ശബരിമല തീര്‍ത്ഥാടനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

ശബരിമല തീര്‍ത്ഥാടനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

HIGHLIGHTS

അവതാരോദ്ദേശ്യം പൂര്‍ത്തീകരിച്ച മണികണ്ഠന്‍ ഒരു ശരം തൊടുത്തുവെന്നും ആ ശരം ഒരു അരയാലില്‍ പതിച്ചുവെന്നും അതാണ് ശരംകുത്തിയെന്നും വിശ്വാസമുണ്ട്. ശബരിമലയിലെ ഉത്സവത്തില്‍ ഭഗവാന്‍ എഴുന്നെള്ളി എത്തുന്നതും ശരംകുത്തിയിലാണ്. മണ്ഡലപൂജയ്ക്കുള്ള തിരുവാഭരണങ്ങള്‍ ദേവസ്വം അധികൃതര്‍ സന്നിധാനത്തേയ്ക്ക് ആനയിക്കുന്നതും ശരംകുത്തിയില്‍ നിന്നാണ്. നായാട്ടുവിളി ചടങ്ങ് നടക്കുന്നത് ശരംകുത്തിയിലാണ്.

ശബരി

രാമായണത്തിലെ ശബരി എന്ന കാട്ടാള സ്ത്രീ തപസ്സ് അനുഷ്ഠിച്ച സ്ഥലമാണ് ശബരിമല. ഭഗവാന്‍ ശ്രീരാമന്‍ മോക്ഷം നല്‍കിയ കാട്ടാളസ്ത്രീയാണ് ശബരി. ഇവര്‍ പൂര്‍വ്വ ജന്മത്തില്‍ ചിത്രികവചന്‍ എന്ന ഗന്ധര്‍വ്വ രാജാവിന്‍റെ പുത്രിയായിരുന്നു. മാലിനി എന്നായിരുന്നു പേര്. വീതിഹോത്രനാണ് മാലിനിയെ വിവാഹം ചെയ്തത്. വിവാഹശേഷവും മാലിനിക്ക് കല്‍മഷന്‍ എന്ന കാട്ടാളന്‍ കാമുകനായി ഉണ്ടായിരുന്നു. വിവരങ്ങള്‍ അറിഞ്ഞ വീതിഹോത്രന്‍ 'നീയും കാട്ടാളസ്ത്രീ മാറട്ടെ' എന്ന് ശപിച്ചു. ശാപമോക്ഷത്തിനായി യാചിച്ച മാലിനിയോട് ശ്രീരാമനില്‍ നിന്ന് ശാപമോക്ഷം ലഭിക്കും എന്ന് വീതിഹോത്രന്‍ പറഞ്ഞു. ശ്രീരാമന്‍റെ വനവാസക്കാലത്ത് സീതയെ അന്വേഷിച്ച് കണ്ടെത്തുന്നതിനുള്ള വഴി ശബരി ശ്രീരാമന് പറഞ്ഞുകൊടുത്തുകൊണ്ട് കണ്ണുകളടച്ചു. പെട്ടെന്നവരുടെ രൂപഭാവങ്ങള്‍ മാറി ഗന്ധര്‍വ്വകുമാരിയായി മാറി. വീതിഹോത്രന്‍ തിരികെയെത്തി അവളെ ഗന്ധര്‍വ്വ ലോകത്തേയ്ക്ക് കൊണ്ടുപോയി ഇതാണ് ശബരിയുടെ കഥ.

ശരംകുത്തി
കന്നി അയപ്പന്മാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ നിക്ഷേപിക്കുന്ന സ്ഥലമാണ് ശരംകുത്തി. മറവപ്പടയെ തോല്‍പ്പിച്ച അയ്യപ്പനും സംഘവും ആയുധങ്ങള്‍ ഉപേക്ഷിച്ച ഇടമാണിവിടം എന്ന് സങ്കല്‍പ്പമുണ്ട്. അതല്ല അവതാരോദ്ദേശ്യം പൂര്‍ത്തീകരിച്ച മണികണ്ഠന്‍ ഒരു ശരം തൊടുത്തുവെന്നും ആ ശരം ഒരു അരയാലില്‍ പതിച്ചുവെന്നും അതാണ് ശരംകുത്തിയെന്നും വിശ്വാസമുണ്ട്. ശബരിമലയിലെ ഉത്സവത്തില്‍ ഭഗവാന്‍ എഴുന്നെള്ളി എത്തുന്നതും ശരംകുത്തിയിലാണ്. മണ്ഡലപൂജയ്ക്കുള്ള തിരുവാഭരണങ്ങള്‍ ദേവസ്വം അധികൃതര്‍ സന്നിധാനത്തേയ്ക്ക് ആനയിക്കുന്നതും ശരംകുത്തിയില്‍ നിന്നാണ്. നായാട്ടുവിളി ചടങ്ങ് നടക്കുന്നത് ശരംകുത്തിയിലാണ്.

തത്ത്വമസി
ഭഗവാനും ഭക്തനും ഒന്നാണെന്ന വിശ്വാസം വിളിച്ചോതുന്ന സന്നിധിയാണ് ശബരിമല. തത്ത്വമസിയുടെ അര്‍ത്ഥവും ഇതുതന്നെ. 'അത് നീയാകുന്നു' എന്നതാണ് ഈ വേദാന്തം പ്രപഞ്ചത്തിന് നല്‍കുന്ന അര്‍ത്ഥം. ഈ അര്‍ത്ഥം വരുന്ന വാക്യങ്ങള്‍ മറ്റ് വേദങ്ങളിലും കാണാനാകും. ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണെന്നാണ് 'തത്ത്വമസി' എന്ന വാക്ക് വിളിച്ചോതുന്ന അര്‍ത്ഥം.

കൊടിമരം
മനുഷ്യശരീരത്തിലെ  നട്ടെല്ലിന് സമമാണത്രേ കൊടിമരം. ബലിക്കല്ലിന്‍റെ പുറത്തുനിന്നും മൂലവിഗ്രഹം വരെയാണ് കൊടിമരം കിടക്കേണ്ടത്. എല്ലാവര്‍ക്കും കാണേണ്ടതിനാണത്രേ കൊടിമരം ലംബമായി സ്ഥാപിക്കുന്നത്. ഓരോ കൊടിമരത്തിന്‍റെയും മുകളില്‍ സ്ഥാപിച്ചിരിക്കുന്ന വാഹനം അതാത് ദേവന്‍റെ ജീവാത്മാവാണെന്നാണ് സങ്കല്‍പ്പം. 

കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച് ചെമ്പ് പറയിറക്കി സ്വര്‍ണ്ണം പൂശിയ കൊടിമരമായിരുന്നു 2016 വരെ ശബരിമലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അഷ്ടമംഗല ദേവപ്രശ്നത്തില്‍ കൊടിമരച്ചുവട്ടില്‍ ജീര്‍ണ്ണതയുണ്ടെന്ന് കണ്ടെത്തുകയും പുതിയ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 175 സെന്‍റിമീറ്റര്‍ വണ്ണമുള്ള തേക്കുമരമാണ് കൊടിമരത്തിനായി ഉപയോഗിച്ചത്.  കോന്നി ഫോറസ്റ്റ് വയ്ക്കര ഡിവിഷനില്‍ നിന്നുമാണ് കൊടിമരത്തിനുള്ള തേക്ക് കണ്ടെത്തുന്നത്. കോന്നി വനത്തില്‍ മരം നിന്ന അതേ ദിശയിലാണത്രേ സന്നിധാനത്ത് കൊടിമരം സ്ഥാപിച്ചിരിക്കുന്നത്.

രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് തടി മണ്ണില്‍ സ്പര്‍ശിക്കാതെയാണ് വാഹനത്തിലേയ്ക്ക് കയറ്റിയത്. മുപ്പത്തിയഞ്ച് കൂട്ടം ആയുര്‍വേദ ഔഷധങ്ങള്‍ ഇടിച്ചുപിഴിഞ്ഞെടുത്ത് തയ്യാറാക്കിയ തൈലം ഉപയോഗിച്ചാണ് തേക്കിനെ അഭിഷേകം ചെയ്തത്. ഒമ്പത് കിലോയോളം തങ്കം കൊടിമരനിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നു. 2017 ജൂണ്‍ 25 നായിരുന്നു സന്നിധാനത്ത് കൊടിമരം പ്രതിഷ്ഠിച്ചത്. 

 മണിമണ്ഡപം
അയ്യപ്പന്‍റെ മൂലസ്ഥാനമാണിവിടം. അയ്യപ്പനെ അവസാനമായി ദര്‍ശിച്ചത് മണിമണ്ഡപത്തില്‍ വച്ചാണെന്ന് വിശ്വാസം.അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിക്കുന്നത് ഇവിടെ വച്ചാണത്രേ. മകരവിളക്കിനോടനുബന്ധിച്ച് 8 ദിവസങ്ങള്‍ മാത്രമാണ് മണിമണ്ഡപം തുറക്കുന്നതും പൂജകള്‍ നടത്തുന്നതും. രഹസ്യസ്വഭാവമുള്ള പൂജകളാണത്രേ ഇവിടെ നടക്കുന്നത്. മാളികപ്പുറത്തെ എഴുന്നെള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ വച്ചാണ്. പന്തളം രാജകുടുംബത്തിലെ വലിയ തമ്പുരാട്ടി കൊടുത്തുവിടുന്ന കളപ്പൊടി ഉപയോഗിച്ച് 5 ദിവസം കളമെഴുത്തുണ്ട്. റാന്നി കുന്നയ്ക്കാട്ട് കുടുംബത്തിനാണ് ആ അവകാശം.

മകരവിളക്ക് മുതല്‍ 5 ദിവസം മാളികപ്പുറത്തെ എഴുന്നെള്ളിപ്പിനുള്ള തിടമ്പ് മണിമണ്ഡപത്തിലാണ് ഒരുക്കി വയ്ക്കുന്നത്. മകരവിളക്കിന്‍റെ പിറ്റേദിവസം അമ്പലപ്പുഴ, ആലങ്കാട് സംഘങ്ങളുടെ എഴുന്നെള്ളത്ത് പുറപ്പെടുന്നത് മണിമണ്ഡപത്തിന്‍റെ മുമ്പില്‍ നിന്നാണ്. മകരം ഒന്നിന് വൈകിട്ട് മാളികപ്പുറത്തുനിന്ന് ആദ്യം പുറപ്പെടുന്നത് അമ്പലപ്പുഴ സംഘത്തിന്‍റെ ശ്രീബലി എഴുന്നെള്ളത്താണ്. ഇതിനും തിടമ്പ് മണിമണ്ഡപത്തില്‍ പൂജിച്ചാണ് ആനപ്പുറത്തേറ്റുന്നത്. ആലങ്കാട് സംഘത്തിന്‍റെ താലം എഴുന്നെള്ളിപ്പിനും തിടമ്പേറ്റുന്നത് ഇവിടെ പൂജിച്ചാണ്. തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഗുരുതി നടക്കുന്നതും മണിമണ്ഡപത്തിന് മുന്നിലാണ്. മണിമണ്ഡപത്തിന്‍റെ ഭിത്തിയില്‍ അയ്യപ്പകഥകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.
 

മാളികപ്പുറത്തമ്മ

അയ്യപ്പനെക്കുറിച്ചോര്‍ക്കുമ്പോള്‍ മാളികപ്പുറത്തമ്മയും ഓര്‍മ്മയിലെത്തും. അയ്യപ്പനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച സ്ത്രീയാണിവര്‍ എന്നാണ് പൊതുവേ കേള്‍ക്കുന്നത്. 'കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലത്ത് വിവാഹം ചെയ്തുകൊള്ളാമെന്ന് അയ്യപ്പന്‍ മാളികപ്പുറത്തേയ്ക്ക് വാഗ്ദാനവും നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്.

മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്ത് ശരംകുത്തിയില്‍ എത്തുമ്പോള്‍ കന്നി അയ്യപ്പന്മാര്‍ കുത്തിയ ശരം കണ്ട് നിരാശയായി മാളികപ്പുറത്തമ്മ മടങ്ങും എന്നാണ് പ്രചരിക്കുന്ന കഥ. എന്നാല്‍ ഇക്കഥ വെറും കെട്ടുക്കഥ മാത്രമാണെന്നാണ് ചില വേദ പണ്ഡിതരുടെ നിഗമനം.

മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മ. പന്തളം രാജകുടുംബത്തിന്‍റെ പരദേവത. മാളികപ്പുറത്തമ്മയെ ലോകമാതാവെന്നാണ് പാട്ടുകളിലടക്കം സൂചിപ്പിക്കുന്നത്. മാളികപ്പുറത്തമ്മയെ പുറത്തേയ്ക്ക് എഴുന്നെള്ളിച്ചിട്ടില്ലത്രേ. ശരംകുത്തിയിലേയ്ക്ക് എത്തുന്നത് സാക്ഷാല്‍ അയ്യപ്പന്‍ തന്നെയാണ്. കൊമ്പന്‍ മീശയോടുകൂടിയ തിരുമുഖമുള്ള തിടമ്പാണ് ശരം കുത്തിയിലേയ്ക്ക് എഴുന്നെള്ളിക്കുന്നത്. തികച്ചും വീരഭാവത്തിലുള്ള യോദ്ധാവായ 'ആര്യന്‍ കേരളന്‍' എന്ന അയ്യപ്പന്‍ തിടമ്പിലേയ്ക്ക് ആവാഹിക്കുന്നതും ഉധ്വസിക്കുന്നതും കുന്നെക്കാട്ട് കുടുംബക്കാര്‍ക്കുള്ള അവകാശമാണ്.

വിവാഹം മുടക്കിയതിലുള്ള നിരാശയല്ല, ഉത്സവം അവസാനിച്ചു എന്നുള്ള അറിയിപ്പാണ് കൊട്ടും മേളവും അവസാനിപ്പിച്ച് മടക്കിവരുന്നത്. ശരംകുത്തിയിലെ നായാട്ട് വിളിക്കുശേഷം ഉത്സവച്ചടങ്ങുകള്‍ പര്യവസാനിക്കുന്നു എന്നാണ് സങ്കല്‍പ്പം. ഉത്സവച്ചിഹ്നങ്ങളായ തീവെട്ടിയും പന്തവും കൊടിയുമെല്ലാം താഴ്ത്തി ഭഗവാന്‍ ഭൂതഗണങ്ങളെ മാത്രം കൂട്ടി തിരികെ എത്തുന്നതാണത്രേ നിശബ്ദമായ തിരിച്ചെത്തല്‍.


എസ്.പി.ജെ

Photo Courtesy - jyothisharathnam