അരുണ്‍കുമാര്‍ നമ്പൂതിരി ഒരു പൂ ചോദിച്ചു അയ്യപ്പന്‍ ഒരു പൂക്കാലം തന്നെ നല്‍കി

അരുണ്‍കുമാര്‍ നമ്പൂതിരി ഒരു പൂ ചോദിച്ചു അയ്യപ്പന്‍ ഒരു പൂക്കാലം തന്നെ നല്‍കി

HIGHLIGHTS

ആറ് പ്രാവശ്യം ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള അരുണ്‍കുമാര്‍ നാലുതവണ അവസാനപ്പട്ടികയില്‍ വരെ ഇടംപിടിച്ചിട്ടുണ്ട്. ഇക്കുറി പക്ഷേ എന്തുകൊണ്ടോ ആ ഒരു നിയോഗം അയ്യപ്പന്‍ തന്നെ ഏല്‍പ്പിക്കും എന്നൊരു വിശ്വാസം അരുണ്‍കുമാറിനുണ്ടായിരുന്നു. രാവിലെ ദേവിക്ക് ഉഷഃപൂജ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഒരു മാസം മുന്‍പുമാത്രം പൂജിച്ചു തുടങ്ങിയ ദേവിയുടെ മുഖത്ത്(കൊല്ലം ലക്ഷ്മിനട ദേവീക്ഷേത്രം) ഒരു പ്രത്യേക തിളക്കം തനിക്കനുഭവപ്പെട്ടു, അടുത്ത നിമിഷം ആ സന്തോഷവാര്‍ത്ത കാതുകളില്‍ പതിച്ചു...

 

കൊല്ലം വള്ളിക്കീഴ് പൂമുഖത്തമ്പലത്തിന് വടക്കുവശം 'നാരായണീയം'(തോട്ടത്തില്‍മഠം) വീടിന്‍റെ മുന്‍ഭിത്തിയില്‍ ഒറ്റനോട്ടത്തില്‍ തന്നെ ആരും കാണത്തക്ക വിധം ആറ്റുകാല്‍ ഭഗവതിയുടെ സാമാന്യം വലിയൊരു ചിത്രം ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. അതില്‍ ആറ്റുകാലമ്മേ ശരണം എന്നുള്ള എഴുത്തിന് മുകളിലായി മറ്റൊരു എഴുത്തുകൂടിയുണ്ട്. 'സ്ത്രീകളുടെ ശബരിമല' എന്ന്. അതേ ചിത്രത്തിന്‍റെ താഴെ എസ്. അരുണ്‍കുമാര്‍ നമ്പൂതിരി, ആറ്റുകാല്‍ മേല്‍ശാന്തി 2015-17 എന്നുകൂടി എഴുതിയിരിക്കുന്നത് കാണാം. അതായത് ആ രണ്ടുവര്‍ഷം ആറ്റുകാല്‍ ക്ഷേത്രത്തില്‍ നറുക്കുവീണ് മേല്‍ശാന്തിയായത് അരുണ്‍കുമാറായിരുന്നു.

അതിനൊരു പ്രത്യേകതയുണ്ട്. തുടര്‍ച്ചയായി രണ്ടുപ്രാവശ്യം നറുക്കെടുപ്പിലൂടെ ഒരാള്‍ തന്നെ ഒരേ അമ്പലത്തില്‍ മേല്‍ശാന്തിയാകുന്നത് സാധാരണമല്ല. എന്നാല്‍ 2015 ലും 2016 ലും അരുണ്‍കുമാറിന് വേണ്ടി ആ സാധാരണ രീതി ഒന്ന് മാറിനിന്നു. രണ്ടുപ്രാവശ്യവും ഈ സാത്വികന്‍റെ പേരുതന്നെ നറുക്കില്‍ വന്നു. അങ്ങനെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പുറപ്പെടാശാന്തിയായി  സ്ത്രീകളുടെ ശബരിമല എന്ന് ഖ്യാതികേട്ട ആറ്റുകാല്‍ ക്ഷേത്രത്തില്‍ വിശ്വരക്ഷകയായ അമ്മയ്ക്ക് പൂജ കഴിക്കുവാനുള്ള അപൂര്‍വ്വ സൗഭാഗ്യം ലഭിച്ച അനുഗൃഹീതനാണ് അരുണ്‍കുമാര്‍ നമ്പൂതിരി.

അതിലുമുണ്ടൊരു പ്രത്യേകത. സാധാരണയായി പ്രൈവറ്റ് അമ്പലങ്ങളിലെ പൂജാരിമാര്‍ മാത്രമാണ് ആറ്റുകാല്‍ പോലെ സ്വകാര്യട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തി നിയമനത്തിനായി അപേക്ഷിക്കാറുള്ളൂ. ദേവസ്വം ബോര്‍ഡിലെ ശാന്തിമാര്‍ അപേക്ഷിക്കാറില്ല. എന്നാല്‍ ജീവിതത്തിലൊരിക്കലെങ്കിലും ആറ്റുകാലമ്മയ്ക്ക് പൂജ കഴിക്കണമെന്ന അദമ്യമായ ആഗ്രഹത്താല്‍, ബോര്‍ഡില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങി 2015 ല്‍ അരുണ്‍കുമാര്‍ അപേക്ഷിച്ചു. നറുക്കുവീണു. തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലത്തെ അരുണ്‍കുമാറിന്‍റെ മാതൃതുല്യപരിപാലനത്തില്‍(വിശ്വാസപ്രകാരം തന്ത്രിയാണ് ദേവന്‍റെയോ ദേവിയുടെയോ പിതാവ്. പൂജാരി മാതാവും) സംതൃപ്തയായിട്ടുതന്നെയായിരിക്കണം അദ്ദേഹത്തിനു തന്നെ 2016 ലും നറുക്ക് വീണത്. 
അങ്ങനെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയാകുന്ന ആദ്യ ദേവസ്വം ബോര്‍ഡ് ശാന്തിയായ അരുണ്‍കുമാര്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷം നറുക്കെടുപ്പില്‍ വിജയിച്ച ആദ്യമേല്‍ശാന്തിയുമായി. ആ അനുഗ്രഹസൂചകമായിട്ടാണ്, മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അമ്മയുടെ തേജോമയരൂപത്തെ ചിത്രത്തിലേക്കു കൂടി പകര്‍ത്തി പ്രതിഷ്ഠിക്കുവാന്‍ അരുണ്‍കുമാര്‍ തീരുമാനിച്ചത്.

വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പില്‍ തീകൊളുത്തുവാനുള്ള മഹാനിയോഗം രണ്ടുപ്രാവശ്യം കൈവന്ന പുണ്യവുമായി, സ്ത്രീകളുടെ ആ ശബരിമലയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ മുതല്‍ അരുണ്‍കുമാറിന്‍റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലോകരക്ഷകനായ ശബരിമല ധര്‍മ്മശാസ്താവിന് പൂജ കഴിക്കുക എന്നുള്ളത്. അതിനായി ഒന്നും രണ്ടുമൊന്നുമല്ല, 6 തവണയാണ് അപേക്ഷിച്ചത്. ഇക്കുറി 6-ാമത് പ്രാവശ്യം അപേക്ഷിക്കുമ്പോള്‍ മേല്‍ശാന്തിയായി നറുക്കുവീണില്ലെങ്കില്‍ മേല്‍ശാന്തിയുടെ സഹായിയായെങ്കിലും ആ ശ്രീകോവിലിലൊന്ന് കയറാന്‍ കഴിയണമേ എന്നുള്ളതായിരുന്നു അരുണ്‍കുമാറിന്‍റെ പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥന അയ്യപ്പന്‍ കേട്ടു. അതിനുള്ള തെളിവായിട്ടാണ് തന്‍റെ പുതിയ നിയോഗത്തെ അരുണ്‍കുമാര്‍ നമ്പൂതിരി കാണുന്നത്.

അംഗീകരിക്കപ്പെട്ട അര്‍ഹത

അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം പുറത്തറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ ഒപ്പം പ്രചരിച്ച അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണ്. പൂജാകാര്യങ്ങളില്‍ ഇത്രയും നിഷ്ക്കര്‍ഷയുള്ളവര്‍ അപൂര്‍വ്വമാണെന്നും അതുകൊണ്ടുതന്നെ അരുണ്‍കുമാര്‍ നമ്പൂതിരിയുടെ പുതിയ നിയോഗം തീര്‍ത്തും ഉചിതമായി എന്നുമാണ് പലരും ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെ കുറിച്ചത്. അരുണ്‍കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളിലെ ഭക്തരും ഈ അഭിപ്രായമാണ് പങ്കുവച്ചത്. നിലവില്‍ ജോലി ചെയ്യുന്ന ലക്ഷ്മിനട ക്ഷേത്രത്തിലെയും, മുന്‍പ് ജോലി ചെയ്തിരുന്ന ആനന്ദവല്ലീശ്വരം, തിരുമുല്ലവാരം, ചിറ്റടീശ്വരം... തുടങ്ങിയുള്ള ക്ഷേത്രങ്ങളിലേയും ഭക്തര്‍ക്ക് പൂജാദികാര്യങ്ങളിലെ അരുണ്‍കുമാറിന്‍റെ നിഷ്കര്‍ഷയേയും അര്‍പ്പണമനോഭാവത്തേയുമൊക്കെപ്പറ്റി പറയുമ്പോള്‍ നൂറ് നാവാണ്.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടുനിന്ന് കൊല്ലത്തേക്ക് പറിച്ചുനടപ്പെട്ട നീണ്ടകര തോട്ടത്തില്‍ മഠത്തില്‍ പരേതനായ ശങ്കരന്‍ നമ്പൂതിരിയുടെയും രാജമ്മ അന്തര്‍ജ്ജനത്തിന്‍റെയും നാലുമക്കളില്‍ ഇളയതാണ്, കുടുംബത്തിന്‍റെ അഭിമാനവും പുണ്യവുമായി മാറിയ അരുണ്‍കുമാര്‍(51). നീണ്ടകരയിലെ കുടുംബക്ഷേത്രം കാലങ്ങളോളം നോക്കാനും കാണാനും ആളില്ലാതെ നാശോന്മുഖമായി, പൂജാദികാര്യങ്ങള്‍ മുടങ്ങിക്കിടന്ന അവസ്ഥയിലാണ് ഹരിപ്പാട്ടെ മൂലകുടുംബത്തുനിന്നും ശങ്കരന്‍ നമ്പൂതിരി നീണ്ടകരയിലേക്ക് താമസം മാറ്റിയത്.

പൂജാകാര്യങ്ങളിലെ ബാലപാഠം അച്ഛനില്‍ നിന്നും സ്വായത്തമാക്കിയ അരുണ്‍കുമാര്‍ എട്ടാമത്തെ വയസ്സ് മുതല്‍ നീണ്ടകര പരിമണം കയ്പവിള ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അച്ഛന് സഹായിയായി പോകുമായിരുന്നു. അങ്ങനെയാണ് ശബരിമല അയ്യപ്പന്‍ ആ കൊച്ചുമനസ്സില്‍ കുടിയേറിയതും, വലുതാകുമ്പോള്‍ ശബരിമല അയ്യപ്പനെ പൂജിക്കണം എന്നുള്ള വലിയ മോഹങ്ങള്‍ വളര്‍ത്തിയതും. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം പത്തനംതിട്ടയില്‍ പാലമറ്റം തന്ത്രിയുടെ മഠത്തില്‍ താമസിച്ചു താന്ത്രികവിദ്യയില്‍ കൂടുതല്‍ അവഗാഹം നേടുമ്പോഴും, അവിടത്തെ തന്ത്രിയുടെ മരണശേഷം അമ്പലപ്പുഴ പുതുമന ഇല്ലത്തുപോയി ശേഷം പഠനം നടത്തുകയുമൊക്കെ ചെയ്യുമ്പോഴും ശബരിമല അയ്യപ്പനായിരുന്നു അരുണ്‍കുമാറിന്‍റെ മനസ്സ് നിറയെ.

തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ കയറിയപ്പോള്‍, എട്ടാമത്തെ വയസ്സ് മുതല്‍ അച്ഛന് സഹായിയായി നിത്യവും പോയിരുന്ന കയ്പവിള ശാസ്താക്ഷേത്രത്തില്‍ തന്നെയായി പ്രഥമ നിയമനവും.

പിന്നീട് നീണ്ടകര തോട്ടത്തില്‍ മഠം ശിവക്ഷേത്രം, ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം, തിരുമുല്ലവാരം ശ്രീമഹാവിഷ്ണു ക്ഷേത്രം, ചിറ്റടീശ്വരം മഹാദേവക്ഷേത്രം, ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പരിമണം ദുര്‍ഗ്ഗാദേവീക്ഷേത്രം, വഴീക്കാവ് ദുര്‍ഗ്ഗാദേവീക്ഷേത്രം, തൃപ്പല്ലൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം, വീടിനടുത്തുതന്നെയുള്ള പൂമുഖത്ത് ദേവീക്ഷേത്രം, ആലാട്ടുകാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലും പൂജാരിയായി. നിലവില്‍ ലക്ഷ്മിനട ദേവീക്ഷേത്രത്തിലെ പൂജാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ഇതിനിടെ 1997 ല്‍ ദേവസ്വം ബോര്‍ഡിന്‍റെ അമ്പലപ്പുഴ ശാന്തി വിദ്യാപീഠത്തിലെ കോഴ്സില്‍ ഒന്നാം റാങ്കില്‍ പാസ്സാവുകയും ചെയ്തു.

ആറ് പ്രാവശ്യം ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള അരുണ്‍കുമാര്‍ നാലുതവണ അവസാനപ്പട്ടികയില്‍ വരെ ഇടംപിടിച്ചിട്ടുണ്ട്. ഇക്കുറി പക്ഷേ എന്തുകൊണ്ടോ ആ ഒരു നിയോഗം അയ്യപ്പന്‍ തന്നെ ഏല്‍പ്പിക്കും എന്നൊരു വിശ്വാസം അരുണ്‍കുമാറിനുണ്ടായിരുന്നു. രാവിലെ ദേവിക്ക് ഉഷഃപൂജ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഒരു മാസം മുന്‍പുമാത്രം പൂജിച്ചു തുടങ്ങിയ ദേവിയുടെ മുഖത്ത്(ഒരു മാസമേ ആയുള്ളൂ ഇവിടേക്ക് വന്നിട്ട്) ഒരു പ്രത്യേക തിളക്കം തനിക്കനുഭവപ്പെട്ടുവെന്നും, അടുത്ത നിമിഷം ആ സന്തോഷവാര്‍ത്ത കാതുകളില്‍ പതിച്ചു എന്നുമാണ് അരുണ്‍കുമാര്‍ പറഞ്ഞത്.

'ഭഗവാന്‍ അയ്യപ്പന്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ ഉചിതസമയത്ത് വിളിക്കുകതന്നെ ചെയ്യും. കഴിഞ്ഞ അഞ്ച് പ്രാവശ്യം അപേക്ഷിച്ചിരുന്ന എനിക്ക് ഇപ്പോള്‍ ഈ 6-ാമത് പ്രാവശ്യമാണ് അവസരം ലഭിച്ചത്. ഇതായിരിക്കാം ഭഗവാന്‍ നിശ്ചയിച്ച ഉചിതസമയം. ഇനി എല്ലാം അവിടേക്ക് ഏല്‍പ്പിക്കുകയാണ്. കരുതലോടെ അയ്യപ്പന്‍ എന്നെ നയിച്ചോളും എന്ന വിശ്വാസമുണ്ട്. കാരണം മേല്‍ശാന്തി എന്ന നിലയില്‍ ഞാനവിടത്തെ മാതാവാണ്. പിതൃസ്ഥാനീയനായ തന്ത്രിയാണ് പ്രധാനകാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും മറ്റ് കാര്യങ്ങള്‍ മാതൃസ്ഥാനീയനായ മേല്‍ശാന്തി വേണം ചെയ്യുവാന്‍. ആ ഒരു സ്നേഹം ഭഗവാന് എപ്പോഴും നമ്മളോട് കാണും.

പിന്നെ, എനിക്കീ സൗഭാഗ്യം ലഭിച്ചത് ഇക്കണ്ടകാലമത്രയും ഞാന്‍ പൂജ കഴിച്ച എല്ലാ ക്ഷേത്രങ്ങളിലേയും മൂര്‍ത്തികളുടെ അനുഗ്രഹം തന്നെയാണ്. ഒപ്പം അവിടങ്ങളിലെയൊക്കെ ഭക്തരുടെ പ്രാര്‍ത്ഥനയും എന്നോടൊപ്പമുണ്ടായിരുന്നു എന്നുള്ള കാര്യം ഉറപ്പാണ്. അതുപോലെ ആറ്റുകാലമ്മ, തുടര്‍ച്ചയായി രണ്ടുപ്രാവശ്യം നറുക്കില്‍ വിജയിപ്പിച്ച് അമ്മയെ പൂജിക്കുവാനുള്ള അവസരം എനിക്ക് തന്നു. അമ്മയുടെ പണ്ഡാരയടുപ്പില്‍ രണ്ടുവട്ടം തീ കത്തിക്കുവാനും ഭാഗ്യമുണ്ടായി. ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത പുണ്യമല്ലേ അത്. ആറ്റുകാലമ്മയുടെ അനുഗ്രഹവും ഈ സ്ഥാനലബ്ധിക്ക് പിറകില്‍ ഇപ്പോഴുമുണ്ട്. കാരണം സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലില്‍ നിന്ന് മടങ്ങുമ്പോള്‍, ആ തിരുനടയില്‍ നിന്നുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചത്, ശബരിമല അയ്യപ്പനെ പൂജിക്കുവാനുള്ള അവസരം നല്‍കണേ എന്നായിരുന്നു. ആ പ്രാര്‍ത്ഥനയാണ് അല്‍പ്പം വൈകിയിട്ടാണെങ്കിലും അമ്മ സാധിച്ചുതന്നിട്ടുള്ളത്.

കുടുംബം

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി വള്ളിക്കീഴ് കെ.എസ്.ഇ.ബി നഗര്‍ നാരായണത്തിലാണ് താമസം. ഭാര്യ അമ്പിളി. മകള്‍ ഗായത്രി ഡിഗ്രി കഴിഞ്ഞു. മകന്‍ ജാതവേദന്‍ ആലുവ തന്ത്രവിദ്യാലയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.

 

Photo Courtesy - Google