ഇതില്‍പ്പരമൊരു പുണ്യം മറ്റെന്താണുള്ളത്... ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെ ആദ്യമഹിളാ പ്രസിഡന്‍റ് വി. ശോഭ

HIGHLIGHTS

ഏതായാലും 2026 വരെ എനിക്ക് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാം. അതിനിടെ മൂന്ന് പൊങ്കാല കിട്ടും. അതൊരു മഹാഭാഗ്യമാണ്. ഇനിയിപ്പോ വെറും ട്രസ്റ്റിയായാലും അമ്മയ്ക്ക് സേവനം ചെയ്യാം. മരണംവരെ അത് തുടരും. അതില്‍പരമൊരു പുണ്യം മറ്റെന്താണുള്ളത്. സ്ത്രീകളുടെ ശബരിമലയായി കണക്കാക്കുന്ന ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെ ആദ്യമഹിളാ പ്രസിഡന്‍റ് വി. ശോഭ

ശ്രീപത്മനാഭ സ്വാമിക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, ഒ.ടി.സി ഹനുമാന്‍ ക്ഷേത്രം, തളിയല്‍ ശിവക്ഷേത്രം.. തുടങ്ങി പ്രശസ്തമായ ഒട്ടനവധി ശക്തി ക്ഷേത്രങ്ങളുടെ സംഗമഭൂമിയാണ് തിരുവനന്തപുരം. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടുന്ന മറ്റൊരു ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. 

തിരുവനന്തപുരം നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്‍റെയും കിള്ളിയാറിന്‍റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍, ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് (കണ്ണകി) പ്രധാന പ്രതിഷ്ഠ. മധുര ചുട്ടെരിച്ചുവന്ന കണ്ണകി ഭഗവത കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയ്ക്കിടെ അല്‍പ്പനേരം ആറ്റുകാലില്‍ തങ്ങിയെന്നും, ദേവീചൈതന്യം അറിഞ്ഞെത്തിയ സ്ത്രീജനങ്ങള്‍ വായ്ക്കുരവയിട്ടും മണ്‍കലങ്ങളില്‍ പൊങ്കാല നിവേദിച്ചും ദേവിയെ സംപ്രീതയാക്കിയെന്നും ക്ഷേത്രചരിത്രം പറയുന്നു.

പൊങ്കാലയര്‍പ്പിച്ചു തന്നെ സന്തുഷ്ടയാക്കിയ ഭക്തജനങ്ങളില്‍ സംപ്രീതയായ ദേവി പിന്നീട് ഒരു ബാലികയായി അവിടെ കുടിയിരിക്കുവാനെത്തിയത്രേ. മഹാഭക്തനായ മുല്ലുവീട്ടിലെ കാരണവര്‍ക്കുണ്ടായ തിരുസ്വപ്നദര്‍ശനവും അരുളപ്പാടുമാണ് ദേവീസാന്നിദ്ധ്യം തിരിച്ചറിയുവാനും, അമ്മയുടെ ഇംഗിതം മനസ്സിലാക്കി ക്ഷേത്ര നിര്‍മ്മാണവും വിഗ്രഹപ്രതിഷ്ഠയുമൊക്കെ നടത്തുവാനും കാരണമായത്. പിന്നീടങ്ങോട്ട് ദേശവാസികള്‍ക്ക് അമ്മയുടെ അനുഗ്രഹം ആവോളം ലഭിക്കുന്നുണ്ടെന്നാണ് അനുഭവസാക്ഷ്യം. അതോടെ ആറ്റുകാല്‍ ഭഗവതിയുടെ പ്രിതിക്കായി പൊങ്കാല നിവേദ്യം അര്‍പ്പിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടായി മാറി.

അക്കാലത്ത് ക്ഷേത്രകാര്യങ്ങള്‍ നോക്കി നടത്തുവാന്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൊങ്കാല പോലുള്ള കാര്യങ്ങള്‍ക്ക് ഒരു ഏകീകൃത രീതിയുമുണ്ടായിരുന്നില്ല. കാലം പിന്നെയും ഒരുപാട് കഴിഞ്ഞ്, ക്ഷേത്രഭരണത്തിനും മറ്റുമായി ഒരു ട്രസ്റ്റ് രൂപം കൊള്ളുകയും ദൈനംദിന ഭരണവും കാര്യങ്ങളും ആ ട്രസ്റ്റിനെ കീഴിലാവുകയും ചെയ്തു. പിന്നീടങ്ങോട്ട് പ്രസിദ്ധിയുടെയും പുരോഗതിയുടെയും നാളുകളായിരുന്നു. കുംഭമാസത്തിലെ പൂരം പൗര്‍ണ്ണമി നാളുകള്‍ ഒത്തുകൂടുന്ന ദിവസം പൊങ്കാലയ്ക്കായി നിശ്ചയിച്ചതും മറ്റും അതിനുശേഷമാണ്. 

തുടര്‍ന്ന് ഓരോ വര്‍ഷവും ഈ ദിവസം നടത്തുന്ന പൊങ്കാലയില്‍ കേരളത്തില്‍ നിന്ന് മാത്രമല്ല,  തമിഴ്നാട്ടിലെ സമീപ ജില്ലകളില്‍ നിന്നുവരെ സ്ത്രീ ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനങ്ങളോടെയെത്തി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാറുണ്ട്. ക്ഷേത്രത്തിലെത്തി ചെയ്യുന്നു എന്ന വിശ്വാസത്തോടെ തിരുവനന്തപുരം നഗരത്തിന്‍റെ മുക്കിലൂം മൂലയിലും തെരുവോരങ്ങളിലുമൊക്കെയായി കല്ലുകൂട്ടി അടുപ്പുണ്ടാക്കി പൊങ്കാലയിടുന്നവര്‍, കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക കണക്കുപ്രകാരം നാല്‍പ്പതുലക്ഷമാണ്. ഓരോ ദിവസം ആറ്റുകാലമ്മയെ മനസ്സില്‍ ധ്യാനിച്ച് വീട്ടില്‍ തന്നെ പൊങ്കാലയിടുന്നവരുണ്ട്.

ഒക്കെക്കൂടി കണക്കാക്കിയാല്‍ ആറ്റുകാല്‍ പൊങ്കാലയില്‍ ഓരോ വര്‍ഷവും ശരാശരി അന്‍പതുലക്ഷത്തോളം സ്ത്രീഭക്തജനങ്ങള്‍ പങ്കെടുക്കുന്നു എന്നു കരുതാം. തീര്‍ച്ചയായും ഇത്രയും സ്ത്രീകള്‍ ഒറ്റദിവസം ഒത്തുകൂടുന്നത് ചരിത്രത്തില്‍ വേറെയില്ല. അതുകൊണ്ടാണ് ആറ്റുകാല്‍ ക്ഷേത്രത്തെ സ്ത്രീകളുടെ ശബരിമല എന്നുവിളിക്കുന്നതും ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചതും.

സ്ത്രീകളുടെ ശബരിമലയില്‍ ട്രസ്റ്റ് പ്രസിഡന്‍റും സ്ത്രീ

അങ്ങനെ സ്ത്രീകളുടെ ശബരിമല എന്ന വിളിപ്പേര് ലഭിച്ച ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെ മുഖ്യ ചുമതലക്കാരിയായി, ഇതാദ്യമായി ഒരു സ്ത്രീ നിയോഗിക്കപ്പെട്ടിരിക്കുന്നു. ആറ്റുകാല്‍ 'സുരഭി'യില്‍ വി. ശോഭയ്ക്കാണ് അങ്ങനൊരു സൗഭാഗ്യം കിട്ടിയിട്ടുള്ളത്. 2020 ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും വിരമിച്ച എഞ്ചിനീയര്‍ ശോഭയെ സംബന്ധിച്ചിടത്തോളം ഇതില്‍പ്പരം ഒരു പുണ്യം വേറെ ലഭിക്കാനില്ല.

'നൂറ്റി പതിനേഴ് കുടുംബങ്ങളില്‍ നിന്നുള്ള എണ്‍പത്തിനാല് ട്രസ്റ്റികളാണ് ആറ്റുകാല്‍ ക്ഷേത്രത്തിലുള്ളത്. അങ്ങനെയാണ് ഞാനും മെമ്പറായത.് എന്‍റെ അച്ഛന്‍ പി. കൃഷ്ണന്‍ നായരും ട്രസ്റ്റ് മെമ്പറായിരുന്നു. സിവില്‍ എഞ്ചിനീയറായിരുന്ന അച്ഛന്‍റെ കാലത്താണ് ഇന്ന് കാണുന്ന ഒരുവിധപ്പെട്ട സിവില്‍ വര്‍ക്കെല്ലാം ചെയ്തത്. ഗോപുരത്തിലുള്ള ശില്‍പ്പങ്ങള്‍ മാത്രം മധുരയില്‍ നിന്നുള്ള ശില്‍പ്പികള്‍ വന്നുചെയ്തു. 2009 ല്‍ അച്ഛന്‍ മരിച്ചു. അതിനുശേഷമാണ് ഞാന്‍ അംഗമായത്. സഹോദരന്മാരുണ്ടായിരുന്നെങ്കിലും അവരൊക്കെ അന്ന് പുറത്തായിരുന്നതിനാലാണ് ഞാന്‍ അംഗമായത്. മാത്രവുമല്ല കുടുംബവീട് എന്‍റെ പേരിലായിരുന്നതും അത് ക്ഷേത്രത്തിനടുത്തായതും എനിക്ക് അനുഗ്രഹമായി.'

അച്ഛന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഇവിടെ വന്ന് ഓരോ കാര്യവും ചെയ്തിരുന്നത്. അത്രമാത്രം ക്ഷേത്രത്തിന് വേണ്ടിയുള്ള ഒരു സമര്‍പ്പിത ജീവിതമായിരുന്നു അച്ഛന്‍റേത്. അതുകണ്ട് വളര്‍ന്നതിനാലാകാം, അച്ഛന്‍റെ പിന്‍ഗാമിയായി ട്രസ്റ്റ് അംഗമായ അന്നുമുതല്‍ ഈ ക്ഷേത്രം എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയായി മാറി. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവും എന്‍റെ അമ്മയും മാത്രമേ വീട്ടിലുള്ളൂ. മകള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പമാണ്. അതുമൊക്കെക്കൊണ്ട് സമയവും ലഭിക്കുന്നുണ്ട്.

എന്നാല്‍ പോലും ഇതൊരു ഭാരിച്ച ഉത്തരവാദിത്വമല്ലെ?

തീര്‍ച്ചയായും. എങ്കിലും അതൊരു ഭാരമായോ ബുദ്ധിമുട്ടായോ തോന്നുന്നില്ല. കാരണം, 2009 ല്‍ ട്രസ്റ്റ് അംഗമായ ഞാന്‍ 2016 ല്‍ ആദ്യമായി ഉത്സവത്തിന്‍റെ പബ്ലിസിറ്റി കണ്‍വീനറായി. പിന്നീടൊരിക്കല്‍ ജോയിന്‍റ് ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അതായത് ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും ചുമതല. എല്ലാ കമ്മിറ്റികളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് പോകുവാനുള്ള ഉത്തരവാദിത്വം. അതൊക്കെ വലിയ അനുഭവമാണ് പ്രദാനം ചെയ്തത്. ജനറല്‍ കണ്‍വീനര്‍ എന്നുപറയുമ്പോള്‍, പ്രസിഡന്‍റും സെക്രട്ടറിയുമാണ് പ്രധാനികളെങ്കിലും അവര്‍ക്ക് വേണ്ടിക്കൂടി നമ്മള്‍ കാര്യങ്ങള്‍ ചെയ്യണം.

അങ്ങനെ പ്രവര്‍ത്തിച്ചുള്ള അനുഭവവുമായിട്ടാണ് കഴിഞ്ഞ മൂന്നുവര്‍ഷം വൈസ് പ്രസിഡന്‍റിന്‍റെ ചുമതലയേറ്റെടുത്തത്. അതിന്‍റെ തുടര്‍ച്ചയെന്നോണം ഇപ്പോളാദ്യമായി പ്രസിഡന്‍റ് സ്ഥാനത്തും എത്തി. ഇനി മൂന്നുവര്‍ഷത്തേക്ക് ഭഗവതി ക്ഷേത്ര ട്രസ്റ്റിന്‍റെ ചുമതലയിലാണ്.

പ്രസിഡന്‍റ് സ്ഥാനത്ത് ഒരു സ്ത്രീ വരുന്നത് ആദ്യമായിട്ടല്ലേ?

അതേ. ആദ്യമായിട്ടാണ് ട്രസ്റ്റ് പ്രസിഡന്‍റായി ഒരു സ്ത്രീ വരുന്നത്. നമ്മുടെ സമൂഹത്തിലെ ഓരോ തലത്തിലും മുന്‍പില്ലാത്ത വിധം സ്ത്രീകള്‍ കടന്നുവന്നുകൊണ്ടിരിക്കുകയല്ലേ. അത് കാലത്തില്‍ വന്ന മാറ്റമാണ്. ഇവിടെ ട്രസ്റ്റില്‍ 48 ശതമാനത്തോളം അംഗങ്ങള്‍ സ്ത്രീകളാണ്. കുടുംബത്തില്‍ നിന്നുള്ള ഒഴിവുവരുന്ന മുറയ്ക്ക് വരുന്നു എന്നല്ലാതെ ട്രസ്റ്റിലേക്ക് സ്ത്രീ സംവരണമൊന്നുമില്ല. ഈ സ്ത്രീകള്‍ മുന്‍പും വിവിധ കമ്മിറ്റികളില്‍ ഉള്‍പ്പെടുകയായിരുന്നെങ്കിലും ഇങ്ങനൊരു ഭാരിച്ച ചുമതല ഏറ്റെടുക്കുവാന്‍ അവരാരും തുനിഞ്ഞിട്ടില്ല എന്നേയുള്ളൂ. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ഓഫീസിലൊക്കെ പോവുകയും വിവിധങ്ങളായ ചുമതലകള്‍ ഏറ്റെടുത്തിട്ടുള്ളതുകൊണ്ടും മുന്നോട്ടുവരാം എന്ന് തോന്നി. വന്നപ്പോള്‍ വലിയ കുഴപ്പമൊന്നും തോന്നുന്നില്ല.

ഉത്സവം വരുമ്പോള്‍, അതിന്‍റെ വിജയത്തിനായി നാട്ടുകാരൊന്നടക്കം രംഗത്തുവരുകയും അവരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. അവരാകട്ടെ സ്വന്തം കുടുംബക്കാര്യം പോലെ കണ്ട് കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. ഇത്രയും ലക്ഷങ്ങള്‍ വന്നുകൂടുമ്പോള്‍ ജനപങ്കാളിത്തമില്ലെങ്കില്‍ ഒരു കാര്യവും നടക്കില്ലല്ലോ.

ട്രസ്റ്റിന് കീഴില്‍ സിവില്‍/ഇലക്ട്രിക്കല്‍ കോഴ്സുകള്‍ പഠിപ്പിക്കുന്ന ഒരു ഐ.റ്റി.ഐയുണ്ട്. ഒരു എസ്റ്റേറ്റുണ്ട്. ടൂറിസ്റ്റ് ബസുകളും, ടെംപോട്രാവലറുകളും ആംബുലന്‍സുകളുമുണ്ട്. മൂന്ന് കല്യാണമണ്ഡപങ്ങളുമുണ്ട്. ഒരു ഹോസ്പിറ്റലുമുണ്ടെങ്കിലും അത് ലീസിന് കൊടുത്തിരിക്കുകയാണ്. പിന്നെ ട്രസ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ വിവിധ സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ സഹായം, ചികിത്സാസഹായം തുടങ്ങിയവ നല്‍കുന്നുമുണ്ട്. അതിന്‍റെയൊകെ ചുമതല പ്രസിഡന്‍റിനാണ്.

ഒക്കെയാണെങ്കിലും ഇത്രയുധമധികം സ്ത്രീകള്‍ ഒന്നിച്ചുകൂടി പൊങ്കാലയിടുന്ന ഒരു മഹാക്ഷേത്രത്തിന്‍റെ ചുമതലക്കാരിയാകാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമായോ പുണ്യമായോ ഞാന്‍ കാണുന്നത്. കഴിഞ്ഞവര്‍ഷം 40 ലക്ഷം പേര്‍ വന്നു എന്നാണ് കണക്ക്. ഓരോ വര്‍ഷം കഴിയുംതോറും ഈ സംഖ്യ കൂടിക്കൂടി വരികയാണ്. അങ്ങനൊരു ക്ഷേത്ര ട്രസ്റ്റിന്‍റെ പ്രസിഡന്‍റ് ആകുവാന്‍ കഴിഞ്ഞത് ഏത് ജന്മത്തിലെ പുണ്യമാണെന്നറിയില്ല.

ദിവസം എത്ര സമയം ക്ഷേത്രത്തിനായി നീക്കിവയ്ക്കുന്നുണ്ട്?

ഈ ക്ഷേത്രത്തിലെ സിവില്‍ വര്‍ക്കുകള്‍ നടന്ന കാലത്തും, മറ്റും ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ച ഒരു മനുഷ്യന്‍റെ മകളാണ് ഞാന്‍. അതുകണ്ടുവളര്‍ന്ന എനിക്കെങ്ങനെ ടൈംടേബിള്‍ വച്ച് പ്രവര്‍ത്തിക്കാനാകും. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം വരുന്നതിനും പോകുന്നതിനും നിശ്ചിത സമയമൊന്നുമില്ല. ഇന്ന് കാണിക്കയാണ്. അതുകൊണ്ട് രാവിലെ 7.45 ന് വന്നു. ഇപ്പോള്‍ സമയം 12.30. ഇപ്പോഴും ഇവിടെ നില്‍ക്കുകയാണ്. ചിലപ്പോള്‍ 6 മണിവരെ നില്‍ക്കേണ്ടി വരും. അതിനിടെ ചിലപ്പോള്‍ വീടുവരെ പോയി വരും.

സാധാരണദിവസങ്ങളില്‍ 10.30 ന് വരും. നിറപുത്തരിയോ സ്പെഷ്യല്‍ പൂജയോ ഒക്കെയുള്ള ദിവസങ്ങളില്‍ രാവിലെതന്നെ വരും. ചില ദിവസങ്ങളില്‍ രാത്രി സ്പെഷ്യല്‍ പൂജ കാണും. ചില ദിവസങ്ങളില്‍ മീറ്റിംഗായിരിക്കും. ആ ദിവസങ്ങളില്‍ മുഴുനീളം നില്‍ക്കും.

ഏതായാലും 2026 വരെ എനിക്ക് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാം. അതിനിടെ മൂന്ന് പൊങ്കാല കിട്ടും. അതൊരു മഹാഭാഗ്യമാണ്. ഇനിയിപ്പോ വെറും ട്രസ്റ്റിയായാലും അമ്മയ്ക്ക് സേവനം ചെയ്യാം. മരണംവരെ അത് തുടരും. അതില്‍പരമൊരു പുണ്യം മറ്റെന്താണുള്ളത്?

പി. ജയചന്ദ്രന്‍

Photo Courtesy - jyothisharathnam