തത്ത്വമസി: ഞാനും നീയും ഒന്നാണ്   -വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

തത്ത്വമസി: ഞാനും നീയും ഒന്നാണ് -വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

HIGHLIGHTS

ഏറ്റവും ദയനീയമായ കാര്യം ഭഗവാനെ അന്ന് നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. തിരക്കില്‍പ്പെട്ട് നടയുടെ മുന്നിലൂടെ തെറിച്ച് അപ്പുറത്ത് പോയി. അവിടെനിന്ന് എതിര്‍വശത്തേയ്ക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ അവിടുള്ള വലിയ കണ്ണാടിയില്‍ അയ്യപ്പവിഗ്രഹത്തിന്‍റെ പ്രതിബിംബം. അതായിരുന്നു ആദ്യ അയ്യപ്പദര്‍ശനം. 

കാവ്യരചനയിലേയ്ക്കും അയ്യപ്പസന്നിധിയിലേക്കുമുള്ള കവാടവും തുറന്ന് തന്നത് ത്രിമൂര്‍ത്തികളാണ്. അയ്യപ്പനും ഗണപതിയും യേശുദാസും. 1990 ല്‍ ജോലി നഷടപ്പെട്ട് വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയ അക്കാലത്താണ് നഷ്ടമായ വായനയെ തിരികെ പിടിക്കുന്നത്. മഹാഭാരതമായിരുന്നു അന്ന് വായിച്ചുതുടങ്ങിയത്. വായിച്ചുവന്നപ്പോള്‍ ഗണപതി കുബേരന്‍റെ അരികിലെത്തി വഴക്കുണ്ടാകുന്ന ഭാഗമെത്തി. കുബേരന്‍ ഗണപതിയെ കളിയാക്കുന്നത് മനസ്സില്‍ തങ്ങി. കുബേരന്‍മാര്‍ക്ക് അഹങ്കാരമുണ്ട്. അതുകൊണ്ടുതന്നെ ആദ്യം ആ ആശയത്തിലേക്ക് താല്‍പ്പര്യമുണ്ടായി. ഗണപതിക്ക് വച്ചാണല്ലോ എല്ലാം തുടങ്ങുക, അങ്ങനെ ആദ്യമായി വിഘ്നേശ്വരനെത്തന്നെ സര്‍വ്വതും സമര്‍പ്പിച്ച് എഴുതിത്തുടങ്ങി.

മദഗജ മുഖനേ ഗിരിജാ സുതനേ
ഗണപതി ഭഗവാനേ... മരുവുക നീയെന്‍
അറിവിന്‍ പതിയായി ഹരനുടെ തിരുമകനേ...

 

എഴുതിക്കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത് പമ്പയുമായി ബന്ധം വന്നു. പമ്പാഗണപതി എന്ന വാക്ക് വരുന്നു. എന്നാല്‍പ്പിന്നെ അയ്യപ്പനെക്കുറിച്ചും എഴുതാം എന്ന് വിചാരിച്ചു. അന്ന് ശബരിമലക്കാലം കൂടി ആയതിനാല്‍ അയ്യപ്പനുമായി ബന്ധപ്പെട്ട മറ്റ് രണ്ടുപാട്ടുകള്‍ കൂടി എഴുതി യേശുദാസിന് അയച്ചുകൊടുത്തു. അയ്യപ്പഭക്തി ഗാനങ്ങള്‍ ഇറക്കുന്നതിനായി ലക്ഷക്കണക്കിന് പാട്ടുകള്‍ യേശുദാസിന് പലരും അയച്ചുകൊടുത്തിരുന്നെങ്കിലും എങ്ങനെയോ എന്‍റെ വരികള്‍ യേശുദാസ് തെരഞ്ഞെടുത്തു. അങ്ങനെ കവിതയെഴുതാന്‍ തനിക്കാവുമെന്നുള്ള വിശ്വാസം മനസ്സിലുണ്ടായി.

പാട്ടുകള്‍ ഹിറ്റായതോടെ പമ്പയേയും ഗണപതിയേയും അയ്യപ്പനേയും നേരില്‍ കാണണമെന്ന മോഹമുണ്ടായി. അതിന് മുന്നോടിയായി അയ്യപ്പചരിതങ്ങള്‍ വായിച്ചു. ഓരോ തവണയും ശബരിമലയിലേക്ക് ചെല്ലുമ്പോള്‍ വീണ്ടും പൂജയ്ക്ക് എടുക്കാന്‍ പറ്റുന്ന പൂവായി നമ്മള്‍ മാറും. അവിടെ തെറ്റുകുറ്റങ്ങളും പാപങ്ങളും വിഷയമല്ല. അതുതന്നെയാണ് ശബരിമലയുടെ പ്രത്യേകത. ഇതൊക്കെ മനസ്സിലുറപ്പിച്ചുകൊണ്ടാണ് തീര്‍ത്ഥാടനത്തിനിറങ്ങിയത്. അതൊരു തിരിച്ചറിവിന്‍റെ യാത്ര കൂടിയായിരുന്നു.

അമ്പത്തിയാറ് ദിവസമാണ് അന്ന് വ്രതം നോറ്റത്. നാല്‍പ്പത്തിയൊന്നല്ല. അമ്പത്താറ് ദിനം വ്രതം വേണമെന്ന് ഏതോ പുരാണത്തില്‍ വായിച്ചത് ഓര്‍ത്താണ് ഇപ്രകാരം ചെയ്തത്. എരുമേലിയിലെത്തി അവിടെ നിന്നും നടന്നാണ് ശബരിമലയ്ക്ക് പോയത്. അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. ചിലയിടങ്ങളില്‍ തീര്‍ത്തും വിജനം. നടപ്പിനിടയില്‍ എവിടെനിന്നൊക്കെയോ മണിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു. അതെനിക്ക് മണികണ്ഠന്‍റെ മണിനാദമായിട്ടാണ് അനുഭവപ്പെട്ടത്.
 

പക്ഷേ ഏറ്റവും ദയനീയമായ കാര്യം ഭഗവാനെ അന്ന് നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല. തിരക്കില്‍പ്പെട്ട് നടയുടെ മുന്നിലൂടെ തെറിച്ച് അപ്പുറത്ത് പോയി. അവിടെനിന്ന് എതിര്‍വശത്തേയ്ക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ അവിടുള്ള വലിയ കണ്ണാടിയില്‍ അയ്യപ്പവിഗ്രഹത്തിന്‍റെ പ്രതിബിംബം. അതായിരുന്നു ആദ്യ അയ്യപ്പദര്‍ശനം. ആ പ്രതിബിംബത്തിലേക്ക് സ്വസ്ഥതയോടെ അല്‍പ്പനേരം നോക്കിനിന്നു. അതുകഴിഞ്ഞ് ഒരിക്കല്‍ക്കൂടി അയ്യപ്പനെ കാണാന്‍ പോയി. പക്ഷേ അന്നും ഭഗവാനെ കാണാനായില്ല. അന്നും തിരക്കില്‍പ്പെട്ട് പോവുകയായിരുന്നു.
 

വെളുപ്പിന് മൂന്ന് മണിനേരം. നല്ല മഞ്ഞ്. ആഴിയില്‍ നിന്നുള്ള ധൂപം അന്തരീക്ഷത്തില്‍ പടര്‍ന്നു. ഉച്ചഭാഷിണിയിലൂടെ കേള്‍ക്കാം. യേശുദാസിന്‍റെ അയ്യപ്പ സുപ്രഭാതം. അതിനുമപ്പുറം മറ്റൊരു ദര്‍ശന-ശ്രവണ ഭാഗ്യം ഇല്ലെന്ന് തോന്നി. യേശുദാസിന്‍റെ ശബ്ദം അയ്യപ്പശബ്ദം പോലെ അനുഭവപ്പെട്ടു. തൊഴാന്‍ കഴിയാത്തതിന്‍റെ സങ്കടം അങ്ങനെ അവസാനിച്ചു. പിന്നീട് ഒരിക്കല്‍കൂടി സന്നിധാനത്തെത്തി. അന്ന് 'തത്ത്വമസി' എന്ന് എഴുതിക്കണ്ടു. അത് നീയാകുന്നു; ഞാനും നീയും ഒന്നാണ്, അത് നീ അറിഞ്ഞാല്‍മതി.. ഈ സന്ദേശങ്ങളാണ് അവസാനമായി അവിടുന്ന് ലഭിക്കുന്നത്. പിന്നെ ഞാനവിടേയ്ക്ക് പോയിട്ടില്ല. ഇനി പോകണം എന്നുണ്ടെങ്കില്‍ ഞാന്‍ അതുപോലെയാകണം...