തിഥികളുടെ സവിശേഷതകള്‍

തിഥികളുടെ സവിശേഷതകള്‍

HIGHLIGHTS

ചന്ദ്രന്‍റെ ദിവസമാണ് തിഥി. ആകെ മുപ്പത് തിഥികളുണ്ട്. അമാവാസി (കറുത്ത വാവ്) മുതല്‍ അടുത്ത ചതുര്‍ത്ഥിവരെയുള്ള പതിനഞ്ച് തിഥികള്‍ ശുക്ലപക്ഷകാലവും പൗര്‍ണ്ണമി (വെളുത്ത വാവ്) മുതല്‍ അടുത്ത ചതുര്‍ത്ഥിവരെയുള്ള തിഥികള്‍ കൃഷ്ണപക്ഷ (കറുത്തപക്ഷം) കാലവുമാണ്. ശുക്ലപക്ഷകാലത്ത് നിശ്ചിതതിഥിയുടെ അതിദേവതയെ തൊഴുത് പ്രാര്‍ത്ഥിച്ച് ശുഭകര്‍മ്മങ്ങള്‍ ചെയ്യുന്നത് അതിവിശിഷ്ടമാണ്. കൃഷ്ണപക്ഷകാലത്ത് ശുഭകര്‍മ്മങ്ങള്‍ ചെയ്യുകയാണെങ്കില്‍ പഞ്ചമി തിഥിയ്ക്കുള്ളില്‍ ചെയ്യുന്നത് ഉത്തമം. കൃഷ്ണപക്ഷത്തിലെ പഞ്ചമിവരെ ശുക്ലപക്ഷകാലംപോലെ ഫലം കിട്ടുമെന്ന് കാരണവന്മാര്‍ പറഞ്ഞുവെച്ചിരിക്കുന്നു. ഇനി ഓരോ തിഥിയേയും പരിശോധിക്കാം.


പ്രഥമ

ശുക്ലപക്ഷ, കൃഷ്ണപക്ഷ പ്രഥമതിഥി ദിവസം വാസ്തു കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും, വിവാഹത്തിനും ഉത്തമമാണ്. അഗ്നിസംബന്ധമായ കാര്യങ്ങളും ചെയ്യാവുന്നതാണ്. മതചടങ്ങുകളും ചെയ്യാം. അഗ്നിയാണ് ഈ തിഥിയുടെ അധിദേവത.

ദ്വിതീയ

സര്‍ക്കാര്‍ കാര്യങ്ങള്‍ തുടങ്ങാം. വിവാഹം നടത്താം. ആടയാഭരണങ്ങള്‍ അണിയാം. വ്രതം അനുഷ്ഠിക്കാം. ദേവതാപ്രതിഷ്ഠകള്‍ നടത്താം. കെട്ടിടത്തിന് കല്ലിടാം. സ്ഥിരമായ കര്‍മ്മങ്ങളില്‍ വ്യാപൃതരാവാം. ബ്രഹ്മാവാണ് ഈ തിഥിയുടെ അധിദേവത.

തൃതീയ

കുട്ടികള്‍ക്ക് ചോറൂണ് നടത്താം. സംഗീതം പഠിക്കാന്‍ തുടങ്ങാം. വയറ്റുപൊങ്കാല നടത്താം. ശില്‍പ്പകാര്യങ്ങളില്‍ വ്യാപൃതരാവാം. സര്‍വ്വശുഭകര്‍മ്മങ്ങള്‍ക്കും ഉചിതമായ തിഥിയാണ് ഇത്. പരാശക്തിയായ ഗൗരിയാണ് ഈ തിഥിയുടെ അധിദേവത.

ചതുര്‍ത്ഥി

പണ്ടുകാലത്ത് രാജാക്കന്മാര്‍ പടയെടുപ്പിന് ഈ ദിവസം ഉചിതമായി തെരഞ്ഞെടുക്കുമായിരുന്നു. ശത്രുക്കളെ വെല്ലാന്‍, വിഷശാസ്ത്രം, അഗ്നിസംബന്ധമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും ഉചിതമായ തിഥിയാണ് ഇത്. യമധര്‍മ്മനും ഗണപതിയുമാണ് ചതുര്‍ത്ഥി തിഥിയുടെ അധിദേവതകള്‍. ജാതകത്തില്‍ കേതുദോഷമുള്ളവര്‍ ഈ തിഥിദിവസം(സങ്കടഹര ചതുര്‍ത്ഥി) ഗണപതിയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ കേതുദോഷം അകലും.

പഞ്ചമി

എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഉത്തമം. ശ്രേഷ്ഠമായ തിഥിയാണ് പഞ്ചമി. പ്രത്യേകിച്ച് സീമന്തം നടത്തുവാന്‍ ഉചിതമായ തിഥിയായി പറയപ്പെടുന്നു. ഔഷധസേവ, ശസ്ത്രക്രിയ എന്നിവയ്ക്കും ഉത്തമം. വിഷഭയം അകലും. നാഗദേവതകളാണ് ഈ തിഥിയ്ക്ക് അധിദേവത. അതുകൊണ്ട് സര്‍പ്പവഴിപാടുകള്‍ക്ക് ഉചിതമായ തിഥി. നാഗ-സര്‍പ്പദോഷമുള്ളവര്‍ ഈ തിഥിയില്‍ നാഗപ്രതിഷ്ഠ നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ അകലും. നാഗപഞ്ചമിയും അതിവിശിഷ്ടം.

ഷഷ്ഠി

ശില്‍പ്പ, വാസ്തുകര്‍മ്മങ്ങള്‍ ചെയ്യാം. ആഭരണങ്ങള്‍ നിര്‍മ്മിക്കാം. വാഹനങ്ങള്‍ വാങ്ങിക്കാം. വിനോദങ്ങളില്‍ ഏര്‍പ്പെടാം. പുതിയ പദവികള്‍ സ്വീകരിക്കാം. കാര്‍ത്തികേയനാണ് ഈ തിഥിയ്ക്ക് അധിദേവത. ഷഷ്ഠിവ്രതം അനുഷ്ഠിച്ച് മുരുകനോട് പ്രാര്‍ത്ഥിച്ചാല്‍ സകല നന്മകളും ഉണ്ടാവും. സദ്പുത്ര ഭാഗ്യം സിദ്ധിക്കും. ഷഷ്ഠി എന്നാല്‍ ആറ് എന്നാണ് അര്‍ത്ഥം. ആറുമുഖമുള്ള മുരുകനെ ഈ തിഥിയില്‍ തൊഴുത് പ്രാര്‍ത്ഥിക്കുന്നത് അതിവിശിഷ്ടമാണ്.

സപ്തമി

യാത്രകള്‍ക്ക് അത്യുത്തമമായ തിഥിയാണ് ഇത്. വാഹനം വാങ്ങാം. വീട്, തൊഴിലില്‍ സ്ഥലം മാറ്റം, വിവാഹം എന്നിവയ്ക്ക് ഉത്തമം. സംഗീത ഉപകരണങ്ങള്‍ ഈ ദിവസം വാങ്ങാം. ആടയാഭരണങ്ങള്‍ നിര്‍മ്മിക്കാം. സൂര്യനാണ് ഈ തിഥിയുടെ അധിദേവത. ഏഴ് കുതിരകളെ പൂട്ടിയ രഥത്തിലുള്ള സൂര്യഭഗവാനെ സപ്തമിയില്‍ തൊഴുത് പ്രാര്‍ത്ഥിക്കുന്നത് ഏറെ ഗുണഫലങ്ങള്‍ നല്‍കും.

അഷ്ടമി

സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഉത്തമം. യുദ്ധത്തിനുള്ള ആയുധങ്ങള്‍ വാങ്ങാം. നൃത്തം അഭ്യസിച്ചുതുടങ്ങാം. അഞ്ച് മുഖമുള്ള രുദ്രന്‍ (ശിവന്‍) ആണ് അഷ്ടമിയുടെ അധിദേവത.

നവമി

ശത്രുഭയം അകലുന്ന തിഥിയാണിത്. ദുഷ്ടകര്‍മ്മങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രവൃത്തികള്‍ ഈ ദിവസം തുടങ്ങാം. പാര്‍വ്വതിദേവിയാണ് ഈ തിഥിയുടെ അധിദേവത.

ദശമി

എല്ലാ ശുഭകര്‍മ്മങ്ങളും നടത്താം. മതസംബന്ധമായ ചടങ്ങുകള്‍ നടത്താം. ആത്മീയ പ്രവൃത്തികള്‍ക്ക് ഉചിതമായ ദിവസമാണിത്. ഗൃഹപ്രവേശം നടത്താം. വാഹനങ്ങള്‍ ഓടിച്ചു പഠിക്കാം. സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്താം. യമധര്‍മ്മനാണ് ദശമി തിഥിയുടെ അധിദേവത.

ഏകാദശി

വ്രതം അനുഷ്ഠിക്കാന്‍ അത്യുത്തമം. വിവാഹം നടത്താം. ത്വക്ക്  രോഗങ്ങള്‍ക്ക് ചികിത്സ നടത്താം. ശില്‍പ്പകാര്യങ്ങള്‍, ദൈവിക കാര്യങ്ങള്‍ എന്നിവ നടത്താം. രുദ്രനാണ് ഏകാദശിതിഥിയുടെ അധിദേവത.

ദ്വാദശി

മതചടങ്ങുകള്‍ ചെയ്യാന്‍ ഉത്തമം. വിഷ്ണുവാണ് ഈ തിഥിയുടെ അധിദേവത.

ത്രയോദശി

ശിവവഴിപാടുകള്‍ക്ക് ഉത്തമം. യാത്രകള്‍ ചെയ്യാം. പുതുവസ്ത്രം ധരിക്കാം. ശത്രുത അകലും. ദൈവിക കാര്യങ്ങളില്‍ വ്യാപൃതരാവാം. പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കാം. വിനോദങ്ങളില്‍ ഏര്‍പ്പെടാം.

ചതുര്‍ദശി

ആയുധങ്ങള്‍ നിര്‍മ്മിക്കാം. മന്ത്രങ്ങള്‍ പഠിക്കാനും ഉത്തമമായ ദിവസം. കാളിയാണ് ഈ തിഥിയുടെ അധിദേവത.

പൗര്‍ണ്ണമി

ഹോമ, ശില്‍പ്പ, മംഗള കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഉത്തമം. വ്രതം അനുഷ്ഠിക്കാം. പരാശക്തിയാണ് പൗര്‍ണ്ണമി തിഥിയുടെ അധിദേവത.

അമാവാസി

പിതൃക്കള്‍ക്ക് ചെയ്യേണ്ട ശ്രാദ്ധങ്ങള്‍, പിതൃവഴിപാടുകള്‍ എന്നിവയും ദാന-ധര്‍മ്മങ്ങളും നടത്താന്‍ ഉചിതമായ ദിവസം. യന്ത്രസംബന്ധമായ ജോലികള്‍ തുടങ്ങാം. ശിവനും പാര്‍വ്വതിയും ഈ തിഥിയുടെ അധിദേവതകളാണ്.

തിഥികളില്‍ ശുക്ലപക്ഷ ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി എന്നിവ അതിവിശിഷ്ടമാണ്. കറുത്തപക്ഷത്തിലെ ദ്വിതീയ, തൃതീയ, പഞ്ചമി എന്നിവ വിശിഷ്ടമായ ശുഭതിഥികളാണ്.

Photo Courtesy - Google