'വഴിയൊരുക്കിയതും കൈപിടിച്ചു  നടത്തിയതും അയ്യപ്പ ഭഗവാന്‍'...   പി.ജി. മുരളി നമ്പൂതിരി (മാളികപ്പുറം മേല്‍ശാന്തി)

'വഴിയൊരുക്കിയതും കൈപിടിച്ചു നടത്തിയതും അയ്യപ്പ ഭഗവാന്‍'... പി.ജി. മുരളി നമ്പൂതിരി (മാളികപ്പുറം മേല്‍ശാന്തി)

HIGHLIGHTS

അയ്യപ്പന്‍റെ കാരുണ്യം കൊണ്ടാണു മാളികപ്പുറം മേല്‍ശാന്തിയാകാന്‍ തനിക്കു യോഗമുണ്ടായതെന്ന് വിശ്വസിക്കുന്നു മുരളി നമ്പൂതിരി. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹം മേല്‍ശാന്തി നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഭഗവാന്‍ അനുഗ്രഹിച്ചത് ഇത്തവണയാണെന്നു മാത്രം. തന്‍റെ കുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ പ്രധാന ക്ഷേത്രത്തിലെ മേല്‍ശാന്തിയായി എത്തുന്നത്. അതൊരഭിമാനമാണ്. എല്ലാം ഭഗവാന്‍റെ ലീലാവിലാസങ്ങള്‍. അവിടുന്നു തീരുമാനിക്കുന്നു; നമ്മള്‍ ആ പാതയിലൂടെ സഞ്ചരിക്കുന്നു...

ഭഗവാന്‍റെ നിതാന്ത പരിപാലനത്തെ നമിച്ച്  മാളികപ്പുറം മേല്‍ശാന്തി പി.ജി. മുരളി നമ്പൂതിരി.

ജീവിതായോധനത്തിനായി സാങ്കേതിക വിദ്യയഭ്യസിച്ച മുരളി നമ്പൂതിരിയുടെ കയ്യില്‍ നിന്ന് സ്പാനറും സ്ക്രൂഡ്രൈവറും തട്ടി മാറ്റിയ അയ്യപ്പ ഭഗവാന്‍ അദ്ദേഹത്തെ നയിച്ചത് വൈദിക വിദ്യയുടെ വിശുദ്ധ വീഥികളിലേക്ക്. 'എല്ലാം ഭഗവാന്‍റെ ലീലാവിലാസങ്ങള്‍'...പതിഞ്ഞ സ്വരത്തിലുള്ള വചനമാല്യങ്ങളോടെ ഭഗവത് പരിപാലനത്തെ നമിക്കുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാളികപ്പുറം മേല്‍ശാന്തി.
  ശബരിമലയില്‍ ഇക്കഴിഞ്ഞ തുലാമാസം ഒന്നാം തീയതി നടന്ന മാളികപ്പുറം മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടു പേരാണുണ്ടായിരുന്നത്. അതില്‍ നാലാമത്തെ നറുക്കു വീണത് പി.ജി.മുരളി നമ്പൂതിരിക്കായിരുന്നു. തുടര്‍ന്ന് അടുത്ത വെളളികുംഭത്തില്‍ നിന്നുമെടുത്ത നറുക്കില്‍ മാളികപ്പുറം മേല്‍ശാന്തി എന്നെഴുതിയ തുണ്ടു കടലാസും വന്നു. അങ്ങനെ തൃശൂര്‍ വടക്കേക്കാട് ആഞ്ഞൂര്‍ പൂങ്ങാട്ടുമന മുരളി നമ്പൂതിരി ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. വരുന്ന നവമ്പര്‍ 16 ന് (വൃശ്ചികം ഒന്നിന്) രാവിലെ നട തുറക്കുന്നത് പുതിയ മേല്‍ശാന്തി മുരളി നമ്പൂതിരിയാകും. പിന്നീടുള്ള ഒരു വര്‍ഷം ശബരിമലയില്‍ താമസിച്ച് നിത്യപൂജകള്‍ ചെയ്ത് മാളികപ്പുറത്തമ്മയുടെ വിനീത ദാസനായി സ്വയം അര്‍പ്പിതനാകണം.

'ഭഗവല്‍ ചിത്തം വഴികാട്ടിയ അപ്രതീക്ഷിത അനുഭവങ്ങളിലൂടെയാണ് ഞാന്‍ ശാന്തി വൃത്തിയിലേക്ക് കടന്നു വന്നത്': മുരളി നമ്പൂതിരി 'ജ്യോതിഷരത്ന'ത്തോടു പറഞ്ഞു. സംഘക്കളി ആചാര്യനായിരുന്ന പൂങ്ങാട്ടുമന ഗോവിന്ദന്‍ നമ്പൂതിരിയുടേയും ഉമാ അന്തര്‍ജ്ജനത്തിന്‍റേയും ആറു മക്കളില്‍ ഇളയ ആള്‍. ജീവിത സാഹചര്യങ്ങളുടെ പ്രത്യേകതയാല്‍ ഒരു ജോലി തേടി മുന്നേറാനായിരുന്നു ആദ്യ മോഹം. തൊഴിയൂര്‍ സ്കൂളില്‍ നിന്നും പത്താം ക്ലാസ് പാസായ ശേഷം ഐ.ടി.ഐയില്‍ ചേര്‍ന്ന് ഫിറ്റര്‍ കോഴ്സില്‍ ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു. ടെക്നിക്കലായി എന്തെങ്കിലും തൊഴില്‍ തരപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.

പക്ഷേ, സാങ്കേതിക വിദ്യയുടെയും ഉപകരണ സാമഗ്രികളുടെയും ലോകത്തു നിന്ന് വൈകാതെ മനസ്സ് മാറി; അഥവാ അനുയോജ്യ പാതയിലേക്ക് ഭഗവാന്‍ കൈപിടിച്ചു നയിച്ചതോടെ തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ പോയി ഓത്തു പഠിച്ചു. ഋഗ്വേദവും മറ്റു മന്ത്രവിദ്യകളും അവിടെ നിന്നു ഹൃദിസ്ഥമാക്കി. കൂടാതെ പിതൃസഹോദരനായ ശ്രീകുമാരന്‍ നമ്പൂതിരിയില്‍ നിന്നു താന്ത്രിക വിദ്യയും കരസ്ഥമാക്കി.

നാട്ടില്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ ശുഭകരമല്ലെന്നു തോന്നിയപ്പോഴാണ് ജീവിതം വഴിമുട്ടാതിരിക്കാന്‍ ഹൈദരാബാദിലേക്കു വണ്ടി കയറിയത്. അന്നു പ്രായം 23. രാജ്ഭവന്‍ റോഡിലെ സോമാജിഗുഡയില്‍ അയ്യപ്പക്ഷേത്രത്തില്‍ അഭയം കിട്ടി; ക്ഷേത്ര പൂജാരിയായി. അന്നവിടെ അയ്യപ്പ വിഗ്രഹമൊന്നുമില്ലായിരുന്നു. അയ്യപ്പന്‍റെ പടം വച്ചായിരുന്നു പൂജയും കര്‍മ്മങ്ങളുമൊക്കെ. മുരളി നമ്പൂതിരി ആ ക്ഷേത്രം ഒരു കേരള മോഡല്‍ അമ്പലമാക്കി മാറ്റി. ഇന്ന് അവിടുത്തെ അയ്യപ്പ വിഗ്രഹത്തിന്‍റെ ചൈതന്യം ആ നാടാകെ വെളിച്ചം പകരുന്നു.

സോമാജിഗുഡ നിവാസികള്‍ക്ക് അയ്യപ്പ സ്വാമിയില്‍ വിശ്വാസമേറി. മലയാള നാട്ടിലെ ചിട്ടകളാണ് ആ ക്ഷേത്രത്തില്‍ മുരളി നമ്പൂതിരി നടപ്പാക്കിയത്. ഉഷ:പൂജ, ഉച്ചപൂജ, ദീപാരാധന, ഹരിവരാസനം ചൊല്ലി നടയടപ്പ് എല്ലാം സോമാജിഗുഡ ക്ഷേത്രത്തിലും മുടങ്ങാതെ ചെയ്തു പോന്നു. ശബരിമല സീസണായാല്‍ അവിടെയും ഭക്തജനത്തിരക്കേറും. വ്രതശുദ്ധിയോടെ മാലയണിയലും നോമ്പുനോക്കലുമൊക്കെ ആചാരപ്രകാരം നടക്കുന്നു. കെട്ടുനിറ, പ്രത്യേകപൂജകള്‍, അയ്യപ്പഭജന, ശാസ്താംപാട്ട് ഒക്കെയുണ്ട്. നാട്ടുകാരുടെ കണ്‍കണ്ട ദൈവമാണ് മുരളി നമ്പൂതിരി. സ്വാമി അയ്യപ്പന്‍ കഴിഞ്ഞാല്‍ അവര്‍ ആരാധനയോടെ കാണുന്നു മുരളി സ്വാമിയെ. മുപ്പത്തിയൊന്നു വര്‍ഷമായി ഇദ്ദേഹം സോമാജിഗുഡയില്‍ മേല്‍ശാന്തിയായി സേവനം നടത്തുന്നു. 

അയ്യപ്പന്‍റെ കാരുണ്യം കൊണ്ടാണു മാളികപ്പുറം മേല്‍ശാന്തിയാകാന്‍ തനിക്കു യോഗമുണ്ടായതെന്ന് വിശ്വസിക്കുന്നു മുരളി നമ്പൂതിരി. കഴിഞ്ഞ വര്‍ഷവും ഇദ്ദേഹം മേല്‍ശാന്തി നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഭഗവാന്‍ അനുഗ്രഹിച്ചത് ഇത്തവണയാണെന്നു മാത്രം. തന്‍റെ കുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ പ്രധാന ക്ഷേത്രത്തിലെ മേല്‍ശാന്തിയായി എത്തുന്നത്. അതൊരഭിമാനമാണ്. എല്ലാം ഭഗവാന്‍റെ ലീലാവിലാസങ്ങള്‍. അവിടുന്നു തീരുമാനിക്കുന്നു; നമ്മള്‍ ആ പാതയിലൂടെ സഞ്ചരിക്കുന്നു: മുരളി നമ്പൂതിരി പറഞ്ഞു നിര്‍ത്തി.

മുരളി നമ്പൂതിരി ഇപ്പോള്‍ താമസിക്കുന്നത് ഹൈദരാബാദിലാണ്. അങ്കമാലി താന്നിപ്പിള്ളി മനയിലെ ശ്രീലയാണ് ഭാര്യ. രണ്ടു കുട്ടികള്‍. മൂത്തവള്‍ ആര്യശ്രീ പുറനാട്ടുകരയിലെ സംസ്കൃത വിദ്യാപീഠത്തില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി. ഇളയവള്‍ ഭവപ്രിയ ഹൈദരാബാദില്‍ പ്ലസ് ടൂ വിനു പഠിക്കുന്നു.

ഒരു വര്‍ഷത്തിനു ശേഷം മുരളി നമ്പൂതിരി വീണ്ടും സോമാജിഗുഡയില്‍ തിരിച്ചെത്തണമെന്നാണ് നാട്ടുകാരുടെ അപേക്ഷ. ആ ആഗ്രഹം തന്നെയാണ് അദ്ദേഹത്തിനുമുള്ളത്.

സ്വാമി പ്രേമസരസ്വതി
(9447725649)
ഫോട്ടോ- സ്വാമി പ്രേമസരസ്വതി

 

Photo Courtesy - jyothisharathnam