പിറന്നാള്‍ ദിവസം ചെയ്യേണ്ടതും പാടില്ലാത്തതും

പിറന്നാള്‍ ദിവസം ചെയ്യേണ്ടതും പാടില്ലാത്തതും

HIGHLIGHTS

തമസോമാ ജ്യോതിര്‍ഗമയ(ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനുപകരം വെളിച്ചത്തെ ഊതിക്കെടുത്താനാണ് കുഞ്ഞുങ്ങളെ നമ്മള്‍ പഠിപ്പിക്കുന്നത്. അതുകണ്ട് മാതാപിതാക്കളും ചുറ്റും കൂടി നില്‍ക്കുന്നവരും ഹാപ്പി ബര്‍ത്ത് ഡെ എന്ന് പരമ്പരാഗത രീതിയില്‍ നിന്ന് വ്യതിചലിച്ച് വിദേശ സംസ്ക്കാരം സ്വീകരിക്കുമ്പോള്‍ രണ്ടും തമ്മിലുള്ള അന്തരംകൂടി  മനസ്സിലാക്കണം. ഒന്ന്, വെളിച്ചത്തെ പ്രാര്‍ത്ഥിക്കുന്നു. മറ്റൊന്ന് അത് ഊതിക്കെടുത്തുന്നു. 

 

ഒരു വ്യക്തി ജനിച്ച ദിവസത്തെയാണല്ലോ നമ്മള്‍ ജന്മദിനം എന്നും പിറന്നാള്‍ എന്നും പറയുന്നത്. അതൊരു പുണ്യദിനമാണ്. ഈ ഭൂമിയില്‍ കാലുകുത്തുവാനായി നമുക്ക് അവസരം ലഭിച്ച ദിവസം. അതുകൊണ്ടുതന്നെ ആ ദിവസം ഏതൊരു വ്യക്തിയും തന്നാല്‍ കഴിയും വിധം ആഘോഷിക്കാറുണ്ട്. ചിലര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയായിരിക്കും ആഘോഷിക്കുക. ചിലര്‍ ഇഷ്ടദൈവങ്ങളെ ദര്‍ശിച്ച് വഴിപാടുകളും മറ്റും നടത്തി ആഘോഷിക്കും. വേറെ ചിലര്‍ അഗതിമന്ദിരങ്ങളില്‍ അന്നദാനം നടത്തും. ഇനിയൊരു കൂട്ടര്‍ വീട്ടില്‍ വിഭവസമൃദ്ധമായ സദ്യയൊക്കെയൊരുക്കി, കുടുംബാംഗങ്ങളോടൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടായിരിക്കും പിറന്നാള്‍ ആഘോഷിക്കുക. 

നമ്മള്‍ ഭാരതീയരെ സംബന്ധിച്ചിടത്തോളം ജനിച്ച ദിവസത്തിനും തീയതിക്കുമല്ല ജനിച്ച നാളിനാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്. വര്‍ഷം തോറും, നമ്മള്‍ ജനിച്ച മാസത്തില്‍ നമ്മുടെ നക്ഷത്രം വരുന്ന ദിവസത്തെ ജന്മദിനമായി കണക്കാക്കി ആഘോഷിക്കുന്നത് അതുകൊണ്ടാണ്.

അന്നേദിവസം പിറന്നാളുകാരന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നുനോക്കാം.
പിറന്നാളുകാരനോ പിറന്നാളുകാരിയോ അച്ഛനേയും അമ്മയേയും നമസ്ക്കരിച്ച് ക്ഷേത്രദര്‍ശനം നടത്തണം. അച്ഛനേയും അമ്മയേയും നമസ്ക്കരിക്കാതെയുള്ള ക്ഷേത്രദര്‍ശനം പൂര്‍ണ്ണ ഫലപ്രാപ്തി നല്‍കില്ല. അനന്തരം വീട്ടില്‍ വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി അത് ഒരിലയില്‍ വീടിന്‍റെ തെക്കുഭാഗത്ത് കൊണ്ടുവച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. അതിനുശേഷം ഒരിലയില്‍ ഇഷ്ടദേവന് വിളക്കുകൊളുത്തി സമര്‍പ്പിക്കണം. പിന്നീട് കുടുംബാംഗങ്ങളുമൊത്ത് സദ്യയുണ്ണാം. ഇനി അഥവാ സദ്യയില്ലെങ്കില്‍പോലും അടുത്തദിവസം ഒരു നേരമെങ്കിലും കുടുംബാംഗങ്ങള്‍ക്കൊപ്പം, പ്രത്യേകിച്ച് അച്ഛനമ്മമാര്‍ക്കൊപ്പം വേണം ഭക്ഷണം കഴിക്കുവാന്‍.

എന്നാല്‍ ഇന്ന് ഇങ്ങനെയൊന്നുമല്ല. ആവശ്യത്തിനും അനാവശ്യത്തിനും പാശ്ചാത്യസംസ്ക്കാരം പിന്തുടരുന്ന നമ്മള്‍ ജന്മദിനം പോലുള്ള പുണ്യദിനങ്ങള്‍ പോലും അനുകരണമാക്കി മാറ്റുകയാണ്.

ഉദാഹരണത്തിന്, നമ്മുടെ മംഗളകര്‍മ്മങ്ങള്‍ ഒട്ടുമിക്കവയും അഗ്നിയെ സാക്ഷിയാക്കിയാണല്ലോ ചെയ്യുക പതിവ്. കുഞ്ഞിന്‍റെ നൂലുകെട്ടായാലും വിവാഹമായാലുമെല്ലാം അഗ്നിയെ സാക്ഷിയാക്കിയാണ് നമ്മള്‍ പണ്ടുപണ്ടേ ചെയ്തുപോരുന്നത്. ഒടുവില്‍ മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ് ചെയ്യാറ്. അങ്ങനെയുളള അഗ്നിയെ അഥവാ തീയെ കെടുത്തിയാണ് ഇന്ന് നമ്മള്‍ ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്.

തമസോമാ ജ്യോതിര്‍ഗമയ(ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനുപകരം വെളിച്ചത്തെ ഊതിക്കെടുത്താനാണ് കുഞ്ഞുങ്ങളെ നമ്മള്‍ പഠിപ്പിക്കുന്നത്. അതുകണ്ട് മാതാപിതാക്കളും ചുറ്റും കൂടി നില്‍ക്കുന്നവരും ഹാപ്പി ബര്‍ത്ത് ഡെ എന്ന് പരമ്പരാഗത രീതിയില്‍ നിന്ന് വ്യതിചലിച്ച് വിദേശ സംസ്ക്കാരം സ്വീകരിക്കുമ്പോള്‍ രണ്ടും തമ്മിലുള്ള അന്തരംകൂടി  മനസ്സിലാക്കണം. ഒന്ന്, വെളിച്ചത്തെ പ്രാര്‍ത്ഥിക്കുന്നു. മറ്റൊന്ന് അത് ഊതിക്കെടുത്തുന്നു. 

പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ കെടുത്തിയാല്‍ ആ കുട്ടിയുടെ ജീവിതത്തില്‍ എന്ത് ഹാപ്പിനെസ്സാണ് ഉണ്ടാവുക?

അടുത്തത് കേക്ക് കട്ടിംഗാണ്. പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം പ്രവാചകന്‍റെ ശരീരവും വീഞ്ഞ് ശക്തിയുമാണ്. അതുതന്നെയാണ് കേക്ക് കട്ടിംഗ് എന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുള്ളത്. കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെയാണ് സൂചിപ്പിക്കുന്നത്. അത് അവന്‍റെ ശരീരം തന്നെ എന്നുറപ്പിക്കുവാന്‍ അതിന്മേല്‍ അവന്‍റെ പേരും എഴുതിവയ്ക്കും. എന്നിട്ട് അവനെക്കൊണ്ടുതന്നെ അത് കഷണം കഷണമായി മുറിപ്പിക്കുന്നു. സ്വന്തം ശരീരം മുറിച്ച് ആദ്യത്ത കഷണം അവന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ(അമ്മയോ അച്ഛനോ) വായിലേക്ക് വച്ചുകൊടുക്കുന്നു. പുത്തന്‍ സംസ്ക്കാരത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന ആ രീതിയാണോ അതോ നമ്മുടെ രീതിയാണോ നല്ലതെന്ന് ചിന്തിച്ചുനോക്കണം.

പിറന്നാള്‍ ദിനത്തില്‍ കുഞ്ഞുങ്ങളെ ആശംസിക്കാനും അനുഗ്രഹിക്കാനും നമുക്കൊരു മന്ത്രമുണ്ട്. ഏറെ ശ്രേഷ്ഠവും സന്ദര്‍ഭത്തിന് അനുയോജ്യവുമായ മന്ത്രം.

'ഓം ശതം ജീവശരദോ വര്‍ദ്ധമാന
ശതം ഹേമന്താള്‍ ശതമുഖവന്താന്‍
ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ
ശതായുഷാ ഹവിഷേമം പുനര്‍ദ്ധു...'

(അല്ലയോ കുട്ടീ, നീ സര്‍വ്വവിധ ഐശ്വര്യത്തോടും കൂടി നൂറ്  വസന്തകാലങ്ങളും നൂറ് വേനല്‍ക്കാലങ്ങളും നൂറ് ശരത്കാലങ്ങളും കടന്ന് നൂറുവയസ്സുവരെ ജീവിക്കട്ടെ...)
എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞുനില്‍ക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്‍റെ ഊര്‍ജ്ജദായകനായ പരംപൊരുള്‍,  ഈ കുട്ടിക്ക് ബൗദ്ധികവും, ആത്മീയവും ഭൗതികവുമായ എല്ലാ അറിവുകളും നല്‍കി ഒരു നൂറുവര്‍ഷം ജീവിക്കുവാന്‍ അനുഗ്രഹം നല്‍കണമെന്നും ഇതിനര്‍ത്ഥമുണ്ട്. 

ഈ സന്ദര്‍ഭത്തിലാണ് നാം ഹാപ്പി ബര്‍ത്ത് ഡേ എന്നു മാത്രം പാടുന്നത്. എത്രമാത്രം നല്ല ഒരു അനുഗ്രഹ മന്ത്രത്തെയാണ് നാം ഇതിലൂടെ വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞതെന്നോര്‍ക്കണം.

പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രദര്‍ശനം നടത്തുകയും വഴിപാടുകള്‍ കഴിക്കുകയും ചെയ്യുന്നവരാണല്ലോ നമ്മള്‍. സാധാരണനിലയില്‍ പുഷ്പാഞ്ജലിയാണ് പിറന്നാള്‍ ദിനത്തില്‍ പൊതുവേ കഴിക്കാറുള്ള വഴിപാട്. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ കഴിപ്പിക്കേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ധാരയാണ്. ശിവന് ധാര വഴിപാടായി സമര്‍പ്പിക്കുന്നത് ഐശ്വര്യവും ആരോഗ്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ധാരയുടെ പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാള്‍ ദിനത്തില്‍ കഴിക്കുന്നത് ആയുരാരോഗ്യസൗഖ്യത്തിന് ഉത്തമമാണ്. ധാര നടക്കുന്ന സമയത്ത് ജന്മനക്ഷത്രക്കാര്‍ ക്ഷേത്രത്തില്‍ തന്നെ ഉണ്ടാകണം. ക്ഷേത്രത്തില്‍ ധാര നടക്കുന്ന സമയത്ത് പഞ്ചാക്ഷരി മന്ത്രം ജപിക്കണം.

ഇതൊക്കെയല്ലേ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്. അല്ലാതെ വെളിച്ചം ഊതിക്കെടുത്തി ഭ്രാന്തനെപ്പോലെ കൈകൊട്ടിച്ചിരിക്കാനല്ല പഠിപ്പിക്കേണ്ടത്. പറ്റുമെങ്കില്‍ അന്നേദിവസം ആ കുഞ്ഞിനെക്കൊണ്ട് അശരണര്‍ക്ക് ആഹാരം വിളമ്പി കൊടുപ്പിക്കണം. അത് അവരില്‍ കാരുണ്യവും മറ്റുള്ളവരെ സഹായിക്കാനുളള മനസ്സും വളര്‍ത്തും. ഒപ്പം, തനിക്കുള്ള സൗഭാഗ്യങ്ങളുടെ മൂല്യം അവനറിയുകയും ചെയ്യും. അതാണ് ഋഷിമാര്‍ നമ്മെ പഠിപ്പിച്ചത്.

പി. ജയചന്ദ്രന്‍

Photo Courtesy - Google