രാമായണവും കര്‍ക്കിടകമാസവും

രാമായണവും കര്‍ക്കിടകമാസവും

രാമായണരചനയ്ക്ക് ശേഷം വാല്‍മീകി മഹര്‍ഷി സീതാദേവിയുടെ മക്കളായ ലവകുശന്മാരെക്കൊണ്ടാണത്രേ രാമായണം ആദ്യമായി ചൊല്ലിക്കുന്നത്. ഇത് കര്‍ക്കിടകമാസത്തിലായിരുന്നു. ഈ മാസം പൊതുവെ നിഷ്ക്രിയതയും, അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വസ്വരൂപികളായ ആചാര്യന്മാര്‍ ഉപദേശിച്ച ഉപായമാണ് രാമായണ പാരായണവും മറ്റ് ആചാരാനുഷ്ഠാനങ്ങളും.

വ്യാഴം ഉച്ചനാകുന്നത് കര്‍ക്കിടകത്തിലാണ്. ദശരഥപുത്രന്മാരെല്ലാം വ്യാഴം ഉച്ചനായാണ് ജനിച്ചത്. ജ്യോതിശ്ശാസ്ത്രത്തിലെ 4-ാമത്തെ രാശിയാണ് കര്‍ക്കിടകം. ഞണ്ടാണ് അടയാളം. ജനനസമയത്ത് തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണത്രേ ഞണ്ടിന്‍റേത്. ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്ക് വരെ കര്‍ക്കിടകത്തിലെ രാമായണ പാരായണം പരിഹാരമാകുമെന്നാണ് വിശ്വാസം.

കാലപുരുഷന്‍റെ മനസ്സാണ് കര്‍ക്കിടകം. പുരാണങ്ങള്‍ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണം വായിച്ച് കേള്‍പ്പിക്കുന്നു. മൃതശരീരം സംസ്ക്കാരത്തിനായി കിടത്തുമ്പോഴും രാമായണം പാരായണം ചെയ്യപ്പെടുന്നു. ദശരഥപുത്രന്മാരുടെ ചന്ദ്രന്‍ നില്‍ക്കുന്നത് കര്‍ക്കിടകരാശിയിലാണ്. അതുകൊണ്ടാണത്രേ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണം പുണ്യമെന്ന് പറയുന്നത്.

Photo Courtesy - Google