ഇത് ദക്ഷിണകാശിയാണ്... -വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം
ഒരിക്കല്‍ വന്നാല്‍ പിന്നെയും വരാന്‍ തോന്നും. ഒരിക്കല്‍ തൊഴുതാല്‍, തൊഴുതാലും തൊഴുതാലും തീരുകയില്ല. ത്രിമൂര്‍ത്തികളില്‍ സ്ഥിതിപരിപാലനത്തിന്‍റെ ഈശനായ മഹാവിഷ്ണു ഇവിടെ ജനാര്‍ദ്ദനസ്വാമിയാണ്. സ്വാമിയുടെ മുന്നില്‍ നിന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ ആ വിളി ഭഗവാന്‍ കേള്‍ക്കും. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഭക്തരുടെ അഭീഷ്ടസിദ്ധിക്കായി ഭഗവാന്‍ എന്നും എപ്പോഴും വിളിപ്പുറത്ത് ഉണ്ടാകും.
ഒരിക്കല്‍ വന്നാല്‍ പിന്നെയും വരാന്‍ തോന്നും. ഒരിക്കല്‍ തൊഴുതാല്‍, തൊഴുതാലും തൊഴുതാലും തീരുകയില്ല. ത്രിമൂര്‍ത്തികളില്‍ സ്ഥിതിപരിപാലനത്തിന്‍റെ ഈശനായ മഹാവിഷ്ണു ഇവിടെ ജനാര്‍ദ്ദനസ്വാമിയാണ്. സ്വാമിയുടെ മുന്നില്‍ നിന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ ആ വിളി ഭഗവാന്‍ കേള്‍ക്കും. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഭക്തരുടെ അഭീഷ്ടസിദ്ധിക്കായി ഭഗവാന്‍ എന്നും എപ്പോഴും വിളിപ്പുറത്ത് ഉണ്ടാകും. അത് ഏത് ദേവസ്ഥാനത്തായാലും അങ്ങനെതന്നെ. എന്നാല്‍ വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിലെ വിഷ്ണുരൂപത്തിന് തെല്ലൊരു പ്രത്യേകതയുണ്ട്.
തന്‍റെ മുന്നില്‍ നില്‍ക്കുന്ന ഓരോ ഭക്തരേയും ഭഗവാന്‍ സ്നേഹവാത്സല്യത്തോടെ തലോടുന്നതായി തോന്നാറുണ്ടെന്ന് ഇവിടെത്തുന്ന ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു. 2000 ഓളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം വര്‍ക്കല ബീച്ചിന് സമീപത്തെ ഒരു കുന്നിന്‍ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ബലിയിടല്‍ കേന്ദ്രങ്ങളില്‍ ഒന്നാണ് വര്‍ക്കല പാപനാശം കടല്‍ത്തീരം. കര്‍ക്കിടക വാവുബലിക്കായി പ്രതിവര്‍ഷം പതിനായിരങ്ങളാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്.
പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികള്‍ ബലിയിടല്‍ നടത്തുന്നത്. എന്നാല്‍ വര്‍ക്കല പാപനാശം കടല്‍ത്തീരത്തെ ബലിതര്‍പ്പണം കഴിഞ്ഞാല്‍ ചടങ്ങ് പൂര്‍ത്തിയാകണമെങ്കില്‍ ജനാര്‍ദ്ദനസ്വാമിയുടെ മുന്നിലെത്തണം എന്നാണ് വിശ്വാസികള്‍ പറയുന്നത്. അത്രകണ്ട് ശക്തിയാണ് ഭഗവാന്. ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ വിളി കേള്‍ക്കുന്ന ഭഗവാന്‍റെ തിരുനടയില്‍ നില്‍ക്കുന്നത് തന്നെ ഒരു പ്രത്യേക സായൂജ്യമാണ്. ശ്രീകോവിലില്‍ തൊഴുത് പുറത്തിറങ്ങിയാല്‍ ചുറ്റമ്പലം വലം വയ്ക്കാം. അന്നേരം കടല്‍ത്തീരത്തുനിന്നും ഒഴുകിയെത്തുന്ന കാറ്റ് ഭക്തരെ തലോടും. അത് ഭഗവാന്‍റെ ആശ്ലേഷമായി കരുതുന്ന ഭക്തര്‍ നിരവധിയാണ്. ആ അനുഭൂതി വാക്കുകളിലൂടെ പകര്‍ന്നുനല്‍കാന്‍ സാധിക്കില്ലത്രേ.
ആറടി ഉയരം വരുന്ന ചതുര്‍ബാഹു വിഗ്രഹത്തില്‍, ലക്ഷ്മീദേവിക്കും ഭൂമിദേവിക്കുമൊപ്പം കിഴക്കോട്ട് ദര്‍ശനമരുളും വിധമാണ് ഭഗവത്പ്രതിഷ്ഠ. കൂടാതെ തുല്യപ്രാധാന്യത്തോടെ ഭഗവാന്‍ പരമശിവനും ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, ഹനുമാന്‍, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രതിഷ്ഠകളുണ്ട്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടെ ദര്‍ശനം നടത്തിയാല്‍ ഐശ്വര്യവും ദുരിതമുക്തിയും മോക്ഷവും ഉണ്ടാകുമെന്നാണ് വിശ്വാസം. അറബിക്കടലിന്‍റെ തീരത്ത് ഒരു കുന്നിന്‍റെ മുകളിലാണ്(വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇടവ റൂട്ടില്‍ രണ്ടരകിലോമീറ്റര്‍ മാറി) ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവല്ലം, തിരുനാവായ, തിരുനെല്ലി, ആലുവ മണപ്പുറം എന്നിവയ്ക്കൊപ്പം പിതൃതര്‍പ്പണത്തിന് പേരുകേട്ട ഇടമാണ് പാപനാശം കടപ്പുറം. കര്‍ക്കിടകവാവ് ദിവസം പതിനായിരങ്ങളാണ് ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിനടുത്തുള്ള പാപനാശം കടപ്പുറത്ത്, കുടുംബത്തിലെ മരിച്ചവര്‍ക്കായി ബലിതര്‍പ്പണത്തിനെത്തുന്നത്. ബലിയിടാനായി പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ ഇവിടെ ഒരുക്കിവയ്ക്കാറുണ്ട്. ഈ ക്ഷേത്രത്തില്‍ തൊഴുത് ബലിയിട്ടാല്‍ മരിച്ചവരുടെ ആത്മാവിന് സ്വര്‍ഗ്ഗമോ ഭഗവാന്‍റെ സന്നിധിയില്‍ മോക്ഷമോ ലഭിക്കും എന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഈ മഹാക്ഷേത്രം പരിപാലിക്കുന്നത്.
മോക്ഷപ്രാപ്തിക്കായി തിലഹോമം
മരിച്ചുപോയ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി നടത്തുന്ന പ്രത്യേക വഴിപാടാണ് തിലഹോമം. ഒരാള്‍ മരണപ്പെട്ടാല്‍ അന്നേദിവസം മുതല്‍ ഒരു കൊല്ലം കഴിഞ്ഞശേഷം മാത്രമേ ഇത് നടത്താവൂ. അതിനായി ചുറ്റമ്പലത്തിന് പുറത്ത് പ്രത്യേക കൗണ്ടര്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നടത്തേണ്ടത് ഒരു സായൂജ്യപൂജയാണ്. വര്‍ഷം തോറും കുംഭമാസത്തിലെ തിരുവാതിര നാളിലാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആറാട്ട് ഉത്സവം നടക്കുക.
കുളത്തൂപ്പുഴ ശാസ്താവ്
ക്ഷേത്രക്കുളത്തിന് സമീപത്തെ(ക്ഷേത്രത്തിന് വടക്ക്) കൂറ്റന്‍ പടിക്കെട്ടുകള്‍ കയറി വേണം ജനാര്‍ദ്ദനസ്വാമിയുടെ തിരുസന്നിധിയില്‍ എത്താന്‍(കിഴക്കുഭാഗത്ത് കൂടിയും സഞ്ചാരപഥമുണ്ട്). ഈ പടവുകള്‍ കയറുമ്പോള്‍ ഇടതുഭാഗത്തായി ഒരു ധര്‍മ്മശാസ്താക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. മൈനര്‍ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. ശനിദോഷങ്ങള്‍ മാറാന്‍ ശാസ്താവിന് നീരാജനം അര്‍പ്പിക്കാന്‍ പോകുന്ന ഭക്തര്‍ നിരവധിയാണ്. ഇതിന് കീര്‍ത്തികേട്ട ഇടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ തന്നെയുള്ള, കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.
പലവിധ കാരണങ്ങളാല്‍ അവിടേയ്ക്ക് പോകാന്‍ സാധിക്കാത്ത ഭക്തരില്‍ പലരും വര്‍ക്കല മൈനര്‍ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ വന്നുതൊഴുന്നത് പതിവാണ്. ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിന് കീഴില്‍ തന്നെയാണ് ഇതും വരുന്നത്. എല്ലാ ശനിയാഴ്ചയും, കലിയുഗവരദന്‍റെ മുന്നില്‍ വിശേഷപ്പെട്ട പൂജകള്‍ക്കായി എത്തുന്ന ഭക്തര്‍ നിരവധിയാണ്. മണ്ഡല, മകരവിളക്ക് കാലത്ത് ഇവിടെ പ്രത്യേകപൂജകളും വഴിപാടുകളും നടത്താറുണ്ട്.
Photo Courtesy - jyothisharathnam