ജാതകദോഷങ്ങളകലാൻ  ചില പൊടിക്കൈകൾ

ജാതകദോഷങ്ങളകലാൻ ചില പൊടിക്കൈകൾ

ജാതകദോഷങ്ങൾ നാലു വിധമാണ്. ധർമ്മ ദേവതാ കോപം, പൂർവ്വ ജൻമ ശാപങ്ങൾ, പിതൃദോഷങ്ങൾ, ഗ്രഹദോഷങ്ങൾ ,ജൻ മാന്തരങ്ങളായി ബാധിച്ചജാതകദോഷങ്ങൾ അത്  പൂർവ്വ ജന്മ പാപങ്ങളുടെ പിന്തുടർച്ചയാണ് . മറ്റൊന്ന് കുടുംബ പരമാണ്. ഇതെങ്ങനെ എന്നാൽ ഇന്ന് ഇന്ത്യയിൽ പിറക്കുന്ന ഒരു ശിശു പോലും ഇന്ത്യൻ പൗരനെന്ന നിലയിൽ നമ്മുടെ സർക്കാർ വിദേശ രാജ്യങ്ങളിൽ നിന്നു വാങ്ങിയ കടത്തിന് ഉത്തരവാദിയാണല്ലോ. ഇതു പോലെ നാം ഓരോരുത്തരും വന്നു പിറക്കുന്ന  തറവാടിൻ്റെ സുകൃത- ദുഷ്കൃതങ്ങളിൽ ഒരു പങ്ക് അനുഭവിച്ചേ മതിയാകൂ. അതു കൊണ്ടാണ് കഠിന ദോഷങ്ങൾ ചെയ്യുന്നവരോട് മുത്തശ്ശിമാർ പറയുന്നത് കേട്ടിട്ടില്ലേ നിൻ്റെ ഏഴ് തലമുറയും ഇതിൻ്റെ പാപം അനുഭവിക്കുമെന്ന്

ഗ്രഹദോഷങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്ന  ഒരു ജോത്സ്യൻ കഴിവുറ്റ ഒരു ഡോക്ടറെപ്പോലെയാകണം. ആദ്യമേ കടുത്ത മരുന്നുകൾ കൊണ്ട് രോഗിയെ ക്ലേശിപ്പിക്കരുത്. കഴിയുന്നതും ദൈവീകവും ധന ചിലവ് കുറഞ്ഞതും ധാർമ്മികവുമായ പരിഹാരങ്ങൾ  കൊണ്ട് ആ വ്യക്തിയുടെ പ്രായശ്ചിത്തംവരുത്തുക. ദൈവീകത വർദ്ധിപ്പിക്കാൻ ഉത്തമ ഭക്തി വളർത്തിയും ധാർമ്മിക പരിഹാരത്തിലുടെയുംകഴിയും

ഗ്രഹദോഷപരിഹാരങ്ങൾ

ആദിത്യദോഷം
ജാതകത്തിൽ ആദിത്യൻ പിഴച്ചാൽ കച്ചവടത്തിൽ നഷ്ടം, കഴിവിനനുസരിച്ച് ജോലി കിട്ടാതെ വരിക. പിതാവിന് തുല്യരുമായി പിണക്കം, ശിരോ രോഗങ്ങൾ, കർമ്മ തടസ്സം

പരിഹാരം: പഞ്ചഭൂത തത്വത്തിൽ തനിക്ക് യോജിച്ച ശിവക്ഷേത്രത്തിൽ കൂവളമാല നൽകി പ്രദോഷ വ്രതം ആചരിക്കുക. നിർമ്മാല്യം തൊഴുക. ദോഷകാഠിന്യം കൂടുതലാണെങ്കിൽ  ആദിത്യ പൊങ്കാലയും ഭഗവാൻ്റെ ശീവേലി പ്രദക്ഷിണത്തിനൊപ്പം പ്രദക്ഷിണവും.

ചന്ദ്രൻപിഴച്ചാൽ എപ്പോഴും മന: ക്ലേശം, ധൈര്യക്കുറവ്, അകാരണഭയം, പ്രണയ ദുരന്തങ്ങൾ, മനോവ്യാധികൾ, ഏകാന്തത അനുഭവിക്കുക.അബദ്ധങ്ങളിൽ ചാടുക ,വഞ്ചിത രാവുക.
പരിഹാരം: പൗർണ്ണമി വ്രതം, ധ്യാനം ഇവ അനുഷ്ഠിച്ച് ഭുവനേശ്വരി ദേവിയെ ഉപാസിക്കുക. ശിവന് രുദ്രധാര  നടത്തുക. ബ്രഹ്മി അരിഷ്ടത്തിൽ 1008 ശ്രീരുദ്രം ജപിച്ച് സേവിക്കുക. ദേവീ മാഹാത്മ്യം പാരായണം  ചെയ്യുക

കുജദോഷം
കുജപിഴവുകാർക്ക് മംഗല്യദോഷം ,വൈധവ്യം, കലഹം , അപകടങ്ങൾ, കോടതി വ്യവഹാരം ,കുറ്റക്യത്യങ്ങളിൽ അറിയാതെ പങ്കാളിയാവുക, ഭൂമി നഷ്ടം, കുറ്റവാളിയായി ചിത്രീകരിക്കുക, സമൂഹം ഒറ്റപ്പെടുത്തുക, ശത്രുദോഷം, ആഭിചാരം ഇടവിട്ട അപകടങ്ങൾ ഇവ ഫലം

പരിഹാരം 
ജാതകത്തിൽ കുജൻ ഓജരാശിയെങ്കിൽ തിരുച്ചെന്തൂർ സുബ്രഹ്മണ്യദർശനം നടത്തി ഇലവിഭൂതി സേവിക്കുക ഭഗവാന് പഞ്ചാമൃതം നടത്തുക. തുടർന്ന് തൊട്ടടുത്ത ഷൺമുഖ ക്ഷേത്രത്തിൽ ഷഷ്ഠി വ്രതമെടുത്ത് ദർശനം നടത്തുക

കുജൻ യുഗ്മരാശിയിലെങ്കിൽ കൊടങ്ങല്ലൂർ, മണയ്ക്കാട്, തിരുമാണ്ഡാംകുന്ന്, ആറ്റുകാൽ, മണ്ണടി, മലയാലപ്പുഴ, വളളിയാങ്കാവ്, വെള്ളായണി ഇവയിലൊരു ഭഗവതിയെ തൊഴുത് വലിയ കുരുതി നടത്തി പിടിപ്പണ പ്രായശ്ചിത്തം ചെയ്യണം. തുടർന്ന് തൊട്ടടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ 108 ചൊവ്വാഴ്ച തൊഴുത് ഒരു ദിവസം ഒന്നു വീതം നാണയ സമർപ്പണം, ദേവീ മാഹാത്മ്യം പാരായണം ചെയ്യണം. ദേവീ ഉപാസനയുമാകാം. ബാലസുബ്രമണ്യ യന്ത്രം മഹാ ശൂലിനി ഇവയിലൊന്ന് ധരിക്കുക.

ബുധദോഷം
പഠനം പാതിവഴിയിലുപേക്ഷിക്കുക. പഠിച്ചതൊന്നും വേണ്ടപ്പോൾ പ്രയോജനപ്പെടാതിരിക്കുക .വാക്കു ദോഷത്താൽ അവസരങ്ങൾ നഷ്ടപ്പെടുക, ജീവിത നൈരാശ്യം . ചെയ്യുന്നതൊക്കെ അബദ്ധമാവുക, തീരുമാന വൈകല്യം ഇവ ഫലം

ദോഷശാന്തി
ശ്രീരാമനും ഹനുമാനുമുള്ള ക്ഷേത്രത്തിൽ യഥാശക്തി വഴിപാട് ചെയ്ത് പിഴ മൂളുക. ശ്രീരാമഭക്തി വളർത്തുക .പുരാതന ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിദ്യരാജഗോപാലാർച്ചന ചെയ്യിക്കുക. സാരസ്വതാരിഷ്ടം വിദ്യാധിരാജ്ഞി മന്ത്രം ജപിച്ച് സേവിക്കുക . ലിപി സരസ്വതി, ത്രിപുര സുന്ദരി , വിദ്യാധിരാജ്ഞി ഇവയിലൊരു യന്ത്ര ധാരണം. ബുധനാഴ്ച വ്രതം.

വ്യാഴപ്പിഴവ്
വ്യാഴം പിഴച്ചാൽ ദൈവാധീനം മങ്ങും. ആചാരനുഷ്ഠാനങ്ങൾ ,ക്ഷേത്രം ഇവയോട് വിരക്തി,ധനനാശം,എത്ര വന്നാലും ധനം കയ്യിൽ നിൽക്കാതെ വരിക ചെയ്യുന്നതെല്ലാം തിരിച്ചടിയായി  മാറുക, മുതിർന്നവരുടെ ശാപം, ഗുരുശാപം, കിട്ടുക ,സന്താന ദുഃഖം ഇവ ഫലം.

വ്യാഴ പ്രീതിക്ക്
ഗുരുവായൂർ, ശ്രീ പത്മനാഭൻ ,തിരുപ്പതി, ശ്രീരംഗം എന്നിവിടങ്ങളിൽ ഒരിടത്തു പോയി ദണ്ഡനമസ്ക്കാരം ,ശയനപ്രദക്ഷിണം ,അടി വച്ചു പ്രദക്ഷിണം ഇവയിലൊന്ന് ചെയ്ത് ബ്രാഹ്മണന് യഥാശക്തി വസ്ത്രം, ദക്ഷിണ ഇവ നൽകി പ്രായശ്ചിത്തം വരുത്തുക. നരസിംഹമൂർത്തിക്ക് പാനകം നടത്തി പ്രദക്ഷിണം വെച്ച് പിഴ മൂളുക.ശ്രീകൃഷ്ണന് വെണ്ണ, ത്രിമധുരം ഇവ നൽകുക 

ശുക്രദോഷം
സർവ്വസുഖകാരകനായ  ശുക്രൻ പിഴച്ചാൽ പ്രണയകലഹം, കലാ രംഗത്ത് തടസ്സം,ധനനഷ്ടം ,മംഗല്യതടസ്സം, നിധി, സ്വർണ്ണം, ധനം ഇവയുടെ അനുഭവയോഗമില്ലായ്മ ഇണയെ കൊണ്ടുള്ള ദു:ഖങ്ങൾ ഭവന നഷ്ടം . കഴിവുണ്ടായാലും കലയിൽ തെളിയാതിരിക്കുക ഇവ ഫലം
പരിഹാരം::

മധൂർ ഗണപതിക്ക് പച്ചയപ്പം ,കൊട്ടാരക്കര ഗണപതിക്ക് ഗണപതിഹോമം, പഴവങ്ങാടി ഗണപതിക്ക് അപ്പ വഴിപാട് ഇവയിലൊന്ന് നടത്തുക. ചതുർത്ഥി തോറും  ഗണപതി ക്ഷേത്ര ദർശനം നടത്തി നാളികേരം ഉടയ്ക്കുക ,വെള്ളിയാഴ്ച ദിവസം ദുർഗ്ഗാക്ഷേത്രത്തിൽ തൊഴുത് താമരമാല സമർപ്പിക്കുക. ശുക്ര ഗായത്രി ജപിക്കുക. ഭാഗ്യസൂക്ത യന്ത്ര ധാരണം, പഞ്ചാക്ഷര ഗണപതിയന്ത്ര ധാരണം. ഉച്ഛിഷ്ടഗണപതി ജപം.

ശനിദോഷം
ജാതകത്തിലെ ശനി ദോഷം,ഏഴര ശനി, കണ്ടകൻ, അഷ്ടമശനി ഇവയിലേതെന്നു കണ്ടെത്തുക. ജോലിയിൽ അപ്രതീക്ഷിത ചലനം, ചെയ്യാത്ത കുറ്റത്തിന് അപമാനം, സ്ഥലം മാറുക, കോടതി, കാരാഗ്യഹം ,ആത്മമിത്രങ്ങൾതള്ളിപ്പറയുക, രഹസ്യ ഇടപാടിൽ നഷ്ടം, വഞ്ചനകളിൽ  പെട്ട് ദുഃഖിക്കുക, അലഞ്ഞു തിരിയേണ്ടിവരിക, ഇഷ്ട ബന്ധുക്കൾ ഉപേക്ഷിക്കുക

ശനിപ്പിഴവിന്
വേട്ടക്കൊരുമകൻ, ഹനുമാൻ ,വീരഭദ്രൻ മാടൻ തമ്പുരാൻ തുടങ്ങിയ ദേവതമാരെ ആശ്രയിച്ച് യഥാശക്തി വണങ്ങിയാൽ പെട്ടെന്ന് ആശ്വാസം കിട്ടും. അയ്യപ്പക്ഷേത്രങ്ങളിൽ  എള്ളു പായസം അല്ലെങ്കിൽ പാനകം നടത്തുക. ശനിബീജ മന്ത്രം ജപിക്കുക. കാക്കയ്ക്ക് എള്ളു കലർന്ന ഭക്ഷണം നൽകുക. ഇരുമ്പ് മോതിരം ധരിക്കുക. ശബരിമല ശാസ്താവിന് കർപ്പൂരം നൽകുക .അയ്യപ്പ ഭക്തൻമാർക്ക് കറുത്ത വസ്ത്രം ദാനം നൽകുക. വികലാംഗർക്ക് അന്ന വസ്ത്രം നൽകുക. ശനീശ്വര ഹോമം, ശാസ്താ യന്ത്രം, ശനീശ്വര യന്ത്ര ധാരണം. ഇന്ദ്രനീലം ധരിക്കുക.

രാഹു ദോഷം
രോഗം ,ബന്ധനം, ത്വക് രോഗം.ധനനാശം, സന്താന തടസ്സം ,അപഖ്യാതി ,മംഗല്യതടസ്സം, ദാമ്പത്യ കലഹം ഇവ ഫലം.

പരിഹാരം
വെട്ടിക്കോട് നാഗർകോവിൽ, അനന്തൻകാട്, ആമേട, പെരളശ്ശേരി, പയ്യന്നൂർ, സുബ്രഹ്മണ്യസ്വാമി എന്നിവയിലൊരു ക്ഷേത്രത്തിൽ നാഗാരാധന നടത്തി പ്രായശ്ചിത്തം ചെയ്യുക .സുബ്രഹ്മണ്യത്ത്ആശ്ലേഷബലി നടത്തുക

ആയില്യവ്രതം നോക്കി ക്ഷേത്ര ദർശനം .സർപ്പ ഇല്ലങ്ങളിൽ എണ്ണയും കരിക്കും സമർപ്പിക്കുക ഗോമേദക രത്ന ധാരണം. നവ നാഗ സ്തുതി. ഗരുഢ ക്ഷേത്ര ദർശനം. മനസാ ദേവി മന്ത്രജപം, ഗരുഢയന്ത്ര ധാരണം.

കേതുദോഷം
ശസ്ത്രക്രിയ, അപകടം, വീഴ്ച ഇഷ്ടബന്ധങ്ങൾ, വേർപെടൽ, രക്തദോഷ രോഗങ്ങൾ, കാര്യതടസ്സം പഠനം, ജോലി, വിവാഹം, കച്ചവടം ഇവ മുടങ്ങുക ഫലം

പരിഹാരം
ചാമുണ്ഡി ക്ഷേത്രത്തിൽ കടും പായസം. ഭൈരവനും ,ശിവമൂർത്തികൾക്കും ധാര, നിവേദ്യം, ഗണപതിക്ക് കറുകമാല അപ്പവും. നവാക്ഷരി ജപം, ചണ്ഡികായന്ത്ര ധാരണം, ഉച്ഛിഷ്ടഗണപതിയന്ത്ര ധാരണം. വൈഡൂര്യ രത്നം ധരിക്ക .

ഗുളികദോഷം
ജാതകാൽ കടുത്ത പൂർവ്വ ജന്മ ദോഷം, പിത്യദോഷം, ശാപങ്ങൾ ഇവയാണ് ഗുളികനെന്ന മൃത്യം കാരകനായി വരുക.
ആഭിചാരം ,ശത്രുപീഡ, തൊടുന്നതെല്ലാം  കലഹത്തിൽ അവസാനിക്കുക, പ്രേതബാധാദിദോഷം ,ശരീര ക്ലേശം. തൊടുന്നതെല്ലാം നഷ്ടം .

പരിഹാരം
ഗുളിക പ്രതിമയിൽ ആവാഹിച്ച് ബ്രാഹ്മണ ദാന സഹിതം, തിരുവല്ലം, തിരുനെല്ലി, രാമേശ്വര സമർപ്പണം.
നിറപ്പുത്തരിയുടെ നെൽക്കതിർ ,ആറൻമൂള കണ്ണാടി ,കൊട്ടിയൂരിലെ ഓടപ്പൂവ്, അന്നപൂർണ്ണേശ്വരി ചിത്രം ഇവയിലൊന്ന് വീട്ടിൽ സൂക്ഷിക്കുക. അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ താമര സമർപ്പിച്ച് അർച്ചന ചെയ്ത് അവിടുത്തെ തീർത്ഥം കുടുംബത്ത് തളിക്കുക

രോഗപീഢകൾക്ക്
കണ്ണേറ് ദോഷത്തിന്: വെള്ളം മന്ത്രിച്ചൂ തുക ,ഉപ്പ്, കടുക്, മുളക് കൂട്ടി ഉച്ചാടന മന്ത്രത്താൽ ഉഴിഞ്ഞിടുക

നാവേറ് ദോഷത്തിന്: നരസിംഹ ക്ഷേത്ര ദർശനം പാനകം നടത്തി അവിടുന്ന് ചരട് ജപിച്ചു കെട്ടുക. കാലഭൈരവനോ, കിരാത ശിവനോ ഉള്ള ക്ഷേത്രത്തിൽ അഘോര ജപം, അഘോര യന്ത്രം, നരസിംഹയന്ത്രം, മഹാ ശൂലിനി ഇവയിലൊന്ന് ധരിക്കുക.

വായു സംബദ്ധ രോഗങ്ങൾക്ക്:  കാടാമ്പുഴയിൽ വായു മുട്ടറുക്കുക, കടുത്ത ഗ്യാസ് സംബദ്ധ രോഗങ്ങൾക്ക് ഗുരുവായൂരപ്പന് കയർ കൊണ്ട് തുലാഭാരം 

ശ്വാസം മുട്ടലിന്: ധന്വന്തരി  ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം, ശംഖുമുഖം ദേവിക്ക് തൊട്ടിയും കയറും സമർപ്പണം

നീർദോഷങ്ങൾക്ക്: ഇളനീർ കൊണ്ട് തൊട്ടടുത്തുള്ള വിഷ്ണുവിൻ്റെ അവതാര മൂർത്തി ക്ഷേത്രത്തിൽ തുലാഭാരം

ത്വക്ക് രോഗങ്ങൾക്ക്: ചേന കൊണ്ട് തുലാഭാരം

ശിരോ രോഗങ്ങൾക്ക്: ഗുരുവായൂരിൽ കളഭം ചാർത്തൽ

ബുദ്ധി തെളിയാൻ: ദക്ഷിണാമൂർത്തിക്ക് നെയ്യ് വിളക്കും നിവേദ്യവും

ശിവന് ധാരയും രുദ്ര സൂക്താർച്ചനയും ഗുണം ചെയ്യും.
 
ഇത്തരത്തിൽ പരിഹാരം ചെയ്യുമ്പോൾ അവരവരുടെ പരദേവതയെ കണ്ടെത്തി  അവിടെ ആദ്യം തൃപ്തി വരുത്തിയാലേ മറ്റെന്തും ഫലിക്കൂ. പരദേവതയെ മറന്നവർ വോട്ടർ കാർഡില്ലാത്ത പൗരനെപ്പോലെയാണ്. ദൈവങ്ങളുടെ ലീസ്റ്റിൽ നിന്ന് പുറത്താണെന്നു സാരം. തായ് വേരും പരദേവതയും ജാതക പരിശോധനയിൽ കണ്ടെത്തുന്നതിലൂടെ പകുതി പരിഹാരമായി .നാടു മറന്നാലും മൂടു മറക്കരുതെന്ന
ല്ലേ പ്രമാണം. ആദ്യം അവനവൻ്റെ ദൈവീക പാരമ്പര്യ വഴി കണ്ടെത്തുകയേ രക്ഷയുള്ളൂ.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
9847575559