകാലത്ത് എന്‍റെ നാട്ടില്‍ നിന്നും ധാരാളം ആളുകള്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ജോലിക്കായി വരുമായിരുന്നു. എന്‍റെ അച്ഛനും അപ്പൂപ്പനും അങ്ങനെ വന്ന് ഇവിടെ ജോലി നോക്കിയവരാണ്. അച്ഛന് ചന്ദനം അരയ്ക്കുന്ന ജോലിയായിരുന്നു. പൂജാരിമാരായി ആരും വന്നിട്ടില്ല. അതിനുള്ള ഭാഗ്യം ആദ്യമായി ലഭിക്കുന്നത് എനിയ്ക്കാണ്. അതാകട്ടെ തികച്ചും യാദൃച്ഛികമായി ലഭിച്ച സൗഭാഗ്യവും.
കാരണം പൂജാദികാര്യങ്ങളൊക്കെ അറിയാമെങ്കിലും ഞാന്‍ ഒരു ക്ഷേത്രത്തിലെയും പൂജാരിയായി ഇരുന്നിട്ടില്ല. എന്‍റെ വീട് ശരിക്കും ഒരമ്പലം മാതിരിയാണ്.

പത്തുപതിനഞ്ച് സാളഗ്രാമമൊക്കെയുണ്ട്. അവിടെ ദിവസവും മൂന്നുനേരം പൂജയും നിവേദ്യവുമൊക്കെയുണ്ട്. അതുപോലെ തന്നെ ഞങ്ങള്‍ക്കൊരു കുടുംബ ക്ഷേത്രവുമുണ്ട്. ലക്ഷ്മിനരസിംഹശ്രീകോവില്‍. അവിടൊക്കെ പൂജാദി കാര്യങ്ങളുടെ ചുമതലകള്‍ എന്‍റെ സഹോദരങ്ങള്‍ക്കാണ്.  കാരണം ഞാന്‍ താമസം ചെന്നൈയിലാണ്. പ്രധാനമായും എല്‍.ഐ.സി ഏജന്‍റാണെങ്കിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ഒപ്പും ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് പൂജകള്‍ ഏര്‍പ്പാടാക്കി കൊടുക്കലുമൊക്കെയാണ് എന്‍റെ ജോലി. അതിനിടെ നരസിംഹ ജയന്തി, നവരാത്രി പൂജ എന്നീ സമയങ്ങളിലും, കുടുംബത്തില്‍ മറ്റുവല്ല വിശേഷങ്ങളുമുണ്ടെങ്കില്‍ അപ്പോഴുമേ നാട്ടില്‍ പോകാറുള്ളൂ.
 

അങ്ങനിരിക്കെയാണ് നാട്ടില്‍ നിന്നും ഒരു ഫോണ്‍ വന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പെരിയ നമ്പിയായി പോകാമോ എന്നു ചോദിച്ചും കൊണ്ടായിരുന്നു ഫോണ്‍. വിളിച്ചയാളിന് എന്‍റെ നമ്പര്‍ എവിടെ നിന്ന് കിട്ടി എന്നുപോലും എനിക്കറിയില്ല. ഏതായാലും എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, പിന്നീട് വിളിക്കാമെന്ന്. അങ്ങനെ പറയാനൊരു കാരണമുണ്ട്. നേരത്തെ പറഞ്ഞതുപോലെ പൂജാദികാര്യങ്ങളൊക്കെ അറിയാമെങ്കിലും ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ പൂജാരിയായി പ്രവര്‍ത്തിച്ച പരിചയം എനിക്കില്ല. പോരാത്തതിന് പത്മനാഭസ്വാമി ക്ഷേത്രവും. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജ ചെയ്യുവാന്‍ അവകാശമുള്ള കുടുംബത്തില്‍പ്പെട്ടതാണെങ്കിലും എന്തോ, ഞാനതിന് അര്‍ഹനാണോ എന്ന ഒരു ചിന്തയും ഉണ്ടായി.
 

ഏതായാലും മഹാക്ഷേത്രത്തില്‍ പൂജ ചെയ്യുവാന്‍ ലഭിക്കുന്ന അവസരം വിട്ടുകളയാന്‍ മനസ്സനുവദിച്ചില്ല. രണ്ടുദിവസം കഴിഞ്ഞ് സമ്മതം പറഞ്ഞു. അങ്ങനെയാണ് അപേക്ഷിച്ചതും, അവസരം ലഭിച്ചതും. മംഗലാപുരത്തേയും കേരളത്തിലേയും പൂജകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളൊക്കെയുള്ളതിനാല്‍ ഇവിടെ സെറ്റിലായിട്ടുള്ള നാട്ടുകാരനായ ഒരു പൂജാരിയുടെ വീട്ടില്‍ പതിനഞ്ചുദിവസത്തോളം രാവിലെ 7 മുതല്‍ രാത്രി 10 വരെ പോയിട്ടാണ് അത് മനസ്സിലാക്കിയത്.
 

ഒരു വര്‍ഷക്കാലത്തേയ്ക്കാണ് പുറപ്പെടാശാന്തിയായി കോണ്‍ട്രാക്ട് ഒപ്പുവച്ചിട്ടുള്ളത്. വേണമെങ്കില്‍ അത് നീട്ടാം. അല്ലെങ്കില്‍ പീരിയഡ് കഴിയുമ്പോള്‍ പോകാം. പക്ഷേ ഓരോ ദിവസം കഴിയുംതോറും പോക്ക് നടക്കുമോ എന്നുള്ള സംശയം ഏറിവരികയാണ്. കാരണം ഭഗവാന്‍ നമ്മളെ അത്രത്തോളം ചേര്‍ത്തുനിര്‍ത്തുന്നതുപോലെ. ശ്രീകോവിലിനകത്ത് കാലുകുത്തുമ്പോള്‍ മുതല്‍ അത് നമുക്കനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് പറഞ്ഞത് പത്മനാഭപൂജ പൂര്‍വ്വജന്മ പുണ്യമാണെന്ന്.

പി. ജയചന്ദ്രന്‍
ഫോട്ടോ: ആനന്ദ് കോവളം