
ഭീമസേനന് കുത്തിയ തീര്‍ത്ഥക്കിണറും ശ്രീകൃഷ്ണ ക്ഷേത്രവും
ധര്‍മ്മാത്മാവും ഭഗവല്‍ ഭക്താഗ്രേസരനുമായിരുന്ന ധര്മ്മപുത്രന് 5000 സംവല്സരങ്ങള്ക്കപ്പുറം കുംഭ മാസത്തിലെ വെളുത്തപക്ഷ ദ്വാദശി നാളില്‍ കൃഷ്ണാഞ്ജന ചതുര്‍ബാഹു വിഗ്രഹം പ്രതിഷ്ഠിച്ച ക്ഷേത്രം കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലെ തീര്‍ത്ഥക്കിണര്‍ പ്രത്യേകതയും പ്രാധാന്യവുമുള്ളതാണ്. തീര്‍ത്ഥക്കിണറിലെ ജലത്തിന് ഔഷധഗുണമുളളതിനാല് ഭക്തജനങ്ങള്‍ പലവിധ രോഗശമനത്തിനുമായി ഈ തീര്‍ത്ഥം സേവിക്കുന്നുണ്ട്.
ധര്‍മ്മാത്മാവും ഭഗവല്‍ ഭക്താഗ്രേസരനുമായിരുന്ന ധര്മ്മപുത്രന് 5000 സംവല്സരങ്ങള്ക്കപ്പുറം കുംഭ മാസത്തിലെ വെളുത്തപക്ഷ ദ്വാദശി നാളില്‍ കൃഷ്ണാഞ്ജന ചതുര്‍ബാഹു വിഗ്രഹം പ്രതിഷ്ഠിച്ച ക്ഷേത്രം കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്നു.
ഈ ക്ഷേത്രത്തിലെ തീര്‍ത്ഥക്കിണര്‍ പ്രത്യേകതയും പ്രാധാന്യവുമുള്ളതാണ്. ക്ഷേത്രത്തിന്റെ ഐതിഹ്യത്തില്‍ ഒരു കിണറിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഏകദേശം 5000 സംവത്സരങ്ങള്‍ക്കു മുമ്പ് ചൂതുകളിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട പാണ്ഡവര്‍ വനവാസം അനുഷ്ഠിച്ച് പല സ്ഥലങ്ങളിലൂടെയും സഞ്ചരിച്ച് ഒരിക്കല്‍ കൊടും വനത്തിനുള്ളിലുളള വനദുര്ഗ്ഗാ സാന്നിദ്ധ്യമുള്ള ഭാഗത്ത് വന്നെത്തി. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു കാണുന്ന കാവ് ആണ് സ്ഥാനം.
കിനേ ഏകാദശി വ്രതക്കാരനായ യുധിഷ്ഠിരന് ഏകാദശി പാരണ വീടുന്നതിനായി വിഷ്ണു സാന്നിദ്ധ്യം കാണാതെ വിഷമിച്ചിരുന്നപ്പോള്‍ ത്രിലോക സഞ്ചാരിയായ നാരദ മഹര്‍ഷി പ്രത്യക്ഷപ്പെട്ടു. സരയൂ നദിയില്‍ നിന്നും ലഭിച്ച അത്യപൂര്‍വ്വവും അതിവിശിഷ്ടവുമായ ഒരു വിഷ്ണു വിഗ്രഹം ബാദരായണ മഹര്‍ഷിയുടെ(വേദവ്യാസന്) ആശ്രമത്തില്‍ പൂജിച്ചു വരുന്നുണ്ടെന്നും കൃഷ്ണാഞ്ജനശിലയില് നിര്‍മ്മിച്ച ആ വിഗ്രഹം ധര്‍മ്മപുത്രര്‍ ആവശ്യപ്പെട്ടാല്‍ കാരുണ്യവാനായ വ്യാസഭഗവാന് അത് അങ്ങേയ്ക്ക് നല്‍കുമെന്നും നാരദര് അറിയിച്ചു.
നാരദമഹര്‍ഷി വടവൃക്ഷത്തിന്റെ ചുവട്ടിലെത്തി കാട്ടുതുളസിയുടെ ശിഖരം അടര്‍ത്തി മണ്ണിലുറപ്പിച്ച് വിഗ്രഹം പ്രതിഷ്ഠിക്കേണ്ടസ്ഥാനം കാണിച്ചുകൊടുത്തു. ഇവിടെ ആ വിഗ്രഹം പ്രതിഷ്ഠിച്ച് യഥോചിതം പൂജ ചെയ്താല്‍ നിങ്ങള്‍ക്കും സകല ജീവജാലങ്ങള്‍ക്കും നന്മ കൈവരുമെന്നും അരുള്‍ ചെയ്തു. ധര്‍മ്മപുത്രരുടെ നിര്‍ദ്ദേശാനുസരണം ഭീമസേനന് സരയൂ നദീതീരത്തെ ആശ്രമത്തിലെത്തി ബാദരായണ മഹര്‍ഷിയില്‍ നിന്നും വിഗ്രഹം ഏറ്റുവാങ്ങി. പരമഭക്തനായ ധര്‍മ്മപുത്രര്‍ വിശിഷ്ടമായ ആ വിഗ്രഹം നാരദമഹര്‍ഷി കാണിച്ചു തന്ന പവിത്രമായ സ്ഥാനത്ത് കുംഭ മാസത്തിലെ വെളുത്ത പക്ഷ ദ്വാദശിനാളില്‍ പ്രതിഷ്ഠിച്ച് പൂജ ചെയ്തു പാരണവീട്ടി.
ബിംബപ്രതിഷ്ഠയ്ക്കും അഭിഷേകത്തിനും ഗംഗാജലവുമായി ഭീമസേനന് എത്തുവാന്‍ വൈകിയതിനാല്‍ അടുത്തുളള ഗൗണാ നദിയിലെ (ത്രേതായുഗത്തില്‍ ശ്രീരാമസ്വാമിയെ പാദപൂജ ചെയ്യുവാന്‍ കിണ്ടിയില്‍ ഗംഗാജലവുമായി കിഴക്കന്‍ മലയില്‍ ഗൗണമഹര്ഷി തപസ്സ് ചെയ്തിരുന്നു. കൊടമുരട്ടി മലയിലെ ആ തീര്‍ത്ഥജലമാണ് ഗൗണാനദിയായി പില്ക്കാലത്ത് പരിണമിച്ചത്. ഗൗണാനദി കാലാന്തരത്തില്‍ കവണാര് ആയി മാറി) ജലം ഉപയോഗിച്ച് ശുഭമുഹൂര്‍ത്തത്തില്‍ ധര്‍മ്മപുത്രര്‍ പ്രതിഷ്ഠിച്ചു.
ക്ഷേത്രത്തില്‍ ഇന്നും ഭരണങ്ങാനത്തപ്പന് ആദ്യം അഭിഷേകം ചെയ്യുന്നത് മീനച്ചില്‍ ആറായി മാറിയ ഗൗണാനദിയിലെ ജലമാണ്.
(പൂഞ്ഞാര്‍ കോവിലകം കുലദേവതയായിരുന്ന മധുരമീനാക്ഷിയുടെ നാമമായ മീനാക്ഷിയാറാണ് പില്ക്കാലത്ത് മീനച്ചില്‍ ആറായി മാറിയതെന്നും ഐതിഹ്യം പറയുന്നു.)
ഗംഗാതീര്‍ത്ഥവുമായി ഭീമസേനന് എത്തിയപ്പോള്‍ വിഗ്രഹപ്രതിഷ്ഠ കഴിഞ്ഞതറിഞ്ഞ് കോപിഷ്ഠനായി ക്ഷേത്രത്തിലെ ഈശാനകോണില് തന്റെ ഗദകൊണ്ട് മണ്ണില്‍ കുഴിച്ച് അദ്ദേഹം കൊണ്ടുവന്ന ഗംഗാജലം അതില്‍ നിക്ഷേപിച്ചു. ഇതാണ് വലിയമ്പലത്തിന് വെളിയില്‍ ഇന്ന് കാണുന്ന തീര്‍ത്ഥക്കിണര്‍.
ഈ കിണറിന്റെ ഉള്‍വശം വൃത്തിയാക്കുന്ന സമയങ്ങളില്‍ താഴെ കാണുന്ന പാറയുടെ മദ്ധ്യഭാഗത്ത് ഗദയുടെ അഗ്രംകൊണ്ട് ഉണ്ടായ കുഴി വ്യക്തമായി കാണാം.
ഈ തീര്ത്ഥക്കിണറിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ ആയില്യം തിരുനാള്‍ മഹാരാജാവ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിന് ഈ തീര്‍ത്ഥം ഉപയോഗിച്ചിരുന്നു. തീര്‍ത്ഥക്കിണറിലെ ജലത്തിന് ഔഷധഗുണമുളളതിനാല് ഭക്തജനങ്ങള്‍ പലവിധ രോഗശമനത്തിനുമായി ഈ തീര്‍ത്ഥം സേവിക്കുന്നുണ്ട്.
വനവാസകാലത്തും പാണ്ഡവര്‍ അനേകം ബ്രഹ്മണരെ സംരക്ഷിച്ചുപോന്നു. മദ്ധ്യാഹ്നത്തില്‍ ബ്രഹ്മണരുടെ കാലുകഴുകി ഭോജനം കൊടുത്തതിനുശേഷമെ ധര്‍മ്മപുത്രര്‍ ഭോജനം കഴിച്ചിരുന്നുളളൂ. ക്ഷേത്രത്തില്‍ ഇപ്പോഴും ഉച്ചപൂജയ്ക്ക് മുന്‍പായി ബ്രഹ്മണര്‍ക്ക് നമസ്ക്കാരമൂട്ട് കൊടുത്തതിന് ശേഷമേ ഭഗവാന് നിവേദ്യവും ഉച്ചപൂജയും നടത്താറുളളൂ. ധര്‍മ്മപുത്രര്‍ ഏകാദശിവ്രതം അനുഷ്ഠിച്ച് പാരണവീട്ടിയ സ്ഥലമാകയാല്‍ ഈ ദേശത്തിന് പാരണം കാനനമെന്ന പേരുലഭിച്ചു. പാരണം കാനനം എന്നാല്‍, പാരണവീടിയ വനമെന്നര്ത്ഥം. അത് കാലാന്തരത്തില്‍ ലോപിച്ച് ഭരണങ്ങാനമായി മാറുകയും ചെയ്തു.
പാലാ ടൗണില്‍ നിന്നും ഈരാറ്റുപേട്ടയിലേക്കുളള വഴിയില്‍ ഭരണങ്ങാനം ജംഗ്ഷനില്‍ നിന്നും വലത്തേക്കുളള വഴിയിലേയ്ക്ക് അല്‍പ്പദൂരം സഞ്ചരിച്ചാല്‍ വലതുഭാഗത്തായി ഈ ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്താം.
Photo Courtesy - Google