വിവാഹപ്പൊരുത്ത ദോഷങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍

വിവാഹപ്പൊരുത്ത ദോഷങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍

HIGHLIGHTS

ഹിന്ദുമതാചാരപ്രകാരം മനുഷ്യായുസ്സില്‍ ഓരോരുത്തരും അനുഷ്ഠിക്കേണ്ട 16 കര്‍മ്മങ്ങളില്‍ പ്രധാനപ്പെട്ട കര്‍മ്മമാണത്രേ വിവാഹം. രണ്ട് ജാതകങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഒരു ദാമ്പത്യ ജീവിതത്തിന്‍റെ പരിപൂര്‍ണ്ണജാതകം ഉണ്ടാകുന്നു. ജാതകപ്പൊരുത്തം ഇല്ലാത്തതുകാരണമാണ് മിക്കവരുടേയും വിവാഹം വൈകുന്നത്. എല്ലാ പൊരുത്തവും കൃത്യമായി ഒത്തുവരുന്ന ജാതകം ലഭിക്കുക അത്ര എളുപ്പമല്ല. അതിനാല്‍ പത്തില്‍ അഞ്ചില്‍ പൊരുത്തമെങ്കിലും അനുയോജ്യമെങ്കില്‍ വിവാഹത്തിന് തടസ്സമില്ല. കുറവുള്ള പൊരുത്തദോഷങ്ങള്‍ക്ക് വിധിപ്രകാരമുള്ള പ്രായശ്ചിത്തം ചെയ്താല്‍ മതിയാകും.

ഒരിക്കലും ഉപേക്ഷിക്കാനാകാത്ത വാഹന(വഹിക്കല്‍) എന്നാണ് വിവാഹം എന്ന വാക്കിന്‍റെ അര്‍ത്ഥം. ആത്മാവും, ആത്മാവും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരടാണത്രേ വിവാഹം. സന്താനോല്‍പ്പാദനമോ, ലൈംഗികവികാരശമനമോ മാത്രമല്ല വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീ-പുരുഷന്മാരില്‍ പ്രകൃതി വെവ്വേറെയാണ് രഹസ്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ രഹസ്യങ്ങള്‍ വെവ്വേറെയായി നിലകൊണ്ടാല്‍ അതിന് പൂര്‍ണ്ണത ഉണ്ടാവില്ല. അവ പരസ്പരം യോജിച്ചാല്‍ സമ്പൂര്‍ണ്ണമാവുകയും ചെയ്യും. ഈ സമ്പൂര്‍ണ്ണത കൊണ്ട് സംതൃപ്തിയും, സന്തോഷവും ഉണ്ടാകണമെങ്കില്‍ ആത്മീയവും, ശാരീരികവും, മാനസികവുമായ ലയനം സംഭവിക്കണം. ഈ സമ്പൂര്‍ണ്ണലയനം വിവാഹം കൊണ്ട് സൃഷ്ടിക്കാനാവും.

രണ്ട് ജാതകങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഒരു ദാമ്പത്യ ജീവിതത്തിന്‍റെ പരിപൂര്‍ണ്ണജാതകം ഉണ്ടാകുന്നു. ജാതകപ്പൊരുത്തം ഇല്ലാത്തതുകാരണമാണ് മിക്കവരുടേയും വിവാഹം വൈകുന്നത്. എല്ലാ പൊരുത്തവും കൃത്യമായി ഒത്തുവരുന്ന ജാതകം ലഭിക്കുക അത്ര എളുപ്പമല്ല. അതിനാല്‍ പത്തില്‍ അഞ്ചില്‍ പൊരുത്തമെങ്കിലും അനുയോജ്യമെങ്കില്‍ വിവാഹത്തിന് തടസ്സമില്ല. കുറവുള്ള പൊരുത്തദോഷങ്ങള്‍ക്ക് വിധിപ്രകാരമുള്ള പ്രായശ്ചിത്തം ചെയ്താല്‍ മതിയാകും.

മംഗല്യഭാഗ്യത്തിന്

വിവാഹതടസ്സത്തിന് എന്തെങ്കിലും തക്കതായ കാരണം ഉണ്ടോ എന്ന് വിദഗ്ദ്ധനായ ജ്യോത്സ്യന് കൃത്യമായി പ്രവചിക്കാനാകും. വിവാഹത്തിനുള്ള തടസ്സം മിക്കപ്പോഴും പൂര്‍വ്വജന്മ പാപമാകാനാണ് സാധ്യത. ഇതിനുള്ള പ്രായശ്ചിത്തങ്ങള്‍ ശശാങ്കരാദീയം, വീരസിംഹാവലോകനം എന്നീ ഗ്രന്ഥങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉദാഹരണമായി ഏഴില്‍ ചൊവ്വയുണ്ടെങ്കില്‍ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിരൂപം ദാനം ചെയ്താല്‍ പരിഹാരമാകും. ഏഴില്‍ ശനിയാണെങ്കില്‍ കിരാതമൂര്‍ത്തിയായ ശിവരൂപം ദാനം ചെയ്യുകയാണ് പ്രതിവിധി. ഏഴില്‍ രാഹുവാണെങ്കില്‍ രത്നം പതിച്ച പഞ്ചശിരസ്സുള്ള നാഗദേവതാരൂപം ദാനം ചെയ്യണം.

ഏഴില്‍ കേതുവെങ്കില്‍ പ്രേതശരീരത്തിന്‍റെ പ്രതിരൂപം ദാനം നല്‍കുക. ഏഴില്‍ സൂര്യന്‍ നിന്നാല്‍ പരമശിവന്‍റെ രൂപം ദാനം ചെയ്താല്‍ പരിഹാരമായി. ദാനകര്‍മ്മം നടത്തുന്നതിന് അനുഷ്ഠാനപ്രകാരമുള്ള ദിവസം ഗണിച്ചെടുക്കേണ്ടതുണ്ട്. ജാതകത്തിലെ ദൈവാധീനം നോക്കിയാണിത് ഗണിക്കുന്നത്. മംഗല്യഗണപതിയെ പ്രീതിപ്പെടുത്തിയാല്‍ വിവാഹതടസ്സം താമസംവിനാ നീങ്ങിപ്പോകും. മംഗല്യഗണപതി യന്ത്രധാരണവും, മംഗല്യ ഗണപതി അര്‍ച്ചനയുമാണ് വിധികള്‍. നാഗരാജാ ക്ഷേത്രത്തില്‍ പനിനീരഭിഷേകം നടത്തുന്നതും വിവാഹതടസ്സത്തിന് പരിഹാരമാണ്.

പൊരുത്തദോഷത്തിനുള്ള പരിഹാരം

പൊരുത്തം നോക്കുമ്പോള്‍ ചേര്‍ച്ചയില്ലെങ്കില്‍ ദോഷപരിഹാരകര്‍മ്മം അനുഷ്ഠിച്ച് വിവാഹിതരാകാന്‍ വിധിയുണ്ട്. രാശ്യാധിപപ്പൊരുത്തദോഷത്തിന് പരിഹാരമായി വില്ലേന്തിയ ശ്രീരാമ പ്രതിമയില്‍ സീതാദേവി പുണര്‍ന്നു നില്‍ക്കുന്ന പ്രതിമ വേദസംസ്ക്കാരവിധിപ്രകാരം ദാനം ചെയ്താല്‍ മതിയാകുമത്രേ. ഇത് ദമ്പതികളുടെ ദോഷങ്ങള്‍ അകന്ന് അവരുടെ ദാമ്പത്യജീവിതം സുഖകരമാവുകയും ചെയ്യും.

രാശിപ്പൊരുത്ത ദോഷത്തിനുള്ള പരിഹാരം

സ്വര്‍ണ്ണ ഉമാമഹേശ്വരരൂപം തന്ത്രവിധിപ്രകാരമോ, വധൂവരന്മാരുടെ വയസ്സോളം മന്ത്രജപത്താല്‍ ദേവതാസാന്നിദ്ധ്യം വരുത്തി ക്ഷേത്രത്തിന് ദാനം ചെയ്യുക.

വശ്യപ്പൊരുത്ത ദോഷത്തിനുള്ള പരിഹാരം

സ്വര്‍ണ്ണശുക്രരൂപം പൂജിച്ച് ബ്രാഹ്മണന് ദാനം നല്‍കുക.

ഗണപ്പൊരുത്തദോഷം പരിഹരിക്കാന്‍

ഗണേശപൂജ ചെയ്ത് ഗണപതിരൂപം ദാനം നല്‍കണം.

വേധദോഷം പരിഹരിക്കാന്‍

സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച പന്നിയുടെയോ, ആമയുടെയോ വിധിപ്രകാരം വരാഹമൂര്‍ത്തിയെ സേവിച്ച് ദാനം നല്‍കുക.

മഹേന്ദ്രപ്പൊരുത്ത ദോഷപരിഹാരത്തിന്

നാരായണപ്രതിമ വിധിപ്രകാരം നിര്‍മ്മിച്ച് ശ്രീനാരായണ മൂര്‍ത്തിയെ പ്രീതിവരുത്തി ദാനം നല്‍കുക.

ദശാസന്ധി ദോഷ പരിഹാരത്തിന്

വധുവിന്‍റെയോ, വരന്‍റെയോ ദശാസന്ധി സമയത്താണ് വിവാഹം നടത്തേണ്ടതെങ്കില്‍ പ്രദോഷവ്രതാചരണം, ശിവഭഗവാന് ഹോമം, ജപം ഇവ നടത്തുക. ശിവഭക്തന് വസ്ത്രം, ഭക്ഷണം, ദക്ഷിണ ഇവ നല്‍കി സന്തോഷിപ്പിക്കുക.

ദിനപ്പൊരുത്തദോഷ പരിഹാരത്തിന്

സുരരൂപം ഉണ്ടാക്കി മന്ത്രവാദികളെക്കൊണ്ട് ശുദ്ധമാക്കി ബ്രാഹ്മണന് ദാനം നല്‍കുക.

യോനീപ്പൊരുത്ത ദോഷ പരിഹാരത്തിന്

കാമധേനുവിന്‍റെ രൂപം ഉണ്ടാക്കി അലങ്കരിച്ച് മന്ത്രപൂരിതമാക്കി ദാനം ചെയ്യുക.

രജ്ജുദോഷ പരിഹാരത്തിന്

ശിവലിംഗത്തില്‍ സ്വര്‍ണ്ണപ്പൊട്ട് ചാര്‍ത്തി മൃത്യുഞ്ജയമന്ത്രശുദ്ധിയാല്‍ ശിവക്ഷേത്രത്തില്‍ ദാനം ചെയ്യുക.

Photo Courtesy - Google