ശബരിമല  ഐതിഹ്യങ്ങള്‍

ശബരിമല ഐതിഹ്യങ്ങള്‍

HIGHLIGHTS

ഉച്ചത്തിലുള്ള ശരണം വിളികള്‍ പരമമായ  ഭക്തിയൂടെ ധ്വനികളാണ്. കൂട്ടായ മലകയറ്റം എല്ലാവര്‍ക്കും ഒരുപോലെയുള്ള 'സ്വാമി' എന്ന നാമം ഇതെല്ലാം ഒരു അപൂര്‍വ്വ കൂട്ടായ്മയുടെ, ദൈവികതയുടെ വിളിച്ചോതലുകളാണ്. ഉച്ചനീചത്വഭേദമില്ലാതെ ജാതി- മതവ്യത്യാസമില്ലാതെ മനുഷ്യന്‍ എന്ന ഒറ്റ വികാരത്തിലെത്തിനില്‍ക്കുന്ന ധന്യതയാണ് ആ യാത്രയുടെ പുണ്യം.

കലിയുഗവരദനായ അയ്യപ്പസ്വാമിയൂടെ ദിവ്യദര്‍ശനത്തിലൂടെ ആത്മസാക്ഷാത്ക്കാരം നേടുവാനും മനുഷ്യത്വത്തിന്‍റെ പരകോടിയിലെത്താനും സാധിക്കുന്ന അസുലഭ വൈകാരിക മുഹൂര്‍ത്തമാണ് ഓരോ മണ്ഡലകാലത്തിന്‍റെയും സാഫല്യം. ധര്‍മ്മശാസ്താവായും അയ്യപ്പനായും കരുതി ശബരീശനെ ഭക്തജനകോടികള്‍ ആരാധിക്കുന്നു. വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ 41 ദിവസം വ്രതം അനുഷ്ഠിക്കുക എന്ന കര്‍മ്മത്തിന് പിന്നില്‍ ഒട്ടനവധി സങ്കല്‍പ്പങ്ങളുണ്ട്. സുഖഭോഗങ്ങള്‍ ത്യജിച്ച് മനസ്സും ശരീരവൂം ഒരൊറ്റ ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുവാന്‍  സ്വീകരിക്കുന്ന ഒരു ക്രമീകരണ പ്രക്രിയയാണ് അത്.
 
തത്ത്വമസി എന്ന 'പൊരുള്‍' ആഖ്യാനം ചെയ്യുന്ന ഒരേയൊരു ആരാധനാകേന്ദ്രം ശബരിമലയാണ്. അതുകൊണ്ടുതന്നെ പരമമായ മോക്ഷം തന്നെയാണ് അയ്യപ്പദര്‍ശനം കൊണ്ട് സാധിക്കുന്നത്. ഉദാത്തവും ഉത്തുംഗവുമായ തലത്തില്‍ എത്തിച്ചേരാന്‍ ഒരു മാനവചേതനയ്ക്ക് മറികടക്കേണ്ട വഴികള്‍ ദുര്‍ഘടവും കാരുണ്യം നിറഞ്ഞതുമാണ്. കല്ലും മുള്ളും കാലിന് മെത്തയാക്കാന്‍ അവന്‍റെ ശരീരത്തേക്കാളുപരി മനസ്സ് സജ്ജമാകണം. അജ്ഞാതവും ഭീതിജനകവുമായ കാനനപാതകള്‍ അറിവിന്‍റെ അഥവാ ജ്ഞാനത്തിന്‍റെ പുതുവഴികളാണ്. അവിടെ മാര്‍ഗ്ഗദര്‍ശി അയ്യപ്പന്‍ എന്ന ഒരൊറ്റ ശക്തി മാത്രമാണ്. ആ ശക്തിയും പ്രചോദനവും അഭൗമമായ ഒരാര്‍ജ്ജിതശേഷി നല്‍കുന്നുമുണ്ട്. 
 
ജ്ഞാനിയുടെ മാര്‍ഗ്ഗം ഭയരഹിതമായി തീരുന്നു. ഉച്ചത്തിലുള്ള ശരണം വിളികള്‍ പരമമായ  ഭക്തിയൂടെ ധ്വനികളാണ്. കൂട്ടായ മലകയറ്റം എല്ലാവര്‍ക്കും ഒരുപോലെയുള്ള 'സ്വാമി' എന്ന നാമം ഇതെല്ലാം ഒരു അപൂര്‍വ്വ കൂട്ടായ്മയുടെ, ദൈവികതയുടെ വിളിച്ചോതലുകളാണ്. ഉച്ചനീചത്വഭേദമില്ലാതെ ജാതി- മതവ്യത്യാസമില്ലാതെ മനുഷ്യന്‍ എന്ന ഒറ്റ വികാരത്തിലെത്തിനില്‍ക്കുന്ന ധന്യതയാണ് ആ യാത്രയുടെ പുണ്യം.
 
മനുഷ്യനുള്‍പ്പെടെ സര്‍വ്വചരാചരങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനിലേക്ക് നിസ്സാരനായ മനുഷ്യന് എത്തിച്ചേരാന്‍ സാദ്ധ്യമല്ല. പുണ്യപാപങ്ങളുടെ സഞ്ചയമായ ഇരുമുടിക്കെട്ടും ജീവാത്മാവിന്‍റെ പ്രതീകമായ നെയ്ത്തേങ്ങയും അയ്യപ്പന് അത് അഭിഷേകമാകുമ്പോള്‍ ലഭിക്കുന്ന പരമമായ പുണ്യവും ഭക്തന്‍റെ ഇഹലോകത്തിലെ സകല പാപങ്ങളും കഴുകിക്കളയും. മണ്ണും മനുഷ്യനും ഒന്നാകുന്ന സമത്വസുന്ദരമായ സങ്കേതമാണ് സന്നിധാനം. സകല ചരാചരങ്ങളും അവയുടെ ആര്‍ജ്ജിത മൂല്യങ്ങളും മൂര്‍ത്തമായി പരിശോഭിക്കുന്ന തീര്‍ത്ഥപാതയില്‍ അപൂര്‍വ്വമായ ഒരു ആവാസവ്യവസ്ഥ തന്നെ കാണാം. വന്യമൃഗങ്ങളും കാട്ടുചോലകളും വൃക്ഷലതാദികളും സതീര്‍ത്ഥ്യരാകുന്ന മറ്റേതു യാത്രയുണ്ട്?  ശരീരത്തെ മറന്ന് ദീപ്തമായ ഒരു ദാര്‍ശനികതയിലേക്ക് സഞ്ചരിക്കുന്ന മനസ്സിന്‍റെ ഭാഷ അവിടെ ഏകസ്വരമാകുന്നു.
 
ഐതിഹ്യങ്ങളുടേയും മിത്തുകളുടേയും വസ്തുനിഷ്ഠത എന്തുതന്നെ ആയാലും മുദ്ര അണിഞ്ഞ് കറുപ്പുചുറ്റി നടത്തുന്ന ഈ തീര്‍ത്ഥയാത്ര നിരവധി അര്‍ത്ഥതലങ്ങള്‍ നിറഞ്ഞതാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ സംജ്ഞകള്‍ പോലെ വ്രതം, ഭക്തി, അനുഷ്ഠാനം, സാക്ഷാത്ക്കാരം എന്ന സിദ്ധാന്തതലമാണ് മണ്ഡലവ്രതത്തിന് ആന്തരികധാരയില്‍ വര്‍ത്തിക്കുന്നതെന്നുപറയാം. ഒരു പുരുഷായുസ്സിന്‍റെ ആര്‍ജ്ജിത ജീവിതമൂല്യങ്ങളെ സമര്‍പ്പിച്ച് ഈ നവചൈതന്യം സ്വായത്തമാക്കി മലയിറങ്ങുന്ന മനസ്സുകള്‍ തെളിഞ്ഞ സ്ഫടികപാത്രം പോലെ പരിശോഭിക്കുന്നതാണ്.
 
മുദ്രാധ്യാനത്തോടെ മാലയിടല്‍
 
അയ്യപ്പദര്‍ശനത്തിനൊരുങ്ങുന്നവര്‍ക്കുള്ള ആദ്യ അനുഷ്ഠാനം 'മുദ്രാധാരണം' അഥവാ മാലയിടല്‍ ആണ്. കുളിച്ചു ദേഹശുദ്ധി വരുത്തി അടുത്തുള്ള ക്ഷേത്രത്തില്‍ ചെന്നുവേണം മാലയിടാന്‍. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുവാങ്ങിയ മാല ഗുരുസ്വാമിയാണ് ഭക്തനെ ധരിപ്പിക്കേണ്ടത്. പതിനെട്ടോ, അതിലേറെയോ വര്‍ഷം ശബരിമല ദര്‍ശനം നടത്തി മനസ്സ് പരിപാകമാക്കിയ സ്വാമി ഭക്തനാണ് ഗുരുസ്വാമിയാകാന്‍ യോഗ്യതയുള്ളത്. ഗുരു മാലയിട്ടുതരുന്ന സമയത്ത് ഭക്തന്‍ താഴെ കൊടുത്തിരിക്കുന്ന മുദ്രാധ്യാനം ചൊല്ലേണ്ടതാണ്.
 
'ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാംപാതുസദാപിമേ
ഗുരുദക്ഷിണാപൂര്‍വ്വം തസ്യാനുഗ്രഹകാരിണേ
ശരണാഗതമുദ്രാഖ്യം ത്വന്മുദ്രാം ധാരയാമ്യഹം
ശബര്യാചലമുദ്രായൈ നമസ്തുഭ്യം നമോ നമഃ
 
മുദ്രാധ്യാനം കഴിഞ്ഞ് ശ്വാസം പുറത്തേക്കെടുത്ത് സ്വാമിയേ.. എന്നും ശ്വാസം അകത്തേയ്ക്കെടുത്ത് ശരണമയ്യപ്പാ.. എന്നും അഞ്ചുതവണ ശരണം വിളിക്കണം. മാലിന്യം നീക്കി മനസ്സ് ശുദ്ധമാക്കാനാണ് ഇത് ചെയ്യുന്നത്. മാലയിടലിനുശേഷം ഗുരുസ്വാമിക്ക് ദക്ഷിണ കൊടുക്കുന്നതോടെ മുദ്രാധാരണ ചടങ്ങ് പൂര്‍ത്തിയാകുന്നു. അതിനുശേഷം കൃത്യമായി വ്രതമനുഷ്ഠിക്കുകയാണ് അയ്യപ്പഭക്തന്‍ ചെയ്യേണ്ടത്.
 
അയ്യപ്പദര്‍ശനത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ വ്രതനിഷ്ഠകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. മനസ്സും ശരീരവും ശുദ്ധമായി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. രാവിലെ ഉണര്‍ന്നാലുടന്‍ കുളിച്ചു ശുദ്ധവൃത്തി വരുത്തി ക്ഷേത്രദര്‍ശനം നടത്തണം. മാലയിടുന്നത് മുതല്‍ ഊരുന്നതുവരെ സാത്വികാഹാരം മാത്രമേ കഴിക്കാവൂ. മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ക്ഷൗരം, വെറ്റിലമുറുക്ക്, പുകവലി, മദ്യപാനം, മൈഥുനം എന്നിവ വര്‍ജ്ജിക്കേണ്ടതാണ്. അയ്യപ്പഭക്തന് മനസാ വാചാ കര്‍മ്മണാ പാപ സംഗമം ഉണ്ടാകാന്‍ പാടുളളതല്ല, ജീവകാരുണ്യവും ഭഗവത് നാമജപവും ഭക്തന്‍റെ മുഖമുദ്രയായിരിക്കണം.
 
വ്രതാനുഷ്ഠാനകാലത്ത് മരണാനന്തരകര്‍മ്മം, ജനനാനന്തര കര്‍മ്മം എന്നിവയില്‍ പങ്കെടുക്കരുത്. അന്യരെ പരിഹസിക്കുന്നതോ വിഹിതമല്ലാത്തത് സ്വീകരിക്കുന്നതോ ഭക്തന് ഹിതകരമല്ല. രണ്ടുനേരവും കുളിച്ചു ഭസ്മം ധരിച്ചു ശരണം വിളിക്കുന്ന സ്വാമി ഭക്തന്‍റെ മിതവും ഹിതവുമായ ജീവിതചര്യയെ മലകയറ്റത്തിനുള്ള തയ്യാറെടുപ്പായി കാണാവുന്നതാണ്.
 
ശബരിമലയിലേക്കുള്ള യാത്രാരംഭത്തിലെ പ്രധാന ചടങ്ങാണ് കെട്ടുനിറയ്ക്കല്‍. വഴിപാടിനും മറ്റാവശ്യങ്ങള്‍ക്കുമുളള സാധനങ്ങള്‍ വിധിപ്രകാരം ഇരുമുടിയില്‍ നിറയ്ക്കുന്ന പ്രക്രിയയാണിത്. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തില്‍ വേണം ഇത് നടത്താന്‍. മുന്നിലും പിന്നിലുമായി രണ്ട് അറകളുള്ള തുണിസഞ്ചിയാണ് ഇരുമുടി. ഇതിന്‍റെ മുന്നിലെ  അറയില്‍ വഴിപാട് സാധനങ്ങളാണ് നിറയ്ക്കേണ്ടത്. ആദ്യം വെറ്റില, പാക്ക്, നാണയം എന്നിവയും തുടര്‍ന്ന് അന്നദാനപ്രഭുവായ അയ്യപ്പന് നേദിക്കുവാന്‍ മൂന്നുപിടി അരിയും നിറയ്ക്കും. അതിനുശേഷം അഭിഷേകത്തിനുള്ള നെയ്ത്തേങ്ങ, അവല്‍, മലര്‍, ഉണക്കമുന്തിരി, ശര്‍ക്കര, മഞ്ഞള്‍പ്പൊടി എന്നിവ നിറയ്ക്കണം. 
 
യാത്രാമദ്ധ്യേ വിവിധ സ്ഥലങ്ങളില്‍ ഉടയ്ക്കാനുള്ള നാളീകേരങ്ങള്‍, ഭക്തനുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ പിന്‍കെട്ടിലാണ് നിറയ്ക്കേണ്ടത്. ഭഗവാന് സമര്‍പ്പിക്കാനുള്ള പുണ്യങ്ങളായി മുന്‍കെട്ടില്‍ വഴിപാട് സാധനങ്ങളും ഉടച്ചുതീര്‍ക്കാനുള്ള പാപങ്ങളായി പിന്‍കെട്ടില്‍ നാളീകേരങ്ങളും നിലകൊള്ളുന്നു എന്നാണ് സങ്കല്‍പ്പം. അതിനാല്‍ ഇരുമുടിക്കെട്ട് പുണ്യപാപച്ചുമടാണ്. അതുമായി വേണം ഭക്തന്‍ മലകയറി ശബരീശദര്‍ശനം നടത്താന്‍.
 
തീര്‍ത്ഥാടനവേളയിലെ ആചാരങ്ങള്‍
 
കന്നി അയ്യപ്പന്മാര്‍ അഥവാ ആദ്യമായി ശബരിമലയ്ക്ക് പോകുന്നവര്‍ അനുഷ്ഠിക്കേണ്ട നിരവധി ആചാരങ്ങളുണ്ട്. കെട്ടുനിറച്ച് എരുമേലിയിലെത്തി പേട്ടകെട്ടി മലചവിട്ടുന്നതാണ് പരമ്പരാഗത രീതി. അഹംബോധം നശിച്ച് പ്രകൃതിയുമായി ഇണങ്ങിച്ചേരാനുള്ള ഉപാധിയാണ് പേട്ടകെട്ടല്‍. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ദേഹമാകെ, കരിയും ചായവും തേച്ച് ആര്‍ത്തുവിളിച്ച് തുള്ളുന്നു. എരുമേലിയിലെ വാവരു പള്ളിയിലും അയ്യപ്പഭക്തര്‍ ദര്‍ശനം നടത്തണം. തുടര്‍ന്ന് പമ്പയിലെത്തി പിതൃബലിയര്‍പ്പിച്ചശേഷം പമ്പാഗണപതിക്ക് തേങ്ങയുടച്ച് മലകയറ്റത്തിനുള്ള അനുമതി വാങ്ങുക.
 
പമ്പയിലുള്ള പന്തളം രാജപ്രതിനിധിക്ക് ദക്ഷിണ നല്‍കിയിട്ടാണ് നീലിമല കയറേണ്ടത്. മലകയറ്റം നടത്തുമ്പോള്‍ ഇടയ്ക്കിടെ വിശ്രമിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. നീലിമലയുടെ മുകളിലെത്തും മുമ്പ് അപ്പാച്ചിക്കുഴിയിലും ഇപ്പാച്ചിക്കുഴിയിലും അരിയുണ്ട എറിയണം. പ്രകൃതിയുമായുള്ള താദാത്മ്യം പ്രാപിക്കലാണ് ഇതിന്‍റെ ഉദ്ദേശ്യം. പിന്നീട് ശബരിപീഠത്തിലാണ് എത്തിച്ചേരുന്നത്. ഇവിടെ തേങ്ങയുടച്ച് കര്‍പ്പൂരം കത്തിക്കുക. അവിടെ നിന്ന് ശരംകുത്തിയിലെത്തുമ്പോള്‍ കന്നി അയ്യപ്പന്മാര്‍ ശരം കുത്തണം. ശബരീശദര്‍ശനത്തിന് കല്‍മഷം, ഹുങ്ക്, അഹന്ത, അഹങ്കാരം തുടങ്ങിയ ദുഷ്പ്രവണതകളെ ഉപേക്ഷിക്കുകയാണ് ശരംകുത്തലിലൂടെ ചെയ്യുന്നത്. ഇവിടം പിന്നിട്ടെത്തുന്നത് തത്ത്വസോപാനമായ പതിനെട്ടാം പടിയിലാണ്.
 
തത്ത്വസോപാനം എന്ന പതിനെട്ട് പടികള്‍
 
ശബരിമല സന്നിധാനത്തിലെ  പതിനെട്ട് പടികള്‍ അതീവപ്രാധാന്യമുള്ളവയാണ്. തത്ത്വസോപാനമെന്ന് അറിയപ്പെടുന്ന ഇവ ഭക്തര്‍ക്ക് സത്യമായ പൊന്നുപതിനെട്ടാം പടികളാണ്. വിധിപ്രകാരം വ്രതമനുഷ്ഠിച്ച് ഇരുമുടിക്കെട്ടേന്തി വരുന്ന തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ഇതില്‍ സ്പര്‍ശിക്കുവാന്‍ അര്‍ഹതയുള്ളൂ. പഴയകാലത്ത് കാട്ടുകള്ളന്മാരുടേയും മറ്റും ആക്രമണ ഭീഷണി ശബരിമലയ്ക്കുണ്ടായിരുന്നു. അവരില്‍ നിന്ന് ക്ഷേത്രത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണ് കുത്തനെയുള്ള ഇടുങ്ങിയ പടികള്‍. അന്നൊക്കെ ക്ഷേത്രത്തിന് ചുറ്റും കിടങ്ങുകളുണ്ടായിരുന്നു.
 
ശബരിമലയിലെ ആചാരങ്ങളുമായി ബന്ധമുള്ള പതിനെട്ട് മലകളെ പ്രതിനിധീകരിക്കുന്നതാണ് പതിനെട്ട് പടികളെന്നാണ് സങ്കല്‍പ്പം. ഗരുഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമല, ഖര്‍ഗിമല, മാതംഗിമല, മൈലാടുംമല, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറ മല, നീലിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, പുതുശ്ശേരിമല, കരിമല, ശബരിമല, പൊന്നമ്പലമേട് എന്നിവയാണ് ഈ മലകള്‍. ചൈതന്യവര്‍ദ്ധനവിനും മേല്‍പ്പറഞ്ഞ മലകളെ ആരാധിക്കുന്നുവെന്ന സങ്കല്‍പ്പത്തിലും പതിനെട്ടാം പടിയില്‍ പൂജ നടത്തിവരുന്നു. തിരക്കേറിയ മണ്ഡല-മകരവിളക്ക് കാലത്തൊഴികെ നടതുറന്ന് നിത്യപൂജ നടത്തുന്ന ദിവസങ്ങളിലെല്ലാം പടിപൂജയും ഉണ്ടാകാറുണ്ട്. ഇരുമുടിക്കെട്ടുമായി വരുന്ന അയ്യപ്പഭക്തര്‍ നാളീകേരബലി നടത്തിയിട്ടേ പടി ചവിട്ടാന്‍ പാടുള്ളൂ.
 
തന്ത്രശാസ്ത്രപ്രകാരം ശബരിമലയിലെ  18 പടികള്‍
 
18 എന്നത് എട്ട് ജീവാത്മാവും 10 പരമാത്മാവും ചേര്‍ന്ന് ഈശ്വര സാക്ഷാത്ക്കാരത്തെ കുറിക്കുന്ന സംഖ്യ.
 
മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, ലംബിക, വിശുദ്ധി, ആജ്ഞ, ബിന്ദു. 
 
അര്‍ദ്ധചക്രം, രോധിനി, നാദം, നാദാന്തം, ശക്തി, വ്യാപിക, സമന, ഉന്മന, മഹാബിന്ദു, സഹസ്രാരം.
 
അതീവ പ്രാധാന്യമുള്ളവയാണ് സന്നിധാനത്തിലെ പതിനെട്ടുപടികള്‍. തത്ത്വസോപാനം എന്നറിയപ്പെടുന്ന ഈ തൃപ്പടികളില്‍ സ്പര്‍ശിക്കാന്‍ വ്രതമനുഷ്ഠിച്ച് ഇരുമുടി കെട്ടേന്തി വരുന്ന ഭക്തര്‍ക്കേ അര്‍ഹതയുള്ളൂ.
 
18 പടികളുടെ തത്ത്വങ്ങള്‍
 
ശ്രീഭൂതനാഥോപാഖ്യാനപ്രകാരം ശ്രീ അയ്യപ്പന്‍ തന്നെ പന്തളം രാജാവിനോട് ക്ഷേത്രം പണിയുന്ന കാര്യത്തെക്കുറിച്ചും അതിന് 18 സോപാനങ്ങള്‍ ഉണ്ടായിരിക്കണമെന്നും അരുളി ചെയ്തു. അതിന്‍പ്രകാരം 18 പടിയെ സൂചിപ്പിക്കുന്നതെന്തെന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ 5, അഷ്ടരാഗങ്ങള്‍ 8, ഗുണത്രയങ്ങള്‍ 3, വിദ്യ, അവിദ്യ 2, ശരീരത്തിലെ 5 കോശങ്ങള്‍(അന്നമയം പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം) അസ്തി, ജായതേ, വര്‍ദ്ധതേ, വിപശ്ച്യതേ, ജിര്വതേ, മര്‍ത്ത്യതേ എന്നീ ശരീരത്തിന്‍റെ ആറ് അവസ്ഥകള്‍, സപ്തധാതുക്കള്‍ എന്നിവ ചേര്‍ന്ന 18. പാതാളം മുതല്‍ സത്യലോകം വരെയുള്ള 14 ലോകങ്ങളും അന്തരീക്ഷം, ആകാശം, അന്ധകാരം(നരകം), ജ്യോതിര്‍മയം(പ്രകാശം) ഇങ്ങനെ നാല് അന്യലോകങ്ങളും ചേര്‍ത്ത് 18. സൃഷ്ടി ഭൂമികളെ ഉല്ലംഘിക്കുന്നത് 18 പടികള്‍ കടക്കുന്നതിലുമുണ്ട്.
 
അയ്യപ്പ ബിംബത്തിന്‍റെ ആസനം- അര്‍ദ്ധാസനരൂപം അഥവാ യോഗപാദാസനമെന്നോ യോഗാരൂഢ സിദ്ധാസനമെന്നോ പറയാവുന്ന ശൈലിയാണ്.
 
മകരജ്യോതി
 
ശബരിമലയില്‍ ദിവ്യജ്യോതിയായി ആഘോഷിക്കുന്ന മകരവിളക്ക് ഒരു നക്ഷത്രമാണെന്ന് കരുതുന്നവരുണ്ട്. മകരജ്യോതിയില്‍ രണ്ട് വാക്കുകള്‍ അടങ്ങിയിട്ടുണ്ട്. മകരം, ജ്യോതി. എന്താണ് മകരം? ആകാശത്ത് പന്ത്രണ്ട് രാശികളുണ്ട്. സൂര്യന്‍ ഓരോ മാസവും ഓരോ രാശിയിലൂടെ കടന്നുപോയി ഒരു കൊല്ലം കൊണ്ട് പന്ത്രണ്ട് രാശിയിലുമെത്തുന്നു. ഇന്ത്യന്‍ കലണ്ടര്‍ പ്രകാരം ജനുവരി 14 നോ 15 നോ ആണ് സൂര്യന്‍ മകരം രാശിയിലെത്തുന്നത്. സൂര്യന്‍റെ മകരം രാശിയിലേക്കുള്ള ഈ പ്രവേശനത്തെയാണ് 'മകരസംക്രാന്തി' എന്നുവിളിക്കുന്നത്.
 
ദക്ഷിണായനരേഖയ്ക്കും ഉത്തരായനരേഖയ്ക്കും ഇടയില്‍ തുടര്‍ച്ചയായി സൂര്യന്‍റെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു. ഇത് വടക്കോട്ട് ഇന്‍ഡ്യയോട് അടുക്കുന്ന സമയമാണ് മകരസംക്രാന്തി. അതുകൊണ്ടാണ് സൂര്യന്‍ മകരരാശിയിലേക്ക് മാറുന്നതിന് പ്രത്യേകത കൊടുക്കുന്നത്. ഈ സമയം പകലുകള്‍ ദൈര്‍ഘ്യമേറിയതായിരിക്കും. ഒപ്പം പ്രകൃതി തണുത്ത കാലാവസ്ഥയില്‍ നിന്നും പതുക്കെ ഉഷ്ണകാലത്തേക്ക് കടക്കുന്നു. ഈ കാലാവസ്ഥാ വ്യതിയാനത്തെ നാം ആഘോഷിക്കുകയാണ്.
 
ഇനി ജ്യോതി: സൂര്യന്‍ തെക്കേ അര്‍ദ്ധവൃത്തത്തിലാകുമ്പോള്‍ നാം പൂര്‍ണ്ണമായും ഇരുട്ടിലാകുന്നു. അതില്‍ നിന്നും പ്രകാശം ഉയരുന്നതാണ് ജ്യോതി. അയ്യപ്പന്‍ എന്ന പേര് പഞ്ചഭൂതങ്ങളായ ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അത് നമുക്ക് ദൃശ്യമാക്കുന്നതാണ് 'ജ്യോതി.' കൂടാതെ ധര്‍മ്മത്തിന്‍റെ പ്രതീകമായും സ്വാമി അയ്യപ്പന്‍ അറിയപ്പെടുന്നു. ധര്‍മ്മമെന്നാല്‍ ഒരു പുണ്യപ്രവൃത്തി മാത്രമല്ല, അത് പ്രകൃതിയുടെ തന്നെ സ്വഭാവമാണ്. വര്‍ഷം തോറും നടത്തിവരുന്ന മകരസംക്രാന്തി ആഘോഷം, പ്രപഞ്ചത്തിലും പ്രകൃതിയിലും സൂര്യനിലും ഉണ്ടാകുന്ന മാറ്റങ്ങളെ നമുക്ക് മനസ്സിലാക്കിത്തരുന്നു. ഒപ്പം ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും ആശയവും നിറയ്ക്കുകയും ചെയ്യുന്നു. തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ 5 ന്‍റെ പ്രതീകമാണ് അയ്യപ്പന്‍. പഞ്ച(5) ഭൂതങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചത്തിന്‍റെയും പ്രതീകമായി സ്വാമി അയ്യപ്പനെ അവര്‍ കാണുന്നു. 'അയ്യപ്പശരണം' എന്ന് നാം ഉച്ചരിക്കുമ്പോള്‍ 'പഞ്ച' ഭൂതങ്ങളെ നമിക്കുന്നു എന്നാണര്‍ത്ഥമാക്കുന്നത്.
 
കെ. രവികുമാര്‍

Photo Courtesy - jyothisharathnam