ദുരിതങ്ങള്‍ ദുരന്തങ്ങളായി മാറുമോ?

ദുരിതങ്ങള്‍ ദുരന്തങ്ങളായി മാറുമോ?

HIGHLIGHTS

കൊടുങ്ങല്ലൂര്‍ നീണ്ടൂര്‍ മാന്ത്രികപരമ്പരയിലെ പിന്‍മുറക്കാനാണ് നാരായണന്‍ നമ്പൂതിരി. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉപാസകരാണ് ഈ ബ്രാഹ്മണ പരമ്പര. മാന്ത്രിക പൂജാക്രമങ്ങളില്‍ തങ്ങളുടേതായ ആചാരനിഷ്ഠകള്‍ ഇന്നും പിന്‍തുടരുന്നവരാണ് നീണ്ടൂര്‍ മനയ്ക്കലെ പരമ്പര. തങ്ങളുടെ പരമ്പര ആചരിച്ചുപോരുന്ന ക്രിയകളല്ലാതെ മറ്റ് കലര്‍പ്പുകള്‍ യാതൊന്നും തങ്ങളുടെ വൈദികകര്‍മ്മങ്ങളില്‍ ചേര്‍ക്കാറില്ല എന്ന് നാരായണന്‍ നമ്പൂതിരി

 

കൊടുങ്ങല്ലൂര്‍ നീണ്ടൂര്‍ മാന്ത്രികപരമ്പരയിലെ പിന്‍മുറക്കാനാണ് നാരായണന്‍ നമ്പൂതിരി. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഉപാസകരാണ് ഈ ബ്രാഹ്മണ പരമ്പര. മാന്ത്രിക പൂജാക്രമങ്ങളില്‍ തങ്ങളുടേതായ ആചാരനിഷ്ഠകള്‍ ഇന്നും പിന്‍തുടരുന്നവരാണ് നീണ്ടൂര്‍ മനയ്ക്കലെ പരമ്പര. തങ്ങളുടെ പരമ്പര ആചരിച്ചുപോരുന്ന ക്രിയകളല്ലാതെ മറ്റ് കലര്‍പ്പുകള്‍ യാതൊന്നും തങ്ങളുടെ വൈദികകര്‍മ്മങ്ങളില്‍ ചേര്‍ക്കാറില്ല എന്ന് നാരായണന്‍ നമ്പൂതിരി വ്യക്തമായിത്തന്നെ പറയുന്നു.

ജ്യോതിഷന്മാരുടെ ചാര്‍ത്ത് പ്രകാരം തന്നെയാണ് പരിഹാരപൂജകള്‍ ചെയ്യുന്നത്. എന്നാല്‍ ജ്യോത്സ്യന്‍റെ നിര്‍ദ്ദേശപ്രകാരത്തിലല്ല ഞങ്ങള്‍ പൂജകള്‍ ചെയ്യുന്നത്. ചില ജ്യോത്സ്യന്മാര്‍ ഡോക്ടര്‍മാരെപ്പോലെയാണ്. ആവശ്യത്തിലധികമായി കുറിപ്പ് എഴുതിക്കൊടുക്കും. ആവശ്യമുള്ള കര്‍മ്മങ്ങള്‍ മാത്രമേ ഞങ്ങള്‍ ചെയ്യാറുള്ളൂ. ഇന്നിപ്പോള്‍ മിക്ക കുടുംബങ്ങളേയും ഏറെ ദുരിതമായി ബാധിക്കുന്നത് ബാധാവിഷയമാണ.് പിതൃവിഷയങ്ങളും. പിതൃദോഷത്താലുള്ള ബാധാവിഷയങ്ങളാണ് മിക്ക കുടുംബങ്ങളിലേയും മഹാദുരിതങ്ങള്‍ക്ക് കാരണമായി ഭവിക്കാറുള്ളത്.

ഒരു പിതൃവിഷയത്തെ ആവാഹിച്ച് ഹോമാദികള്‍ ചെയ്യണമെങ്കില്‍ ആദ്യം യമരാജഹോമമാണ് ഞങ്ങള്‍ ചെയ്യുക. യമരാജഹോമം ചെയ്ത് ആ യമധര്‍മ്മഹോമത്തില്‍ നിന്നും പിതൃക്കളെ, ആബാലവൃദ്ധം പിതൃക്കളെ പ്രത്യേകം പ്രത്യേകമായി വേര്‍തിരിക്കണം. അത് പ്രതികൃത്ത് ഉണ്ടാക്കി അതിലേയ്ക്ക് ആവാഹിക്കും. അതില്‍ കറുത്തീയം കൊണ്ട് ഒരു ഞണ്ട് ഉണ്ടാക്കും. പ്രതികൃത്ത് ശരീരവും, ഞണ്ട് ആത്മാവുമായിട്ടാണ് സങ്കല്‍പ്പിക്കുന്നത്. ഇതിന് സംസ്കാരക്രിയ ചെയ്യണം. പിന്നെ ആ ഞണ്ടിനെ ശുദ്ധമാക്കിയശേഷം മരിച്ചവരുടെ പേര് വിവരങ്ങള്‍ ആവാഹിച്ച് അതിനകത്താണ് സായൂജ്യവിഷയങ്ങള്‍ ചെയ്യുന്നത്.

സായൂജ്യവഴി 

മനുഷ്യജന്മം പ്രാരാബ്ധ ദുരിതങ്ങള്‍ ചേര്‍ന്നതാണ്. ഒരാള്‍ മരിക്കുമ്പോള്‍, പ്രാണന്‍ പോയിക്കഴിയുമ്പോള്‍ സ്ഥൂലശരീരം നാം ദഹിപ്പിക്കും. സൂക്ഷ്മശരീരവും, കാരണശരീരവും ബാക്കിനില്‍ക്കും. സൂക്ഷ്മശരീരം അന്തരീക്ഷത്തില്‍ തന്നെ നിലനിര്‍ത്തുന്നു. ഈ സൂക്ഷ്മ ശരീരത്തിലാണ് ജന്മദുരിതങ്ങളെല്ലാം നിറഞ്ഞുനില്‍ക്കുന്നത്. ഈ സൂക്ഷ്മശരീരത്തിലാണ് കാരണശരീരമായ പ്രാണന്‍ നിലകൊള്ളുന്നത്. ഈ സൂക്ഷ്മ ശരീരത്തില്‍ നിന്നും കാരണശരീരത്തെ വേര്‍പെടുത്തി സായൂജ്യം നല്‍കുക എന്നതാണ് പിതൃപ്രീതിയായി മോക്ഷമായി കരുതുന്നത്. പ്രാണനെ പിതൃലോകത്തില്‍ എത്തിക്കുക എന്ന ക്രിയയാണ് സായൂജ്യപൂജ.

മൂന്ന് തലമുറയ്ക്ക് ബലിയിടുക

സായൂജ്യാദികര്‍മ്മങ്ങള്‍ ചെയ്ത ഒരാത്മാവ് പിതൃലോകത്തില്‍ എത്തി എന്ന് കരുതി ആ ആത്മാവിന് മോക്ഷം ലഭിച്ചു എന്ന് അര്‍ത്ഥമില്ല. പിതൃലോകത്തില്‍ എത്തുന്ന ആത്മാക്കള്‍ മൂന്ന് തലമുറക്കാലം പിതൃലോകത്തിലൂടെ സഞ്ചരിക്കും. ആ സുഖദുഃഖകാലത്തിനുശേഷം കര്‍മ്മബന്ധിതമായി അവരില്‍ ചില ആത്മാക്കള്‍ക്ക് മാത്രമാണ് സായൂജ്യം ലഭിക്കുക. മറ്റുള്ള ആത്മാക്കള്‍ ബാധകളായി വീണ്ടും ഭൂമിയിലേയ്ക്ക് വരുകയും പൂര്‍വ്വജന്മബന്ധത്തില്‍ ബാധകളായി തീരുകയും ചെയ്യും. ദുരിതങ്ങള്‍ ദുരന്തങ്ങളായി മാറുകയും ചെയ്യും.

നാം വാര്‍ഷികബലിയിടുമ്പോള്‍ മൂന്ന് തലമുറകളെ ചേര്‍ത്തുവേണം ബലി ഇടേണ്ടത് എന്നുപറയുന്നത് ഇതിനാലാണ്. ഉഭയബന്ധത്തില്‍ കരുതിത്തന്നെ വേണം ബലിയിടേണ്ടതും. അതാത്, അച്ഛന്‍ വഴിയും, അമ്മ വഴിയുമുള്ള പിതൃക്കളെ മനസ്സില്‍ കരുതിത്തന്നെ വേണം ബലി ഇടേണ്ടത്. കര്‍ക്കിടകത്തിലേയും, തുലാത്തിലേയും വാവുബലികള്‍ പിതൃപ്രീതിക്ക് ഏറെ ഉത്തമം തന്നെയാണ്. ദൂരെ ചെന്ന് ബലി ഇടാന്‍ കഴിയാത്തവര്‍, ബലികര്‍മ്മം ദാനമായി ചെയ്യുന്ന പതിവുമുണ്ട്. ബലിനാളില്‍ ഉത്തമപുരോഹിതന് വസ്ത്രവും പണവും പിതൃക്കളെ കരുതി ദാനം ചെയ്യുന്നതും ബലി ഇടുന്നതിന് തുല്യം തന്നെയാണ്.

ബലികര്‍മ്മങ്ങള്‍ മുടങ്ങുന്ന വീടുകളിലാണ് തില ആവാഹിക്കേണ്ടി വരുന്നത്. എന്നാല്‍ പിതൃപ്രീതിക്കായി ആവഹാനാദി കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ചില ആത്മാക്കള്‍ക്ക് പൂര്‍ണ്ണസായൂജ്യം നല്‍കാനാവില്ല. കര്‍മ്മദോഷത്തിന്‍റെ ആധിക്യത്താല്‍ അവര്‍ക്ക് മോക്ഷം അപ്രാപ്യമായി തീര്‍ന്നിരിക്കുന്ന അവസ്ഥയാണ്. ഇത്തരം ആത്മാക്കളെ പ്രതിമയില്‍ ആവാഹിച്ച് ക്ഷേത്രസമര്‍പ്പണമാണ് ചെയ്യുക.

നീണ്ടൂര്‍മന നാരായണന്‍ നമ്പൂതിരി
(9447027390)

തയ്യാറാക്കിയത്:

നാരായണന്‍പോറ്റി