ആത്മാവിന് ആനന്ദമായി പൊന്നയ്യന്‍ -ശ്രീകുമാരന്‍തമ്പി

ആത്മാവിന് ആനന്ദമായി പൊന്നയ്യന്‍ -ശ്രീകുമാരന്‍തമ്പി

HIGHLIGHTS

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന തത്ത്വം ലളിതമായി പകര്‍ന്നുനല്‍കിയ എഴുത്തുകാരന്‍ ശ്രീകുമാരന്‍തമ്പി ഹരിവരാസനപുരസ്ക്കാരം ഏറ്റുവാങ്ങിയതിന് ശേഷം 'ജ്യോതിഷരത്ന'ത്തോട് സംസാരിച്ചത്.

 

ഇക്കഴിഞ്ഞ മകരവിളക്ക് ദിനം സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് ഹരിവരാസന പുരസ്ക്കാരം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സാറിന്‍റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ അനുഭവിച്ച ആത്മീയ നിര്‍വൃതി വാക്കുകള്‍ക്കതീതം. മലയാള സിനിമാരംഗത്തെ പരമോന്നത പുരസ്ക്കാരം ജെ.സി. ഡാനിയേല്‍ പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, ഈശ്വരനും മനുഷ്യനും ഒന്നാണെന്നും സര്‍വ്വമതങ്ങളും ഒന്നാണെന്നും പറയുന്നിടത്തുനിന്ന് പുരസ്ക്കാരം വാങ്ങുമ്പോള്‍ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കുന്നതിനേക്കാള്‍ സന്തോഷമാണ് അനുഭവിച്ചത്. ഗായകര്‍ക്കാണ് സാധാരണയായി ഹരിവരാസന പുരസ്ക്കാരം മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നതെങ്കില്‍ എഴുത്തുകാര്‍ക്ക് നല്‍കുന്ന ആദ്യപുരസ്ക്കാരം ലഭിക്കുമ്പോള്‍ അത് ഇരട്ടിമധുരമാണ് നല്‍കുന്നത്. ഇരുന്നൂറിലധികം അയ്യപ്പഭക്തിഗാനങ്ങള്‍ രചിക്കാനായതും അയ്യപ്പകടാക്ഷം.

ഇഷ്ടദൈവം അയ്യപ്പനാണ്. ചെന്നൈ അണ്ണാനഗറിലുള്ള അയ്യപ്പക്ഷേത്രത്തിലാണ് കൂടുതല്‍ അയ്യപ്പദര്‍ശനം നടത്തിയിട്ടുള്ളത്. നാട്ടിലുള്ളപ്പോള്‍ മലകയറി അയ്യപ്പ സന്നിധിയിലെത്തി നിരവധി തവണ ദര്‍ശനം നടത്തിയിട്ടുണ്ട്. അയ്യപ്പനുമായുള്ള ആത്മബന്ധം ചില നിയോഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. അതില്‍ പ്രധാനപ്പെട്ടതാണ് 1975 ല്‍ മേരിലാന്‍റ് സുബ്രഹ്മണ്യം മുതലാളി പുറത്തിറക്കിയ 'സ്വാമി അയ്യപ്പന്‍' സിനിമയുടെ തിരക്കഥ എഴുതുവാനുള്ള നിയോഗം തേടിയെത്തുന്നത്. മുപ്പത്തിയഞ്ച് വയസ്സിന് താഴെയായിരുന്നു എക്കാലത്തേയും ഹിറ്റ് സിനിമയായ 'സ്വാമി അയ്യപ്പന്‍' തിരക്കഥയൊരുക്കുമ്പോള്‍.

അക്കാലത്ത് പുരാണ സിനിമകള്‍ക്ക് തിരക്കഥ എഴുതുന്നത് സാധാരണയായി നാഗവള്ളി ആര്‍. എസ്. കുറുപ്പായിരുന്നു.. ഭക്തകുചേല, ഹരിശ്ചന്ദ്ര തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ രചന അദ്ദേഹത്തിന്‍റേതായിരുന്നു. ജഗതി എന്‍.കെ. ആചാരിയും അക്കാലത്ത് പുരാണസിനിമകള്‍ക്ക് തിരക്കഥ എഴുതിയിരുന്നു. അതിനാല്‍ സുബ്രഹ്മണ്യം മുതലാളി സ്വാമി അയ്യപ്പന്‍റെ തിരക്കഥ എഴുതുവാന്‍ ഇരുവരേയുമാണത്രേ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ സാക്ഷാല്‍ സ്വാമി അയ്യപ്പന്‍ ആരുമറിയാതെ മറ്റൊരു തിരക്കഥ രചിക്കുകയായിരുന്നു..

സിനിമ എടുക്കുന്നതിന് മുമ്പായി സുബ്രഹ്മണ്യം മുതലാളി ശബരിമലയില്‍ എത്തി. അയ്യപ്പന് മുമ്പില്‍ തൊഴുത് നില്‍ക്കുമ്പോള്‍ ഉള്‍വിളിപോലെ തിരക്കഥ രചയിതാവിനെ അയ്യപ്പന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നൊരു തോന്നല്‍ മുതലാളിക്കുണ്ടായി. അദ്ദേഹം നാഗവള്ളി ആര്‍.എസ്. കുറുപ്പിന്‍റെയും ജഗതി എന്‍.കെ. ആചാരിയുടേയും നാടകാചാര്യന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടേയും പേരുകള്‍ എഴുതി അയ്യപ്പന് മുമ്പില്‍ നറുക്കിടാമെന്ന് തീരുമാനിച്ചു. നറുക്കുകളില്‍ ഒന്ന് മേല്‍ശാന്തി എടുക്കുമ്പോള്‍ അത് അയ്യപ്പന്‍റെ ഹിതം എന്നാണല്ലോ വിശ്വാസം. നറുക്കെടുപ്പിന് സമയമായപ്പോള്‍ മുതലാളി എന്തോ ഓര്‍ത്ത് പെട്ടെന്ന് പറഞ്ഞത്രേ. 'നമ്മ തമ്പി പേര് കൂടി പോട്.' 

കേട്ടുനിന്ന മേല്‍ശാന്തി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് അത്ഭുതം. പുരാണകഥകള്‍ എഴുതുന്നതില്‍ അനുഭവസമ്പത്തുള്ളവര്‍ക്ക് ഒപ്പം ചെറുപ്പക്കാരനായ ഇന്നേവരെ പുരാണകഥകളുമായി ബന്ധമില്ലാത്ത മാത്രവുമല്ല കുടുംബസിനിമകളും സാമൂഹ്യ വിഷയങ്ങള്‍ക്കും കഥ എഴുതുന്ന ഒരാളെ  ഉള്‍പ്പെടുത്തുകയോ...? ചിലരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അഭിപ്രായം മുതലാളിയുടെ കാതിലെത്തിയിട്ടും ഉറച്ച അയ്യപ്പഭക്തനായ സുബ്രഹ്മണ്യം മുതലാളിക്ക് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല. അങ്ങനെ ഭഗവാന്‍റെ മുമ്പില്‍ നറുക്കിട്ടു. അത്ഭുതമെന്ന് പറയട്ടെ.  മേല്‍ശാന്തി നറുക്കെടുത്തപ്പോള്‍ കണ്ടത് ശ്രീകുമാരന്‍ തമ്പി എന്ന പേരാണ്. അയ്യന്‍റെ ആഗ്രഹം തന്നെയാണത്രേ തന്‍റെ മനസ്സില്‍ തോന്നിയത് എന്ന് അദ്ദേഹത്തിനുറപ്പായി.

അങ്ങനെ ഒരു രാത്രി 11.30 ന് സുബ്രഹ്മണ്യം മുതലാളിയുടെ ഫോണ്‍കോള്‍ വീട്ടിലെത്തി. മദ്രാസില്‍ സിനിമയുടെ തിരക്കിലാണ് അന്ന് ഞാന്‍ പ്രേംനസീറും കമലഹാസനും ഒന്നിച്ച് അഭിനയിക്കുന്ന 'തിരുവോണം' എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അതോടൊപ്പം 'ചട്ടമ്പിക്കല്യാണി' എന്ന സിനിമയുടെ സംവിധാനവും നിര്‍മ്മാണവും ഏറ്റെടുത്തിരിക്കുന്നു. തിരക്കോട് തിരക്കായ സമയത്തായിരുന്നു ഈ ഫോണ്‍കോള്‍. 'തമ്പീ നാളെ രാവിലത്തെ ഫ്ളൈറ്റില്‍ ഇങ്ങെത്തണം.' മറുവാക്ക് പറയാന്‍ തോന്നിയില്ല. അതിനുമുണ്ട് കാരണം. സിനിമാരംഗത്തേയ്ക്ക് എന്നെ കൊണ്ടുവന്നത് സുബ്രഹ്മണ്യം മുതലാളിയാണ്. അതുകൊണ്ട് അദ്ദേഹം എന്ത് പറഞ്ഞാലും അത് നിര്‍വ്വഹിച്ചുകൊടുക്കുന്നത് കടമയാണെന്ന് തോന്നി. മുതലാളിയുടെ ആവശ്യത്തിന് സമ്മതം മൂളി. പിറ്റേന്ന് രാവിലെ മുതലാളിയുടെ അടുത്തെത്തി അദ്ദേഹം ആവശ്യപ്പെട്ടത് കേട്ട് ആദ്യമൊന്ന് പകച്ചു. സ്വാമി അയ്യപ്പന്‍ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കണം. 

സുബ്രഹ്മണ്യം മുതലാളിയുടെ കയ്യില്‍ കഥയുടെ ആശയമുണ്ട്. കഥ, തിരക്കഥ രൂപത്തിലാക്കണം. അല്‍പ്പനേരത്തെ ആലോചനയ്ക്കുശേഷം ഞാന്‍ പറഞ്ഞു. 'മുതലാളി പുരാണങ്ങളെക്കുറിച്ചുള്ള അവഗാഹമായ പാണ്ഡിത്യമൊന്നും എനിക്കില്ല. കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്ന കഥകള്‍ കേട്ട് വളര്‍ന്നതുകൊണ്ട് കുറേ കഥകള്‍ അറിയാം എന്നല്ലാതെ മഹത്തായ പുരാണങ്ങളൊന്നും വായിച്ചിട്ടില്ല. അങ്ങനെ പല വാദങ്ങള്‍ മുതലാളിക്ക് മുമ്പില്‍ നിരത്തിയിട്ടും നഃ ഫലം. ഒടുവില്‍ നമ്മള്‍ കേട്ട് ശീലിച്ച അയ്യപ്പചരിത്രം തന്നെ ശരിയല്ല എന്നുള്ള എന്‍റെ അഭിപ്രായം പറഞ്ഞപ്പോള്‍ അത് എന്തെന്നായി മുതലാളി.
ശ്രീധര്‍മ്മശാസ്താവും ശ്രീ അയ്യപ്പനും ഒന്നല്ല എന്നാണ് എന്‍റെ വിശ്വാസം. അതിനുള്ള കാരണം പാലാഴിമഥനം നടന്ന കൃതയുഗത്തിലാണ് ശ്രീധര്‍മ്മശാസ്താവിന്‍റെ പിറവി. 

പാലാഴി മഥന സമയത്താണ് മഹാവിഷ്ണു മോഹിനിവേഷത്തില്‍ അവതരിക്കുന്നത്. കൃതയുഗത്തില്‍ തന്നെയാണ് പരമശിവനും വിഷ്ണുവിന്‍റെ മോഹിനീ അവതാരവും സംഗമിച്ച് ധര്‍മ്മശാസ്താവ് ജനിക്കുന്നതും. അയ്യപ്പനും വാവരും തമ്മില്‍ സുഹൃത്തുക്കള്‍ ആയിരുന്നെങ്കില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃതയുഗത്തില്‍ ജനിച്ച അയ്യപ്പനും രണ്ടായിരത്തില്‍പ്പരം വര്‍ഷം മുമ്പുള്ള മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചയില്‍ നിന്നും വന്ന വാവരുമായി ചങ്ങാത്തമുണ്ടാകുന്നത് എങ്ങനെയാണ്. പന്തളം കൊട്ടാരചരിത്രം പരിശോധിച്ചാലും കാലത്തിന്‍റെ കണക്ക് വ്യക്തമാകും. അങ്ങനെ നമ്മുടെ യുക്തി ഉപയോഗിച്ച് അയ്യപ്പചരിത്രം മനസ്സിലാക്കിയാല്‍ ശ്രീധര്‍മ്മശാസ്താവും അയ്യപ്പനും ഒന്നല്ല ശ്രീധര്‍മ്മശാസ്താവിന്‍റെ അവതാരമാണ് ശബരിമല വാഴുന്ന അയ്യപ്പന്‍. 

എഞ്ചിനീയറിംഗ് ബിരുദധാരിയായ ഞാന്‍ തിരക്കഥ എഴുതുമ്പോള്‍ യുക്തി സഹജമായിരിക്കേണ്ടെ എന്നുമുള്ള എന്‍റെ സംസാരം കേട്ട് മുതലാളി ചിന്തയിലാണ്ടു. അല്‍പ്പനേരം കഴിഞ്ഞ് മുതലാളിയുടെ വാക്കുകള്‍ ഇങ്ങനെ 'സാക്ഷാല്‍ അയ്യപ്പസ്വാമി തന്നെയാണ് തമ്പിയെ തെരഞ്ഞെടുത്തിരിക്കുന്നത്.. പ്രാര്‍ത്ഥനയോടെ തിരക്കഥ തയ്യാറാക്കൂ. അയ്യപ്പന്‍ ഒപ്പമുണ്ടാകും. അങ്ങനെ സുബ്രഹ്മണ്യം മുതലാളിയുമായി ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന്‍റെ അനുഗ്രഹത്തോടെയാണ് സ്വാമി അയ്യപ്പന്‍റെ തിരക്കഥ എഴുതുന്നത്.

ശ്രീധര്‍മ്മശാസ്താവിന്‍റെ അവതാരമായി അയ്യപ്പന്‍ എന്ന രീതിയില്‍ ഞാന്‍ തിരക്കഥ തയ്യാറാക്കി. സിനിമയുടെ തുടക്കത്തില്‍ ശബരിമല ദര്‍ശനത്തിന് പോകുന്ന ഒരു ഗുരുസ്വാമിയേയും അയ്യപ്പന്മാരേയുമാണ് ചിത്രീകരിച്ചത്. ശബരിമല അയ്യപ്പസ്വാമിയുടെ കഥയും അത്ഭുതങ്ങളും ഗുരുസ്വാമി ഒപ്പമുള്ള അയ്യപ്പന്മാരോടും പറയുന്ന രീതിയിലാണ് സിനിമ മുന്നേറുന്നത്. നേരത്തെ നിശ്ചയിച്ചപ്രകാരം സിനിമയില്‍ 5 പാട്ടുകള്‍ വയലാര്‍ രാമവര്‍മ്മ രചിച്ചു. രണ്ട് പാട്ടുകള്‍ കൂടി സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനമായപ്പോള്‍ 2 പാട്ടുകള്‍ രചിക്കാനും സുബ്രഹ്മണ്യം മുതലാളി ആവശ്യപ്പെട്ടു. 

വലിയ പ്രയാസമൊന്നുമില്ലാതെ, ഭഗവാന്‍ മനസ്സിലേയ്ക്ക് പാട്ടിന്‍റെ വരികള്‍ പറഞ്ഞുതരുന്നതുപോലുള്ള അനുഭവത്തില്‍ പിറന്നതാണ് 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു' എന്ന ഗാനം. ഇപ്പോഴും ക്ഷേത്രങ്ങളില്‍ ഈ ഗാനം ഉച്ചഭാഷിണികളിലൂടെ കേള്‍ക്കുമ്പോള്‍ ഈ ഈശ്വരാനുഭവം ഓര്‍മ്മയിലെത്തും. മണികണ്ഠന്‍ ഗുരുകുലത്തില്‍ പഠിക്കുന്ന കാലത്ത് ഗുരു പാടുന്നതായിട്ടാണ് സിനിമയില്‍ ഗാനമുള്ളത്. അയ്യപ്പന്‍റെ ജനനം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഭക്തര്‍ ആഘോഷമാക്കുന്ന 'സ്വര്‍ണ്ണക്കൊടിമരത്തില്‍ പുതിയ വര്‍ണ്ണക്കൊടി പറന്നു, തിങ്കള്‍ക്കലപോലെ പൈതലിന്‍ മുഖശ്രീ വിളങ്ങിയല്ലോ... എന്ന പന്ത്രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഗാനവും ശ്രദ്ധേയമായി. നിരവധി രാഗങ്ങളും, താളങ്ങളും ഉള്‍പ്പെടുത്തിയാണ് ദേവരാജന്‍ മാസ്റ്റര്‍ ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സ്വാമി അയ്യപ്പന്‍ വലിയ ഹിറ്റായി മാറി. കന്നഡയിലും തെലുങ്കിലും തമിഴിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തി. അവിടേയും സിനിമ വന്‍ഹിറ്റ്. സിനിമയുടെ ലാഭവിഹിതം പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്കുള്ള 'സ്വാമി അയ്യപ്പന്‍' റോഡ് നിര്‍മ്മാണത്തിനായി സ്വാമിഭക്തനായ സുബ്രഹ്മണ്യം മുതലാളി വിനിയോഗിച്ചു. സിനിമയിലെ 'ഹരിവരാസനം' എന്ന യേശുദാസിന്‍റെ ഗാനം പിന്നീട് അയ്യപ്പന്‍റെ ഉറക്കുപാട്ടായി. അയ്യപ്പഭക്തരെ മുഴുവന്‍ ഭക്തിയില്‍ ആറാടിച്ച 'സ്വാമി അയ്യപ്പന്‍' എന്ന സിനിമയുടെ തിരക്കഥ രചിക്കാന്‍ അയ്യപ്പന്‍ എന്നെ നിയോഗിച്ചത് സുകൃതമായിട്ടാണ് കാണുന്നത്.

ആദ്യമായി പെണ്‍ശബ്ദത്തില്‍ അയ്യപ്പഭക്തി ഗാനം സിനിമയില്‍ ഉപയോഗിക്കാനായതും അയ്യപ്പ നിയോഗം. 'പുതിയ വെളിച്ചം' (1979) എന്ന സിനിമയില്‍ എസ്. ജാനകി പാടിയ 'മനസ്സേ പൊന്നമ്പലം മകരസംക്രമം നിത്യം' എന്ന ഗാനമായിരുന്നത്. സ്ത്രീകള്‍ അയ്യപ്പഗാനം പാടുന്നത് ശരിയായ രീതിയാണോ എന്നൊക്കെ ചില ചോദ്യങ്ങള്‍ അക്കാലത്ത് ഉയര്‍ന്നെങ്കിലും സ്ത്രീകള്‍ വീട്ടിലിരുന്ന് അയ്യപ്പനെ സ്തുതിക്കുന്നതില്‍ എന്താണ് തെറ്റ്  എന്നുള്ള എന്‍റെ മറുപടിയില്‍ ആ ചോദ്യമടങ്ങി. അഭിഷേകം, ശബരിമലയാത്ര (ഒങഢ കെ. വി.  മഹാദേവന്‍) തുടങ്ങിയ നിരവധി അയ്യപ്പഭക്തിഗാന ആല്‍ബങ്ങള്‍ക്കായി രചന നടത്താനായി.

എപ്പോഴും വരാനാഗ്രഹിക്കുന്ന സ്ഥലം ശബരിമലയാണ്. ലോകത്ത് നിരവധി ക്ഷേത്രങ്ങളും, ദേവാലയങ്ങളും, സാംസ്ക്കാരിക ക്ഷേത്രങ്ങളുമുണ്ട്. പക്ഷേ ഈശ്വരനും മനുഷ്യരും ഒന്നാണെന്ന് പറയുന്നത് അയ്യപ്പന്‍റെ ദിവ്യസന്നിധിയില്‍ മാത്രം.. സ്വാമിയേ ശരണം...

എസ്.പി.ജെ

Photo Courtesy - jyothisharathnam