
'ഒടുവില്‍ അയ്യപ്പന്‍റെ വിളിവന്നു' -പി.എന്‍. മഹേഷ് നമ്പൂതിരി (ശബരിമല മേല്‍ശാന്തി)
2010- മുതല്‍ സ്ഥിരമായി ശബരിമല മേല്‍ശാന്തി നിയമനത്തിനു വേണ്ടി അപേക്ഷകള്‍ അയച്ചിരുന്നു. ഇടയ്ക്ക് രണ്ടു വര്‍ഷം അപേക്ഷിക്കാന്‍ കഴിയാതെ വന്നു. ഭക്തന്‍റേയും ഭക്തവത്സലനായ ഭഗവാന്‍റേയും മധ്യവര്‍ത്തിയായി സേവനമനുഷ്ഠിച്ചു പോരുന്ന മഹേഷ് നമ്പൂതിരി അവിവാഹിതനാണ്. നിത്യ ബ്രഹ്മചാരിയാകണമെന്ന ചിന്തയൊന്നും മഹേഷിനില്ല. സ്വാമി അയ്യപ്പന്‍ അതിനുമൊരു വഴികാട്ടിത്തരുമെന്ന വിശ്വാസത്തിലാണ് ഈ മൂവാറ്റുപുഴക്കാരന്‍ നമ്പൂതിരി.
ഒക്കെ ഒരു നിയോഗമാണ്. ഭഗവാന്‍റെ കടാക്ഷമില്ലെങ്കില്‍ ഒന്നും നടക്കില്ല. പത്തു തവണ ഭഗവാനെ തൊട്ടു വണങ്ങണമെന്ന ആഗ്രഹത്തോടെ അപേക്ഷ അയച്ചു. ആ പത്തു തവണയും ഭഗവാന്‍ നിനച്ചിട്ടുണ്ടാകും നിനക്ക് എന്‍റെയടുത്ത് എത്താനുള്ള സമയമായിട്ടില്ല എന്ന്. ഉള്ളില്‍ വിങ്ങിയത് ഒന്നു മാത്രമായിരുന്നു. ആ തൃപ്പാദങ്ങളില്‍ വീണ് സാഷ്ടാംഗം നമസ്ക്കരിക്കണമെന്ന്.
എന്നും മനസ്സില്‍ അതു മാത്രമായിരുന്നു. ഇപ്പോള്‍ ഭഗവാനതിനവസരം തന്നിരിക്കുന്നു. പതിനൊന്നാംതവണ നടന്ന നറുക്കെടുപ്പില്‍ മേല്‍ശാന്തി നിയമനത്തിനു സെലക്ഷന്‍ കിട്ടിയ പതിനേഴു പേരില്‍ ആദ്യ നറുക്കില്‍ തന്നെ സാക്ഷാല്‍ ശബരിമല ധര്‍മ്മശാസ്താവ് മഹേഷ് നമ്പൂതിരിയുടെ പേര് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വെള്ളിക്കുടങ്ങളില്‍ ഒന്നില്‍ പതിനേഴു പേരുടെ പേരും മറ്റൊന്നില്‍ ഒന്നു മെഴുതാതെ പതിനാറു പേപ്പര്‍ കഷണങ്ങളും ഒന്നില്‍ ശബരിമല മേല്‍ശാന്തി എന്നുമെഴുതി ചുരുട്ടി കുടത്തില്‍ നിക്ഷേപിക്കുന്നു. ശേഷം ഓരോ കുടവും അടച്ച് മേല്‍ശാന്തിക്കു കൈമാറും.
അദ്ദേഹമത് ഭഗവാനു മുന്നില്‍ പൂജിച്ച ശേഷം പുറത്തേക്കു കൊടുക്കുന്നു. പന്തളം കൊട്ടാരത്തില്‍ നിന്നു വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടുമായി വന്ന കുരുന്നുകളായ വൈദേഹ് വര്‍മ്മയും നിരുപമ വര്‍മ്മയുമാണ് യഥാക്രമം ശബരിമല മേല്‍ശാന്തിയുടേയും മാളികപ്പുറം മേല്‍ശാന്തിയുടെയും നറുക്കെടുക്കുന്നത്. ശബരിമല മേല്‍ശാന്തി നറുക്കെടുത്തത് വൈദേഹ് വര്‍മ്മയാണ്. ആദ്യ നറുക്കില്‍ തന്നെ മഹേഷ് നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി. സാക്ഷാല്‍ അയ്യപ്പന്‍തന്നെ വൈദേഹിന്‍റെ രൂപത്തിലെത്തി നറുക്കെടുത്ത പോലെ തോന്നി ആ കാഴ്ച.
പത്തു തവണ മഹേഷിനെ പരീക്ഷിച്ച ഭഗവാന്‍ പതിനൊന്നാം വട്ടം മഹേഷ് നമ്പൂതിരിയെ തന്നോടു ചേര്‍ത്തണച്ചു. മഹേഷിന്‍റെ പരിശ്രമവും നിശ്ചയദാര്‍ഢ്യവും പരീക്ഷണങ്ങളില്‍ നിന്നും പരീക്ഷകളില്‍ നിന്നും അദ്ദേഹത്തെ മോചിതനാക്കി. അയ്യപ്പനെ തൊടാന്‍, തഴുകാന്‍, ആടയാഭരണങ്ങളണിയിക്കാന്‍, അഭിഷേകം നടത്താന്‍, കളഭം ചാര്‍ത്താന്‍, നിവേദ്യം നല്കാന്‍, ഹരിവരാസനം പാടി ഉറക്കാന്‍ ഒക്കെ വൃശ്ചികമാസം ഒന്നു മുതല്‍ മുന്നൂറ്റി അറുപത്തിയഞ്ചു ദിവസം മഹേഷ് നമ്പൂതിരിക്ക് അവസരമുണ്ടാകുന്നു. അതിലും വലിയൊരു പുണ്യം വേറെയെന്താണു വേണ്ടത്?
തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായ മഹേഷ് പൂജയ്ക്കു വേണ്ട ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടയ്ക്കാണ് കൂടെ ഉണ്ടായിരുന്ന വൈശാഖ്, ശബരിമല മേല്‍ശാന്തിയായി നറുക്കു വീണത് മഹേഷിനാണെന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നത്. ആ വാര്‍ത്ത കേട്ട മഹേഷ് നേരെ ശ്രീകോവിലിനകത്തേയ്ക്കാണ് പോയത്. പൂജ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേയ്ക്കും അഭിനന്ദനപ്രവാഹമായി. ഫോണ്‍വഴിയും നേരിട്ടും ആശംസ കള്‍ അര്‍പ്പിക്കുന്നവരുടെ തിരക്ക്. പിന്നെ മഹേഷിനു തിരക്കോടു തിരക്കായി. ദൈവം കണ്ണു തുറക്കുമ്പോള്‍ സകല സൗഭാഗ്യങ്ങളും വാരിച്ചൊരിയും. ആ അനുഭവമാണ് മഹേഷ് നമ്പൂതിരിക്കിപ്പോള്‍.
ഒരു വര്‍ഷത്തോളമാകുന്നു പാറമേക്കാവ് അമ്പലത്തില്‍ മേല്‍ശാന്തിയായിട്ട്. കഴിഞ്ഞ ഡിസംബര്‍ രണ്ടാം തീയതിയാണ് അദ്ദേഹമവിടെ മേല്‍ശാന്തിയായി നിയമിതനാകുന്നത്. ആലുവ വെളിയത്തുനാട് തന്ത്ര വിദ്യാലയത്തിലെ പ്രിന്‍സിപ്പളും തന്‍റെ ഗുരുവുമായ കല്‍പ്പുള ദിവാകരന്‍ നമ്പൂതിരിപ്പാടിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മഹേഷ് നമ്പൂതിരി പാറമേക്കാവില്‍ എത്തുന്നത്. അന്നുണ്ടായിരുന്ന മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരിക്ക് ജോലിത്തിരക്കേറിയതിനാല്‍ ഒരു സഹമേല്‍ശാന്തിയെ വേണമെന്ന് ദേവസ്വം ഭാരവാഹികളോടു പറഞ്ഞിരുന്നു. അങ്ങിനെയാണ് പാറമേക്കാവ് അമ്മയുടെ സേവകനാകാന്‍ മഹേഷ് നമ്പൂതിരിക്ക് അവസരം ഒത്തു വന്നത്. അതും ചിലപ്പോള്‍ അയ്യപ്പന്‍റെ ഒരു പരീക്ഷണം തന്നെയായിരിക്കാം.
'പാറമേക്കാവിലമ്മയുടെ അനുഗ്രഹം കൊണ്ട് എല്ലാം ഒരു നിമിത്തം പോലെ ഭവിച്ചു.' -മഹേഷിന്‍റെ ഉള്ളില്‍ തട്ടിയ വാക്കുകളായിരുന്നു അത്. ശബരിമല മേല്‍ശാന്തിയായി ഒരു വര്‍ഷം ഭഗവാനെ സേവിച്ചശേഷവും മഹേഷ് സര്‍വ്വംമയയായ പാറമേക്കാവിലമ്മയുടെ സന്നിധിയില്‍ത്തന്നെ തിരികെയെത്തും.
പത്താം ക്ലാസ് പാസ്സായ ശേഷം 1995- ല്‍ തന്ത്ര വിദ്യാപീഠത്തില്‍ വേദപഠനത്തിനെത്തിയ മഹേഷ് തന്ത്രരത്നം ഒന്നാം ക്ലാസ്സോടെ പാസ്സായി. പിന്നെ കുടുംബ ക്ഷേത്രത്തില്‍ കുറച്ചുനാള്‍ ശാന്തിക്കാരനായി.1996-ല്‍ ജ്യേഷ്ഠനായ മധു പുത്തില്ലത്തിനൊപ്പം ഭാഗവത സപ്താഹത്തിനായി ഡല്‍ഹി അളകനന്ദ ബാലഗോപാല ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. സപ്താഹം കഴിഞ്ഞതോടെ ആ ക്ഷേത്രത്തിലെ മേല്‍ശാന്തിയാകേണ്ടി വന്നു. അതും ഒരു നിയോഗമായിരുന്നു. പതിനാലു വര്‍ഷം ഉണ്ണിക്കണ്ണനായ ആ ഗുരുവായൂരപ്പനെ പൂജിച്ച ശേഷം കോയമ്പത്തൂരിലേക്കു വരേണ്ടി വന്നു. അവിടെ തടാകം ശിവഗുരു ക്ഷേത്രത്തില്‍ രണ്ടു വര്‍ഷം മേല്‍ശാന്തിയായി. പിന്നെ തിരിച്ചു നാട്ടിലേക്ക്. ചെറുവട്ടൂര്‍ അടിവാട്ടുകാവ് പരദേവതാ ക്ഷേത്രത്തില്‍ നിത്യ ഉപാസകനായി. തുടര്‍ന്ന് അഞ്ചു വര്‍ഷം കാലമ്പൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തു. അവിടെ നിന്നുമാണ് പാറമേക്കാവ് ഭഗവതിയുടെ ഉപാസകനായെത്തിയത്.
2010- മുതല്‍ സ്ഥിരമായി ശബരിമല മേല്‍ശാന്തി നിയമനത്തിനു വേണ്ടി അപേക്ഷകള്‍ അയച്ചിരുന്നു. ഇടയ്ക്ക് രണ്ടു വര്‍ഷം അപേക്ഷിക്കാന്‍ കഴിയാതെ വന്നു. കഴിഞ്ഞതിനു മുന്നിലത്തെ വര്‍ഷം പിതാവിന്‍റെ മരണം മൂലവും അതിനു മുന്നേ ഒരു വര്‍ഷം ജോലിത്തിരക്കു മൂലവും അപേക്ഷിക്കാന്‍ കഴിയാതെ വന്നു. ഭക്തന്‍റേയും ഭക്തവത്സലനായ ഭഗവാന്‍റേയും മധ്യവര്‍ത്തിയായി സേവനമനുഷ്ഠിച്ചു പോരുന്ന മഹേഷ് നമ്പൂതിരി അവിവാഹിതനാണ്. നിത്യ ബ്രഹ്മചാരിയാകണമെന്ന ചിന്തയൊന്നും മഹേഷിനില്ല. സ്വാമി അയ്യപ്പന്‍ അതിനുമൊരു വഴികാട്ടിത്തരുമെന്ന വിശ്വാസത്തിലാണ് ഈ മൂവാറ്റുപുഴക്കാരന്‍ നമ്പൂതിരി.
സ്വാമി പ്രേമസരസ്വതി
(9447725649)
ഫോട്ടോ-
സ്വാമി പ്രേമസരസ്വതി
Photo Courtesy - jyothisharathnam