
സര്‍പ്പശാപവും പരിഹാരങ്ങളും
ശാപങ്ങള്‍ മുഖ്യമായും അഞ്ച് ഇനമാണ് എന്നാണ് പറയപ്പെടുന്നത്. ഗുരുശാപം, ദേവശാപം, ബ്രഹ്മശാപം, സര്‍പ്പശാപം, ആഭിചാരം. ഇതില്‍ ഏറ്റവും പ്രധാനം സര്‍പ്പശാപമാണ്. ഒരുവന് ജാതകവശാല്‍ എത്ര യോഗമുണ്ടെങ്കിലും എത്ര നല്ല ദശയാണെങ്കിലും സര്‍പ്പദോഷമുണ്ടെങ്കില്‍ അതൊന്നും അനുഭവവേദ്യമാകില്ല.
ഭാരതീയ പാരമ്പര്യത്തില്‍ സര്‍പ്പങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ജീവിതത്തില്‍ ഉയര്‍ന്ന നിലയിലെത്തുവാനാണത്രേ ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തെ സര്‍പ്പത്തോടാണ് ഉപമിക്കുന്നത്. ജീവശക്തി മുകളിലേക്ക് സഞ്ചരിച്ച് സഹസ്രാരചക്രത്തെ ഉദ്യമിപ്പിക്കുന്ന കുണ്ഡിലിനി ശക്തിയുടെ പ്രതീകമായിട്ടാണ് സര്‍പ്പത്തെ കണക്കാക്കുന്നത്.
നമ്മള്‍ ദൈവങ്ങളായി കരുതുമ്പോള്‍ പാശ്ചാത്യര്‍ സര്‍പ്പങ്ങളെ കാണുന്നത് ശത്രുക്കളായിട്ടാണ്. കാരണം, പ്രപഞ്ചത്തിലെ ആദ്യത്തെ സ്ത്രീയായ ഹവ്വയെ തിന്മയുടെ കനിയായ ആപ്പിള്‍ ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചത് സര്‍പ്പമാണെന്നാണല്ലോ വിശ്വാസം. തിന്മയുടെ കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചു എന്നതുകൊണ്ടാണ് പാശ്ചാത്യര്‍ സര്‍പ്പത്തെ ശത്രുവായി കാണുന്നത്. എന്നാല്‍ ആദാമിനും ഹവ്വയ്ക്കും ഇടയില്‍ ആദ്യനാളുകളില്‍ ദാമ്പത്യജീവിതം ഉണ്ടായിരുന്നില്ല. ആ അവസ്ഥയിലാണ് ബുദ്ധിശാലിയായ ഹവ്വയെ ആപ്പിള്‍ കഴിക്കാന്‍ സര്‍പ്പം പ്രേരിപ്പിച്ചത്. അവിടെയാണ് മനുഷ്യവര്‍ഗ്ഗത്തിന്‍റെ വിത്തുപാകല്‍ നടന്നത്. അതുകൊണ്ട് ഭൂമിയില്‍ ജീവനുണ്ടാക്കിയത് ഈശ്വരനാണെന്ന് സമ്മതിക്കുമ്പോള്‍, അത് വര്‍ദ്ധിക്കുവാന്‍ സഹായിച്ചത് സര്‍പ്പമാണെന്നുകൂടി സമ്മതിക്കണം. അങ്ങനെനോക്കുമ്പോള്‍ സര്‍പ്പം ഈശ്വരന്‍റെ ദൂതനാണെന്ന് വേണം കരുതുവാന്‍. അതാണ് നമ്മുടെ വിശ്വാസം. നമ്മുടെ ക്ഷേത്രങ്ങളില്‍ സര്‍പ്പപ്രതിഷ്ഠ നടത്തുന്നത് അതുകൊണ്ടാണ്.
എന്നാല്‍ പാമ്പുകള്‍ ചെകുത്താന്‍റെ ദൂതന്മാരാണെന്ന് കരുതുന്നവരും ഇല്ലാതില്ല. അത് അവരുടെ അജ്ഞതകൊണ്ടാണെന്നുവേണം പറയുവാന്‍. കാരണം, മനുഷ്യവംശത്തില്‍ വര്‍ദ്ധനവുണ്ടാകണമെന്ന് ദൈവം കരുതിയിരുന്നില്ലെങ്കില്‍ സര്‍പ്പത്തെക്കൊണ്ട് ഹവ്വയെ ആപ്പിള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. അതുകൊണ്ടാണ് ജീവിതം ഈശ്വരന്‍റെ സൃഷ്ടിയാണെങ്കില്‍ സര്‍പ്പം ഈശ്വരന്‍റെ ദൂതനാണെന്ന് പറയുന്നത്. സര്‍പ്പത്തെ വിശുദ്ധജീവിയായി കണക്കാക്കുന്നതാണ് ഭാരതീയ പാരമ്പര്യം.
പരശുരാമന്‍റെ അപേക്ഷ പ്രകാരം തങ്ങളുടെ ഭൂമി മനുഷ്യര്‍ക്കുവേണ്ടി വസിക്കുവാനായി ചില നിബന്ധനകളോടെ വിട്ടുനല്‍കിയത് ദൈവത്തിന്‍റെ ദൂതന്മാരായ സര്‍പ്പങ്ങളാണെന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം. നമ്മുടെ മുത്തശ്ശന്മാരുടെ കാലം വരെ അത് സര്‍പ്പക്കാവുകളായും, സര്‍പ്പക്കുളങ്ങളായും പല രൂപത്തിലും പേരിലും നിലനിര്‍ത്തിയിരുന്നു. തലമുറകള്‍ നിലനിര്‍ത്തുവാനുള്ള ഊര്‍ജ്ജശ്രോതസ്സായിരുന്നു അവര്‍ക്ക് ഈ പറഞ്ഞതൊക്കെയും. സന്താനദുരിതത്തിന്‍റെ ദുഃഖം പേറുന്നവരുടെ കുടുംബങ്ങള്‍ ഒട്ടുമിക്കവയും സര്‍പ്പക്കാവുകള്‍ നശിപ്പിച്ചവരോ, ഉപേക്ഷിച്ചവരോ ആണെന്നാണ് ജ്യോതിഷകാരന്മാര്‍ പറയുന്നത്. അത്രമാത്രം ബന്ധമാണ് മനുഷ്യനും സര്‍പ്പങ്ങളും തമ്മിലുള്ളത്.
ഇനി നമുക്ക് സര്‍പ്പങ്ങള്‍ എങ്ങനെ ശപിക്കും എന്ന് നോക്കാം
ശാപം എന്നത് ഒരു തരം പ്രതിപ്രവര്‍ത്തനമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും ഈ പ്രതിപ്രവര്‍ത്തനമുണ്ട്. നമ്മുടെ മനസ്സിനെ നിരന്തരം വിഷമിപ്പിക്കുന്ന ഒരാള്‍ക്കെതിരെ നമ്മുടെ മനസ്സിലുണ്ടാകുന്ന വിദ്വേഷം ഒരു നെഗറ്റീവ് ഊര്‍ജ്ജമായി രൂപപ്പെടുകയും അത് മറ്റേ വ്യക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനെയാണ് നമ്മള്‍ ശാപം എന്നുപറയുന്നത്. അവ്വിധം സര്‍പ്പങ്ങളോട് നാം കാട്ടുന്ന നിരന്തരമായ വിഷമിപ്പിക്കല്‍ അഥവാ ദ്രോഹം, അവയുടെ മനസ്സിലുണ്ടാക്കുന്ന വിദ്വേഷമാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം സര്‍പ്പശാപമായി അനുഭവപ്പെടുന്നത്.
ഭൂമിയുടെ ആധിപത്യം സര്‍പ്പങ്ങള്‍ക്കാണെന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം.
കേവലവിശ്വാസം മാത്രമല്ല, വിവിധ ഗ്രന്ഥങ്ങളില്‍ അത് സംബന്ധമായി ആധികാരികമായി തന്നെ പറഞ്ഞിട്ടുമുണ്ട്. വാസ്തുശാസ്ത്രത്തില്‍ മുഹൂര്‍ത്തക്കുറ്റി സ്ഥാപിക്കുമ്പോള്‍ പോലും നാഗദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത് അതുകൊണ്ടാണ്. മറ്റ് ദൈവങ്ങളെ ആരാധിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാണ് നാഗാരാധന. പുണ്യം ചെയ്ത പല കുടുംബങ്ങളിലും ധര്‍മ്മദൈവമായി സര്‍പ്പദൈവങ്ങള്‍ എത്താറുണ്ട്. ധര്‍മ്മദൈവങ്ങളായ നാഗങ്ങളെ ആരാധിക്കുന്നതില്‍ പിഴവുപറ്റിയ പല കുടുംബങ്ങളിലേയും പിന്‍തലമുറക്കാരുടെ ജാതകങ്ങളില്‍ സര്‍പ്പദോഷം കണ്ടിട്ടുണ്ടെന്നാണ് പ്രശസ്തരായ പല ജ്യോത്സ്യന്മാരും പറഞ്ഞിട്ടുള്ളത്.
ഞങ്ങള്‍ പ്രതിഷ്ഠിച്ച സര്‍പ്പങ്ങളല്ല ഭൂമിയിലുള്ളത്. പണ്ട് അവിടം ഉപേക്ഷിച്ചപ്പോള്‍ ബ്രാഹ്മണരുടെ കാവോ കളരിയോ നിന്ന സ്ഥലമായിരിക്കാം അതെന്നും, കുടികിടപ്പായി തങ്ങള്‍ക്ക് കിട്ടിയ ആ ഭൂമിയിലെ സര്‍പ്പക്കാവുകള്‍ സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ഇതാണ്: സര്‍പ്പം, പട്ടി, പൂച്ച, ആന എന്നിവയെ ഒരുവന്‍ വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്നുണ്ടെന്ന് വിചാരിക്കുക. അങ്ങനിരിക്കെ യജമാനന്‍ ഭൂമി ഉപേക്ഷിച്ചുപോയാല്‍, മേല്‍പ്പറഞ്ഞ പട്ടിയും ആനയും വ്യക്തിബന്ധികളായതിനാല്‍ അവയും യജമാനനൊപ്പം പോകും. എന്നാല്‍ സ്ഥലബന്ധികളായ പൂച്ചയും സര്‍പ്പവും അവിടെത്തന്നെ തുടരും. അതുകൊണ്ട് പിന്നീടവിടെ വന്ന് താമസിക്കുന്നവര്‍ അവരെ പരിപാലിക്കാന്‍ ബാധ്യസ്ഥരാണ്. ആഗ്രഹത്തിന്‍റെയും ദ്വേഷത്തിന്‍റെയും പ്രതീകങ്ങളായതിനാല്‍ ശപിക്കാനുള്ള കഴിവ് ദൈവം സര്‍പ്പങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ജാതകങ്ങളിലെ സര്‍പ്പപ്രീതി നമുക്കറിയാന്‍ പറ്റാത്ത, അവിശ്വസനീയമായ ഒരു മുന്‍കാല ആരാധനാക്രമത്തിലേക്ക്, ഒരു കാലത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് പ്രശസ്തനായ ഒരു ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞത്. മനസ്സിന്‍റെ ജിജ്ഞാസകൊണ്ട് പലപ്പോഴും ഞാന്‍ ഒരു ജാതകത്തിലെ സര്‍പ്പസ്ഥിതിയുടെ പിറകെ പോയപ്പോഴൊക്കെയും, പണ്ട് എപ്പോഴോ പ്രതലത്തിലായിരുന്ന ഒരു സര്‍പ്പക്കാവിന്‍റെ ജീര്‍ണ്ണാവസ്ഥ കാണുവാനായിട്ടുണ്ട്. എന്നെ അങ്ങേട്ടേക്ക് നയിച്ച ശക്തി ഏതാണെന്നു ചിന്തിച്ചാല്‍ രണ്ടുപക്ഷമില്ല, നാഗദൈവങ്ങള്‍ തന്നെ.
നാഗങ്ങള്‍ പരിശുദ്ധിയുടെ പ്രതീകങ്ങളാണ്. ദേവദേവനായ മഹാദേവന്‍റെ കഴുത്തിലെ ആഭരണമായി സര്‍പ്പം വിളങ്ങുന്നത് അതുകൊണ്ടാണ്. ആ പരിശുദ്ധിക്ക് കോട്ടം വരുന്ന പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്താല്‍ സര്‍പ്പശാപം ഉണ്ടാകുവാനുള്ള കാര്യം ഉറപ്പാണ്.
സര്‍പ്പദോഷത്തിനുള്ള കാരണങ്ങള്‍
സര്‍പ്പക്കാവ് നശിപ്പിക്കുക. അവിശുദ്ധിയാക്കുക, കാവിലെ മരങ്ങള്‍ മുറിക്കുക. പുറ്റ് നശിപ്പിക്കുക, മുട്ട നശിപ്പിക്കുക, സര്‍പ്പക്കുഞ്ഞുങ്ങള്‍ക്ക് നാശം വരുത്തുക എന്നിവയാണ് സര്‍പ്പകോപക്കാരണങ്ങളില്‍ പ്രധാനം. ഇവയില്‍ ഏത് ദോഷമാണെന്ന് മനസ്സിലാക്കുവാന്‍ ഉത്തമനായ ഒരു ദൈവജ്ഞന് കഴിയും. അതിനുള്ള പരിഹാരങ്ങള്‍ നിശ്ചയിക്കുവാനും ദൈവജ്ഞന് കഴിയും. കാരണം ഓരോ ദോഷത്തിനുള്ള ഉള്ള പരിഹാരങ്ങള്‍ ശാസ്ത്രത്തില്‍ പ്രത്യേകം പ്രത്യേകം പറയുന്നുണ്ട്. ജാതകത്തില്‍ എല്ലാ പാപഗ്രഹങ്ങളും കേന്ദ്രത്തില്‍ നില്‍ക്കുന്നതിനെ സര്‍പ്പയോഗം എന്നാണ് പറയുന്നത്. ജാതകന്‍ നിര്‍ധനനും, ദീനനും, സ്വഭാവശുദ്ധിയില്ലാത്തവനുമായി ഭവിക്കും.
വീടുവയ്ക്കുവാനായി ഉദ്ദേശിച്ച പുരയിടത്തിനെ ഒന്‍പത് വീഥിയായി തിരിച്ചാല്‍ അഞ്ചാമത്തെ വീഥീയെ സര്‍പ്പവീഥി എന്നുപറയുന്നു. ആ വീഥിയില്‍ ഗൃഹം കയറിയാല്‍ സര്‍പ്പഭയമാണ് ഫലം. സര്‍പ്പതാപം, മുന്‍ജന്മ ഇവയെല്ലാം തന്നെ ബോധ്യപ്പെടാവുന്ന കാര്യങ്ങളാണ്. ആയിരം തലയുള്ള അനന്തന്‍റെ തലയിലാണ് ഭൂമി ഇരിക്കുന്നത് എന്നാണ് വിശ്വാസം. അന്തമില്ലാത്ത ശക്തിയാണ് അനന്തന്‍. സര്‍വ്വശക്തിയായ, അനന്തമായ ശക്തി, എല്ലായിടത്തും നിറഞ്ഞ് ശക്തിതരംഗങ്ങളായി ഇളകിക്കൊണ്ടിരിക്കുന്നതാണ് അനന്തന്‍.
ദേവബിംബത്തിലെ ശക്തിതരംഗം അനുഗ്രഹ കലകളായി ഭക്തനിലേക്കെത്തുന്നത് ഇഴയുന്ന സര്‍പ്പത്തെപ്പോലെയാണ്. ദേവന്മാരിലെല്ലാം നാഗബന്ധം കാണുവാന്‍ കഴിയും. അത് ദേവനോടുള്ള പ്രപഞ്ചശക്തി ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. ആയിരമായിരം പത്തികള്‍ വിരിച്ചുനില്‍ക്കുന്ന നാഗത്തെപ്പോലെ ഇളകിപ്പുളഞ്ഞുമറിയുന്ന പ്രപഞ്ച മഹാശക്തിയില്‍ തങ്ങിനില്‍ക്കുന്നു ആകാശഗോളങ്ങളും നക്ഷത്രജാലങ്ങളും. നമ്മുടെ ഋഷിമാര്‍ ഇക്കാര്യങ്ങളെല്ലാം മുന്‍കൂട്ടി അറിഞ്ഞിരുന്നു.
ഈ ശക്തിവിശേഷത്തെ മനുഷ്യര്‍ ദേവനായി ആരാധിക്കുന്നു. ദേവാലയങ്ങളുടെ അതിര്‍ത്തിക്ക് പുറത്ത് കാവും നാഗദേവനുമൊക്കെയുണ്ട്. പഴയ തറവാടുകളില്‍ പ്രകൃതിക്കിണങ്ങിയ കാവുകളും കുളങ്ങളുമൊക്കെ ഉണ്ടായിരുന്നു. കേരളത്തനിമയും മണ്ണിന്‍റെ മണവും മനോഹരമാക്കി തീര്‍ക്കുന്ന സര്‍പ്പത്താന്‍ പാട്ടും സര്‍പ്പവും ഇന്ന് പഴങ്കഥകളായി മാറിയിരിക്കുന്നു. എങ്കിലും എതെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇന്നും ആ പാരമ്പര്യം തുടിക്കുന്നുണ്ടാകാം. അതെന്തുതന്നെയായാലും പ്രകൃതിയുടെ നിലനില്‍പ്പിന് കാവും കുളവുമൊക്കെ അനിവാര്യമാണ്. പഞ്ചശാപ ദുരിതത്തിലെ ഏറ്റവും പ്രാധാന്യമേറിയ സര്‍പ്പശാപത്തില്‍ നിന്നുള്ള മോചനത്തിനും ഇതൊക്കെ അനിവാര്യമാണ്.
പി. ജയചന്ദ്രന്‍
Photo Courtesy - Google